ഭായിമാര്‍ മടങ്ങുന്നു; പ്രതാപം ക്ഷയിച്ച് പെരുമ്പാവൂര്‍ ഭായ് ബസാര്‍

പ്രതിദിനം നാലു ലക്ഷം പൊറോട്ട പെരുമ്പാവൂരില്‍ വിറ്റഴിച്ചിരുന്ന കാലമുണ്ടായിരുന്നു. ഇതര സംസ്ഥാനക്കാര്‍ ഒരു ദിവസം ശരാശരി 15 പൊറോട്ട കഴിക്കുന്നവരാണ്. ഭായിമാരുടെ പൊറോട്ട പ്രേമം കണ്ട് പൊറോട്ട നിര്‍മാണ യൂണിറ്റുകള്‍ ധാരാളം വന്നുവെങ്കിലും അവര്‍ ലോണ്‍ തിരിച്ചടയ്ക്കാന്‍ വയ്യാത്ത അവസ്ഥയിലെത്തി. ഇതര സംസ്ഥാനക്കാരുടെ തിരക്കില്‍ മുങ്ങിനിന്ന പെരുമ്പാവൂരിന് എന്തുപറ്റി ?

ഇതര സംസ്ഥാനക്കാരുടെ ഗള്‍ഫ് എന്നറിയപ്പെട്ടിരുന്ന പെരുമ്പാവൂരിലെ പ്രശസ്തമായ ഭായ് ബസാറിന്റെ പ്രതാപം ക്ഷയിക്കുന്നു. ജോലിയും കൂലിയുമില്ലാത്ത സാഹചര്യത്തില്‍ ഇതര സംസ്ഥാനക്കാര്‍ കൂട്ടമായി ജന്മദേശത്തേക്ക് മടങ്ങിപ്പോകുന്നതാണ് കാരണം. ഒറ്റയ്ക്കും തെറ്റയ്ക്കുമായി കുറെപ്പേര്‍ തൊഴില്‍ തേടിയെത്തുന്നുമുണ്ട്. അവരിലാണ് ഇപ്പോള്‍ ബസാറിന്റെ നിലനില്‍പ്പ്.

പെരുമ്പാവൂര്‍ – പുത്തന്‍കുരിശ് റോഡ് തുടങ്ങുന്നിടത്ത് ഗാന്ധിബസാര്‍ എന്ന പേരിലുള്ള കെട്ടിട സമുച്ചയമാണ് പില്‍ക്കാലത്ത് ഭായ് ബസാര്‍ ആയത്. ഷാമിയാനകള്‍ക്കടിയില്‍ സാധനങ്ങള്‍ നിരത്തിവച്ച് ഇതര സംസ്ഥാനക്കാര്‍ക്കുള്ള വിശേഷ വസ്തുക്കള്‍ ഇവിടെ വില്‍ക്കുന്നു. ബംഗാള്‍, ഒഡീഷ സംസ്ഥാനക്കാരാണ് കൂടുതല്‍. ഇവരുടെ ഭാഷയില്‍ ടൗണില്‍ പല കടകളിലും ബോര്‍ഡ് വച്ചു തുടങ്ങിയിരുന്നു. ബസാറില്‍ ബംഗാള്‍ വിഭവങ്ങളായ മധുരപലഹാരം വില്‍ക്കുന്ന സ്റ്റാളുകളുണ്ട്. ബംഗാളി കുടുംബം അവിടെ നിലത്തിരുന്നാണ് ഇവ നിര്‍മിക്കുന്നത്. പരിസരത്തിന്റെ വൃത്തിഹീനതകളൊന്നും ഭായിമാരെ അലട്ടുന്നില്ല. പഞ്ചസാര ലായനിയില്‍ മുക്കിയ ജിലേബി, പഴംപൊരി പോലുള്ള ഭക്ഷ്യവസ്തുക്കള്‍ക്ക് രാവിലെ ആറു മുതല്‍ മുതല്‍ ഡിമാന്റാണ്.

ബസാറിന്റെ തെക്കേ മൂലയില്‍ അബ്ദുള്‍ ഹസന്‍ ബാദുഷയുടെ സി.ഡി. കട. ‘സൗ സാല്‍ പഹലേ മുഛേ തുംസെ പ്യാര് ധാ…’ എന്ന റാഫിഗാനം ഒഴുകുന്നു. തൊട്ട് എതിര്‍വശത്തെ കടയില്‍ മെഹ്ദി ഹസ്സന്‍ പാടുന്നു. ബംഗാള്‍ ബീഡിയുടെ ഗന്ധം നിറഞ്ഞ, ഒരു ഗലി പോലെയാണ് ബസാര്‍. രാത്രി വൈകിയാല്‍ പലയിടത്തും മദ്യം മണക്കും. നീലപ്പുകയില്ലാത്ത ഒരു രാത്രി പോലും ബസാറില്‍ ഇല്ലത്രെ. മുര്‍ഷിദാബാദില്‍ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് പെരുമ്പാവൂരില്‍ വിറ്റ് ഉപജീവനം നടത്തുന്നവര്‍ ധാരാളം. മുര്‍ഷിദാബാദില്‍ കഞ്ചാവിന് നിരോധനമില്ല. ഞായറാഴ്ചകളില്‍ ബസാറില്‍ ഉത്സവ പ്രതീതിയാണ്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് ഇതര സംസ്ഥാനക്കാര്‍ ഇവിടെ ഷോപ്പിങ്ങിനെത്തും. ബാറുകള്‍ യഥേഷ്ടം പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ഞായറാഴ്ച ദിവസം പെരുമ്പാവൂര്‍ ടൗണ്‍ ഭായിമാര്‍ ൈകയടക്കുമായിരുന്നു.

ഞായറാഴ്ചകളില്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തനം. കൂളിങ് ഗ്ലാസുകള്‍, ബെല്‍റ്റുകള്‍, ഹെഡ് ഫോണ്‍, ഇലക്ട്രോണിക് വസ്തുക്കള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകളെല്ലാം ഉറക്കത്തിലാണ്ടു. ഞായറാഴ്ചകളില്‍ ശരാശരി 400 മൊബൈല്‍ ഫോണ്‍ വിറ്റിരുന്ന തന്റെ കടയില്‍ ഇപ്പോള്‍ 50 പോലും തികയുന്നില്ലെന്ന്, ബസ് സ്റ്റാന്‍ഡ് റോഡിലെ നാസറിന്റെ പരിദേവനം. തൊട്ടപ്പുറത്തുള്ള യോഹന്നാന്റെ ഹോട്ടലില്‍ കച്ചവടം നാലിലൊന്നായി. ഭായിമാരുടെ തള്ളിക്കയറ്റം കണ്ട് കെട്ടിടമുടമ വാടക അടിക്കടി കൂട്ടും. ഇപ്പോള്‍ വാടകക്കാരെ കിട്ടുന്നില്ലെന്നും അദ്ദേഹം പറയുന്നു. നോട്ട് നിരോധനത്തിന്റെ ആഘാതത്തില്‍ നിന്ന് പെരുമ്പാവൂര്‍ പൂര്‍ണമായി ഉണര്‍ന്നെണീക്കുന്നതോടെ ഭായിമാര്‍ എത്തിത്തുടങ്ങുമെന്ന് കച്ചവടക്കാര്‍ പ്രത്യാശ പുലര്‍ത്തുന്നു. പ്ലൈവുഡിനും വിനീറിനും ഓര്‍ഡര്‍ ഇല്ലാത്തതുമൂലം പെരുമ്പാവൂരിലെ ഫാക്ടറികള്‍ പ്രവര്‍ത്തനം കുറച്ചു.

ക്രഷര്‍ യൂണിറ്റുകള്‍, പാറമടകള്‍, ഹോളോ ബ്ലോക്ക് യൂണിറ്റുകള്‍ എന്നിവയും അന്യസംസ്ഥാനക്കാരുടെ തൊഴിലിടമായിരുന്നു. അവിടെയൊക്കെ ഉണ്ടായ മാന്ദ്യം പെരുമ്പാവൂരിന്റെ സമ്പദ് വ്യവസ്ഥയെത്തന്നെ പിടിച്ചുലയ്ക്കുന്ന സ്ഥിതിയിലാണ്. ഉത്തരേന്ത്യന്‍ നഗരങ്ങളെ ഓര്‍മിപ്പിക്കുന്ന ടൗണായി പെരുമ്പാവൂര്‍ മാറിയിട്ട് 15 കൊല്ലത്തോളമായി. ഇവിടത്തെ വ്യാപാര സ്ഥാപനങ്ങളുടെ മുന്നില്‍ അന്യഭാഷാ ബോര്‍ഡുകള്‍ സ്ഥാനം പിടിച്ചിട്ട് 10 കൊല്ലവും.

ബസ്സുകള്‍ തങ്ങളുടെ ബോര്‍ഡുകള്‍ ബംഗാളി, ഹിന്ദി, ഒറിയ ഭാഷകളിലും എഴുതിവച്ചിട്ടുണ്ട്. തെങ്ങുകയറ്റമൊഴികെ മറ്റെല്ലാ മേഖലയിലും ഇതര സംസ്ഥാനക്കാര്‍ വേരുപിടിച്ചു കഴിഞ്ഞു. ട്രാവന്‍കൂര്‍ റയോണ്‍സിന്റെ തകര്‍ച്ചയ്ക്ക് ശേഷം പെരുമ്പാവൂര്‍ ഉയിര്‍ത്തെഴുന്നേറ്റത് പ്ലൈവുഡിലൂടെയും അതുവഴി ഇതര സംസ്ഥാനക്കാരിലൂടെയുമാണ്. അതുകൊണ്ട് പെരുമ്പാവൂരിന് ഇനി തിരിച്ചുപോകാനാവില്ല. നിരത്തില്‍ വെള്ളവും കരിമ്പടവും വിരിച്ച് പെരുമ്പാവൂര്‍ കാത്തിരിക്കുകയാണ് പഴയ പ്രതാപകാലത്തെ.

Source – http://www.mathrubhumi.com/ernakulam/malayalam-news/perumbavoor-1.1942865

Check Also

Price List of Airbus Aircrafts

Airbus SE is a European multinational aerospace corporation. The ‘SE’ in the name means it …

Leave a Reply