പാലക്കാട് കോട്ടയില്‍ വന്നാല്‍ കാണുന്ന കാഴ്ചകള്‍..മുഖങ്ങള്‍..ഭാവങ്ങള്‍… എല്ലാം…

കാഴ്ച്ചകൾ വ്യത്യസ്തമാണ് കോട്ടയിൽ.. കഥ പറയും മുൻപ് ഒരു ചെറിയ ചരിത്രം എഴുതിയിലേൽ ഒരു സമാധാനവും ഇല്ല്യ ..

#ചരിത്രം – പാലക്കാട് ടൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കോട്ടയാണ് പാലക്കാട് കോട്ട (ടിപ്പു സുൽത്താന്റെ കോട്ട). മൈസൂർ രാജാവായിരുന്ന ഹൈദരലി 1766-ൽ പണികഴിപ്പിച്ച ഈ കോട്ട പിന്നീട് പിടിച്ചടക്കിയ ബ്രിട്ടീഷുകാർ കോട്ട പുനരുദ്ധരിച്ചു. പല വീരകഥകളും ഉറങ്ങുന്ന ഈ കോട്ട ഇന്ന് ഭാരത പുരാവസ്തു വകുപ്പ് (ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ) ആണ് സംരക്ഷിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും നന്നായി സംരക്ഷിച്ചിരിക്കുന്ന കോട്ടകളിൽ ഒന്നാണ് ഈ കോട്ട എന്ന സത്യം ഞെട്ടലോടെ ഞാൻ അറിഞ്ഞു …മുറ്റത്തെ മുല്ലക്ക് മണമില്ല ഹെ..

കോട്ടക്കും പാലക്കാട് ടൗൺ ഹാളിനും ഇടയ്ക്കായി ഒരു വലിയ മൈതാനം ഉണ്ട്. ഇത് കോട്ട മൈതാനം എന്ന് അറിയപ്പെടുന്നു. ഒരുകാലത്ത് ടിപ്പുസുൽത്താന്റെ ആനകൾക്കും കുതിരകൾക്കും ലായം ആയിരുന്ന ഈ മൈതാനം ഇന്ന് ക്രിക്കറ്റ് മത്സരങ്ങൾ, പ്രദർശനങ്ങൾ, പൊതു സമ്മേളനങ്ങൾ തുടങ്ങിയവ നടത്താൻ ഉപയോഗിക്കുന്നു. കേന്ദ്ര പുരാവസ്തു വകുപ്പ് സംരക്ഷിക്കുന്ന രാപ്പാടി എന്ന ഒരു തുറസ്സായ ഓഡിറ്റോറിയം കോട്ടയ്ക്ക് പുറത്ത് ഉണ്ട്. കോട്ടയുടെ ഒരു അരികിലായി കുട്ടികൾക്കായി ഉള്ള പാർക്ക് ഉണ്ട്. ഇതുകൂടാതെ വാടിക എന്ന പാർക്കും ഇണ്ട് (എൻട്രി ഫീസ് ഉണ്ട്‌ -10rs Adult,5rs children) അവധി ദിവസങ്ങളിൽ കുട്ടികൾക്കായി സ്‌കേറ്റിങ് പരിശീലനവും നടത്തുന്നുണ്ട് .

കോട്ടക്കകത്ത് പാലക്കാട് സ്പെഷൽ സബ് ജെയിൽ പ്രവർത്തിക്കുന്നു. ഒരു ചെറിയ ഹനുമാൻക്ഷേത്രം കോട്ടക്ക് ഉള്ളിലായി ഉണ്ട്. രാപ്പാടിയിൽ പ്രസിദ്ധമായ കലാകാരൻമാർ ഒറ്റകല്ലിലും മറ്റും കൊത്തുമിനുക്കിയെടുത്ത ഒരുപാട്
സ്തൂപങ്ങളും ഉണ്ട്. കോട്ടക്കകത്ത് കേറാൻ ഫീസ് ഒന്നും ഇല്ല്യ ,അതും കൂടി ഉണ്ടായിരുന്നെങ്കിൽ ഞാൻ പെട്ടേനെ …!!!

“രാവിലെ തന്നെ എവിടെക്കാട എന്ന് “അമ്മ “ഒന്നൂല്ല മ്മി ചുമ്മാ ഒന്ന്‌ കോട്ടവരെ ” ഇളിഞ്ഞ മുഖത്തോടെ ന്ന് ഞാനും
“ഓ നിന്റെ തറവാട്ടിലേക്കാണോ പൊക്കൊ പൊക്കൊ ,,ഈ പണിയില്ലാത്തോർ മൊത്തം അവിടാണല്ലോ.”

കോട്ടയിൽ എത്തിയാൽ എന്നും വട (ഹനുമാൻ ക്ഷേത്രത്തിലെ വട ) കിട്ടുമെന്ന ആശയോടെ അമ്പലത്തിൽ കേറി നിരാശയോടെ അവസാനം എന്നത്തേയും ഇരിപിടിമായ വേപ്പിൻചുവട്ടിൽ ഇരിക്കും. അപ്പോഴായിരിക്കും രണ്ട് പോലീസ്‌കാരുടെ നടുവിൽ ഗമയോടെ പ്രതി നടന്നു പോണ്ടാവാ … വേറെ ഒരു പ്രതി തന്റെ ജീവിതം മൊത്തം തീർന്നു എന്ന ഭാവത്തോടെയും …

ഇതൊന്നും അറിയാതെ കുറിയിട്ട കുഞ്ഞാവ അമ്മയായി കളിക്കുന്നു. ഇവളുടെ കോപ്രായം കണ്ടാൽ കുഞ്ഞായി തന്നെ ഇരുന്ന മതിയായിരുന്നു എന്ന് ഇവിടെ ഇരിക്കുന്ന കൊറച്ചുപേരെങ്കിലും ആലോചിക്കും… പെട്ടെന്നു ശബ്‍ദം കേട്ട് തിരിഞ്ഞു നോക്കിയാൽ തുമ്മിയും ചുമച്ചും ബാക്കിയുള്ള ജീവിതം തള്ളിനീക്കുന്ന അപ്പൂപ്പന്മാര്‌ …. ഷുഗറിന്റെയും പ്രഷർന്റെയും അളവ് പറഞ്ഞു വേവലാതിപ്പെടുന്നോർ … കഴിഞ്ഞജീവതങ്ങളെ കുറിച് തള്ളി തള്ളി നമ്മെടെ കോട്ട തൃശ്ശൂരിലേക് എത്തിക്കുന്നോർ ….വേറേ ഒരു ഭാഗത്തു റേഷൻ കാർഡിന് വേണ്ടി വീണ്ടും വന്ന് ഉദ്യോഗസ്തരെ പ്രാകുന്നവർ ….

ആരെങ്കിലും കാണുന്നുണ്ടോ എന്ന് കള്ളലക്ഷണം കാണിക്കാതെ നേരെ വാടികയിലെക്ക് കേറുന്ന സ്കൂൾ പിള്ളേർ ….
കല്യാണം കഴിഞ്ഞതിന്റെ അഹങ്കാരത്തോടെ തോളിൽ കൈയിട്ടു വരുന്ന നവദമ്പതികൾ … കല്യാണ കഴിഞ്ഞ ആദ്യമൊക്കെ ഇങ്ങനേ ആയിരിക്കും. പിന്നെ നിനക്കു മനസിലാവും എന്ന് സഹതാപത്തോടെ നോക്കുന്ന ലോട്ടറിക്കാരൻ..ഭിക്ഷയാചിക്കുന്നവർക്ക് എന്നും കൊടുക്കുന്ന ഭക്ഷണപൊതിക്കായി കാത്തിരിക്കുന്ന ഞാൻ ബാബേട്ടൻ എന്ന് വിളിക്കുന്ന തമിഴ്‌നാടുകാരൻ.. ഒരു ചിരിയും കയ്യിലൊരു പൊതിയുമായി വന്നു ഭക്ഷണം കൊടുത്തിട്ട് പോകുന്ന ചേച്ചി..

വെയിൽ മാറുംതോറും തണലിലേക് മാറിയിരിക്കുന്ന കിളിപോയ ഒരുത്തൻ ….! തമാശകളും പൊട്ടിച്ചിരികളും ചളികളുമായി കൂട്ടത്തോടെ നിൽക്കുന്ന കോളേജ് പിള്ളേർ …അതിനിടക്ക് ബുക്കിൽ എന്തോ എഴുതി പിടിപ്പിക്കുന്ന പഠിപ്പി…!!!!!! കോട്ടക്ക് അകത്തു ചന്തി കഴുകാൻ ബാത്റൂമിൽ വെള്ളമില്ലെങ്കിലും … നട്ടവെയിലത്തു വാടിനിൽക്കുന്ന ചെടിക്ക് വെള്ളമൊഴിക്കുന്ന കോട്ടയുടെ ഭടന്മാർ … കോട്ടയുടെ കിടങ്ങിൽ കിടക്കുന്ന ആമയെയും മീനുകളെയും അമ്പരന്നു നോക്കുന്ന പുതിയ അതിഥികൾ ….

വൈകുന്നേരം ഗർഭിണിയായ സ്ത്രീയുടെ കൂടെ നടക്കാൻ വന്നിട്ട് ഫോണും സംസാരിച്ച് വാണം വിട്ടപോലെ പോകുന്ന ഭർത്താവ്. എത്രവട്ടം വീണാലും വീണ്ടും എണീറ്റോടുന്ന സ്കേറ്റിംഗ് പിള്ളേര്. ഒറ്റക് ഇംഗ്ലീഷിൽ സംസാരിച്ചു ഏതോ ഒരു തൂവാലയെ അമേരിക്കയുടെ കൊടിയേ അനുസ്മരിപ്പിച്ചു നടന്നു നീങ്ങുന്ന ഒരു കട്ട ഫ്രീക്കൻ. പറയുന്ന ഇംഗ്ലീഷ് മനസിലാവാതെ കിളിപോയതോണ്ട് മാറിപോയൊതൊന്നും അല്ല ഞാൻ. എന്ത് കണ്ടാലും ശകാരിച്ചു ആളാവാൻ വരുന്ന ചില സെക്യൂറിരിട്ടി ജീവനക്കാർ….

ഇതിനൊക്കെ ഇടയിൽ അടുത്ത 10 മിനിറ്റു എന്താ ചെയ്യാനു പോലും അറിയാതെ ജീവിതത്തിന്റെ ഒരുപാട് ചോദ്യങ്ങൾക് ഉത്തരം തേടി കൊണ്ടൊരിക്കുന്ന ഞാനും …. ചില സ്ഥലങ്ങൾ മനസിന്‌ ഇഷ്ടാവുന്നത് ഒരുപാട് വികാരങ്ങൾക്ക്പുറത്താണ് ..! അത് തന്നെയാണ് എത്ര വട്ടം പോയാലും വീണ്ടും പോകാൻ തോന്നിപ്പിക്കുന്ന കോട്ടയുടെ പ്രത്യേകതയും (അല്ലാണ്ട് വെറുതെ ഇരുന്നിട്ടല്ല 😂 ) വൈകുന്നേര സമയത്ത് പാലക്കാടൻ കാറ്റും കൊണ്ട് കുടുംബസമേതം കൊറച്ചു തമാശയും ചിരിയുമായി പോകുന്ന വഴിക്ക് പാലക്കാടൻ സ്പെഷ്യൽ ഐറ്റം കാളനും കഴിച്ചു മടങ്ങാം വീട്ടിലേക്ക്. അത്രേ ഉള്ളു പാലക്കാട് കോട്ട …!

വിവരണം – സത്യ പാലക്കാട്‌.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply