കുഞ്ചാക്കോ ബോബന്റെയും ബിജു മേനോന്റെയും ഓർഡിനറി സിനിമ ഇറങ്ങിയത് മുതൽ പ്രസിദ്ധമാണ് KSRTC യുടെ ഗവി സർവ്വീസ്. ഇതുവരെ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെ പൊയ്ക്കൊണ്ടിരുന്ന നമ്മുടെ ഗവി ബസ് കഴിഞ്ഞ ദിവസം എല്ലാവരെയും ഒന്ന് പേടിപ്പിച്ചു. മണിക്കൂറുകളോളം ആശങ്ക പരത്തിയ ആ സംഭവം ഇങ്ങനെ.
പത്തനംതിട്ടയിൽ നിന്നും ഗവി വഴി കുമളിയിലേക്ക് രാവിലത്തെ ട്രിപ്പ് പോയ KSRTC ഓർഡിനറി ബസ് തിരികെ രാത്രിയായിട്ടും ഡിപ്പോയിൽ എത്തിയില്ല. സ്ഥിരമായി എത്തേണ്ട സമയവും കഴിഞ്ഞു പിന്നെയും കാണാതായതോടെ ഡിപ്പോയിൽ പരക്കെ ആശങ്കയായി. ബസ് യാത്രക്കാരുമായി വരുന്നത് കൊടുംകാട്ടിലൂടെയാണ് എന്ന യാഥാർത്ഥ്യം ആശങ്കയുടെ ആഴം വർദ്ധിപ്പിച്ചു. ബസ്സിൽ എത്ര യാത്രക്കാർ ഉണ്ടായിരുന്നുവെന്നോ അവർ എവിടെയാണെന്നോ ഒന്നും തന്നെ അധികൃതർക്ക് അറിയില്ലായിരുന്നു. ജീവനക്കാരെ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിനും സാധിച്ചില്ല. ബസ്സിന് എന്ത് സംഭവിച്ചു? ആനയിറങ്ങുന്ന കാടാണ്. ഇതുവരെ ആന ആനവണ്ടിയോട് കുറുമ്പുകൾ ഒന്നും കാണിച്ചിട്ടില്ല. എന്നാലും ആലോചിക്കുമ്പോൾ എല്ലാവര്ക്കും ഒരു ഭയം.
ഒടുവിൽ പിറ്റെദിവസം രാവിലെയായതോടെ ആശങ്കയുടെ കുരുക്കുകൾ അഴിഞ്ഞു തുടങ്ങി.അപ്രതീക്ഷിതമായി ബസ്സിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു. തീരാതെ പെയ്യുന്ന മഴയാണ് ബസ്സിനെയും യാത്രക്കാരെയും ചതിച്ചത്. യാത്രയ്ക്കിടെ കാട്ടിനുള്ളിൽ വെച്ച് വഴിക്കു കുറുകെ കൂറ്റൻ മരം വീണിരിക്കുന്നു. ഇതോടെയാണ് ബസ് വനത്തിൽ കുടുങ്ങിയത്. വനം വകുപ്പുമായി ബന്ധപ്പെട്ടപ്പോൾ നടത്തിയ തിരച്ചിലിനൊടുവിലാണ് ഈ വിവരങ്ങൾ KSRTC അധികൃതർ അറിയുന്നത്. ബസ് ഐസി ടണൽ ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപം കണ്ടെത്തിയതായി വനംവകുപ്പ് അറിച്ചു. വൈകിട്ട് യാത്രക്കാരുമായി ബസ് കുമളിയിൽ നിന്നു പത്തനംതിട്ടയ്ക്കു വരുമ്പോൾ കൊച്ചുപമ്പയ്ക്കും ഐസി ടണൽ ചെക്ക് പോസ്റ്റിനും ഇടയിൽ വെച്ചാണ് റോഡിനു കുറുകെ മരം വീണ് ബസ്സിന്റെ യാത്ര തടസ്സപ്പെട്ടത്. ഈ സ്ഥലത്താണെങ്കിൽ മൊബൈൽ ഫോണിന് റേഞ്ചും ഇല്ല. അതുകൊണ്ട് വിവരം ആരെയും അറിയിക്കാനുമായില്ല.
കനത്ത മഴയുണ്ടായിരുന്നതിനാൽ ബസ് വൈകിയായിരുന്നു അന്ന് ഓടിയിരുന്നത്.രാത്രി എട്ടുമണിയോടെയായിരുന്നു സംഭവ സ്ഥലത്ത് ബസ് എത്തിച്ചേർന്നത്. സാധാരണ ഗവി വഴി പോകുന്ന ബസ്സിൽ മരം വീണു റോഡ് തടസ്സപ്പെട്ടാൽ അത് വെട്ടിമാറ്റാൻ വാക്കത്തിയും മറ്റും ഉണ്ടാകാറുള്ളതാണ്. ഇവിടെ വീണ മരം വലുതായതിനാലും നല്ല മഴയുണ്ടായതിനാലും മരം മുറിച്ചു മാറ്റി വഴിയുണ്ടാക്കുക എന്നത് ദുഷ്‌കരമായ കാര്യമായിരുന്നു. ഇതിനിടെ ബസ്സിലുണ്ടായിരുന്ന യാത്രക്കാരെ മറ്റു വാഹനങ്ങളിൽ കയറ്റി കുമളിയിലേക്ക് തന്നെ അയച്ചു. കാടിനുള്ളിൽ ബസ് ഒറ്റയ്ക്ക് ഇട്ടിട്ടു പോകാൻ തയ്യാറല്ലാതിരുന്ന ആ പാവം ജീവനക്കാർ അന്ന് രാത്രി മുഴുവൻ ഭീതിജനകമായ അന്തരീക്ഷത്തിൽ ആ വനത്തിൽ കഴിഞ്ഞു.പിറ്റേദിവസം രാവിലെയാണ് KSRTC അധികൃതർ വനംവകുപ്പിനെ ബന്ധപ്പെടുകയും ബസ്സിനെക്കുറിച്ച് വിവരങ്ങൾ അറിയുകയും ചെയ്തത്.
ഇതിനെത്തുടർന്ന് ജീവനക്കാരോട് തിരികെ കുമളിയിലേക്ക് ചെന്നിട്ട് അതുവഴി വരാൻ ഡിപ്പോ അധികൃതർ ആവശ്യപ്പെട്ടു. എല്ലായിടത്തും കോരിച്ചൊരിയുന്ന മഴയുള്ള ഈ സമയത്ത് ഗവി റൂട്ടിലൂടെയുള്ള യാത്ര സുരക്ഷിതമല്ലാത്തതിനാൽ രണ്ടു ദിവസത്തേക്ക് താൽക്കാലികമായി ഗവി ബസ്സിന്റെ ട്രിപ്പ് നിർത്തിവെച്ചിരിക്കുകയാണ്. ആങ്ങമൂഴി–ഗവി റൂട്ടിലെ യാത്ര തീർത്തും അപകടകരമാണെന്നും മഴ മാറും വരെ ഇതുവഴി സഞ്ചാരികളെ കടത്തിവിടരുതെന്നും വനം വകുപ്പ്, അഗ്നിശമനസേന തുടങ്ങിയ വിഭാഗങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ ശക്തിപ്രാപിച്ചതോടെ പത്തനംതിട്ട ജില്ലയിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലും സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.