മുടങ്ങുമെന്ന തോന്നലുളവാക്കിയ ഞങ്ങളുടെ ശ്രീലങ്കൻ യാത്ര..

മനോഹരമായ ഈ യാത്രാവിവരണം എഴുതി തയ്യാറാക്കിയത് – പ്രവാസി മലയാളിയായ സമദ് അബ്ദുൽ.

അങ്ങനെ ഞങ്ങൾ പുരാണ കഥയിലെ രാവണന്റെ നാട്ടിലേക്കു യാത്ര പോകാനുള്ള തയ്യാറെടുപ്പിലാണ്. രാവിലെ 7.30ന് കൊളോമ്പോയിലേക്കുള്ള Emirates വിമാനത്തിൽ പോകാനുള്ള പ്ലാൻ. 6 വരെ ജോലി സമയം.സങ്കീർണ്ണമായ പ്ലാൻ. ഓൺലൈനിൽ ബോര്ഡിങ് പാസ്സ് എടുത്തത് കൊണ്ടു 6.50 ന് എമിഗ്രേഷൻ എത്താൻ കഴിയണം. 5.50 ന് തന്നെ ജോലിയിൽ നിന്നിറങ്ങി Anwer Shine ( എന്റെ സഹയാത്രികൻ ആണെ). അവന്റെ കസിനും കാറുമായി ജോലി സ്ഥലത്തേക്ക് വന്നു.

ചാടിക്കയറി നേരെ ദുബായ് എയർപോർട്ടിലേക്ക്. 6.40 ന് എമിഗ്രേഷൻ കഴിഞ്ഞു അടുത്ത കടമ്പയായ ഹാൻഡ് ബാഗേജ് സ്‌ക്രീനിങ്ങും കഴിഞ്ഞു ഗെയ്റ്റിലേക്ക് ഓടാനുള്ള ഒരുക്കത്തിൽ വെറുതെ പാന്റ് പോക്കറ്റ് ഒന്ന് തപ്പി നോക്കിയതാ..കുറെ മൂല്യ വസ്തുക്കൾ (identity card,international driving licence,ATM card, credit cards പിന്നെ കുറെ വിദേശ കറൻസിയും )അടങ്ങിയ പഴ്സ് മിസ്സിങ്!! എന്ത് ചെയ്യണമെന്നറിയാതെ വാ പൊളിച്ചു നിന്നു. അൻവർ പണിപ്പെട്ട് എന്നെ സമാധാനിപ്പിക്കുന്നുണ്ട്. പക്ഷെ ഒരു രേഖ നഷ്ടപെട്ടാലുള്ള പൊല്ലാപ്പ് നല്ലപോലെ അറിയുന്നത് കൊണ്ട് യാത്ര മുടക്കാൻ തന്നെ തീരുമാനിച്ചു.

തിരിച്ചു എമിഗ്രേഷൻ കൗണ്ടറിൽ തന്നെ വന്നു പോലീസ്നോട് കാര്യങ്ങൾ അവതരിപ്പിച്ചു. അവസാന ശ്രമം എന്ന നിലക്ക് ഒരു പോലീസുകാരൻ എന്റെ പാസ്പോർട്ട്‌ എമിഗ്രേഷൻ കൗണ്ടറിൽ ഏല്പിച്ചു എന്നെയും കൊണ്ടു ഞങ്ങൾ കാറിറങ്ങിയ സ്ഥാനം വരെ പോയി..രക്ഷയില്ല!! കാണുന്നവരോടെക്കെ ചോദിച്ചു..not found!! യാത്ര മുടങ്ങിയ സങ്കടവും മറ്റും എല്ലാം കൂടി കൺമുമ്പിൽ ഒന്നും കാണാത്ത അവസ്ഥയിൽ തിരിച്ചു വരികയാണ്. അപ്പോഴാണ് പുറകിൽ നിന്നൊരു വിളി. “സമദ് ആണോ” എന്ന്.തിരിഞ്ഞു നോക്കിയപ്പോൾ ഒരു പ്രത്യേക ദൂതനെ പോലെ ഒരു മലയാളി എയർപോർട് സ്റ്റാഫ്‌. നിങ്ങളുടെ പഴ്സ് എനിക്ക് കിട്ടിയെന്നും ഞാനത് പോലീസ് ഓഫീസിൽ ഏൽപ്പിച്ച്ചെന്നും അറിയിച്ചപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം!!!. പെട്ടെന്ന് തന്നെ പഴ്‌സും വാങ്ങി ഗെയ്റ്റ് ലേക്ക് ഓട്ടമായിരുന്നു.

അപ്പോൾ സമയം 7.13. ഗെയ്റ്റിൽ എത്തിയപ്പോഴേക്കും വിമാനം Departure ന് തയ്യാറായി നിൽക്കുന്നു.ഒരു വിധത്തിലും കയറാൻ പറ്റില്ലായെന്നറിയിച്ചു. തിരിച്ചു ടെർമിനലിനകത്തുള്ള ടിക്കറ്റ് കൗണ്ടറിലെത്തി കാര്യങ്ങൾ ബോധിപ്പിച്ചു. അവസാനം അവർ പറഞ്ഞു 9.30ന് മാലി വഴി കൊളോമ്പോയിലേക്ക് ഒരു ഫ്ലൈറ്റ് ഉണ്ട് അതിൽ കയറ്റി വിടാമെന്ന്. പക്ഷെ സമയധിഷ്ഠിത പ്ലാനുകൾ മാറുകയാണ്.ഉദ്ദേശിച്ചതിലും 6 മണിക്കൂർ വൈകിയാണ് ശ്രീലങ്കയിലെത്തുന്നത്. അതിലേറെ സങ്കടം Adam’s peak എന്ന ടൂറിസ്റ്റു പോയിന്റ് ഒഴിവാക്കാനും നിർബന്ധിതമായി. ഒന്ന് ചീഞ്ഞു(കേടു വന്നാൽ )പോയാൽ മറ്റൊന്നിന് വളമാകുമെന്നു പറയുന്നത് പോലെ ഞങ്ങൾ Male എന്ന മനോഹരമായ കൊച്ചു ദ്വീപ് ആകാശ കാഴ്ച കാണാനുള്ള അവസരം തന്നിരിക്കുന്നു…

അങ്ങനെ മാലിയിൽ 1 മണിക്കൂർ ചിലവഴിച്ചു ഞങ്ങൾ നമ്മുടെ അയൽവാസിയായ ശ്രീലങ്കയിലെത്തി. ഞാനും സഹയാത്രികൻ അൻവറും കൊളോമ്പോ എയർപോർട്ടിലിറങ്ങി. എയർപ്പോർട്ടിൽ ഞങ്ങളെ കാത്ത് ഞങ്ങളുടെ സുഹൃത്ത് ശ്രീലങ്കകാരൻ Jayasiri Bamunu Arachchi നല്ല ഒരു corolla കാറും ഡ്രൈവറുമായി അക്ഷമയോടെ ഇരിക്കുന്നുണ്ടായിരുന്നു. അവനെ കണ്ട ഫോട്ടോ സെഷണും കഴിഞ് നേരെ കാറിൽ കയറി.

അപ്പോഴാണ് ജയശ്രീ കൂടെ വരുന്നില്ലയെന്നും ഡ്രൈവറായ ചന്ദനയാണ് ഇനി ഞങ്ങളുടെ മാർഗ്ഗദർശി എന്നും അറിയുന്നത്. പക്ഷേ അതൊരു വല്ലാത്ത പുകിലായിരുന്നു.കാരണം, ചന്ദനക്ക് സിംഹള ഭാഷയല്ലാതെ ഒന്നും സിഗ്നൽ പിടിക്കില്ല. എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ അവൻ ഉടനെ ഫോണെടുത്ത് തരും. എന്നിട്ട് ഞങൾ ജയശ്രീയെ വിളിക്കും. അവൻ തർജമ ചെയ്ത് ഇവനോട് പറയും. ഇപ്പൊ ഏകദേശം വൈകുന്നേരം 6 മണിയായിക്കാണും.ഞങൾ യാത്ര തുടങ്ങുകയാണ് നേരെ കാൻഡിയിലേക്ക്.

രാത്രി 10 മണിയാകുമ്പോഴേക്കും kandy ക്കടുത്തുള്ള ഒരു സാദാ ഹോട്ടലിൽ റൂമെടുത്തു ചുരുണ്ടി കൂടി കിടന്നു. രാവിലെ 6 മണിക്ക് തന്നെ വീണ്ടും യാത്ര തുടർന്നു.കൊളോമ്പോയിലെ ചൂടുള്ള കാലാവസ്ഥയിൽ നിന്ന് ഇളം തണുപ്പുള്ള ഗ്രാമങ്ങളിലൂടെ സംഞ്ചരിക്കുകയാണ്.നമ്മുടെ മൂന്നാറിലോ കൊടൈക്കനാലിലോഉള്ള ഏതെങ്കിലും ഒരു പാതയിലൂടെ സഞ്ചരിക്കുന്ന പ്രതീതി. പോകുന്ന വഴിയിൽ വെച്ച് ദൂരെയുള്ള ഒരു മനോഹരമായ വെള്ളച്ചാട്ടം കാണാൻ കഴിഞ്ഞു.വളഞ പുളഞ മലയോര പാതകളും പിന്നിട്ട് 2 മണിക്കൂറിനകം NuwarA eliya എന്ന സ്ഥലത്തെത്തി. അതിനിടയിൽ ദോശയും അപ്പവും അടങ്ങിയ പ്രാതൽ ഒരു തമിഴ് വംശജരുടെ ഹോട്ടലിൽ നിന്ന് കഴിച്ചിരുന്നു.

ഇതാണ് ഞങ്ങളുടെ ലക്ഷ്യസ്ഥാനം. ലങ്കയിലെ ഉയർന്ന പ്രദേശം. UNESCO സർട്ടിഫിക്കറ്റ് കൊടുത്ത GEO PARK ആണ്.
പേര് HORTON PLAINS. കോടമഞ്ഞുവീഴ്ച അതിന്റെ നല്ല ഘട്ടത്തിൽ എത്തിയിരിക്കുന്നു. തൊട്ടടുത്തുള്ളവരെ പോലും പോലെ കാണുന്നില്ല. ആദ്യം അവിടെ നിന്നുള്ള പ്രവേശനപാസ് വാങ്ങി ഗേറ്റ് ലക്ഷ്യമാക്കി നീങ്ങി. അതിനിടയിൽ നമ്മുടെ ശ്രീലങ്കൻ ഡ്രൈവർ 2 കുടയും ഞങ്ങളുടെ കയ്യിൽ തന്നു നൈസായിട്ട് മുങ്ങാൻ നിൽക്കുന്നു. കാരണം അവൻ പറഞ്ഞത് മുമ്പ് കണ്ടിട്ടുണ്ട് എന്നാണ്. യഥാർത്ഥ കാരണം അതല്ല എന്ന് ഞങ്ങൾക്ക് അറിയാം.. നടക്കാനുള്ള മടിയാണ്. 3 മണിക്കൂറിൽ കൂടുതൽ നടക്കണം.

അങ്ങനെ കവാടത്തിലെത്തി. അവിടെ കണ്ട ബോർഡിലെ വാചകങ്ങൾ എന്നെ വല്ലാതെ അതിശയിപ്പിച്ചു. ആ ഫൊട്ടോ പോസ്റ്റുന്നുണ്ട്. യാത്ര തുടങ്ങുകയാണ്. കുറച്ച് മുന്നോട്ടു നീങ്ങിയപ്പോൾ 2 കൈ വഴികൾ കാണാൻ കഴിഞ്ഞു. അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. ഏത് വഴി മുതൽ നടത്തം തുടങ്ങിയാലും മറ്റേ വഴിയിൽ അവസാനിക്കുമെന്നാണ്. ഞങ്ങൾ ഇടതു വശത്തു കൂടി യാത്ര തുടങ്ങി. ആദ്യം ഒരു ഗ്രാമപ്രദേശം മുമ്പിൽ കാണുന്ന പോലെ അനുഭവപ്പെട്ടു. പക്ഷെ, മുന്നോട്ടു നടക്കും തോറും നയന മനോഹരങ്ങളായ കാഴ്ചകളാണ് സമ്മാനിച്ചത്. മഞ്ഞും മഴയും വെയിലും ഞങ്ങളെ തലോടിയിരുന്നു. അത്യാവശ്യം സഞ്ചാരികൾ ഉണ്ട്. വല്ലാത്ത ഒരനുഭവം തന്നെയായിരുന്നു ആ നടത്തം. ചെറിയ ചെറിയ അരുവികളും തോടുകളും വെള്ള കെട്ടുകളും കുന്നിൽ ചെരുവുകളും വെള്ളച്ചാട്ടങ്ങളും കൊണ്ട് സംമൃദമായ ഒരു സ്ഥലം!!! എല്ലാം കണ്ടും കേട്ടും അനുഭവിച്ച് ക്യാമറയിൽ പകർത്തിയും നടന്നും ഇരുന്നും ഞങ്ങൾ ആസ്വദിക്കുകയാണ്.

അതിനിടയിൽ ഒരു European കുടുംബത്തെ പരിചയപ്പെട്ടു. പുള്ളിക്കാരൻ പോളണ്ട്കാരനാണ്. (അപ്പൊ മനസ്സിൽ പോളണ്ടിനെ കുറിച്ച് ഒരക്ഷരം പറയരുതെന്ന സിനിമാ ഡയലോഗ് ഓർമ വന്നു😀 ). ഇന്ത്യക്കാർ എന്ന് പറഞ്ഞപ്പോൾ പുള്ളിക്ക് ഭയങ്കര ബഹുമാനം. കാരണം അവർക്ക് ബാംഗ്ലൂരിൽ IT സ്ഥാപനം ഉണ്ടെന്നും ഇടക്ക് വരാറുണ്ടെന്നും പറഞ്ഞു. ഫോട്ടോക്ക് പോസ് ചെയ്തു ഞങ്ങൾ യാത്ര തുടരുകയാണ്. എല്ലായിടത്തും ദിശാ ബോർഡുകൾ വെച്ചിട്ടുണ്ട്.നടന്ന്‌ ഞങ്ങൾ world’s end എന്ന സൂയിസൈഡ് പോയിന്റിലെത്തി. ലോകം അവിടെ അവസാനിക്കൊന്നുമില്ലട്ടൊ. പക്ഷെ, വേണെമെങ്കിൽ നമ്മുടെ ലോകം ഒന്ന് താഴേക്കു ചാടി അവസാനിപ്പിക്കാം. അത്രയ്ക്ക് താഴ്ച്ചയുണ്ട് മറുവശത്ത്. പിന്നെ അവിടെ നിന്ന് ഫൊട്ടോ എടുക്കുന്നത് ഒരു സംഭവമാണ്. 2-3 സെക്കന്റ്നുള്ളിൽ സീനറി ബാക്ക്ഗ്രൗണ്ടിൽ വരത്തക്കവണ്ണം ഫോട്ടോയെടുക്കണം. കാരണം പെട്ടെന്ന് തന്നെ മഞ്ഞു കൊണ്ട് മറയും എല്ലാം. കൂടെ നമ്മെയും.

അതിനടുത്ത് തന്നെ mini World’s end ഉം കാണാൻ കഴിഞ്ഞു.അതും കഴിഞ്ഞു നേരെ അതിമനോഹരമായ Bekers fall എന്ന വെള്ളച്ചാട്ടം കാണാനായി ആ വശത്തേക് നീങ്ങി. ദൂരെ നിന്ന് തന്നെ  വെള്ളം പാറക്കെട്ടിൽ വീഴുന്ന ആ കേൾക്കാൻ സുഖമുള്ള ശബ്ദം കേൾക്കാൻ കഴിഞ്ഞു. നമ്മുടെ ആതിരപ്പള്ളിക്ക് അടുത്തു ഇത് ഒന്നും തന്നെയല്ലായെന്ന് പറയാം.. അതും കഴിഞ്ഞു കാൽനട യാത്ര അവസാന ഘട്ടത്തിലാണ്. മൃഗങ്ങളെ കണ്ടോ എന്ന് ചോദിച്ചാൽ പറയാം. samabar deer(ഇവറ്റകൾ 2000 ലധികം അവിടെ വസിക്കുന്നുണ്ടെന്ന് വായിച്ചിരുന്നു ഞങ്ങൾ കണ്ടത് 2 എണ്ണത്തിനെ)എന്ന ഒരുതരം മാനിനെ കാണാൻ കഴിഞ്ഞു.തിരികെ ഗെയ്റ്റിലെത്തി. മൂന്നര മണിക്കൂറോളം ഞങ്ങൾ നടക്കുകയായിരുന്നു, ഓടുകയായിരുന്നു, പറക്കുകയായിരുന്നു..

കാറിനടുത്ത് വന്നപ്പോൾ നമ്മുടെ ഡ്രൈവർ ഒരു ഒന്നാംതരം ഉറക്കം കഴിഞ്ഞ ക്ഷീണത്തിലാണ്. കാറിൽ കയറി ഒരു ലഘു ഭക്ഷണം പാസാക്കി യാത്ര തുടർന്നു.വഴിയിൽ ഇടക്ക് ഇറങ്ങി ശ്രീലങ്കൻ ചായ കുടിച്ചും ഫോട്ടോയെടുത്തും യാത്ര തുടർന്നു. അതിനിടയിൽ എന്തോ വാങ്ങാനായി ഒരു ചെറിയ മുറുക്കാൻ കടയിൽ കയറി.തമിഴ് സംസാരിക്കുന്ന മനുഷ്യൻ ആയിരുന്നു കച്ചവടക്കാരൻ. ഞങ്ങൾ ഇന്ത്യക്കാരാണെന്നും കേരളത്തിലാണ് വീടെന്നും പറഞ്ഞപ്പോൾ പുള്ളിക് ഭയങ്കര ആവേശം. കാരണം ആൾ നമ്മുടെ സിനിമ സ്റ്റാർ “മമ്മുട്ടി”യുടെ കട്ട ഫാനാണ്.

യാത്ര പറഞ്ഞു ഇറങ്ങി നേരെ എത്തിയത് കാൻഡി യിലെ ബൊട്ടാണിക്കൽ ഗാർഡനിലാണ്. നല്ല മഴയും ഉണ്ട്. എങ്കിലും ടിക്കറ്റെടുത്തു അകത്തു കയറി. ശ്രീലങ്കൻ സ്വദേശികൾക്ക് എൻട്രൻസ് ഫീ കുറവും വിദേശികൾക്ക് 100%ലധികം ഇരട്ടിയുമാണ്. ഗാർഡനിൽ കയറി ഓടി നടന്നു. താമരക്കുളവും കണ്ടു.പെട്ടെന്ന് തന്നെ അവിടെ നിന്നിറങ്ങി.നേരെ കാൻഡി ടൗണിലേക്ക്.

അധികം വലുതല്ലാത്ത ഒരു പട്ടണമാണ് കാൻഡി. നമ്മുടെ ശ്രീലങ്കൻ ഡ്രൈവർ പിന്നെ കൊണ്ട് പോയത് അവൻ വിശ്വസിക്കുന്ന മതമായ ബുദ്ധ ക്ഷേത്രത്തിലേക്കാണ്. Tooth Temple! ഒരു വലിയ ക്ഷേത്രം തന്നെയാണ്. ക്ഷേത്രത്തിന്റെ എല്ലാ ഭാഗത്തും ആനയുടെ കൊമ്പ് കൊണ്ടുള്ള രൂപങ്ങൾ കാണാൻ കഴിഞ്ഞു.അത് കൊണ്ടാണ് ആ ക്ഷേത്രത്തിനു ആ പേര് വന്നെന്നറിഞ്ഞു. എല്ലായിടത്തും എത്തി നോക്കി അവിടെ നിന്നിറങ്ങി.വിദേശ ടൂറീസ്റ്റുകൾ ബുദ്ധവേഷം ധരിച്ചു ദർശനം നടത്തുന്നത് കാണാമായിരുന്നു. പുറത്തിറങ്ങി ഭക്ഷണശാലയിലേക്ക്. ശ്രീലങ്കൻ ഫുഡ് ആയ കൊത്ത് പൊറാട്ട കഴിച്ചു. ഉറങ്ങാനുള്ള മുറി അന്വേഷിച്ചു നടന്നു അവസാനം തലേന്ന് ഉറങ്ങിയ ഹോട്ടലിൽ തന്നെ എത്തി. പെട്ടെന്ന് തന്നെ ഉറങ്ങി.

വീണ്ടും 6 മണിയാബോഴേകും തയ്യാറായി കാരണം, ഇന്നു ശ്രീലങ്കയിലെ അവസാനദിവസമാണ്. ഇന്നും കൂടി കാണാനുള്ളതൊക്കെ കാണണം. യാത്ര നേരെ അവസാനിച്ചത് Pinnawale elephent orphanageൽ. ശരിക്കും പറഞ്ഞാൽ നമ്മുടെ “ആന പന്തി”. ഒരുപാട് ആനകളും ആനക്കുട്ടികളെയും വളർത്തുന്ന സ്ഥലം.കുറച്ചു നേരം കാത്തിരുന്നു. അതാ വരുന്നു ആനപ്പട!! വരി വരിയായ് അവരെല്ലാവരും കുളിക്കാനായി അടുത്തുള്ള പുഴയിലേക്ക് പോകുകയാണ്. വലിയ ആനയുടെ വാലിൽ ആനകൊച്ചിന്റെ തുമ്പിക്കൈ കൊണ്ട് പിടിച്ചുള്ള ദൃശ്യം കണ്ണിനു കുളിർമ്മ നൽകുന്നതന്നായിരുന്നു. ആ ആന കുളിയും കണ്ടു യാത്ര തിരിച്ചു. വീണ്ടും ശ്രീലങ്കൻ തലസ്ഥാനത്തേക്ക്..

ബീച്ച് കൊണ്ടു പ്രശസ്തി നേടിയ കൊളോമ്പോയിലെ ഒരു ബീച്ചെങ്കിലും സന്ദർശിക്കാതെ പോകുന്നത് ശരിയല്ല എന്ന് തോന്നിയത് കൊണ്ടു നേരെ പോയത്‌ Nigambo brown beach ലേക്ക്.. ഒന്ന് കറങ്ങി. കുറെ വിദേശികൾ അല്പവസ്ത്രധാരികളായിട്ടും മറ്റ് ശ്രീലങ്കൻ കമിതാക്കളെയും മാത്രം കാണാൻ ക്കഴിഞ്ഞു. വെയിലിനു ചൂട് ഉള്ളത് കാരണം വേഗം ഫൊട്ടോ സെഷൻ അവസാനിപ്പിച്ചു നേരെ കൊളോമ്പോ എയർപോർട്ടിലേക്ക്.. ഏകദേശം 550 kmഓളം ഞങ്ങൾ ലങ്കയിൽ സഞ്ചരിച്ചു. ലയിച്ചു. ഡ്രൈവർ സഹായിയോട് ” നന്ദി” പ്രകാശിപ്പിച്ചു departure terminal ലേക്ക് .. ഇനി അടുത്ത ലക്‌ഷ്യം “മായനഗരമായ” സിംഗപ്പൂരിലേക്ക്…

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply