മഴ നനഞ്ഞൊരു ഉറുമ്പിക്കര ജീപ്പ് യാത്ര…

യാത്രാവിവരണം – മനു മോഹൻ.

യാത്രകളും സൗഹൃദങ്ങളും ആകസ്മികമായി സംഭവിക്കുമ്പോളാണ് കൂടുതൽ മധുരമുള്ളതാകുന്നത്. വഴിയിൽ നിന്നും ഓരോ യാത്രയിലായി പെറുക്കി കൂട്ടിയ ഒരുപിടി സൗഹൃദങ്ങൾ മാത്രമേ ഉള്ളു ജീവിതത്തിൽ ഒരു ബാക്കപ്പ് ആയിട്ട്. അത് പോലെ ഒരു യാത്രയിൽ വഴിനു കിട്ടിയ കുറച്ചു പേരുള്ള ഒരു ഗ്രൂപ്പിലെ നീണ്ട ചർച്ചകൾക് ഇടയിലേക്കാണ് ഒരു വീക്കെൻഡ് ഞാൻ എത്തി പെട്ടത്. സൺ‌ഡേ എങ്ങോട്ട് പോകാം എന്നതാണ് വിഷയം. കയ്യിൽ കാശുള്ളവനു എങ്ങോട്ട് പൊയ്ക്കൂടാ എന്ന് വിചാരിച്ചു ഞാനും ചർച്ചയിൽ പങ്കെടുത്തു. ഒരുപാട് സ്ഥലങ്ങൾ ചർച്ചയിൽ വന്നു ഒന്നും ആർക്കും ഇഷ്ടായില്ല. അവസാനം ഞാൻ തന്നെ വേണ്ടി വന്നു അതിനും. പണ്ടെന്നോ പോയതും ഇ ഇടയായി ഒരുപാട് വായിച്ചതുമായ ഉറുമ്പിക്കര അങ്ങ് അവതരിപ്പിച്ചു. ബൈക്കിൽ പോകാൻ ആണ് ആദ്യം തീരുമാനിച്ചത് എങ്കിലും മഴയും റോഡിന്റെ അവസ്ഥയും പരിഗണിച്ചു അത് വേണ്ടാന്നു വച്ചു. അല്ലെങ്കിലേ നാട്ടുകാർക്കു പരാതി ആണ് ഊരുതെണ്ടല് ആണെന് ഇനി എവിടേലും പോയി വീണു അങ്ങനെ ഒരു പേര് ദോഷം കൂടി ഉണ്ടാകണ്ടാണ് ഞാനും വിചാരിച്ചു.

അപ്പോളാണ് ഓർത്തത് ഗ്രൂപ്പിൽ രണ്ടു പേർക്ക് ജീപ്പ് ഉണ്ടല്ലോ എന്ന്. ഓഫ് റോഡ് എന്ന് കൂടി കേട്ടപ്പോൾ തന്നെ ഗ്രൂപ്പിലെ തല മൂത്തവരും 4*4 ജീപ്പിന്റെ ഉടമകളുമായ മുകേഷ് ഭായിയുംരൂപേഷ് ഭായിയും രണ്ടിലൊന്ന് ചിന്തിക്കാതെ അറുത്തു മുറിച്ചൊരു തീരുമാനം പറഞ്ഞു, നമ്മള് പോകുന്നു ഉറുമ്പിക്കരക് അതും ജീപ്പിൽ. അങ്ങനെ അതിനൊരു തീരുമാനം ആയി, അപ്പോളാണ് വേറെ പ്രശ്നം ഒരു ജീപ്പിൽ ആറു പേർക്ക് പോകാം രണ്ടു ജീപ്പിലും കൂടി 12 പേര്. ഇപ്പോൾ വരാമെന്നു പറയുന്നവർ കുറച്ചേ ഉള്ളു. കുറച്ചു നേരത്തെ ലേലം വിളിക്കൊടുവിൽ സീറ്റുകൾ എല്ലാം തന്നെ മുകേഷ് ഭായ് കരിംചന്തയിൽ വിറ്റു. അങ്ങനെ ആളായി വണ്ടി ആയി സ്ഥലവുമായി സൺ‌ഡേ രാവിലെ 4 മണിക്ക് പോകാനുള്ള തീരുമാനവും അന്നൗൻസ് ചെയ്തു. വരുമെന്നു ഏറ്റ എല്ലാരും വരും എന്ന് ഒന്നുടെ ഉറപ്പിച്ചു 3 മണിക്ക് അലാറം സെറ്റ് ചെയ്തു ഉറങ്ങാൻ കിടന്നു. 3 മണിക്ക് എഴുന്നേറ്റാലെ 4 മണിക്ക് മുന്നേ വെമ്പായത് എത്താൻ പറ്റുകയുള്ളു. 4 മണിക്ക് വെമ്പായത്തുള്ള രൂപേഷ് ഭായിയുടെ വീട്ടിൽ നിന്നും യാത്ര തുടങ്ങാൻ ആണ് പരിപാടി.

അലാറം അടിക്കാത്തത് ആണോ ഞാൻ കേൾക്കാത്തത് ആണോ, ആർക്കറിയാം ആരോട് ചോദിക്കാൻ. എന്തായാലും എണീറ്റപ്പോൾ 3.30 ആയി. എല്ലാ പ്രാവശ്യത്തെപോലെ ഇപ്രാവശ്യവും കുളിക്കണ്ട എന്ന് തീരുമാനം എടുക്കാൻ ഒരുപാടൊന്നും ആലോചിക്കേണ്ടി വന്നില്ല. പ്രഭാത കർമങ്ങൾ കഴിഞ്ഞു, ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു ജാക്കറ്റും എടുത്തു ഇറങ്ങി. നല്ല മഴ കോൾ ഉണ്ട്, ചെറുതായി ചാറ്റൽ മഴയും. എന്തായാലും പോകാൻ തന്നെ തീരുമാനിച്ചു ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. നാല് മണിക്ക് പറഞ്ഞ സ്ഥലത്തു എത്തിയെ പറ്റു ഇല്ലേൽ പഞ്ഞിക്കിടും എന്ന് ഉറപ്പാണ്. അത് ഓർത്തപ്പോൾ ബൈകിന്റെ സ്പീഡ് താനേ കൂടി. പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന് പറഞ്ഞു നൂറേ നൂറിൽ ഒരു വീടില് വിട്ടു. വഴിയിലുള്ള പട്ടികളുടെ ഭാഗ്യമാണോ അതോ എന്റെ ഭാഗ്യമാണോ എന്നറില്ല, ഒരെണ്ണത്തിനെപോലും ഇടിച്ചില്ല. ഇവനിതാരെടാ വെളുപ്പാൻകാലത് വായു ഗുളിക വാങ്ങാൻ പോകുന്നതെന്ന് വല്ലോം അവറ്റകൾ ഓർത്തു കാണും.

എന്തായാലും പറഞ്ഞ സമയത്തിന് പത്തു മിനിറ്റ് ലേറ്റ് ആയി ഞാൻ എത്തി. എല്ലാരും എത്തി അഭിനേഷും അഖിനും എത്തിയില്ല. ബൈക്ക് രൂപേഷ് ഭായുടെ വീട്ടിൽ പാർക്കു ചെയ്തു, അഭിനേഷ് വരാൻ കാത്തിരുന്നു. നല്ല ചാറ്റൽ മഴ, നല്ല തണുപ്പും. പറഞ്ഞ സമയത്തിനും മുക്കാൽ മണിക്കൂർ ലേറ്റ് ആയി വന്ന അഭിനേഷും കൂട്ടുകാരനും കൃത്യ നിഷ്ഠ എന്താണെന്നു അറിയാത്ത ബാക്കി ഉള്ള ഗ്രൂപ്പ്‌ മെമ്പേഴ്സിന് ഒരു മാതൃക ആയി. അല്ലേലും പണ്ടേ നമ്മള് പറഞ്ഞ സമയത്തു പോയി ശീലമില്ലല്ലോ. ഇപ്രാവശ്യം ഒരു മണിക്കൂർ അല്ലെ ലേറ്റ് ആയുള്ളൂ എന്ന ആശ്വാസത്തോടെ എല്ലാരും ജീപ്പിൽ കയറി യാത്ര തുടങ്ങി. ജീപ്പ് എന്ന് പറഞ്ഞാൽ സാദാരണ ജീപ്പല്ല 1985 മോഡൽ 4*4 ജീപ്പിനെ ഓഫ് റോഡ് ഓടിക്കാൻ വേണ്ടി മാത്രം ഒരുക്കിയിരിക്കുന്നു. മുകളിലെ ടാർപാ എടുത്തു മാറ്റാൻ പറ്റുന്ന വിധത്തിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. അത് പോലെ തന്നെ ഓഫ് റോഡ് സ്പെഷ്യൽ ടയറുകളും. എല്ലാം കൂടിയാകുമ്പോൾ ആരും ഒന്നു നോക്കി നിന്ന് പോകും.

പത്തനംതിട്ട റാന്നി മുണ്ടക്കയം വഴി ഉറുമ്പിക്കര പോയി അവിടുന്ന് കുട്ടിക്കാനം വന്നു പാഞ്ചാലിമേടും പോയി തിരികെ വരാൻ ആണ് ഇപ്പോളത്തെ പ്ലാൻ. നേരം വെളുക്കാത്ത കൊണ്ട് ഒന്നും കാണാൻ പറ്റണില്ല. എന്നാൽ ഉറങ്ങാം എന്ന് വിചാരിച്ചാൽ പണ്ടാരടങ്ങാൻ അവന്മാര് സമ്മതിക്കത്തുമില്ല. പത്തനാപുരം എത്താറായപ്പോൾ നേരം വെളുത്തു. സഫീറിനു നോയമ്പ് ആയതുകൊണ്ട് അവിടെ ഒരു പള്ളിയിൽ കയറി. അവൻ വരുന്നത് വരെ ബാക്കി ഉള്ളവർ റോഡിൽ നിന്ന് കത്തി അടി തുടങ്ങി. സഫീർ വന്നു വീണ്ടും യാത്ര തുടങ്ങി. പത്തനംതിട്ട കഴിഞ്ഞു റാന്നി എത്തി. റാന്നിയിൽ നിന്നും എരുമേലി റോഡിലേക്കുള്ള ഒൺ വേ കയറിയ മുകേഷ് ഭായ് പിന്നെ ജീപ്പ് മെയിൻ റോഡിലേക്ക് ഇറക്കിയില്ല. വലത്തേക് പോകുന്നതിനു പകരം പുള്ളി നേരെ വണ്ടി ഓടിച്ചങ്ങു പോയി. വഴി തെറ്റി എന്ന് വിചാരിച്ചു ഒരാളോട് ചോദിച്ചപ്പോൾ ഇതു വഴിയും എരുമേലിക് പോകാം എന്ന് പറഞ്ഞു. പിന്നെ ഇതു വരേം പോകാത്ത ഒരു വഴിയിലൂടെ ആണ് യാത്ര. എരുമേലി മെയിൻ റോഡിനു പാരലൽ ആയുള്ള ഒരു അപ്രോച്ച് റോഡ് ആണിത്.

വണ്ടി കുറച്ചു ഓടി ഒരു ചെറിയ വനത്തിലേക് പ്രവേശിച്ചു. മഴയിൽ കുളിച്ചു നിൽക്കുന്ന മരങ്ങൾക് ഇടയിലൂടെ പറക്കുന്ന കോടമഞ്ഞിനിടയിലൂടെ സൂര്യന്റെ പൊൻകിരങ്ങൾ ഭൂമിയിലേക്ക് ഇറങ്ങുന്ന കാഴ്ച വളരെ മനോഹരമായിരുന്നു. എരുമേലി കഴിഞ്ഞു ശബരിമലയിലേക്കുള്ള നട പാത തുടങ്ങുന്നിടത്തുള്ള ചായ കടയുടെ മുന്നിൽ പ്രഭാത ഭക്ഷണത്തിനായി നിർത്തി. കുറച്ചു പേര് അപ്പവും മുട്ട കറിയും ബാക്കി ഉള്ളവർ മലയാളികളുടെ ദേശീയ ഭക്ഷണം ആയ പെറോട്ടയും കഴിച്ചു. കഴിച്ചു കഴിഞ്ഞു എല്ലാവരുടെയും ബില്ല് കൊടുത്തു കൊണ്ട് റെനീഷ് ചേട്ടൻ എല്ലാവരുടേം അന്ന ദാദാവായി. അൽപ സമയത്തെ വിശ്രമത്തിനു ശേഷം യാത്ര തുടരാം എന്ന് തീരുമാനിച്ചു. വിശ്രമം അത്യാവശ്യം ആണ് കാരണം അമ്മാതിരി യുദ്ധമല്ലേ അവിടെ നടത്തിയത്. പെറോട്ടക്കൊന്നും ജീവനില്ല എന്ന് പറഞ്ഞു അതിനെ കൊല്ല കൊല ചെയ്യാൻ പാടില്ല. ഉച്ചക്ക് കഴിക്കാനുള്ളത് എന്തേലും വാങ്ങണം, അതിനി മുണ്ടക്കയം ചെന്നിട്ടു വാങ്ങാം എന്ന തീരുമാനത്തിൽ വിശ്രമം കഴിഞ്ഞു ജീപ്പ് സ്റ്റാർട്ട്‌ ചെയ്തു. മഴ ആയതിനാൽ വല്ലാത്ത ഒരു ഫീലിംഗ് ആയിരുന്നു യാത്രയിൽ ഉടനീളം. എങ്ങോട്ട് നോക്കിയാലും മഴ നനഞ്ഞു ഈറനണിഞ്ഞു നിൽക്കുന്ന മരങ്ങളും ചെടികളും കൂടെ നല്ല അടിപൊളി തണുപ്പും.

സമയം 8 മണി ആയി, മുണ്ടക്കയം എത്തി. മുണ്ടക്കയം കഴിഞ്ഞു കുട്ടിക്കാനം റൂട്ടിൽ കുറച്ചൂടെ പോയി ഇടത്തേക്കാണ് ഉറുമ്പിക്കര റോഡ് എന്ന് ഒരു ചെറിയ ഓർമ്മ ഉണ്ട്. 35 മൈൽ അതാണ് സ്ഥലപ്പേര്, അവിടെ എത്തി ഒരു ചേട്ടനോട് ഉറുമ്പിക്കര പോകുന്ന വഴി ഇതല്ലേ എന്ന് ചോദിച്ചു. പുള്ളി ഇതു വരെ അങ്ങനെ ഒരു സ്ഥലം കേട്ടിട്ടുള്ളതായി പോലും തോന്നിയില്ല. വേറെ ആരെയും അവിടെ കാണാത്തതിനാൽ കുട്ടിക്കാനം വഴി ഉറുമ്പിക്കര പോകാം എന്ന കൂട്ടായ തീരുമാനത്തിൽ ജീപ്പ് വീണ്ടും മുന്നിലേക്ക്. വഴി ഒന്നുടെ ഉറപ്പിക്കാൻ അടുത്ത ജംഗ്ഷനിൽ മുകേഷ് ഭായ് വണ്ടി നിർത്തി ചോദിച്ചു. ഞങ്ങൾ ആദ്യം ചോദിച്ച ആ വഴി ആയിരുന്നു ഒറിജിനൽ എന്ന് അപ്പോൾ മനസിലായി. ഇനി തിരികെ പോകണ്ട കുറച്ചൂടെ മുന്നിലേക്ക് പോയി ഒരു സ്കൂളിന്റെ അടുത്തുള്ള വഴിയിലൂടെ ഇടതേക് പോകാൻ പറഞ്ഞു. വണ്ടി ആ ചേട്ടൻ പറഞ്ഞ വഴിയിലൂടെ ഉറുമ്പിക്കര ലക്ഷ്യമാക്കി പാഞ്ഞു.

മനോഹരമായ ഒരു കാഴ്ച കണ്ടാണ് വണ്ടി നിർത്തിയത്. മഞ്ഞണിഞ്ഞ പച്ച പട്ടുടുത്ത മനോഹരമായ മലനിരകളുടെ കണ്ണഞ്ചിപ്പിക്കുന്ന ഒരു ദൃശ്യം. അതും കണ്ടു വാ പൊളിച്ചു കുറെ നേരം നോക്കി നിന്നു. കൂട്ടത്തിലെ ആസ്ഥാന ഫോട്ടോഗ്രാഫറും പൂമ്പാറ്റ അട്ട എന്നിവയുടെ സ്പെഷ്യലിസ്റ്റുമായ ഷിബുലാൽ തന്റെ ആയുധവുമായുള്ള പോരാട്ടം തുടങ്ങി. ക്യാമറ കയ്യിൽ ഉണ്ടേൽ ഒരു മനുഷ്യനെയും അനങ്ങാൻ സമ്മതിക്കില്ല അപ്പൊ ക്ലിക്ക് ചെയ്യും. ഒരാളുടെ നവരസങ്ങൾ മുഴുവൻ പകർത്തിയാലേ പിന്നെ ക്യാമറ ബാഗിൽ വക്കത്തൊള്ളൂ. അത് വഴി വന്ന പയ്യനോട് വഴി ഒന്നുടെ കൺഫോം ചെയ്യാനായി ചോദിച്ചപ്പോളാണ് അവൻ പറയുന്നത് ഇതു വഴി കുറച്ചു കറക്കമാണ് 35 ആം മൈൽ വഴി പോകുന്നതാണ് എളുപ്പവും നല്ല റോഡുമെന്നു. വീണ്ടും ഏത് വഴി പോകണം എന്നുള്ള ചർച്ച ആയി. അപ്പോളാണ് ഓർത്തത് ഉച്ചക്ക് കഴിക്കാൻ ഒന്നും വാങ്ങിയില്ല ഇനി മുന്നിലേക്ക് പോയാൽ ഒന്നും കിട്ടത്തുമില്ല. തിരികെ മുണ്ടക്കയം പോയി ആഹാരവും വാങ്ങി 35 ആം മൈൽ വഴി പോകാനുള്ള തീരുമാനം ആയി. രണ്ടു ജീപിന്റെയും മുകളിലെ ടാർപാ മാറ്റി ഓപ്പൺ ആക്കി, വീണ്ടും മുണ്ടക്കയത്തേക്. മുണ്ടക്കയത്തു നിന്നും ഉച്ചക്കുള്ള ഭക്ഷണവും വാങ്ങി രൂപേഷ് ഭായുടെ ജീപ്പിൽ ഡീസലും അടിച്ചു വീണ്ടും ഉറുമ്പിക്കര ലക്ഷ്യമാക്കി ഏന്തയാർ റോഡിലേക്ക് കയറി.

ഏന്തയാർ പോകുന്ന വഴിക്ക് റബ്ബർ തോട്ടത്തിനു ഇടയിലായി ഒരു വെള്ളച്ചാട്ടം കണ്ടു. വെള്ളം ചാടുന്ന കണ്ടാൽ അപ്പോൾ വണ്ടി നിർത്തുന്ന ശീലം കൂടെ പിറപ്പായി പോയി. വളരെ മനോഹരവും വലുതുമായ ഒരു വെള്ളച്ചാട്ടം. അതിന്റെ പേര് എന്താണെന്നു അറിയില്ല ചോദിക്കാനും ആരെയും കണ്ടതുമില്ല. എല്ലാവരും നല്ലൊരു കുളിയും പാസ്സാക്കി കുറെ ഫോട്ടോസും എടുത്തു ജീപ്പിൽ കയറി. റോഡ് രണ്ടായി പിരിയുന്ന ഒരു സ്ഥലമെത്തി, ഉണ്ടായിരുന്ന ടാറിങ് അവിടെ തീരുന്നു. ഇടതേക് പോയാൽ ഏന്തയാർ വഴി ഉറുമ്പിക്കര റോഡ് വലിയ കുഴപ്പമില്ല ടാറിങ് ഇല്ല എന്നാലും കുഴപ്പമില്ലാത്ത റോഡ്. പോകുന്ന വഴിക്ക് വെള്ളപ്പാറ വെള്ളച്ചാട്ടവും കാണാം. നേരെ കിടക്കുന്ന റോഡിൽ ആണേൽ കല്ല് മാത്രേ ഉള്ളു. റോഡ് ആണെന്നു വേണേൽ പറയാം. രണ്ടു റോഡും ഉറുമ്പിക്കരക് ആണ്, ഏത് വഴി പോയാലും ഉറുമ്പിക്കര എത്തും. ബൈക്ക് കൊണ്ട് വരുന്നവർ ഏന്തയാർ വഴി പോകുക ഇല്ലേൽ വണ്ടി വച്ചിട്ട് നടക്കേണ്ടി വരും. ഓഫ് റോഡ് ഓടിക്കാൻ വന്നതല്ലേ നേരെ പോകാം എന്ന് പറഞ്ഞു വെള്ളപ്പാറ ഫാൾസ് ഇനി വരുമ്പോൾ കാണാം എന്ന് തീരുമാനിച്ചു കല്ലിനു മുകളിലൂടെ കുലുങ്ങി കുലുങ്ങി മുകളിലേക്ക്.

നാല് ചക്രമുള്ള വണ്ടി റോഡിൽ വെറുതെ ഓടിക്കും പോലെ അല്ല ഇങ്ങനെ ഉള്ള റോഡുകളിൽ 4*4 ഓടിക്കേണ്ടത് എന്ന് മനസിലായി. മുകേഷ് ചേട്ടനും രൂപേഷും ഇതിൽ സ്പെഷ്യലിസ്റ്റുകൾ ആയതു കൊണ്ട് യാതൊരു ടെൻഷനും ഇല്ലാതെ തന്നെ കാഴ്ചകൾ ആസ്വദിക്കാൻ പറ്റി. കാരണം അത്ര പാടാണ് കല്ലുകൾക് മുകളിലൂടെ വണ്ടി ഓടിച്ചു കയറ്റാൻ. ഒരു കല്ലിൽ നിന്നും മറ്റൊന്നിലേക്കു അങ്ങനെ ആണ് വണ്ടി പോകുന്നത്. പാറയുടെ മുകളിലും വെള്ളത്തിലുമൊക്കെ ജീപ്പ് ഓടിച്ചു കയറ്റുന്ന അവർക്കിത് വളരെ ചെറിയൊരു ട്രാക്ക് ആയിരുന്നു. ഇ റോഡ് കുറച്ചു ദൂരം പോയി ഏന്തയാർ നിന്നും വരുന്ന ഉറുമ്പിക്കര റോഡിലേക്ക് ചേരും, അവിടെ മുതൽ വീണ്ടും നല്ല റോഡ് ആണ്. കാഴ്ചകളും കണ്ടു ഉറുമ്പിക്കര എത്തി. പഴയ ഒരു തേയില ഫാക്ടറി ഉണ്ടവിടെ. വണ്ടി അവിടെ നിർത്തി. മനോഹരമായ ഒരു വ്യൂ പോയിന്റ് ആണ് ഫാക്ടറിയും പരിസരവും. കാഴ്ചകളും കണ്ടു ഫോട്ടോസും എടുത്തു, കൊണ്ട് വന്ന ഉച്ച ഭക്ഷണവും കഴിച്ചു യാത്ര തുടർന്നു.

തെളിഞ്ഞ ആകാശം മാറി മഴക്കാർ വന്നത് പെട്ടെന്നാണ്. ജാക്കറ്റ് ഇടാൻ സമയം കിട്ടും മുന്നേ മഴ തുടങ്ങി. മല മുകളിലെ കാലാവസ്ഥ പ്രവചിക്കാൻ പറ്റില്ല എന്ന് പറയുന്നത് എത്ര ശരിയാണ്. വളരെ പെട്ടെന്നാണ് എല്ലാം മാറി മറിഞ്ഞത്. മഴ തുടങ്ങിയതും കൂടെ അകമ്പടിയായി കോടമഞ്ഞും എത്തി. ഒന്നും കാണാൻ പറ്റാത്ത വിധം വെള്ള പുക പോലെ മഞ്ഞു പടർന്നു. ജീപ്പിന്റെ മൂടുപടം നേരത്തെ അഴിച്ചതിനാൽ ഒരൊറ്റ മഴ തുള്ളി പോലും പുറത്തേക്കു പോകില്ല. എല്ലാരുടേം മൊബൈലും പേഴ്സും കവറിൽ പൊതിഞ്ഞു ജീപ്പിന്റെ സീറ്റിനകത്തു വച്ചു സേഫ് ആക്കി. നമ്മളു നനഞ്ഞാലും കുഴപ്പമില്ല മൊബൈൽ നനയാതെ ഇരികുമല്ലോ. ജാക്കറ്റ് ഇട്ടിരുന്നതിനാൽ തണുപ്പ് അധികം ഫീൽ ചെയ്യുന്നില്ല, എന്നാലും അരയ്ക്കു താഴേക്കു നനയുന്നതിനാൽ തണുപ്പ് ഇല്ലാതില്ല. മഴ നനഞ്ഞു ഉറുമ്പി റിസോട്ടിന്റെ മുന്നിൽ എത്തി. മനോഹരമായ ചെറിയൊരു റിസോർട്. ടെലിബ്രാന്ഡ് ഷോയിൽ പറയും പോലെ ഒരു ദിവസത്തെ റേറ്റ് വെറും 4999 രൂപ മാത്രം.

റിസോർട്ടിന് പുറകിലായി മനോഹരമായ ഒരു ചെറിയ വെള്ളച്ചാട്ടം ഉണ്ട്. ഗോപ്രോയുമായി അതിന്റെ വീഡിയോ എടുക്കാൻ ആരോ ഓടുന്ന കണ്ടു. വെള്ളച്ചാട്ടത്തിൽ നിന്നും വരുന്ന വെള്ളം ചെറിയൊരു തടയണ കെട്ടി സ്വിമ്മിംഗ് പൂള് ആകിയിരിക്കുന്ന ഐഡിയ കൊള്ളാം. സായിപ്പിനെ വീഴ്ത്താനുള്ള സൈക്കോളജിക്കൽ മൂവ്, പേര് നാച്ചുറൽ ബാത്ത്. റിസോർട്ടിലെ കാഴ്ചകൾ കണ്ടു വണ്ടി നേരെ കുട്ടിക്കാനം റോഡിലേക്ക് തിരിഞ്ഞു. മഴ തകർത്തു പെയ്യുന്നു കൂടെ നല്ല കട്ട കോടമഞ്ഞും തണുപ്പും. ഹൈറേഞ്ചിലെ മഴ അല്ലേലും ഒരു വല്ലാത്ത ഫീലിംഗ്സ് ആണ്. കയറി വന്ന റോഡിനേക്കാൾ മോശമാണ് കുട്ടിക്കാനത്തേക് ഇറങ്ങുന്ന റോഡ്. മഴ കൂടി പെയ്യുന്നതിനാൽ വളരെ ബുദ്ധിമുട്ടാണ്. കല്ലിനിടയിൽ കുഴി എവിടാണ് അറിയാൻ പറ്റണില്ല. റോഡിലൂടെ വെള്ളം കുത്തി ഒലിക്കുന്നു. മഴയുടെയും ഡ്രൈവിങ്ങിന്റെയും പല ആംഗിളുകളിൽ നിന്നുള്ള വീഡിയോസ് ഗോപ്രോയിൽ ഷൂട്ട്‌ ചെയ്യുന്ന തിരക്കിലായിരുന്നു ഷിബുലാൽ. ഗോപ്രോയിൽ വെള്ളം കയറില്ല എന്നൊരു അഹങ്കാരം പുള്ളിടെ മുഖത്തുണ്ടാരുന്നു.

മുകേഷേട്ടനും രൂപേഷ് ഭായിയും വളരെ നന്നായി ആസ്വദിച്ചു തന്നെ ഡ്രൈവ് ചെയ്യുന്നു. അവരെ സംബധിച്ചിടത്തോളം സംഭവം ഡബിൾ ഇമ്പാക്ട് ആണ്, ഒന്ന് ഓഫ് റോഡ് രണ്ടാമത്തേത് മഴ കൂടി പെയ്തപ്പോൾ ഓഫ് റോഡ് റോഡില്ലായ്മയിലേക്കു വഴി മാറിയത്. ബൈക്കിൽ വരാൻ ഉള്ള തീരുമാനം മാറ്റിയത് എന്തായാലും നന്നായി എന്ന് എല്ലാരും പറയുന്നുണ്ടാരുന്നു. കാരണം ഇ അവസ്ഥയിൽ ബൈക്ക് തലയ്ക്കു ചുമക്കേണ്ടി വന്നേനെ, കൂടാതെ ഇടക്ക് മണ്ണ് ടെസ്റ്റിംഗും നടന്നേനെ. ഒന്നും കാണാൻ കഴിയുന്നില്ല, നല്ല ഒരുപാട് കാഴ്ചകൾ മിസ്സ്‌ ആയിരിക്കുന്നു. അങ്ങനെ ഇരുമുലച്ചി അമ്മൻ അമ്പലത്തിനടുത് എത്തി. മുകേഷേട്ടൻ ജീപ്പ് അടുത്ത് കണ്ട ഒരു പാറ മുകളിലേക്ക് കയറ്റി നിർത്തി പുറകെ രൂപേഷ് ഭായിയും ജീപ്പ് കൊണ്ട് വന്നു. രാമക്കൽമേട്ടിലും നെല്ലിയാമ്പതിയിലും പോയപ്പോൾ മാത്രമാണ് ഇങ്ങനെ ഒരു അഭ്യാസം ആദ്യായിട് കണ്ടത്. അന്ന് ഒരു തവണ വാ പൊളിച്ചത് കൊണ്ട് ഇത്തവണ ഒരു പുതുമ തോന്നിയില്ല. എന്നാലും അവരുടെ സ്കിൽ സമ്മതിക്കാതെ വയ്യ.

ഇരുമുലച്ചി കല്ല് കാണാൻ ഒരുപാട് നേരം അവിടെ നിന്നു. കോടമഞ്ഞു മാറിയാൽ അല്ലെ വല്ലോം കാണാൻ പറ്റത്തൊള്ളൂ. അങ്ങനെ അവിടെ നിന്നപ്പോൾ ആണ് മുണ്ടക്കയത്തുള്ള വര്ഗീസ് ചേട്ടൻ ആലുവയിൽ നിന്നു വന്ന പുള്ളിയുടെ കൂട്ടുകാരേം കൊണ്ട് വന്നത്. പുള്ളി നല്ല ഒന്നാം തരം ജീപ്പ് ഡ്രൈവർ ആണ്. കുറച്ചു നേരം പുള്ളിയോടും കൂട്ടുകാരോടും സംസാരിച്ചു നിന്നു. ഉറുമ്പിക്കരയെ കുറിച്ച് അറിയാത്ത ഒരുപാട് കാര്യങ്ങൾ പുള്ളിയിൽ നിന്നും അറിയാൻ കഴിഞ്ഞു. ഇരുമുലച്ചി അമ്പലത്തിനും കല്ലിനും അടുത്തായി മനോഹരമായ വ്യൂ പോയിന്റുകൾ ഉണ്ട്. എങ്ങോട്ട് നോക്കിയാലും മഞ്ഞു മാത്രേ ഉള്ളു, മഴ പെയ്യുന്ന കൊണ്ട് മഞ്ഞു മാറാനും ചാൻസ് ഇല്ല. മുൻപ് വന്നപ്പോൾ കണ്ടതാണല്ലോ എന്ന് ആശ്വസിച്ചു കാഴ്ചകളെ മഞ്ഞിന് കൊടുത്തിട്ടു ആലുവ ടീമിനോട് യാത്ര പറഞ്ഞു ഞങ്ങൾ കുട്ടിക്കാനത്തേക് തിരിച്ചു.

കുട്ടിക്കാനത്തേക് വരുന്ന വഴിയിൽ വയലു പോലെ വെള്ളം നിറഞ്ഞു കിടക്കുന്ന പുല്ലു വളർന്ന ഒരു സ്ഥലം എത്തിയപ്പോൾ രൂപേഷിന് അത് വഴി വണ്ടി ഓടിച്ചെ മതിയാകു. സ്കിൽ നോക്കാല്ലോ എന്ന് പറഞ്ഞു പുള്ളി വണ്ടി ചതുപ്പു പോലുള്ള വെള്ളക്കെട്ടിലേക് ഇറക്കി. കുഴപ്പമൊന്നും ഇല്ല എന്ന് കണ്ടപ്പോൾ നല്ല സ്പീഡിൽ ഓടിച്ചു മറുകര എത്തി. തിരികെ കരയിലേക്കു കയറ്റിയപ്പോൾ വണ്ടി പുല്ലിൽ സ്ലിപ് ആയി തിരികെ വെള്ളത്തിലേക്ക് തന്നെ ഇറങ്ങി. പിന്നെ എത്ര ആക്സിലറേറ്റർ കൊടുത്തിട്ടും വണ്ടി കയറുന്നില്ല അതുമല്ല വണ്ടി താഴ്ന്നു കൊണ്ടിരിക്കുവാണ്. എല്ലാരും കൂടി വെള്ളത്തിൽ ചാടി വണ്ടി തള്ളാൻ തുടങ്ങി. അപ്പോളേക്കും ടയർ ഏകദേശം താഴ്ന്നിരുന്നു. മനഃസാന്നിധ്യം കൈവിടാതെ രൂപേഷ് വണ്ടിയെ കണ്ട്രോൾ ചെയ്തു. എല്ലാരുടേം ശ്രമ ഫലമായി ജീപ്പ് കരയ്‌ക്കെത്തി. ഒരുമ ഉണ്ടേൽ ഉലക്കമേലും കിടക്കാം എന്ന് പറയുന്നത് വെറുതെ അല്ല. എല്ലാം കഴിഞ്ഞു വിശ്രമിക്കുമ്പോൾ ആണ് ആരോ പറഞ്ഞത് മുകേഷ് ചേട്ടന്റെ ജീപ്പ് ആണേൽ കയറി പോന്നേനെ അതിനു നല്ല വലിയ ടയർ ആണെന്ന്. കേട്ട പാതി പുള്ളി വണ്ടി വെള്ളത്തിൽ ഇറക്കി, കുഴപ്പമില്ലാതെ മറുകര എത്തി. വെള്ളത്തിൽ നിന്നും കയറാൻ നേരം വീണ്ടും കുടുങ്ങി. രൂപേഷിന്റെ ജീപ്പ് ഫുൾ താഴ്ന്നു എങ്കിൽ മുകേഷിന്റെ ജീപ്പിന്റെ ഒരു സൈഡ് ആണ് താഴ്ന്നത്. എല്ലാരും കൂടി അതിനെയും ഒരുപാട് പണിപെട് തള്ളി കയറ്റി.

രണ്ടു സംഭവത്തിലും ഡ്രൈവേഴ്‌സിന്റെ മനഃസാന്നിധ്യമാണ് തുണ ആയത്. ഇനിയും അവിടെ നിന്നാൽ വേറെ പണി കിട്ടും എന്ന് വിചാരിച്ചു എല്ലാരും ജീപ്പിൽ കയറി. ജീപ്പ് കുട്ടിക്കാനം ലക്ഷ്യമാക്കി പാഞ്ഞു. മഴ ഒട്ടും കുറയുന്നില്ല. ഉച്ചക്ക് ഒരു മണിക്ക് തുടങ്ങിയ മഴ ആണ്, മണി നാല് ആയിരിക്കുന്നു ഇത് വരേം ഒരു കുറവും ഇല്ല. വീണ്ടും തേയില തോട്ടങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു. പുറം ലോകത്തേക്ക് എത്താറായി എന്ന് മനസിലായി. മഴ ആയതിനാൽ ആഷ്ലി ബന്ഗ്ലാവും മദാമ്മ കുളവും കാണാതെ നേരെ കുട്ടിക്കാനത്തേക് വിട്ടു. കുട്ടിക്കാനം എത്തി ചായ കുടിക്കാനായി വണ്ടി നിർത്തി. ജീപിന്റെയും അതിൽ ഉള്ളവരുടെയും കോലം കണ്ടിട്ടാകണം എല്ലാവരും ഞങ്ങളെ തന്നെ നോക്കുനുണ്ടാരുന്നു. ചായയും കുടിച്ചു ജീപ്പിന്റെ രണ്ടിന്റെയും മൂട് പടവും അണിയിച്ചു യാത്ര തുടർന്നു. വളഞ്ഞങ്ങാനം വെള്ളച്ചാട്ടം എത്തിയപ്പോൾ വീണ്ടും നിർത്തി. മഴ കാലം തുടങ്ങയതിനാൽ വെള്ളച്ചാട്ടം വീണ്ടും ആക്റ്റീവ് ആയിട്ടുണ്ട്. വെള്ളച്ചാട്ടവും കണ്ടു മുണ്ടക്കയത്തേക്.

എരുമേലിയിൽ എത്തും മുൻപുള്ള വനറാണി ഷാപ്പിൽ നിന്നും ഫുഡ്‌ കഴിക്കാനായി നിർത്തി. ചെറുതും വൃത്തി ഉള്ളതുമായ ഒരു ഷാപ്പ്. ഷാപ്പിലെ ആഹാരം പണ്ട് മുതലേ ഒരു വീക്നെസ് ആണ്. കപ്പ ബിരിയാണി, പോത്തു ഉലർത്തിയത്, കൊഞ്ചു വറുത്തത് എന്ന് വേണ്ട അവിടെ ഉള്ള സകലതും കഴിച്ചു. അത്രക്ക് വിശപ്പുണ്ടാരുന്നേ. ആഹാരം കഴിച്ചു കഴിയും വരെ ആർക്കും കള്ള് വേണ്ടാരുന്നു. കഴിച്ചു കഴിഞ്ഞു റെനീഷ് ചേട്ടൻ ഇഞ്ഞി കള്ള് കുടിക്കാം എന്ന് പറഞ്ഞു അത് ഓർഡർ ചെയ്തു. അവസാനം അത് പുള്ളിക്ക് കുടിക്കാൻ കിട്ടിയോ എന്നത് സംശയമാണ്. മര്യാദക്കാരൻ ആയത് കൊണ്ട് ഞാൻ അതിൽ കൈ വച്ചില്ല. കള്ള് കൊണ്ട് വന്ന പാത്രത്തിനു ഒന്നും പറ്റല്ലേ എന്ന പ്രാർത്ഥനയോടെ ഷാപ്പുടമ നോക്കി ഇരിക്കുന്നുണ്ട്. ബില്ലും കൊടുത്തു കുറച്ചു നേരത്തെ വിശ്രമത്തിനു ശേഷം തിരികെ ഉള്ള യാത്ര തുടങ്ങി. മഴ ഒരു വിധം കുറഞ്ഞിരിക്കുന്നു. ഇനി 10 മണി ആയാലേ വെമ്പായം എത്തുകയുള്ളൂ. അവിടെ എത്തി ബൈക്ക് എടുത്തു വീടെത്തുമ്പോൾ 11 മണിയാകും. നാളെ തിങ്കളാഴ്ച ആണ് ഓഫീസിലും പോകണം. എന്തൊക്കെയോ ആലോചിച്ചു ഉറങ്ങി പോയി. ആരോ വിളിച്ചപ്പോൾ ആണ് എണീറ്റത് വെമ്പായം എത്തിയിരിക്കുന്നു. ജീപീന്നു ഇറങ്ങി ബൈക്ക് എടുത്തു. നേരം വെളുത്തപ്പോൾ മുതൽ നനയാൻ തുടങ്ങിയതാണ് ആകെ മൊത്തം ടൈർഡ് ആയി. വീട്ടിൽ പോയി ഒന്നു കുളിച്ചാലേ ഇനി ശരിയാകു. എല്ലാരോടും യാത്ര പറഞ്ഞു ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു നല്ല കുറെ ഓർമകളുമായി വീട്ടിലേക്കു.

നയന മനോഹരമായ ഒരുപാട് കാഴ്ചകൾ ഉള്ള സ്ഥലമാണ് ഉറുമ്പിക്കര. മഴ ഇല്ലാത്ത സമയത്തു പോകുന്നതാകും കാഴ്ചകൾ കാണാൻ നല്ലത്. യാത്ര വിവരണങ്ങളിൽ ഉള്ള അത്ര പാടില്ല മുണ്ടക്കയം ഏന്തയാർ വഴി ഉറുമ്പിക്കര എത്താൻ. ഞങ്ങൾ പോയ വഴി ആണേൽ ബൈക്ക് കയറതില്ല. കുട്ടിക്കാനത് നിന്നും ഇരുമുലച്ചി വരെ ഉള്ള റോഡും വലിയ കുഴപ്പമില്ല. ഉറുമ്പിക്കര നിന്നും ഇരുമുലച്ചി വരെ ഉള്ള റോഡ് ആണ് ഏറ്റവും കടുപ്പമേറിയത്. പോകുമ്പോൾ കഴിക്കാനും കുടിക്കാനും എന്തേലും കൊണ്ട് പോകുക. അവിടെ പോയാൽ പച്ച വെള്ളം മാത്രേ കിട്ടത്തൊള്ളൂ.

ഉറുമ്പിക്കരയില്‍ എത്താന്‍: 1.മുണ്ടക്കയം -കൂട്ടിക്കല്‍ -വെംബ്ലി-ഉറുമ്പിക്കര ഏകദേശം 20 KM, 2.മുണ്ടക്കയം -എന്തയാര്‍ -വടക്കേമല -ഉറുമ്പിക്കര ഏകദേശം 20 KM , 3.കുട്ടിക്കാനം-ആഷ്‌ലി എസ്റ്റേറ്റ്‌ -ഉറുമ്പിക്കര – ഏകദേശം 7KM, 4. ഏലപ്പാറ -മേമല-ഉപ്പുകുളം-ഉറുമ്പിക്കര ഏകദേശം 13 KM.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply