കോളേജ് വിദ്യാര്‍ത്ഥിനിയുടെ KSRTC ബസ്സിനോടുള്ള പ്രണയം; ഫോണ്‍കോള്‍….

പലതരം ആരാധനകള്‍ നാം ദിനംപ്രതി കാണുന്നുണ്ട്. അതില്‍ ഒരു വിഭാഗമാണ്‌ ആനവണ്ടി പ്രേമികള്‍. അതായത് കെഎസ്ആര്‍ടിസി ബസ്സുകളെ ഇഷ്ടപ്പെടുകയും യാത്രകള്‍ കെഎസ്ആര്‍ടിസി ബസ്സുകളില്‍ മാത്രം ചെയ്യുകയും ചെയ്യുന്നവര്‍. എന്നാല്‍ ഇങ്ങനെ ഒരു ആരാധന പെണ്‍കുട്ടികള്‍ക്കും ഉണ്ടെന്നുള്ളത് ഒരു പുതുമയാണ് മലയാളികള്‍ക്ക്. സ്ഥിരമായി യാത്ര ചെയ്യുന്ന കെഎസ്ആര്‍ടിസി ബസ്സിനോട്‌ ആര്‍ക്കെങ്കിലും പ്രണയം തോന്നുമോ? ആ റൂട്ടില്‍ നിന്നും ബസ് മാറുമ്പോള്‍ അത് തിരികെ കിട്ടാന്‍ ഏതറ്റം വരെ പോകാനും തയ്യാറായി ഒരു കൂട്ടം വിദ്യാര്‍ത്ഥിനികള്‍… ഇത് അവരുടെ കഥയാണ്‌.

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ ഒരു ബസ് കണ്ടക്ടറുടെ കുറിപ്പുണ്ട്. സ്ഥിരജോലി ചെയ്തിരുന്ന ബസ് മറ്റു ഡിപ്പോയിലേക്ക് മാറ്റിയപ്പോള്‍ ഉണ്ടായ വിഷമം നിറഞ്ഞ ഒരു പോസ്റ്റ്‌ ആയിരുന്നു അത്. ഇപ്പോഴിതാ പ്രസ്തുത ബസ്സിനെ പ്രണയിക്കുന്ന യാത്രക്കാരും രംഗത്ത് വന്നിരിക്കുകയാണ്.കാര്യം കുറച്ചുകൂടി വിശദമാക്കാം. സംഭവം നടക്കുന്നത് ഈരാറ്റുപേട്ടയിലാണ്. ഈരാറ്റുപേട്ട ഡിപ്പോയിലെ RSC 140 എന്ന ബസ് ആലുവ ഡിപ്പോയിലേക്ക് മാറിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ ബസ്സിലെ കണ്ടക്ടറായ സമീര്‍ ഫേസ്ബുക്കില്‍ വിഷമം നിറഞ്ഞ ഒരു പോസ്റ്റ്‌ ഇട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഈ പോസ്റ്റ്‌ വൈറല്‍ ആയതോടെ ഈ ബസ്സിനെക്കുറിച്ച് ധാരാളം അന്വേഷണങ്ങള്‍ വന്നു തുടങ്ങി.

അങ്ങനെയിരിക്കെയാണ് കഴിഞ്ഞ ദിവസം ആലുവ ഡിപ്പോയിലെ എന്ക്വയറിയില്‍ ഒരു ഫോണ്‍ കോള്‍ വരുന്നത്. മറുതലയ്ക്കല്‍ ഒരു പെണ്‍കുട്ടിയായിരുന്നു. തങ്ങള്‍ സ്ഥിരമായി യാത്രചെയ്തുകൊണ്ടിരുന്ന RSC 140 എന്ന ബസ്സിനോടുള്ള സ്നേഹവും അടുപ്പവും എല്ലാം ഫോണിലൂടെ പെണ്‍കുട്ടി വിവരിക്കുകയാണ്. ഫോണെടുത്ത ജീവനക്കാരനാകട്ടെ ഇതെല്ലാം കേട്ട് അന്തിച്ചു പോകുകയും ചെയ്തു. ആദ്യം ആരോ കളിപ്പിക്കാന്‍ വിളിക്കുകയാണ്‌ എന്ന് തോന്നിയെങ്കിലും പിന്നീടുള്ള സംസാരത്തില്‍ നിന്നും ഇത് ശരിക്കുള്ളതാണ് എന്ന് ജീവനക്കാരന് മനസ്സിലായി. ആലുവ ഡിപ്പോയ്ക്ക് വേറെ ബസ്സൊന്നും കിട്ടിയില്ലേ? ഞങ്ങളുടെ ബസ് ഞങ്ങള്‍ക്ക് തന്നെ തിരികെ തരാന്‍ പാടില്ലേ എന്നൊക്കെയുള്ള വിഷമം നിറഞ്ഞ വാക്കുകള്‍ കേട്ട് ഫോണെടുത്ത ജീവനക്കാരന്‍ എന്ത് പറയണം എന്നറിയാതെ കുഴങ്ങി. മാറി വന്ന പുതിയ ബസ് ഞങ്ങള്‍ക്ക് വേണ്ടയെന്നും പെണ്‍കുട്ടി പറയുന്നുണ്ട്. ഈ ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്തത് ഇപ്പോള്‍ ഫേസ്ബുക്കില്‍ ഹിറ്റായി മാറിയിരിക്കുകയാണ്. വിളിച്ചത് ഒരു പെണ്‍കുട്ടി ആയതിനാല്‍ വിമര്‍ശകര്‍ക്കും എന്തെങ്കിലും പറയുവാന്‍ വയ്യാതായി.

ഈ പ്രശ്നം പരിഹരിക്കുവാന്‍ പുതിയ കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയ്ക്ക് ഈറാറ്റുപേട്ടയിലെ യാത്രക്കാരെല്ലാം ചേര്‍ന്ന് കൂട്ടനിവേദനം നല്‍കുവാന്‍ തയ്യാറെടുക്കുകയാണെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. എന്തായാലും ഒരു ബസ്സിനോട്‌ യാത്രക്കാര്‍ക്കും കണ്ടക്ടര്‍ക്കും ഉള്ള ഈ അടുപ്പം കണ്ടിട്ട് അത്ഭുതം കൊള്ളുകയാണ് എല്ലാവരും. ഈരാറ്റുപേട്ടക്കാരുടെ ചങ്കായ RSC 140 എന്ന ബസ് അവര്‍ക്കു തന്നെ തിരികെ ലഭിക്കട്ടെ എന്ന് നമുക്കും പ്രാര്‍ഥിക്കാം..

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply