ഇതാണ് ഞങ്ങളുടെ പൊന്നിൽ കുളിച്ച പൊന്മുടി.. പറഞ്ഞറിയിക്കാൻ പറ്റാത്തത് എന്തോ പ്രകൃതി ഒളിപ്പിച്ചു വച്ചത് പോലെ, പണ്ട് ആരോ പറഞ്ഞത് പോലെ ‘യാത്ര ഒരുപാട് ഉത്തരമില്ലാത്ത ചോദ്യങ്ങളും, അതിനെക്കാളേറെ കുഴപ്പിക്കുന്ന ചോദ്യങ്ങളും ഉണ്ടാക്കും’ എന്ന് പറഞ്ഞത് എത്ര ശരിയാണ്. ഒരു മാജിക്കാരനെ പോലെ എപ്പോഴും അവൻ സഞ്ചാരികളെ കാഴ്ചകളുടെ നിറവസന്തത്തിൽ ആറാടിപ്പിക്കും. വെറും പത്ത് മിനിറ്റ് ഗ്യാപ്പിൽ എടുത്ത ചിത്രങ്ങൾ ആണ് ചുവടെ..
തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് വിതുര വഴി കല്ലാറിലെത്തി അവിടെനിന്നും 22 ഹെയര്‍പിന്‍ വളവുകളും കഴിഞ്ഞ് പൊന്മുടിയുടെ ഉയരത്തിലെത്തുമ്പോള്‍ അവിടെ നമുക്കായി കാത്ത്വെച്ചിരിക്കുന്നത് പ്രകൃതിയുടെ വന്യമനോഹാരിതയാണ്. നിമിഷനേരം കൊണ്ട് അടുത്തു നില്ക്കുന്ന കാഴ്ച പോലും മറച്ച് പൊതിയുന്ന മൂടല്‍മഞ്ഞും നോക്കെത്താ ദൂരത്തോളം പടര്‍ന്നുകിടക്കുന്ന സഹ്യസൗന്ദര്യവും നമുക്ക് സമ്മാനിക്കുന്നത് കാഴ്ചയുടെ ഒരു ഏഴാം സ്വര്‍ഗ്ഗമാണ്.
പൊന്മുടിയിലെ കാഴ്ചകളെക്കാള്‍ സഞ്ചാരികളെ ഭ്രമിപ്പിക്കുന്നത് അവിടേക്കുള്ള യാത്രയാണ്. ഏകദേശം വിതുര ടൗണ്‍ കഴിയുമ്പോള്‍ മുതല്‍ ആരംഭിക്കും പ്രകൃതിയുടെ മുന്നൊരുക്കങ്ങള്‍. റോഡിന് സമാന്തരമായി ഒഴുകുന്ന വാമനപുരം നദിയുടെ തുടക്കമായ കല്ലാര്‍. ആ യാത്ര എത്തി നില്‍ക്കുന്നത് േെഗാള്ഡന് വാലിയെന്ന് യാത്രക്കാര്‍ വിളിക്കുന്ന പൊന്മുടിയുടെ ചുവട്ടിലാണ്.
അവിടെയിറങ്ങി മരംകോച്ചുന്ന തണുത്തവെള്ളത്തില്‍ ഒരു കുളി കഴിക്കാം. കുടുംബത്തോടൊപ്പമാണ് വരുന്നതെങ്കില്‍ അവിടെയിരുന്ന് ആഹാരം കഴിക്കാം. പക്ഷേ പ്രത്യേകം ശ്രദ്ധിക്കുക, ആഹാരാവശിഷ്ടങ്ങളോ പ്ലാസ്റ്റിക്കോ ഒന്നും അവിടെ ഉപേക്ഷിക്കരുത്. ആ പ്രദേശം കണ്ടാല്‍ അത്തരത്തിലുള്ള വൃത്തിഹീനമായ പ്രവര്‍ത്തികളൊന്നും ചെയ്യാന്‍ തോന്നില്ല എന്നുള്ളതാണ് സത്യം.
അവിടെ നിന്നുമാണ് പൊന്മുടിയെന്ന സഞ്ചാരികളുടെ സ്വര്‍ഗ്ഗത്തിലേക്കുള്ള യഥാര്‍ത്ഥ യാത്ര ആരംഭിക്കുന്നത്. തേയിലത്തോട്ടങ്ങള്‍ക്ക് നടുവിലൂടെ ഒരുവശം കൊക്കയും മറുവശം കുത്തുകയറ്റവുമായ റോഡിലൂടെയുള്ള യാത്ര കാഴ്ചകളുടെ പല വൈവിദ്ധ്യങ്ങളും കാട്ടിത്തരും. ഈ യാത്രയിലാണ് പൊന്മുടി യാത്രയുടെ യഥാര്‍ത്ഥ സൗന്ദര്യമായ ഹെയര്‍പിന്‍ വളവുകള്‍. 22 ഹെയര്‍പിന്‍ വളവുകളാണ് നാം പൊന്മുടിയുടെ മുകളിലെത്തുന്നതിന് മുമ്പ് പിന്നിടേണ്ടത്.
ഏകദേശം മുക്കാല്‍ മണിക്കൂര്‍ യാത്രകൊണ്ട് നാം മുകളിലെത്തും. മുകളിലെത്തിക്കഴിഞ്ഞാല്‍ നട്ടുച്ചയ്ക്കും തണുപ്പ് ശരീരത്തെ മൂടുന്ന പൊന്മുടിയുടെ യഥാര്‍ത്ഥ കാലാവസ്ഥയാണ് നമ്മെ കാത്തിരിക്കുന്നത്. പ്രകൃതിയുടെ ചിത്രരചനാ പാടവം നിഗൂഡതയിലൊളിപ്പിച്ചുവെച്ച പൊന്മുടിയുടെ സൗന്ദര്യം എത്രകണ്ടാലും മതിവരില്ല എന്നതാണ് സത്യം.
അറ്റം കൂര്‍ത്ത കുന്നുകളും പുല്‍മേടുകളും വനവുമൊക്കെയായി കാഴ്ചയുടെ ഒരു സദ്യതന്നെ പൊന്മുടി സഞ്ചാരികള്‍ക്കായി കരുതി വെച്ചിട്ടുണ്ട്. പൊന്മുടിയിലെ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയാണ് വിശാലമായ ടോപ്സ്റ്റേഷന്. മൂടല്‍മഞ്ഞിലൂടെ ടോപ്സ്റ്റേഷനിലേക്കുള്ള യാത്ര മറക്കാനാവാത്ത അനുഭവമായിരിക്കും. ടോപ്പ് സ്റ്റേഷനില്‍ എത്തിയാലോ, ചോലവനങ്ങളും പുല്‍മേടുകളും ചേര്‍ന്ന അവിസ്മരണീയമായ കാഴ്ചയാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.
പൊന്മുടിയില്നിന്ന് തെക്കന്‍ പശ്ചിമഘട്ടത്തിലെ വരയാട്ടുമൊട്ട തുടങ്ങിയ ട്രക്കിങ് കേന്ദ്രങ്ങളിലേക്ക് പോകാനാകും. വരയാടുകള്‍ ധാരാളമുള്ള സ്ഥലമായ ഇവിടേക്ക് പൊന്മുടിയില്നിന്ന് മൂന്ന് മണിക്കൂര്‍ ട്രക്കിങ് മതി. നവംബര്‍ മുതല്‍ മെയ് വരെയുള്ള കാലമാണ് അനുയോജ്യം. വിതുരയില്‍നിന്ന് പൊന്മുടിക്കുള്ള വഴിയിലാണ് മീന്മുട്ടി വെള്ളച്ചാട്ടം.
സമീപ റെയില്‍വേ സ്റ്റേഷന് : തിരുവനന്തപുരം 61 കി. മീ., സമീപ വിമാനത്താവളം : തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഏകദേശം 67 കി. മീ. തിരുവനന്തപുരം നഗരത്തില്‍ നിന്ന് സംസ്ഥാന പാത 2 (തിരുവനന്തപുരം നെടുമങ്ങാട് ചെങ്കോട്ട പാത)ല്‍ യാത്രചെയ്ത് നെടുമങ്ങാട്- ചുള്ളിമാനൂര്‍- വിതുര- തേവിയോട് വഴി ഗോള്‍ഡന്‍വാലി. അവിടെനിന്നും 22 ഹെയര്‍പിന്‍ വളവുകള്‍ കഴിയുമ്പോള്‍ പൊന്മുടി എത്തുന്നു.
By: Nishad Hakkim.