പാദുവായിലെ വിശുദ്ധ അന്തോണീസ് പുണ്യാളന്‍റെ മണ്ണില്‍..

വെനീസ് യാത്രയുടെ തുടര്‍ച്ചയായിട്ടാണ്, പിറ്റേദിവസം ഞങ്ങള്‍ വി.അന്തോണീസിന്റെ മണ്ണായ പാദുവായിലേക്ക് യാത്ര തിരിച്ചത്. (ഇത് രണ്ടാം തവണയാണ് പാദുവയിൽ). ആ വിശുദ്ധന്‍റെ ജീവിതം തൊട്ടറിയാനും, സ്വജീവിതത്തില്‍ സ്വീകരിക്കേണ്ടവ ഉള്‍കൊള്ളാനും, വേണ്ടിയുള്ള ഒരു #ആത്മീയ #യാത്ര.

രണ്ട് ദിവസമായി വെനീസിൽ കറങ്ങി നടന്നതിന്റെ ക്ഷീണം മാറിവരുന്നതേയുള്ളൂ, എന്നിരുന്നാലും, 40 കിലോമീറ്റര്‍ മാത്രമം അകലെയാണ് പാദുവ നഗരമെന്നറിഞ്ഞപ്പോള്‍ പോകാന്‍ തന്നെ തീരുമാനിച്ചു. പിറ്റേന്ന്, രാവിലെ തന്നെ വീട്ടില്‍ നിന്നിറങ്ങി, വെനീസ് മെസ്ത്രേ സ്റ്റേഷനില്‍ എത്തി. തുടർന്ന് പാദുവായിലേക്ക്, ഏകദേശം 30 മിനിട്ടുകൾക്ക് ശേഷം പാദുവ റെയിൽവേ സ്റ്റേഷനിലെത്തി.

ബസ്സ്‌ ഉണ്ടെങ്കിലും നല്ല ഫോട്ടോസ് വല്ലതും കിട്ടിയാലോ! എന്ന ചിന്തയില്‍, പാദുവ സ്റ്റേഷനിൽ നിന്നും ഒരല്പം മടിയോടെയാണെങ്കിലും നടക്കാന്‍ തന്നെ തീരുമാനിച്ചു. എന്തായാലും തീരുമാനം തെറ്റിയില്ല. ദേവലയത്തിലേക്ക് നടക്കുന്ന വഴിയില്‍ അതാ!! വലിയൊരു പ്രതിമ, ഞങ്ങളെ ഉറ്റുനോക്കുന്നത് അകലെ നിന്നുതന്നെ കാണാമായിരുന്നു.
നടന്ന് അടുത്തെത്തിയപ്പോഴാണ് ആളെ മനസ്സിലായത്, ഇറ്റലിയുടെ പിതാക്കന്മാരില്‍ ഒരാളായി പരിഗണിക്കപ്പെടുന്ന, സര്‍വസൈന്യാധിപനും, രാഷ്ട്രതന്ത്രജ്ഞനും, ഇറ്റാലിയന്‍ ചരിത്രത്തില്‍ തന്നെ വലിയ പങ്കുള്ള #ജ്യുസേപ്പേ #ഗരിബാൾദിയായിരുന്നു അത്. (1807 ജൂലൈ 4 ഫ്രാന്‍സിലെ നീസിലാണ് ജനിച്ചത്, 1882 ജൂണ്‍ 2 ന് സാര്‍ദേഞ്ഞ ദ്വീപിലെ കാപ്രെറയില്‍ മരണമടഞ്ഞു). കുറച്ച് മലിനമാക്കപ്പെട്ട നിലയില്‍ അടുത്തു കൂടെ ചെറിയൊരു പുഴയും ഒഴുകുന്നുണ്ട്. ഫോട്ടോസ് എടുത്ത് വീണ്ടും നടത്തം തുടര്‍ന്നു.

വിശുദ്ധന്റെ താമസ സ്ഥലവും, സുവിശേഷ പ്രഘോഷണകേന്ദ്രവും പ്രധാനമായും പാദുവ തന്നെ ആയിരുന്നു.
അതുകൊണ്ടായിരിക്കാം, നഗരത്തിന്‍റെ മദ്ധ്യസ്ഥൻ എന്നപ്പേരും വി.അന്തോണീസിൽ ചാർത്തപ്പെട്ടത്. ദേവാലത്തിന്റെ മകുടം കുറെ കൂടി അടുത്തായി ഇപ്പോള്‍ കാണാം, കുറച്ച് കൂടി നടന്ന് ദേവാലയത്തിന്റെ വലതു ഭാഗത്ത് ഞങ്ങള്‍ എത്തിച്ചേര്‍ന്നു. വിശാലമായ മുറ്റം, ഒരു വശത്തായി രൂപങ്ങളും മറ്റും വില്‍ക്കുന്ന ചെറിയ കടകള്‍. ദേവാലയത്തിനു നേരെ ഞങ്ങള്‍ നടന്നു. #ഫോട്ടോഗ്രഫി ദേവാലയത്തിനകത്ത് നിഷിദ്ധമാണെന്നറിഞ്ഞപ്പോള്‍ സങ്കടം തോന്നി…. എന്താ ചെയ്യുക? (എന്നുവെച്ച്, ഫോട്ടോസ് എടുത്തില്ലായെന്ന് ആരും കരുതരുത്)!!!! എന്തായാലും, വി.അന്തോണീസിന്‍റെ ജീവചരിത്രത്തെ കുറിച്ച് മനസിലാക്കിയിട്ട് അകത്തേക്ക് പ്രവേശിക്കാം അതാണ് നല്ലത്,
ആ അറിവില്‍ നിന്ന് കൊണ്ട് സന്ദര്‍ശനം നടത്തിയാല്‍ പ്രത്യേകമായ ഒരു #അനുഭൂതിയിലൂടെ വിശുദ്ധന്‍റെ ജീവിതത്തെ തൊട്ടറിയാന്‍ സാധിക്കും.

#ഒരല്പം #ചരിത്രം.. നഷ്ടപ്പെട്ട സാധനങ്ങള്‍ വീണ്ടെടുക്കുന്ന വിശുദ്ധന്‍ എന്നപേരിലാണ് അന്തോണീസ് പൊതുവേ അറിയപ്പെടുന്നത്. 1195 ഓഗസ്റ്റ്‌ 15 ന് പോര്‍ച്ചുഗീസിലെ ലിസ്ബണില്‍ ഒരു ധനിക കുടുംബത്തിലാണ് ഫെര്‍നാണ്ടോ മാര്‍ട്ടിന്‍സ് (വി.അന്തോണീസ്) ജനിച്ചത്. പതിനഞ്ചാം വയസ്സില്‍, അഗസ്തീനിയൻ സന്യാസ സഭയുടെ ഭാഗമായ സെന്റ്.വിൻസെന്റ് ആശ്രമത്തിൽ ചേർന്നു. പിന്നീട് ഫെര്‍നാണ്ടോ തന്റെ ഇഷ്ടപ്രകാരം അക്കാലത്തെ പോര്‍ച്ചുഗീസിന്‍റെ തലസ്ഥാനമായ #കോയിംബ്രയിലെ സാന്താ ക്രൂസ് ആബിയില്‍ പഠിക്കാന്‍ പോയി. ദൈവശാസ്ത്രവും,ലാറ്റിന്‍ ഭാഷയും അവിടെ നിന്നും പഠിച്ചു.

വൈദീകനായതിനു ശേഷം അഥിതികളെ സ്വീകരിക്കുന്ന Guest master എന്ന പദവിയാണ് ഫെർനാണ്ടോയ്ക്കുണ്ടായിരുന്നത്. ആബിയിലെ ആതിഥേയ സല്‍ക്കാരത്തിന്റെ ചുമതല വഹിച്ചിരുന്ന അന്തോണീസ്, കുറച്ച് ഫ്രാന്‍സിസ്കന്‍ സന്യാസിമാര്‍ കോയിംബ്രയ്ക്ക് പുറത്ത് എത്തിചേര്‍ന്നപ്പോള്‍, അവരുടെ ലളിത ജീവിതത്തോട് വലിയ ആകർഷണം തോന്നുകയും, പിന്നീട് അവർ മൊറോക്കോയിൽ വെച്ച് രക്തസാക്ഷിത്വം വരിച്ചുവെന്ന വാർത്ത കേട്ടപ്പോൾ, തനിക്കും #രക്തസാക്ഷിത്വം വരിക്കണമെന്ന ചിന്തയോടെ ആ സഭയിൽ ചേരാന്‍ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അനുവാദത്തോടെ ആബിയോട് വിടപറഞ്ഞ് ഫ്രാന്‍സിസ്കന്‍ സഭയില്‍ ചേര്‍ന്നു, #അന്തോണീസ് എന്ന പേരും സ്വീകരിച്ചു.

#ഇറ്റലിയിൽ – ദൈവീക സത്യങ്ങളെ പ്രഘോഷിക്കുന്നതിനായി മൊറോക്കോയിലേക്ക് പോയ അന്തോണീസ് രോഗബാധയെ തുടര്‍ന്ന് തിരിച്ച് ലിസ്ബണിലേക്ക് വരാന്‍ തീരുമാനിച്ചു. എന്നാല്‍, ദൈവനിശ്ചയം മറ്റൊന്നായിരുന്നു, മടക്കയാത്രയില്‍ വഴിതെറ്റി വിശുദ്ധന്‍ സഞ്ചരിച്ച പായ്ക്കപ്പല്‍ #ഇറ്റലിയിലെ #സിസിലിയിലാണ് (Sicilia) എത്തിച്ചേര്‍ന്നത്.. അവിടെനിന്നും അവര്‍ #തൊസ്കാനയിലേക്ക് പോയി. സാന്‍ പൗളോ ആശ്രമത്തില്‍ എത്തിയ അന്തോണീസിനെ അവിടത്തെ സന്യസ്തര്‍ ശുശ്രൂഷിച്ചു. സുഖം പ്രാപിച്ച അന്തോണീസ് പ്രാര്‍ത്ഥനയ്ക്കും, പഠനത്തിനുമായി കൂടുതല്‍ സമയം ചെലവഴിച്ചു.

1222 ൽ #ഡൊമിനിക്കൻസിന്റേയും, #ഫ്രാൻസിസ്ക്കൻസിന്റേയും ഒരു തിരുപ്പട്ട പരിപാടിയിൽ പങ്കെടുത്ത അന്തോണീസിന്, അവിചാരിതമായി, കിട്ടിയ ഒരു ചെറിയ സുവിശേഷ പ്രഘോഷണമാണാവസരമാണ് ജീവീതത്തെയാകെ മാറ്റിമറിച്ചത്. അക്കാലം വരെ ഒരു #സാധാരണ #സന്യസ്തനായി കഴിഞ്ഞിരുന്ന അന്തോണീസിന്റെ അഗാധമായ ദൈവീക ജ്ഞാനം ലോകം തിരിച്ചറിയുകയായിരുന്നു,
ആ പ്രഭാഷണത്തിലൂടെ, പ്രത്യേകിച്ച് ഇറ്റലി. അത് #വി.#ഫ്രാൻസീസ് #അസ്സീസിയേയും സ്വാധീനിച്ചിരുന്നു. വടക്കൻ ഇറ്റലിയിലെ പലസ്ഥലങ്ങളിലും ദൈവശാസ്ത്ര അധ്യാപകനായി അന്തോണീസിനെ നിയമിച്ചത് വി.ഫ്രാൻസീസ് അസ്സീസി തന്നെയായിരുന്നു.. ക്രിസ്തീയ മത വിരുദ്ധവാദികളെ തിരുത്തുന്നതിലും, മതപരിവർത്തനം ചെയ്യുന്നതിൽ വലിയ പങ്ക് വഹിച്ചതുകൊണ്ടും,” #മത #വിരുദ്ധവാദികളുടെ #ചുറ്റിക” എന്നാണ് വിശുദ്ധൻ അറിയപ്പെട്ടിരുന്നത്.

1231 ൽ, വിശുദ്ധന്റെ ആരോഗ്യം ക്ഷയിക്കുകയും, തുടർന്ന് #കാംമ്പോസാംപിയേറോയിൽ ഏകാന്തവാസം നയിക്കാൻ ആരംഭിക്കുകയും ചെയ്തു. എന്നാൽ, പെട്ടന്നൊരു ദിവസം വിശുദ്ധന് പാദുവായിലേക്ക് വീണ്ടും മടങ്ങേണ്ടിവന്നു. അത് വിശുദ്ധ അന്തോണീസിന്റെ അവസാന യാത്രയായിരുന്നു പാദുവായിൽ എത്തുംമുൻപേ, ക്ഷീണിതനായ അന്തോണീസിനെ ആർച്ചേല്ലയിലെ ക്ലാര സന്യാസീനി മഠത്തിൽ (വി.ഫ്രാൻസ്സീസ് അസ്സീസിയുടെ ആദ്യ പിൻന്തുടർച്ചക്കാരിയായ വി.ക്ലാരയുടെ നാമത്തിലുള്ള) എത്തിക്കുകയും, അവിടെ വെച്ച്, ജൂൺ 13-ാം തീയതി, തന്‍റെ മുപ്പത്തിയാറാം വയസ്സിൽ ദൈവസന്നിധിയിൽ വിലയം പ്രാപിക്കുകയും ചെയ്തു..

“ഇതെഴുതുമ്പോൾ, എന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു, ഒലിച്ചിറങ്ങിയ കണ്ണുനീർ എന്റെ കണ്ണാടയേയും, കവിളിണകളേയും നനച്ചുവെന്ന സത്യവും കൂടി ഈ അവസരത്തിൽ ഒാർമ്മിക്കുന്നു”.

(പാദുവ സന്ദർശനം നടത്തുന്ന ഭൂരിഭാഗം തീർത്ഥാടകരും, വിശുദ്ധൻ തന്റെ അവസാന നാളുകൾ ചെലവഴിച്ച #കാമ്പോസാംപിയേറോ മരണമടഞ്ഞ #ആർച്ചേല്ല, ലൂക്കായുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന അബ്ബാസിയ ദി സാന്താ ജ്യുസ്ത്തീന എന്നീ ദേവാലയങ്ങൾ/സ്ഥലങ്ങൾ സന്ദർശിക്കാറില്ല, എന്നതാണ് വേദനിപ്പിക്കുന്ന ഒരു യാഥാർത്ഥ്യം).

1229 ൽ പാദുവായിലെ ബിഷപ്പായിരുന്ന ലാക്കോപ്പോ അന്തോണീസിനു നൽകിയ സാന്താ മരിയ മാത്തെർ ദൊമിനി എന്ന ചെറിയ ദേവാലയത്തിലാണ് അന്തോണീസിന്റെ ആഗ്രഹപ്രകാരം ഭൗതീക ശരീരം സംസ്ക്കരിച്ചത്.
ഈ ദേവാലയം പിന്നീട് ബ്ലാക്ക് മദൊന്ന എന്നപ്പേരിൽ ഇപ്പോൾ നിലവിലുള്ള ബസിലിക്ക, 1232 ൽ നിർമ്മാണം ആരംഭിച്ചപ്പോൾ അതിനോട് ചേർക്കപ്പെട്ടു.

1263 ലാണ് ആദ്യമായിട്ട് വിശുദ്ധന്റെ കല്ലറ തുറന്നത്, ശരീരം എല്ലും പൊടിയുമായി മാറിയിരുന്നുവെങ്കിലും #നാവ് യാതൊരു കേടുപാടും കൂടാതെ അതേ നിലയിൽ തന്നെ കാണപ്പെട്ടു, ദൈവവചനം പ്രഘോഷിക്കന്നതിന് പ്രത്യേകമായി ദൈവത്താൽ നിയോഗിക്കപ്പെട്ട (Gift of God) ഒരു സന്യസ്തനായിരുന്നു, വി.അന്തോണീസ് എന്ന നിലയ്ക്കാണ് സഭ ഈ അത്ഭുതത്തെ കണ്ടത്.

പിന്നീട് 1350 ഫെബ്രുവരി 15 നും, അവസാനമായി, വിദഗ്ധപഠനങ്ങൾക്കുവേണ്ടി, #ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കാലത്ത്, 1981ജനുവരി 1ന് ഒരു ടീമിനെ നിർദ്ദേശിക്കുകയും, ജനുവരി 6 ന് വിശുദ്ധന്റെ കല്ലറ വീണ്ടും തുറക്കപ്പെടുകയും ചെയ്തു. റെലിക്ക് മ്യൂസിയത്തിലെ പ്രധാന തിരുശേഷിപ്പുകളൊഴിച്ച്, ബാക്കിയെല്ലാം ദേവാലയത്തിലേക്ക് പ്രവേശിക്കുമ്പോൾ കാണുന്ന കല്ലറയിലാണ്, ഇന്ന് സൂക്ഷിച്ചിരിക്കുന്നത്. 1232 മെയ്‌ 30 ന് വാഴ്ത്തപ്പെട്ടവനും, അതേദിവസം തന്നെ #ഗ്രിഗോറി #ഒൻപതാം പാപ്പയാല്‍ വിശുദ്ധ പദവിയിലേക്കും ഉയര്‍ത്തപ്പെട്ടു. 1946 ജനുവരി 16 ന്, ആത്മീയ മൂല്യങ്ങൾ നിലനിർത്തി പ്രഭാഷണങ്ങൾ നടത്തിയ വിശുദ്ധൻ എന്ന പരിഗണനയിൽ സഭാപണ്ഡിതൻ എന്നനിലയിലും ബഹുമാനിക്കപ്പെട്ടു. ജൂണ്‍ 13 നാണ് തിരുനാൾ ആഘോഷിക്കുന്നത്.

#ദേവാലയത്തിനകത്ത്..പ്രവേശന കവാടത്തിന്റെ ഇടതു ഭാഗത്തായി കറുത്ത മാര്‍ബിള്‍ കൊണ്ട് കല്ലറയുണ്ടാക്കി ഭംഗിയായി ഒരുക്കിയിരിക്കുന്ന വിശുദ്ധന്‍റെ ശവകുടീരം കാണാം, ഒട്ടനവധി ആളുകള്‍ തങ്ങളുടെ ആവശ്യങ്ങളും, പ്രാര്‍ത്ഥനകളും, എഴുതി അടുത്തുവെച്ചിരിക്കുന്ന പെട്ടിയില്‍ നിക്ഷേപിക്കുന്നു.

#എന്റെ #പ്രാർത്ഥന.. പാദുവായില്‍ വിശുദ്ധന്‍റെ അടുത്ത് ഞാന്‍ സമര്‍പ്പിച്ച പ്രാര്‍ത്ഥന (സൗഹൃദ സംഭാഷണം) ഇന്നും മനസ്സില്‍ മായാതെ കിടപ്പുണ്ട്. “ വി.അന്തോണീസേ, നിനക്കറിയാമല്ലോ എന്‍റെ അവസ്ഥ? എന്‍റെ ഇഷ്ടമല്ല, നിന്‍റെ ഇഷ്ടംപോലെ എല്ലാം നടക്കട്ടെ, അത് എന്ത് തന്നെയായാലും സഹിക്കുവാനുള്ള ശക്തിമാത്രം തന്നാല്‍ മതി”.

അന്ത്യവിശ്രമ സ്ഥലത്തു നിന്ന് മുന്നോട്ട് നടന്നാല്‍, ഇടതു ഭാഗത്തായി വിശുദ്ധന്‍ പ്രാർത്ഥനയ്ക്കും, സുവിശേഷ പ്രഘോഷണത്തിനുമായി കൂടുതൽ സമയം ചെലവഴിച്ച ബ്ലാക്ക്‌ മദോന്നയുടെ ചാപ്പല്‍. 1231 മുതൽ 1263 വരെ വിശുദ്ധന്റെ ഭൗതീകശരീരം ഇവിടെയാണ് സൂക്ഷിച്ചത്.

പ്രധാന അള്‍ത്താരയുടെ പിറകിലുള്ള റെലിക്ക് മ്യൂസിയത്തിലാണ് മറ്റനേകം വിശുദ്ധർക്കൊപ്പം, വി.അന്തോണീസിന്റെ നാവും, താടിയെല്ലും, സ്വരനാളിയും (vocal cord)സൂക്ഷിച്ചിരിക്കുന്നത്, വീണ്ടും വലത് ഭാഗത്തായി ഒരു ഇടനാഴി കടന്ന് ഒരു ക്ലോയിസ്റ്റര്‍ കാണാം അവിടെയും വിശുദ്ധന്‍റെ ഒരു പ്രതിമയുണ്ട്. അടുത്തുള്ള ഒരു മുറിയില്‍ വി.അന്തോണീസിന്‍റെ ജീവചരിത്രം മുഴവന്‍ വരച്ചുകാട്ടുന്ന ഒരു വീഡിയോ പ്രദര്‍ശനവും നടക്കുന്നു.വിവിധ ഭാഷകളില്‍ ഓഡിയോ കേള്‍ക്കാനും സൗകര്യമുണ്ട്.

എതോ ഒരു ചൈതന്യം ഞങ്ങളെ പൊതിഞ്ഞിരിക്കുന്നതുപോലെ ഒരു തോന്നൽ, പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരാത്മീയ സുഖം മനസ്സിനെ മറ്റേതോ തലത്തിലേക്ക് നയിക്കുന്നുണ്ടായിരുന്നു. ഭൗതീക ജീവീതവുമായി സംവേദിക്കുമ്പോൾ/ഏറ്റുമുട്ടുമ്പോൾ പലപ്പോഴും നഷ്ടപ്പെടുന്നത് ഈ സുഖം തന്നെയാണെന്ന തിരിച്ചറിവിൽ ഞങ്ങൾ ദേവാലയത്തിന്റെ പുറത്തേക്കിറങ്ങി.

ശൈത്യകാലത്തിന്റെ നല്ല കുളിര്‍മയുള്ള തണുപ്പ്, ചെറിയ തോതില്‍ അസ്വസ്ഥരാക്കുന്നുണ്ടെങ്കിലും, സഞ്ചാരസുഖത്തില്‍ അതൊക്കെ അപ്രസക്തമായിത്തീര്‍ന്നു. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയെന്നതാണ്, യഥാര്‍ത്ഥ സഞ്ചാരസുഖമെന്ന് അനുഭവങ്ങള്‍ ഞങ്ങളെ പഠിപ്പിച്ചിരുന്നു.

#യാഥാർത്ഥ്യം.. യാതൊരു പണിയുമില്ലാതെ, ദാരിദ്ര്യത്തില്‍ കഴിഞ്ഞകാലത്ത്, കടം വാങ്ങിയാണ് വെനീസ്, പാദുവ സഞ്ചാരമെന്ന സാഹസത്തിന് മുതിര്‍ന്നത്. അതുകൊണ്ടുതന്നെ വാക്കുകളില്‍ ആസ്വാദനം ഒരല്‍പം കുറഞ്ഞേക്കാം.. (പലിശ കൊടുക്കേണ്ടതില്ലെങ്കിലും, വാങ്ങിയത് തിരിച്ച് നല്‍കേണ്ടേ!) എന്തായാലും ജനുവരിയിലെ കറക്കം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍, സെബാസ്റ്റ്യന്‍ ചക്യേത്ത് എന്ന സുഹൃത്ത് വഴി ജോലി ലഭിച്ചുവെന്നതാണ് സത്യം. വിശുദ്ധൻ എന്‍റെ പ്രാര്‍ത്ഥന കേട്ടുവെന്ന് തോന്നുന്നു!?!! സഞ്ചാരവേളയിലെടുത്ത പല ഫോട്ടോസും നഷ്ടപ്പെട്ടതുകൊണ്ട്, പിന്നീട് എടുത്തതും കൂടി (വേനൽക്കാലത്ത്) ചേർത്തീട്ടുണ്ട്.

Text: © Sajeev Puthussery | Photo: © Vijo Puthussery. Country : ITALY (North) State : VENETO, Province : PADUA.

📌ചുറ്റുമുള്ളവ.. Cappella degli Scrovegni, Abbasia di Santa Giustina, Palazzo della Ragione, Orto Botanico di Padova, Prato della Valle, Cattedrale di Padova, Chiesa di Santa Sofia, Tomba di S.Leopoldo Mandic.  ആവശ്യമായ തിരുത്തലുകൾ നൽകി സഹായിച്ച ബഹുമാനപ്പെട്ട മാർട്ടിനച്ചന് നന്ദി.. Fr.Martin Pallikkara OFM Conv.

ഞങ്ങൾ നടത്തിയ വെനീസ് യാത്രയുടെ വിവരണം താഴത്തെ ലിങ്കിൽ കൊടുക്കുന്നു.

https://m.facebook.com/story.php?story_fbid=910719289055977&id=100003537435954

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply