സിംഗപ്പൂരിലേക്ക് ഒരു ‘പിശുക്കന്‍’ യാത്ര

സിംഗപ്പൂരില്‍ പോണ കാര്യം പറഞ്ഞാല്‍ ഒരുമാതിരിപ്പെട്ടവരുടെയൊക്കെ ആദ്യ ഡയലോഗ് ഇങ്ങനെയാണ്, ‘ചെലവ് കൂടുതലല്ലേ അവിടെ, വെര്‍തേ വേണ്ടാത്ത പണിക്ക് നിക്കണ്ട നീയ്’. എന്നാപ്പിന്നെ അതൊന്നറിഞ്ഞിട്ടേയുള്ളൂ ബാക്കി കാര്യമെന്നുറപ്പിച്ചു. ചീപ്പായിട്ടുള്ള എന്റെ ട്രിപ്പ് കണ്ടിട്ട് സിംഗപ്പൂര്‍ ചമ്മിപ്പോണം.

അഞ്ചിന്റെ പൈസ സേവിങ്‌സ് ഇല്ലെങ്കിലും മറ്റു പ്രാരാബ്ധങ്ങളൊന്നുമില്ലാതെ തായ്ലന്‍ഡില്‍ കഴിഞ്ഞുപോയ്ക്കൊണ്ടിരിക്കുന്ന ഞാന്‍ സിംഗപ്പൂരിലേക്കുള്ള ഏറ്റവും കുറഞ്ഞ വിമാന നിരക്കുകള്‍ക്കായി വല വീശി കാത്തിരുന്നു. അവസാനം എയര്‍ ഏഷ്യയെക്കാളും മികച്ച ഓഫറുമായി ഒരു വമ്പന്‍ സ്രാവ് വലയില്‍ വീണു; ‘ജെറ്റ്സ്റ്റാര്‍ എയര്‍വെയ്സ്’. അങ്ങോട്ടുമിങ്ങോട്ടുംകൂടി വെറും 5000 രൂപ. മൂന്നു മാസം മുന്നേ ടിക്കറ്റ് എടുത്തുവെച്ച് കൈയും കെട്ടി അക്ഷമനായി ഇരുന്നു ഞാന്‍.

യാത്ര തീയതിയുടെ 30 ദിവസം മുന്‍പ് തൊട്ടിങ്ങോട്ടേ വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിയൂ. 30 സിംഗപ്പൂര്‍ ഡോളറിനു തുല്യമായ പൈസയും സര്‍വീസ് ചാര്‍ജുമുള്‍പ്പെടെ കൊടുത്ത് ബാങ്കോക്കിലെ വിഎഫ്എസ് ഗ്ലോബല്‍ ഏജന്‍സി വഴിയാണ് വിസ സാധ്യമായത്. മൂന്നു ദിവസത്തിനുള്ളില്‍ വിസ മെയിലില്‍ വരുമെന്നാണ് പറഞ്ഞതെങ്കിലും സംഭവം പിറ്റേദിവസം തന്നെ കിട്ടിബോധിച്ചു.

വിസ കണ്ട എന്റെ കണ്ണുതള്ളിപ്പോയി; രണ്ട് വര്‍ഷത്തേക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ. സ്വപ്നമോ അതോ എംബസിക്ക് പ്രാന്തായതാണോ.. സിംഗപ്പൂര്‍ എംബസിയെ കെട്ടിപ്പിടിച്ച് മുത്തം കൊടുക്കാന്‍ തോന്നി. രണ്ടാമത് വീണ്ടും സിംഗപ്പൂരില്‍ പോകുമോ എന്നുള്ളതൊക്കെ പിന്നീടുള്ള കാര്യം, എന്തായാലും സംഗതി ഉഷാറായി.

സിംഗപ്പൂര്‍ പഞ്ചായത്തിലെ ഓരോ അരിമണിയും പെറുക്കിയെടുക്കാന്‍വേണ്ടി വീക്കെന്‍ഡ് അടുപ്പിച്ചുള്ള 4 ദിവസങ്ങളാണ് നീക്കിവെച്ചിരിക്കുന്നത്. അങ്ങനെ ഏകാന്തയാത്രാപരമ്പര ദൈവങ്ങളെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് വീണ്ടുമൊരു അന്താരാഷ്ട്ര പര്യടനം ബാങ്കോക്കിലെ ‘സുവര്‍ണഭൂമി എയര്‍പോര്‍ട്ടില്‍നിന്നും’ ദീപശിഖയുമേന്തി പുറപ്പെട്ടു. രണ്ടര മണിക്കൂര്‍ മേഘങ്ങളുമായി മല്ലിട്ട വിമാനം അര്‍ധരാത്രിയോടെയാണ് ‘സിംഗപ്പൂര്‍ ചാങ്ങി എയര്‍പോര്‍ട്ടില്‍’ നിലം തൊടുവിച്ചത്.

രണ്ട് വര്‍ഷത്തേക്കുള്ള വിസയും ഉയര്‍ത്തിപ്പിടിച്ച് നെഞ്ചും വിരിച്ചാണ് ഇമിഗ്രേഷനിലേക്ക് ചെന്നത്. തമിഴാളികളടക്കം ഉണ്ട് ഓഫീസര്‍മാരില്‍. ഇവിടെനിന്നും തുടങ്ങുന്നു സിംഗപ്പൂരും തമിഴ് മക്കളുമായുള്ള ബന്ധം. ഇംഗ്ലീഷ് കൂടാതെ തമിഴ്, ചൈനീസ് എന്നിവയും പ്രാദേശിക ഭാഷയായി ഇവിടെ ഉപയോഗിക്കുന്നുണ്ട്. അപ്പൊത്തന്നെ ഊഹിക്കാമല്ലോ തമിഴിന്റെ സ്വാധീനം ഇവിടെ എത്രത്തോളമാണെന്ന്. ദുബായ് യും മലയാളീസും പോലെതന്നെ അഭേദ്യമായ ബന്ധമാണ് സിംഗപ്പൂരും തമിഴാളീസും തമ്മിലുള്ളത്.

നേരംകെട്ട സമയത്ത് എയര്‍പോര്‍ട്ടില്‍ എത്തിയതിനാല്‍ ഏറ്റവും സൗകര്യപ്രദവും വളരെ വിപുലവുമായ സിംഗപ്പൂര്‍ മെട്രോയുടെ ആളുകളൊക്കെ കടപൂട്ടി വീട്ടില്‍ പോയിരുന്നു. എവിടെപ്പോയാലും ഏറ്റവും അവസാനത്തെ പിടിവള്ളിയായാണ് ടാക്‌സി ഉപയോഗിക്കാറ്. സിംഗപ്പൂരില്‍ അവിടുത്തെ ചിലവ് വെച്ച് നോക്കുമ്പോള്‍ ടാക്‌സികള്‍ പൊതുവെ അധികം കത്തിയല്ല, ഒന്നില്‍ക്കൂടുതല്‍ ആളുണ്ടെങ്കില്‍ സിറ്റിയിലൊക്കെ ടാക്‌സി വിളിച്ചാലും മെട്രോയുടെ പൈസയേ ആവൂ.. മറ്റൊന്ന്; ബിഎംഡബ്ല്യു, ബെന്‍സ്, പോര്‍ഷെ തുടങ്ങിയവയ്ക്കുവരെ തുച്ഛമായ നിരക്കേ ഉള്ളൂ എന്നതാണ്. ഓണ്‍ലൈന്‍ (യൂബര്‍) ടാക്‌സി ഒക്കെ വിളിച്ചാല്‍, സാധാരണ നിരക്കില്‍ മുന്തിയ കാറുകള്‍ വരുന്നത് സ്ഥിരം കാഴ്ചയാണിവിടെ. പക്ഷേങ്കി എയര്‍പോര്‍ട്ടീന്ന് ടാസ്‌കി വിളിച്ചാല്‍, സംഭവം നമ്മള് ദരിദ്രനാണെങ്കിലും വിമാനത്തിലൊക്കെ വന്നിറങ്ങിയതുകൊണ്ട് എയര്‍പോര്‍ട്ട് സര്‍ചാര്‍ജും, പിന്നെ രാത്രിയാത്രയ്ക്ക് എക്‌സ്ട്രാ ചാര്‍ജുമൊക്കെ കൊടുത്ത് മുടിയും.. അതുകൊണ്ട്, ബുക്ക് ചെയ്ത ഹോസ്റ്റലുമായി യാത്രയ്ക്ക് മുന്‍പ് നടത്തിയ സൗഹൃദ സംഭാഷണത്തില്‍നിന്നും മനസിലാക്കിയതനുസരിച്ച് എയര്‍പോര്‍ട്ടില്‍നിന്നും 24 മണിക്കൂറും ലഭ്യമായ ഷട്ടില്‍ ബസ് കിട്ടുന്നയിടത്തേക്ക് ചെന്നു.

നിശ്ചിത ഇടവേളകളില്‍ സര്‍വീസ് നടത്തുന്ന ഷട്ടിലിന്റെ അടുത്ത ടൈമിംഗ് 5 മിനിറ്റിനു ശേഷം ആയിരുന്നു . ഒരാളെങ്കിലും ഉണ്ടെങ്കില്‍ ഷട്ടില്‍ ബസ്, സര്‍വീസ് നടത്തും. വലുപ്പത്തില്‍ ഇത്തിരിക്കുഞ്ഞനായ സിംഗപ്പൂരിലെ ഒരുപിടി ഹോട്ടലുകളും, മറ്റു മുക്കും മൂലയുമുള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ നമുക്ക് പോകേണ്ടയിടമായി കൊടുക്കാം. മറ്റാരും ഇല്ലാരുന്നതിനാല്‍ വെറും 9 ഡോളര്‍ നിരക്കില്‍ ഞാനൊറ്റയ്ക് ഒരു വാനില്‍ ബുക്ക് ചെയ്തിരുന്ന ഹോസ്റ്റലില്‍ എത്തിച്ചേര്‍ന്നു.

പാതിരാത്രി 3 മണിക്ക് എത്തിയ ഞാന്‍, മറ്റ് ലോകസഞ്ചാരികളുള്‍പ്പെടെയുള്ള ഡോര്‍മെറ്ററി റൂമിലെത്തി മിണ്ടാതെ, ഉരിയാടാതെ എനിക്കായി ഒരുക്കിയിരുന്ന ബെഡിലേക്ക് ചക്ക വെട്ടിയിട്ടപോലെ വീണുകഴിഞ്ഞിരുന്നു…സിംഗപ്പൂരിലെ താമസ സൗകര്യത്തെക്കുറിച്ച് പറഞ്ഞാല്‍, ഫാമിലി ആയിട്ടല്ല പോകുന്നതെങ്കില്‍ ഡോര്‍മെറ്ററി ഹോസ്റ്റലുകള്‍ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും അഭികാമ്യം. അതെന്തുകൊണ്ടാണെന്ന് വെറുതെ കയറി ഹോട്ടല്‍ റൂമുകളുടെ നിരക്ക് നോക്കിയാല്‍ മനസിലാവും. എങ്കിലും, ലിറ്റില്‍ ഇന്ത്യ എന്ന സ്ഥലത്ത് താരതമ്യേന കുറഞ്ഞ നിരക്കില്‍ റൂമുകള്‍ ലഭിക്കും.

പിറ്റേന്ന് രാവിലെ കുളിച്ച് കുറി തൊട്ട് റെഡിയായി തൊട്ടടുത്ത ഷോപ്പില്‍നിന്നും ഒരു സിംകാര്‍ഡും സംഘടിപ്പിച്ച് ഇറങ്ങി. ബൃഹത്തായ പൊതുഗതാഗത സൗകര്യം ലഭ്യമായ സിംഗപ്പൂരില്‍, വിപുലമായ മെട്രോ കൂടാതെ, വാലെ വാലെ പോകുന്ന സിറ്റി ബസ്സുകളും നല്‍കുന്ന സേവനം ചില്ലറയൊന്നുമല്ല. അത് പറഞ്ഞപ്പഴാ, ചില്ലറയ്ക്ക് ക്ഷാമമൊന്നുമില്ലെങ്കിലും, ‘സിംഗപ്പൂര്‍ ടൂറിസ്റ്റ് പാസ്’ എന്ന കാര്‍ഡ് എടുക്കുകയാണെങ്കില്‍ ഈപ്പറഞ്ഞ യാത്രകളിലൊന്നും പൈസ നുള്ളിപ്പെറുക്കാന്‍ നിക്കണ്ട ആവശ്യമില്ല. ആകെ മൊത്തം പത്തില്‍ താഴെ തവണ വല്ലതുമേ മെട്രോയും ബസുമൊക്കെ ഉപയോഗിക്കേണ്ടി വരൂ, അതിനീ കാര്‍ഡ് ഒക്കെയെടുത്ത് ആഡംബരമാക്കാതെ സാധാരണക്കാരനായിട്ടാണ് ഞാന്‍ പോയത്, എന്താ ഒരു സിംപ്ലിസിറ്റി നോക്ക്.. പ്രമാദമായ സിംഗപ്പൂര്‍ യൂണിവേഴ്‌സല്‍ സ്റ്റുഡിയോയിലേക്കാണ് ഇന്ന് യാത്ര. ഇവിടംവരെ വന്നിട്ട് ലോകത്ത് വിരലില്‍ എണ്ണാവുന്നത്രയും മാത്രമുള്ള യൂണിവേഴ്‌സല്‍ സ്റ്റുഡിയോകളിലൊരെണ്ണം കണ്ടില്ലെങ്കില്‍ മോശമല്ലേ…

സിംഗപ്പൂരിന്റെ ഏറ്റവും താഴെയായി കശുവണ്ടി പോലെ കാണപ്പെടുന്ന ദ്വീപാണ് സെന്റോസ. നമ്മുടെ യൂണിവേഴ്‌സല്‍ സ്റ്റുഡിയോ ഉള്‍പ്പെടെ, മറ്റു പല ടൂറിസ്റ്റ് ആകര്‍ഷണങ്ങളും റിസോര്‍ട്ടുകളുമൊക്കെയായി ഒരു കുഞ്ഞ് ഐലന്‍ഡ്. മെട്രോയില്‍ കയറി സെന്റോസ ഐലന്റിന്റെ ഏറ്റവും അടുത്തുള്ള ‘ഹാര്‍ബര്‍ ഫ്രന്റ്’ MRT സ്റ്റേഷനില്‍ ഇറങ്ങി ഐലന്റിലേക്ക് പോകാന്‍ നിരവധി ഓപ്ഷനുകളുണ്ട്. അതില്‍ ഏറ്റവും എളുപ്പം ഈ ‘ഹാര്‍ബര്‍ ഫ്രന്റ്’ എന്നയിടത്തുനിന്നും സെന്റോസയുടെ അങ്ങേയറ്റം വരെ സര്‍വീസ് നടത്തുന്ന ‘മോണോ റെയില്‍’ ആണ്. കൂടാതെ ബസ്, കേബിള്‍ കാര്‍, സൈക്കിള്‍ വാടകയ്ക്കെടുത്തോ, അതിലുപരി കാഴ്ചകള്‍ കണ്ട് നടന്നുപോകേണ്ടവര്‍ക്ക് അതിനും പ്രത്യേക വഴിയുണ്ട്. സെന്റോസയുടെ തുടക്കത്തില്‍ത്തന്നെയുള്ള യൂണിവേഴ്‌സല്‍ സ്റ്റുഡിയോയിലേക്ക് 1 ഡോളര്‍ നിരക്കില്‍ സിറ്റി ബസ്സില്‍ കയറിയാണ് ഞാനെത്തിയത്. പക്ഷെ പിന്നീടാണറിഞ്ഞത് അന്നേ ദിവസം മോണോ റെയില്‍ ഫ്രീ സര്‍വീസ് ആണ് നടത്തുന്നതെന്ന്. അത് മാത്രമല്ല സെന്റോസയിലേക്ക് കടക്കുന്നതിനു പ്രത്യേകം പാസ് എടുക്കണമെന്ന് മുന്‍പെവിടെയോ കേട്ടിരുന്നെങ്കിലും അങ്ങനെയൊന്നുമുണ്ടായില്ല.

രാവിലെ മുതല്‍ വൈകുന്നേരം വരെ മനസറിഞ്ഞ് ചിലവഴിക്കാനുള്ള വകയുണ്ട് യൂണിവേഴ്‌സല്‍ സ്റ്റുഡിയോയില്‍. ആദ്യം തന്നെ പുറത്തുള്ള കറങ്ങുന്ന യൂണിവേഴ്‌സല്‍ സ്റ്റുഡിയോ ലോഗോയുടെ മുന്നില്‍നിന്നുള്ള ഫോട്ടോ എടുക്കല്‍ മഹാമഹം ആണ്. സിംഗപ്പൂര്‍ വന്നിട്ടുണ്ടെങ്കില്‍ ഇതിന്റെ മുന്നില്‍ ഞെളിഞ്ഞ് നിന്നുള്ള ഒരു ഫോട്ടോ, അത് നിര്‍ബന്ധാ.. അവിടെനിന്നും ഉള്ളിലേക്കു കയറിയാല്‍ മറ്റൊരു ലോകത്തേക്ക് എത്താം. ജുറാസിക് പാര്‍ക്ക്, ട്രാന്‍സ്‌ഫോര്‍മേഴ്സ്, മമ്മി റിട്ടേണ്‍സ് തുടങ്ങി മറ്റനേകം സിനിമകളുമായി ബന്ധപ്പെടുത്തിയ ലോകോത്തര നിലവാരമുള്ള ത്രില്ലിംഗ് റൈഡുകള്‍, ഷോകള്‍, ഇവയുടെയൊക്കെ മിനിയേച്ചറുകള്‍, അല്ലാതെയുള്ള നിരവധി ഉപാധികളുമൊക്കെയായി പ്രായഭേദമന്യേ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട വ്യത്യസ്തമായ ഒരിടമാണിത്.

പ്രവേശനകവാടത്തില്‍നിന്നും ലഭിക്കുന്ന മാപ്പിലെ ടൈമിംഗ് അനുസരിച്ച് പറ്റുന്നത്രയും ഷോകള്‍ കാണാന്‍ ശ്രമിച്ചു. യൂണിവേഴ്‌സല്‍ സ്‌റുഡിയോയിലേക് വേണ്ടിയുള്ള ടിപ്പ് എന്താണെന്ന് വെച്ചാല്‍, റൈഡുകളില്‍ കയറാനുള്ള ക്യൂ തിരക്കനുസരിച്ച് കുറെയധികം സമയമെടുക്കും. ക്യൂവിന്റെ ഒരു സൈഡിലായി ‘സോളോ റൈഡര്‍’ എന്നൊരു പ്രത്യേക വഴിയുണ്ട്, അതുവഴി ഏറ്റവും മുമ്പിലെത്തിയാല്‍ ഗ്രൂപ്പായിട്ട് ഉള്ളവര്‍ കയറിക്കഴിഞ്ഞ് അധികം വരുന്ന ഒന്നോ രണ്ടോ സീറ്റില്‍ നേരെ ചാടിക്കയറിയിരിക്കാം, സിമ്പിള്‍. ഈ പരുപാടി എനിക്ക് ഇശ്ശി അങ്ങട് പിടിച്ചു. എന്തോരം സമയം ലാഭിച്ചു, ക്യൂവും നിന്ന് പണ്ടാരമടങ്ങിയില്ല.

വൈകിട്ടോടെ അവിടുന്നിറങ്ങി അതിന്റെ മുന്‍പില്‍ തന്നെയുള്ള ‘Water front’ എന്ന കടലിനോട് ചേര്‍ന്ന സ്ഥലത്തു നിന്ന് ലേശം ഇളം കാറ്റ് കൊണ്ടു.. ഇവിടെ നിന്നാല്‍ സെന്റോസയിലേക്കുള്ള കേബിള്‍ കാര്‍ കടന്നുപോകുന്നതും കപ്പല്‍ പോര്‍ട്ടുമെല്ലാം കാണാം. വമ്പനൊരു ക്രൂയിസ് കപ്പല്‍ നങ്കൂരമിട്ട് കിടപ്പുണ്ടായിരുന്നു. ടൈറ്റാനിക്കിലെപ്പോലെ, കപ്പലിന്റെ ഡെക്കില്‍ പാടത്ത് കോലം കുത്തിയമാതിരി റോസ് മോളോടൊപ്പം നില്‍ക്കുന്നത് ഒരു മിന്നായംപോലെ മനസിലൂടെ ഓടിച്ച് കൊണ്ടോയി; ഒരു മനസുഖം.

ഇനി സെന്റോസയുടെ അങ്ങേയറ്റം വരെയൊന്ന് പോകണം, രാത്രിയുള്ള വിശ്വവിഖ്യാതമായ ഒരു ലേസര്‍ ഷോ കാണണം, തിരിച്ച് റൂമില്‍ പോണം.. കേബിള്‍ കാറില്‍ സെന്റോസയുടെ അങ്ങേയറ്റംവരെ പോയാലോ എന്ന് ചിന്തിച്ചു. കേബിള്‍ കാര്‍ വളരെ ഉയരത്തില്‍ക്കൂടി പോകുന്നതിനാല്‍ സിംഗപ്പൂരിന്റെ കാഴ്ചകളൊക്കെ ഒരുവിധം കാണാം. പക്ഷെ കേബിള്‍ കാറില്‍ മുന്‍പ് ഹോങ്കോങ്ങില്‍ കയറിയിട്ടുള്ളതിനാലും, സിംഗപ്പൂര്‍ മുഴുവന്‍ കാണാന്‍ വരുംദിവസങ്ങളില്‍ വേറെ രണ്ട് സാധനങ്ങളില്‍ വലിഞ്ഞ് കയറാനുള്ളതുകൊണ്ടും പ്ലാന്‍ മാറ്റി. അങ്ങനെ മിടുക്കനായിട്ട്, ഫ്രീയായി ഓടുന്ന മോണോ റെയിലില്‍ പോകാന്‍ ധാരണയായി. ഓസിനു കിട്ടുന്ന ആസിഡുവരെ കുടിക്കണമെന്നാണല്ലോ നിയമം. ഫ്രീ യാത്ര ആസ്വദിച്ച് പോകുന്ന വഴിക്കാണ് വലിയൊരു പ്രതിമ ശ്രദ്ധയില്‍പ്പെട്ടത്. അപ്പൊത്തന്നെ ആ സ്റ്റേഷനില്‍ ചാടിയിറങ്ങി. ചെന്നപ്പോ എന്താ സംഭവംന്ന് വെച്ചിട്ടാ. സിംഗപ്പൂരിന്റെ ചൈതന്യം വിളിച്ചോതുന്ന അവരുടെ ദേശീയ ചിഹ്നമാണ് സിംഹത്തിന്റെ തലയും മത്സ്യത്തിന്റെ ഉടലും ചേര്‍ന്ന ‘മെര്‍ലയണ്‍’ എന്ന രൂപം. ‘മെര്‍ലയണ്‍ പാര്‍ക്ക്’ എന്നയിടത്തുള്ള ഇതിന്റെ ഒറിജിനല്‍ സ്റ്റാച്യുവിന്റെ ഒരു വലിയ രൂപമാണ് ‘സെന്റോസ മെര്‍ലയണ്‍’ എന്ന ഈ ഘടാഘടിയന്‍ പ്രതിമ. 37 മീറ്റര്‍ ഉയരമുള്ള ഇതിന്റെ ഉള്ളില്‍ ചരിത്രപരമായ കുറച്ച് വിവരങ്ങളും, ഏറ്റവും മുകളില്‍ കയറി സെന്റോസ ദ്വീപിന്റെ മനോഹരമായ കാഴ്ച ആസ്വദിക്കാനുള്ള വകയും ഉണ്ട്.

വളരെ ശാന്തമായ, മനസിന് കുളിര്‍മയേകുന്ന ഒരു പ്രത്യേകതരം അന്തരീക്ഷമാണ് സെന്റോസയിലുടനീളം ഉള്ളത്. സെന്റോസ മെര്‍ലയണിനു അരികിലായുള്ള ഒരു മനോഹരമായ കൃത്രിമ വെള്ളച്ചാട്ടവും അതിനോട് ചേര്‍ന്ന് കടന്നുപോകുന്ന മോണോ റെയിലിന്റെയുമെല്ലാം ഫോട്ടോകള്‍ ക്യാമറയില്‍ പകര്‍ത്തി അടുത്ത ട്രെയിനില്‍ കയറി ഐലന്റിന്റെ അങ്ങേയറ്റത്ത് എത്തി. മനോഹരങ്ങളായ കടല്‍ത്തീരങ്ങള്‍ ആസ്വദിക്കേണ്ടവര്‍ക്ക് പറ്റിയ ഹൃദ്യമായ ബീച്ചുകളുണ്ടിവിടെ. അതിന്റെയൊക്കെ കുറച്ചിങ്ങോട്ട് മാറിയാണ് ‘Wings of Time’എന്നറിയപ്പെടുന്ന ലേസര്‍ ഷോ നടക്കുന്നത്. ഇരുട്ട് വീണതിനുശേഷം രണ്ട് ഷോകളാണ് ദിവസേന ഉള്ളത്. നമ്മള് വിചാരിക്കുന്നപോലെ അങ്ങനെ ആപ്പ ഊപ്പ ഷോ ഒന്നുമല്ലിത്. കടലിനഭിമുഖമായി ഇരുന്ന് കടലില്‍ സ്ഥാപിച്ചിട്ടുള്ള സ്‌ക്രീനില്‍ 3ഡി സാങ്കേതികവിദ്യയും മറ്റും ഉപയോഗിച്ച് നൂതനമായ രീതിയില്‍ നയനമനോഹരമായ ലേസര്‍ ഷോയും അതിന് അകമ്പടിയായി നമ്മുടെ തൊട്ടുമുന്നില്‍ ഉള്‍പ്പെടെയുള്ള കരിമരുന്ന് പ്രയോഗങ്ങളും മാറ്റ് കൂട്ടുന്നു. അര മണിക്കൂറോളം നീണ്ട് നിന്ന ഷോ കണ്ട് ചിഞ്ചിലപുളകിതനായി തിരിച്ച് ഹോസ്റ്റലിലേക്ക് പോയി.

ചിന്നിച്ചിതറിക്കിടക്കുന്ന ഇന്തോനേഷ്യയിലെ വഴിതെറ്റിവന്ന ഒരു ചെറുദ്വീപ് സിംഗപ്പൂരിന് തൊട്ടടുത്ത് കിടപ്പുണ്ട്; ‘ബാതാം ഐലന്‍ഡ്’. സിംഗപ്പൂരില്‍നിന്നും ഒരു മണിക്കൂര്‍ ഫെറി യാത്രയേ വേണ്ടൂ. കഴിഞ്ഞ മാസം ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ഒരു കറക്കം കഴിഞ്ഞതാണ്, എന്നിരുന്നാലും ഇന്തോനേഷ്യയില്‍ നമുക്ക് ഫ്രീ വിസ ആയതുകൊണ്ടും, സിംഗപ്പൂരിലെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ മുതലാക്കുക, സര്‍വോപരി പുതിയൊരു മേച്ചില്‍പ്പുറംകൂടി കീഴടക്കുക തുടങ്ങിയ ദുരുദ്ദേശങ്ങളോടെ അടുത്ത ദിവസത്തേക്ക് ചുരുങ്ങിയ പൈസയ്ക്ക് ഒരു ബാതാം ഐലന്‍ഡ് ട്രിപ്പ് ഒപ്പിച്ചെടുത്തു. പൊതുവെ പാക്കേജ് ടൂറുകളോട് തീരെ താല്പര്യമില്ലാത്ത ഞാന്‍ ഒരു ചേഞ്ചിന് പാക്കേജ് എടുത്താണ് പോയത്. അങ്ങോട്ടുമിങ്ങോട്ടും ഫെറി, സിറ്റി ടൂര്‍, സീഫുഡ് ലഞ്ച് എന്നിവയുള്‍പ്പെടെ വെറും 50 സിംഗപ്പൂര്‍ ഡോളര്‍ (2300 INR) മാത്രമാണ് ആയത്. കാര്യമായിട്ട് ആകര്‍ഷണങ്ങളൊന്നുമില്ലെങ്കിലും ഹരിതാഭയും പച്ചപ്പും വേണ്ടുവോളം നിറഞ്ഞ ബാതാമില്‍ മേമ്പൊടിയായി ചന്നംപിന്നം മഴയുംകൂടി ആയതോടെ പ്രത്യേക അനൂഭൂതിയായിത്തീര്‍ന്നു യാത്ര.

ഷോപ്പിംഗ് നടത്താന്‍ പറ്റിയ മാളുകളും ഷോപ്പുകളുമൊക്കെയായിരുന്നു പ്രധാനം. ഞാനീ കൊടുത്ത പൈസയുടെ മുക്കാല്‍ഭാഗത്തോളം മുതലാക്കാന്‍ പറ്റിയ നല്ലൊന്നാന്തരം എണ്ണിയാലൊടുങ്ങാത്ത കടല്‍വിഭവങ്ങളോടുകൂടിയ ഉച്ചഭക്ഷണം വയറിനോടൊപ്പം മനസും നിറച്ചു.

ആവേശോജ്വലമായ ട്രിപ്പിന്റെ മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോള്‍ സിംഗപ്പൂരെന്ന ചിപ്പിക്കുള്ളില്‍ ഒളിച്ചിരിക്കുന്ന നഗരക്കാഴ്ചകളെ തൊട്ടറിയുവാന്‍ വേണ്ടിയുള്ള പ്രയാണമായിരുന്നു. ടൂറിസ്റ്റുകള്‍ക്കായുള്ള ഓപ്പണ്‍ ബസിന്റെ ഒരു ദിവസ പാസ്സ് സംഘടിപ്പിച്ച് സിറ്റിയുടെ അകക്കാഴ്ചകളിലേക്ക് ഊളിയിട്ടു. ഓരോ മണിക്കൂര്‍ ഇടവിട്ട് രണ്ട് വ്യത്യസ്ത റൂട്ടുകളിലായി ഓടുന്ന ബസ്സുകളില്‍ വൈകുന്നേരം വരെ കയറിയിറങ്ങിക്കളിക്കാം. ലിറ്റില്‍ ഇന്ത്യ, ചൈന ടൌണ്‍, മാരിയമ്മന്‍ ടെമ്പിള്‍, മെര്‍ലയണ്‍ പാര്‍ക്ക്, മറീന ബേ സാന്‍ഡ്, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, സിംഗപ്പൂര്‍ ഫ്‌ളയര്‍ തുടങ്ങി ഒരു ഡസനില്‍ക്കൂടുതല്‍ ആകര്‍ഷണങ്ങളെയെല്ലാം ബന്ധിപ്പിച്ചാണ് പ്രസ്തുത ബസ്സുകള്‍ കടന്നുപോകുന്നത്. പക്ഷെ ഇവയെല്ലാം ഇറങ്ങിക്കാണുകയും ഒപ്പം ബസ്സില്‍ സിറ്റി കറങ്ങുകയുംകൂടി വേണമെങ്കില്‍ ഒരു ദിവസമൊന്നും പോരാതെവരും. അതുകൊണ്ട് മനുഷ്യന് അത്യാവശ്യം വേണ്ട സാധനമായ ഭക്ഷണം കഴിക്കുന്നതിനു നാടന്‍ ഊണ് തേടി ലിറ്റില്‍ ഇന്ത്യയിലും, പിന്നെ സിംഗപ്പൂര്‍ ഫ്‌ലയര്‍ എന്ന സാധനത്തുമ്മേല്‍ കേറാനും മാത്രമാണ് വൈകുന്നേരത്തോടെ സര്‍വീസ് നിര്‍ത്തുന്ന ഓപ്പണ്‍ ബസ് ടൂറിനിടയ്ക്ക് പ്ലാന്‍ ചെയ്തത്.

ഭീമാകാരനായ ഒരു ആകാശത്തൊട്ടില്‍ ആണ് സിംഗപ്പൂര്‍ ഫ്‌ളയര്‍. ആകാശത്തൊട്ടില്‍ എന്നതിനുപകരം ഒരു സപ്രമഞ്ചക്കട്ടില്‍ എന്ന് വിളിക്കാനാണെനിക്ക് തോന്നിയത്. കാരണം 10-12 പേര്‍ക്കോളം ഇരിക്കുവോ, നില്‍ക്കുവോ, ഇനിയിപ്പോ ഫുട്‌ബോള് കളിക്കാന്‍വരെ സ്ഥലമുള്ള വിശാലമായ ശീതികരിച്ച ക്യാബിനില്‍ മുക്കാല്‍ മണിക്കൂറോളം സമയമെടുത്ത് സാവധാനം കറങ്ങിയാണ് സിംഗപ്പൂരിന്റെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളെ കൈപ്പിടിക്കുള്ളിലേക്ക് ഒതുക്കിത്തരുന്നത്. ഏതു വശത്ത് നിന്ന് ഫോട്ടോകളെടുക്കും എന്നത് മാത്രമായിരുന്നു പ്രധാന വെല്ലുവിളി. ചില കാബിനുകള്‍ ഭക്ഷണം കഴിച്ചുകൊണ്ട് കാഴ്ചകള്‍ കാണുന്നതിനായി പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ടായിരുന്നു.

ഇത്രയധികം കെട്ടിടങ്ങള്‍ ഈ ഇട്ടാവട്ട സ്ഥലത്തുണ്ടായിട്ടും എവിടെനോക്കിയാലും പച്ചപ്പ് കാണാമെന്നതാണ് സിംഗപ്പൂരിന്റെ ഏറ്റവും വലിയ പ്രത്യേകത. നമ്മളൊക്കെ കാടുകള്‍ വെട്ടിതെളിച്ച് സൗധങ്ങള്‍ പണിഞ്ഞ്കൂട്ടുമ്പോള്‍ സിംഗപ്പൂരില്‍ മരം വെയ്ക്കാന്‍ ഒരു ഗ്യാപ് തേടി അവര്‍ അലയുകയാണ്. റോഡുകളുടെയൊക്കെ വശങ്ങളിലെല്ലാം ഉള്ളത് പോരാതെ പലയിടത്തും നടുക്കൂടിയുള്ള മീഡിയനിലുള്‍പ്പെടെ തുരുതുരാ മരങ്ങള്‍ വെച്ചുപിടിപ്പിച്ചിരിക്കുകയാണ്. ഫലമോ, എല്ലാ ദിവസവും ഉച്ചക്കുശേഷം സ്‌നേഹവര്‍ഷം ചൊരിഞ്ഞുകൊണ്ട് കുറച്ചെങ്കിലും മഴ പെയ്തിരിക്കും ഇവിടെ. ഓപ്പണ്‍ ബസ് ടൂറിനിടയ്ക്ക് മഴ കുറച്ച് നേരം രസംകൊല്ലിയായെങ്കിലും മൊത്തത്തില്‍ സിംഗപ്പൂരിനോട് കൈവന്ന പ്രണയം മൂലം അതും ആസ്വദിച്ചു.

അന്നേദിവസം സന്ധ്യയോടെ റൂമില്‍ തിരിച്ചെത്തി, താമസ സ്ഥലമായ ലിറ്റില്‍ ഇന്ത്യയിലെ തെരുവുകളില്‍ ഒന്ന് ഉലാത്താനിറങ്ങി. ദോഷം പറയരുതല്ലോ, ഈ ദിവസങ്ങളിലത്രയും പോക്കറ്റ് കാലിയാക്കാതെ കുത്തരിച്ചോറിന്റെ ഊണ് ഉള്‍പ്പെടെയുള്ളവ തന്നതിന് ലിറ്റില്‍ ഇന്ത്യയോട് വളരേ കടപ്പെട്ടിരിക്കുന്നു. പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ ഒരു കുഞ്ഞ് ഇന്ത്യയെ നമുക്കിവിടെ ദര്‍ശിക്കാം. വൃത്തിയുടെ കാര്യത്തില്‍ ലോകോത്തരനിലവാരമുള്ള സിംഗപ്പൂരില്‍ ലിറ്റില്‍ ഇന്ത്യയുടെ കാര്യവും മറിച്ചൊന്നുമല്ല. അണ്ണന്മാരാണ് (തമിഴ് ബ്രോസ്) ഇവിടെ ഭൂരിഭാഗവും എന്നുള്ളത് വൃത്തിയുടെ കാര്യത്തില്‍ സംശയമുളവാക്കുമെങ്കിലും സിംഗപ്പൂരില്‍ വൃത്തിയുടെ കാര്യത്തില്‍ ഏത് നാട്ടുകാരാണെങ്കിലും യാതൊരു വിട്ടുവീഴ്ചയുമില്ല. നമ്മുടെ അയല്‍’രാജ്യ’മായ തമിഴ്‌നാട്ടിലെ വൃത്തിഹീനമായ ചുറ്റുപാടുകള്‍ ഒന്ന് സ്മരിച്ചുപോയി. നാട്ടീന്ന് അണ്ണന്മാരെയെല്ലാംകൂടി ഒരാഴ്ച സിംഗപ്പൂര്‍ കൊണ്ട് താമസിപ്പിച്ചിട്ട് തിരിച്ച് കൊണ്ടുവിടണം എന്നാണ് എന്റെയൊരിത്. ഇവിടെത്തന്നെ ലിറ്റില്‍ ഇന്ത്യ ആര്‍ക്കേഡ് എന്ന ബില്‍ഡിങ്; ട്രഡീഷണല്‍ ഇന്ത്യന്‍ വസ്തുവകകള്‍, വസ്ത്രങ്ങള്‍ മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഒരു ശേഖരമാണ്. കൂടാതെ ഒരു മ്യൂസിയവും (Indian Heritage centre) ഇതിനടുത്ത് പ്രവര്‍ത്തിക്കുന്നു. രാത്രിയാവുന്നതോടെ ജനനിബിഡമാണ് ലിറ്റില്‍ ഇന്ത്യയിലെ തെരുവുകള്‍. നാട്ടിലെ നാലാള് കൂടുന്നിടത്തെപ്പോലെ അലമ്പൊന്നുമില്ലാത്തത് സമാധാനം. രാത്രിയില്‍ സജീവമായ മാര്‍ക്കെറ്റുകള്‍, കൂടാതെ 24 മണിക്കൂറും തുറന്നുപ്രവര്‍ത്തിക്കുന്ന, ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ലഭ്യമായ ഇന്ത്യക്കാരുടെ കണ്ണിലുണ്ണി ‘മുസ്തഫ ഷോപ്പിംഗ് മാള്‍’ ഇവയൊക്കെയാണ് ലിറ്റില്‍ ഇന്ത്യയിലെ മറ്റു പ്രധാന കാഴ്ചകള്‍.

ഇലക്ട്രോണിക് വസ്തുവകകള്‍, മറ്റ് സാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ഷോപ്പിംഗ് പറുദീസയാണ് സിംഗപ്പൂര്‍. ഷോപ്പിംഗ് എന്ന വാക്കേ എന്റെ ഡിക്ഷ്ണറിയില്‍ ഇല്ലാത്തതിനാല്‍ എല്ലാത്തിനോടും ചിരിച്ച് കാണിച്ച് നടന്നകന്നത് മാത്രം ഓര്‍മയുണ്ട്. സിംഗപ്പൂരിനോട് വിട പറയേണ്ട അവസാന ദിവസം രാവിലെയോടെ ചെക്ക്ഔട്ട് ചെയ്ത് ഇറങ്ങി. ‘മറീന ബേ സാന്‍ഡ്’ എന്ന, അടുത്തടുത്തായുള്ള 3 യമണ്ടന്‍ ബില്‍ഡിങ്ങുകളോടുകൂടിയ ഏറ്റവും വലിയ ഹോട്ടലിലേക്കാണ് പോകുന്നത്, വിശാലമായ കാസിനോയും അത്യാഢംബര റൂമുകളോടും കൂടിയ സിംഗപ്പൂരിലെ ഏറ്റവും ചിലവേറിയ പ്രൗഢ മന്ദിരത്തിലേക്ക് ഈ പാവപ്പെട്ടവന് എന്ത് കാര്യം എന്നല്ലേ.

3 കാലില്‍ കുത്തി നിര്‍ത്തിയിരിക്കുന്ന വള്ളം പോലെ, ഈ കെട്ടിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഏറ്റവും മുകളില്‍ പണിതിരിക്കുന്ന വിസ്മയമാണ് ‘സാന്‍ഡ്സ് സ്‌കൈ പാര്‍ക്ക്’. ലോകത്തിനു തന്നെ അത്ഭുദമായി മാനം മുട്ടെയുള്ള കെട്ടിടത്തിന്റെ മുകളിലുള്ള വിശാലമായ സ്‌കൈ പാര്‍ക്, വലിയൊരു നീന്തല്‍ക്കുളവും വൃക്ഷങ്ങളുമൊക്കെയായി അന്തംവിട്ടുപോകുന്ന നിര്‍മിതിയാണ്. നീന്തല്‍ക്കുളവും മറ്റു സൗകര്യങ്ങളുമെല്ലാം അവിടെ റൂമെടുക്കുന്നവര്‍ക്ക് മാത്രമാണെങ്കിലും, ഇതിന്റെയൊക്കെ ഒരു ഭാഗം ടൂറിസ്റ്റുകള്‍ക്കായി തുറന്നുകൊടുക്കുന്നതിനു കാണിച്ച മനസിന് മുന്നില്‍ ശിരസു നമിക്കുന്നു.. സിംഗപ്പൂരില്‍ ഒരുമാതിരി എവിടെനിന്നാലും കാണാന്‍ സാധിക്കുന്ന തലയെടുപ്പോടെയുള്ള ഇതിന്റെ മുകളില്‍ കയറി നില്‍ക്കുമ്പോഴുള്ള കാഴ്ചകള്‍ തീര്‍ത്തും വര്‍ണനാതീതമാണെന്ന് എങ്ങനെ പറഞ്ഞ് മനസിലാക്കുമെന്നെനിക്കറിയില്ല. സ്വര്‍ഗ്ഗലോകത്തിരുന്ന് ഭൂമിയെ നോക്കിക്കാണുന്ന പ്രതീതിയില്‍ വെയിലിന്റെ കാഠിന്യം പോലും വകവെയ്ക്കാതെ എത്ര സമയം അതിന്റെ മുകളില്‍ ചിലവഴിച്ചു എന്നതിന് കണക്കില്ല. നേരിട്ട് കാണാന്‍ സാധിച്ചില്ലെങ്കിലും ഇരുട്ടുവീണതിനുശേഷം ഇവിടെനിന്നുള്ള കാഴ്ചയും സ്വപ്നതുല്യമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. മുകളില്‍നിന്നും നോക്കിയാല്‍ വളരെ അടുത്ത് കാണാവുന്ന ‘ഗാര്‍ഡന്‍സ് ബൈ ദി ബേ’ എന്ന നേച്ചര്‍ പാര്‍ക്കിലെ രാത്രികാഴ്ച അതിമനോഹരമാണ്. ഉച്ചയ്ക്കുശേഷം എയര്‍പോര്‍ട്ടിലേക്ക് പോകേണ്ടതുകൊണ്ട് മനസില്ലാമനസോടെ അവിടെനിന്നും ഇറങ്ങേണ്ടിവന്നു.

അവിടെനിന്നും ഇറങ്ങി ആ ചുറ്റുവട്ടത്തുതന്നെ നിരവധി സംഭവങ്ങളുണ്ട്. സിംഗപ്പൂര്‍ നദിയിലേക്ക് വെള്ളം ചീറ്റിക്കൊണ്ട് ഗാംഭീര്യത്തോടെ നിലകൊള്ളുന്ന സിംഗപ്പൂര്‍ മെര്‍ലയണ്‍ ആണ് ഇതിന്റെയൊക്കെ തലതൊട്ടപ്പന്‍. കൂടാതെ താമരയുടെ ആകൃതിയില്‍ നിര്‍മിച്ച കെട്ടിടത്തിനുള്ളിലെ ആര്‍ട്‌സ് & സയന്‍സ് മ്യൂസിയം, വ്യത്യസ്ത നിര്‍മിതികൊണ്ട് ഒറ്റനോട്ടത്തില്‍ ആകര്‍ഷിക്കുന്ന എസ്പ്ലനേഡ് തീയേറ്റര്‍, ആര്‍ട്‌സ് ഹൌസ്, വിക്ടോറിയ മെമ്മോറിയല്‍ ഹാള്‍, ഏഷ്യന്‍ സിവിലൈസേഷന്‍ മ്യൂസിയം, സുപ്രീം കോര്‍ട്ട്, സിംഗപ്പൂര്‍ പാര്‍ലിമെന്റ് തുടങ്ങിയവയൊക്കെ അതിഭീകരമായ നടത്തത്തിലൂടെ ഒരുനോക്ക് കണ്ട് ചിത്രങ്ങളും പകര്‍ത്തി പോന്നു.

എല്ലാ തരത്തിലുള്ള വിനോദോപാധികളും, ത്രസിപ്പിക്കുന്ന കാഴ്ചകളുമൊക്കെയായി സിംഗപ്പൂര്‍ ഏതൊരു സഞ്ചാരിയുടെയും മനം കവരും. തീര്‍ച്ചയായും പോയിരിക്കേണ്ടവയുടെ ലിസ്റ്റില്‍ ഉള്ള ‘ജുറോങ് ബേര്‍ഡ്സ് പാര്‍ക്ക്’, നൈറ്റ് സഫാരി എന്നിവയ്ക് പോകാഞ്ഞത്, മുന്‍പ് മറ്റു സ്ഥലങ്ങളലില്‍ സമാന സംഭവങ്ങള്‍ കണ്ടിട്ടുള്ളതിനാലാണ്. അതുപോലെതന്നെ വെള്ളത്തിലും കരയിലും ഒരുപോലെ ഓടുന്ന വണ്ടിയിലുള്ള വ്യത്യസ്തമായ ഒരനുഭവമായ ‘ഡക്ക് ടൂര്‍’ പറ്റുമെങ്കില്‍ നടത്തേണ്ടതാണ്. ഈ ഇത്തിരിപ്പോന്ന സ്ഥലത്ത് ഇനിയും എണ്ണിയാലൊടുങ്ങാത്ത വിനോദോപാധികള്‍ ഉണ്ടെങ്കിലും സമയപരിധി കാരണം അവയ്ക്കെല്ലാം താല്‍ക്കാലിക വിരാമമിട്ടുകൊണ്ട് ഉച്ചയ്ക്കുശേഷം നേരെ എയര്‍പോര്‍ട്ടിലേക്ക്.

സിംഗപ്പൂരിനെ വിട്ടുപിരിയാന്‍ നല്ല സങ്കടമുണ്ടെങ്കിലും, രണ്ട് വര്‍ഷം തോന്നിയപോലെ സിംഗപ്പൂരില്‍ കേറിയിറങ്ങി നിരങ്ങാനുള്ള വിസ കൈവശമുള്ള ഞാന്‍ എന്തിനു സങ്കടപ്പെടണം.. അതുകൊണ്ട് സന്തോഷത്തോടെതന്നെ സിംഗപ്പൂരിലെ ഹൃദയഹാരിയായ നിമിഷങ്ങളെ മനസ്സാവഹിച്ചുകൊണ്ട് തിരിച്ച് തായ്ലന്‍ഡിലേക്ക് പറന്നു…

യാത്രാ വിവരണം – ശ്രീഹരി.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply