മൂന്നു സംസ്ഥാനങ്ങളിലൂടെ 24 മണിക്കൂർ ബസ് യാത്ര…

2014 മാർച്ചിലെ ഒരു വെള്ളിയാഴ്ച പാലക്കാടുള്ള ഒരു സുഹൃത്തിൻറെ കൂടെയായിരുന്നു ഞാൻ. പിറ്റേ ദിവസം രാവിലെ ചുമ്മാ എങ്ങോട്ടെങ്ങിലും കറങ്ങിയിട്ട് വീട്ടിൽപ്പോകും എന്ന് പറഞ്ഞ് ഞാൻ അവനോടു യാത്ര പറഞ്ഞു. അവൻ എന്നെ പാലക്കാട്‌ KSRTC സ്റ്റാൻഡിൽ കൊണ്ടുവന്നു വിട്ടു. അവിടുന്ന് കോഴിക്കോട് വരെ ഒന്ന് പോകാൻ ആയിരുന്നു എൻറെ പ്ലാൻ.

 

കോഴിക്കൊടെക്കുള്ള എല്ലാ TT സർവീസുകളിലും നല്ല തിരക്കുണ്ടായിരുന്നു. പതിവിനു വിപരീതമായി ഇത്തവണത്തെ യാത്ര പ്രൈവറ്റ് ബസ്സിലാക്കിയാലോ എന്നായി എൻറെ ചിന്ത. അങ്ങനെ ഞാൻ മുനിസിപ്പൽ സ്റ്റാൻഡിൽ നിന്നും ഒരു കോഴിക്കോട് പ്രൈവറ്റ് ഫാസ്റ്റ് പിടിച്ചു. മൂന്നര മണിക്കൂർ കൊണ്ട് കോഴിക്കോട് എത്തി. സമയം ഉച്ചക്ക് 1 മണിയായി. അപ്പോൾ ഞാൻ വിചാരിച്ചു… “ഇവിടെവരെ വന്നതല്ലേ..വയനാട് വരെ ഒന്ന് പോയ്ക്കളയാം.”

ഒരു ബാംഗ്ലൂർ സൂപ്പര്‍ ഫാസ്റ്റ് അവിടെ പാർക്ക്‌ ചെയ്തിരുന്നു. ഞാൻ അതിൽക്കയറി യാത്രപ്രേമികളുടെ സ്വപ്നമായ HOT സീറ്റ്‌ എന്നറിയപ്പെടുന്ന സീറ്റ്‌ no 51 ൽ ഇടം പിടിച്ചു. 2 മണിയോടെ ബസ്‌ പുറപ്പെട്ടു. കണ്ടക്ടർ വന്നപ്പോൾ എവിടുന്നോ വന്ന ഒരു ചിന്തയിൽ ഞാൻ മൈസൂർക്ക്‌ ടിക്കറ്റ്‌ എടുത്തു. താമരശ്ശേരി ചുരം ഞാൻ ആദ്യമായി കയറിയ യാത്രയും ഇതായിരുന്നു. അത്യാവശ്യം ഫോട്ടോകൾ എടുക്കാനും എനിക്ക് അവസരം കിട്ടി. അങ്ങനെ ബസ്‌ സുൽത്താൻ ബത്തേരിയിൽ എത്തി.

രാവിലെ പാലക്കാടുനിന്നും കഴിച്ച ദോശ മാത്രമായിരുന്നു അതുവരെ കഴിച്ച ഭക്ഷണം. ബത്തേരിയിൽ 15 മിനിറ്റ് സമയം ഉണ്ടെന്നും ചായ കുടിക്കേണ്ടവർക്ക് അതാകമെന്നും കണ്ടക്ടർ ഓർമിപ്പിച്ചു. ഒരു കാലിച്ചായ മാത്രം കുടിച്ചു ഞാൻ വീണ്ടും ബസ്സിലേക്ക് കയറി. ബത്തേരി സ്റ്റാന്റ് കുരങ്ങന്മാരുടെ താവളമായിരുന്നു. അങ്ങനെ ബസ്സ്‌ വീണ്ടും യാത്ര തുടങ്ങി. മുത്തങ്ങ വനത്തിൽ പ്രത്യേകിച്ചൊന്നും കാണാൻ കഴിഞ്ഞില്ലായെങ്കിലും കർണാടക അതിർത്തി കഴിഞ്ഞുള്ള ബന്ദിപ്പൂർ വനമേഖലയിൽ മാൻ, കാട്ടുപോത്ത്, ആന തുടങ്ങിയവയൊക്കെ ഉണ്ടായിരുന്നു.

ബന്ദിപ്പൂർ വനം കഴിഞ്ഞപ്പോൾ പ്രകൃതിയുടെ കിടപ്പ് തന്നെ മാറിയിരുന്നു. എവിടെ നോക്കിയാലും ചെങ്കല്ലിന്റെ നിറം മാത്രം… വഴിക്കിരുവശവും നിലമുഴുന്ന കാളകൾ… വികസനം എന്ന വാക്ക് പോലും കേൾക്കാത്ത ആളുകൾ..വഴിയരികിൽ പച്ചക്കറിയുമായി ഇരിക്കുന്ന കന്നഡ പെണ്‍കൊടികൾ…നൂറ്റാണ്ടുകൾ പുറകിലേക്ക് പോയപോലെ എനിക്ക് തോന്നി. കുറെ കഴിഞ്ഞപ്പോൾ ഗ്രാമം പിന്നിട്ടു ബസ്സ്‌ കുറച്ചുകൂടി പരിഷ്കൃതമായ സ്ഥലത്തേക്ക് കടന്നു. പിന്നെ ഗുണ്ടൽപെട്ട്, നഞ്ചൻകോട് ഒക്കെ പിന്നിട്ടു കഴിഞ്ഞപ്പോഴേക്കും ഇരുട്ട് വ്യാപിച്ചിരുന്നു.

ഏഴരയോടെ ബസ്സ്‌ മൈസൂർ എത്തിച്ചേർന്നു. ഞാൻ അവിടെ ഇറങ്ങി ചുമ്മാ കുറച്ചുനേരം നടന്നു. പരിചയമില്ലാത്ത സ്ഥലം…അറിയാത്ത ഭാഷ…ഇതെല്ലാം എന്നെ ചെറുതായി ശങ്കിപ്പിച്ചു. അധികം അവിടെ കറങ്ങാതെ തിരിച്ചുപോരാൻ ഞാൻ തീരുമാനിച്ചു. വീണ്ടും മൈസൂർ ബസ്‌ സ്റ്റാന്റിലേക്ക്.. അവിടെ തിരിച്ചിങ്ങോടെക്കുള്ള ബസ്സുകൾ ഉണ്ടാകുമെന്ന ആശ്വാസത്തിൽ ചെന്ന എനിക്ക് ഒറ്റ കേരള ബസ്‌ പോലും കാണാനായില്ല.

ബസ്സുകളുടെ ബോർഡ്‌ ആണെങ്ങിൽ വായിക്കാനും പറ്റുന്നില്ല. എവിടെ നോക്കിയാലും ജിലേബി പോലെ കന്നഡ അക്ഷരങ്ങൾ മാത്രം. അവസാനം എൻറെ കണ്ണ് ചെന്നെത്തിയത് തമിഴ് ബോർഡ്‌ വെച്ച ഒരു ബസ്സിലേക്ക് ആണ്. തമിഴ് ശരിക്കു അറിയാവുന്നതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു. മൈസൂരിൽ നിന്നും സത്യമംഗലം-കോയമ്പത്തൂർ വഴി മധുരയ്ക്ക് പോകുന്ന ഒരു കർണാടക ട്രാൻസ്പോർട്ട് ബസ്‌ ആയിരുന്നു അത്. 8 മണിയോടെ വണ്ടി പുറപ്പെടും എന്ന് ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞു. ഞാൻ അതിൽ കയറിയിരിപ്പായി.

അപ്പോഴും പുറത്തു ഏതെങ്കിലും KSRTC ബസ്‌ കാണുന്നുണ്ടോ എന്നായിരുന്നു എൻറെ ശ്രദ്ധ. കുറച്ചു കഴിഞ്ഞപ്പോൾ കണ്ടക്ടർ വന്നു. ഞാൻ കോയമ്പത്തൂർക്ക് ടിക്കറ്റ്‌ എടുത്തു. 150 രൂപ…ഞാൻ 200 രൂപകൊടുത്തു.അയാൾ ബാക്കി 50 രൂപ തിരിച്ചു തന്നു. പക്ഷെ എനിക്ക് ടിക്കറ്റ്‌ കിട്ടിയില്ല. അപ്പോഴേക്കും കണ്ടക്ടർ മറ്റുള്ളവര്ക്ക് ടിക്കറ്റ്‌ കൊടുക്കാൻ തുടങ്ങിയിരുന്നു. അവസാനം ഞാൻ ടിക്കറ്റ്‌ കിട്ടിയില്ലെന്ന കാര്യം വളരെ വിനയത്തോടെ കണ്ടക്ടരോട് പറഞ്ഞു. അയാളാകട്ടെ എനിക്ക് ടിക്കറ്റ്‌ തന്നു എന്നും. കേരളത്തിലായിരുന്നു എങ്കിൽ പറഞ്ഞു മനസ്സിലാക്കാമായിരുന്നു. ഞാൻ തമിഴൊക്കെ പറഞ്ഞു കാര്യം മനസ്സിലാക്കിച്ചു. അവസാനം അയാൾ ടിക്കറ്റ്‌ മെഷീനിൽ റിപ്പോർട്ട്‌ നോക്കിയപ്പോളാണ് എനിക്ക് ടിക്കറ്റ്‌ തന്നിട്ടില്ലെന്നു മനസ്സിലായത്‌. അങ്ങനെ എനിക്ക് ടിക്കറ്റ്‌ കിട്ടി.

8 മണി കഴിഞ്ഞു വണ്ടി പുറപ്പെട്ടു. മൈസൂർ സിറ്റി കഴിഞ്ഞപ്പോൾ വണ്ടിയുടെ വേഗതയും കൂടി. ഏതോ ഒരു സ്ഥലത്തെത്തിയപ്പോൾ കുറെ തമിഴന്മാർ കുടുംബത്തോടെ വണ്ടിയിലേക്ക് ഇരച്ചു കയറി.എല്ലാവരും അവിടവിടെയായി ഇരിപ്പുറപ്പിച്ചു. പിന്നെ വണ്ടി എങ്ങും നിർത്തിയില്ല… ആളുകൾ പതിയെ ഉറക്കത്തിലേക്കു വഴുതിക്കൊണ്ടിരുന്നു. ഡ്രൈവർ വണ്ടിയിൽ ഏതോ പഴയ കന്നഡ പാട്ട് വെച്ച് വളരെ രസിച്ചാണ് ഓടിച്ചത്. കർണാടക കഴിഞ്ഞു വണ്ടി തമിഴ്നാട് അതിർത്തിയിലേക്ക് കടന്നു.

കുറച്ചു ദൂരംകൂടി പിന്നിട്ടപ്പോൾ ആസനൂർ എന്ന സ്ഥലത്ത് ഭക്ഷണം കഴിക്കാനായി വണ്ടി നിർത്തി. പുറത്തിറങ്ങിയപ്പോൾ അസ്സഹനീയമായ തണുപ്പായിരുന്നു. എന്നാലും യാത്രയുടെ ആ ഒരിതുണ്ടല്ലോ… എന്താണെന്നുവെച്ചാൽ യാത്രയുടെ ആ ഒരു അനുഭൂതി…. അതുകൊണ്ട് എനിക്ക് തണുപ്പ്, ഉറക്കം , വിശപ്പ്‌ എന്നിവയെക്കുറിച്ച് യാതൊരു ചിന്തയും ഉണ്ടായിരുന്നില്ല. 20 മിനിട്ടിനു ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. മറ്റു യാത്രക്കാർ പതുക്കെ നിദ്രയിലേക്ക് മടങ്ങാനും തുടങ്ങിയിരുന്നു. വണ്ടി വിചാരിച്ചതിലും വേഗത്തിലാണ് പൊയ്ക്കൊണ്ടിരുന്നത്.

സത്യമംഗലം കാട്ടിലൂടെയായിരുന്നു പിന്നീടുള്ള യാത്ര. ഒരു കാലത്ത് വീരപ്പൻറെ സാമ്രാജ്യമായിരുന്ന സ്ഥലം… വളവുകൾ എല്ലാം ഡ്രൈവർ യാതൊരു സങ്കോചവും കൂടാതെ തന്നെ ഓടിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് വണ്ടിക്കു മുന്നിലേക്ക്‌ ഒരു മാൻകുട്ടി വട്ടം ചാടി. ഡ്രൈവർ പെട്ടെന്ന് ആഞ്ഞു ബ്രേക്ക്‌ ചവിട്ടി. ഉറക്കത്തിലായിരുന്ന യാത്രക്കാരെല്ലാവരും ചാടി എഴുന്നേറ്റു. പരസ്പരം എന്തൊക്കെയോ മുറുമുറുത്തശേഷം എല്ലാവരും വീണ്ടും ഉറക്കത്തിലേക്കു വീണു. പക്ഷെ ആ ഡ്രൈവർക്ക് തെല്ലും കൂസലുണ്ടായിരുന്നില്ല. ഇത്തരം സന്ദർഭങ്ങൾ എത്രയോ വട്ടം അങ്ങേരു മുഖാമുഖം കണ്ടിട്ടുണ്ടാവണം.

പിന്നീട് ധിംബം ചുരം ആരംഭിച്ചു. 27 ഹെയർപിൻ വളവുകൾ ഉള്ള സാമാന്യം വലിയൊരു ചുരം ആയിരുന്നു അത്. നിർഭാഗ്യവശാൽ അന്നേരം രാത്രിയായതുകൊണ്ട് അവിടുത്തെ പ്രകൃതിഭംഗി ആസ്വദിക്കുവാനൊ ഫോട്ടോകൾ എടുക്കുവാനോ എനിക്ക് സാധിച്ചിരുന്നില്ല. ഹെയർപിൻ വളവുകൾ എല്ലാം തന്നെ ഡ്രൈവർ വളരെ റാഷ് ആയിട്ടായിരുന്നു എടുത്തിരുന്നത്. പലപ്പോഴും ബസ്സിൻറെ നിയന്ത്രണം വിട്ടോയെന്നുവരെ എനിക്ക് തോന്നിപ്പോയി. എന്തൊക്കെയായാലും യാതൊരു അപകടവും കൂടാതെ ഞങ്ങൾ ചുരം ഇറങ്ങി. താഴെയെത്തിയപ്പോൾ പ്രശസ്തമായ ബെന്നാരി അമ്മൻ കോവിൽ കണ്ടു. അവിടെയെല്ലാം അന്നേരവും ആളുകൾ ഉണർന്നിരിക്കുന്നത് കണ്ടു. പിന്നെ കുറച്ചുനേരം ഞാൻ ഒന്ന് മയങ്ങി….

യാത്രയുടെ ത്രിൽ അവസാനിച്ചല്ലോ….ഇനി മടക്കയാത്ര തുടങ്ങാൻ പോകുകയല്ലേ…..വണ്ടി വെളുപ്പിന് 2 മണിയോടെ കോയമ്പത്തൂർ ഗാന്ധിപുരം സ്റ്റാന്റിൽ എത്തിച്ചേർന്നു. കുറെയാളുകൾ അവിടെ ഇറങ്ങാനുണ്ടായിരുന്നു. കൂടെ ഞാനും….കോയമ്പത്തൂർ നിന്നും KSRTC സർവീസ് ഇനി 4 മണിക്ക് ശേഷമേയുള്ളൂ. അവിടെയിരുന്നു സമയം കളഞ്ഞ ശേഷം ഞാൻ 4.30 നുള്ള ഒരു തിരുവനന്തപുരം സൂപ്പർ ഫാസ്റ്റിൽ കയറി……..അപ്പോഴാണ്‌ അടുത്ത രസം… ഡ്രൈവറും കണ്ടക്ടറും പുതിയ ആളുകൾ ആയതിനാൽ അവർക്ക് വഴി അത്ര പരിചയം പോര…അവസാനം ഞാൻ മുന്നിലിരുന്നു വഴികൾ പറഞ്ഞുകൊടുത്തു.

ഡ്രൈവറും ആയി ഞാൻ നല്ല കമ്പനി ആയി…ബിജു എന്നോ മറ്റോ ആയിരുന്നു ഡ്രൈവറുടെ പേര്. വണ്ടി കളമശ്ശേരിയിൽ എത്തിയപ്പോൾ ഞാൻ അവരോടു യാത്രപറഞ്ഞു ഇറങ്ങി. അങ്ങനെ 24 മണിക്കൂർ കൊണ്ട് 714 കി.മീ. ഞാൻ ഭക്ഷണം പോലും കഴിക്കാതെ ബസ്സിൽ സഞ്ചരിച്ചു… കേൾക്കുന്നവർക്ക് ഇതൊക്കെ വട്ടാണെന്ന് തോന്നും…ചിലര് കളിയാക്കും..അവരോടൊക്കെ ഒരു വാക്ക് – “യാത്ര ചെയ്യുന്നത് എന്റെ ഇഷ്ടം…എൻറെ സംതൃപ്തി…”

വിവരണം : പ്രശാന്ത്‌ എസ്.കെ.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply