പാലിയേക്കര ടോള്‍ പ്ലാസയിലെ ജീവനക്കാരെ വിറപ്പിച്ച് പിസി ജോര്‍ജ്ജ്..

തൃശ്ശൂരിലെ പാലിയേക്കര ടോള്‍ ബൂത്തില്‍ പ്രശ്നങ്ങള്‍ തുടര്‍ക്കഥയാണ്. ടോള്‍ പിരിവ് എന്ന ഭാവത്തില്‍ സാധാരണക്കാരുടെ കയ്യില്‍ നിന്നും ഗുണ്ടാപ്പിരിവ് എന്ന രീതിയിലാണ് ഇവിടെ നടക്കുന്നതും. ചലച്ചിത്ര താരം സുരഭി ഉള്‍പ്പെടെ നിരവധിയാളുകള്‍ ഇവിടത്തെ ഗുണ്ടായിസത്തിനെതിരെ ലൈവ് വീഡിയോ ഇട്ടു പ്രതികരിച്ചിട്ടും ടോള്‍ പ്ലാസ ജീവനക്കാര്‍ക്ക് യാതൊരു കുലുക്കവും ഉണ്ടായില്ല. എന്നാല്‍ ഇപ്പോള്‍ കഴിഞ്ഞ ദിവസം ഇതുപോലെ പ്രതികരിച്ചയാളോട് എതിര്‍ക്കാന്‍ ടോള്‍ പ്ലാസക്കാര്‍ ഒന്നു വിറച്ചു. കാരണം പ്രതികരിച്ചയാള്‍ സാക്ഷാല്‍ പി.സി.ജോര്‍ജ്ജ് എം.എല്‍.എ. ആയിരുന്നു എന്നത് തന്നെ.

കഴിഞ്ഞ ദിവസം ( 17-07-2018) രാത്രി പതിനൊന്നരയോടെയാണ് സംഭവം. തൃശ്ശൂര്‍ ഭാഗത്ത് നിന്നും എറണാകുളത്തേക്ക് വരികയായിരുന്നു പിസി ജോര്‍ജ്ജിന്‍റെ വാഹനം. പാലിയേക്കര ടോള്‍ ബൂത്തില്‍ എത്തിയപ്പോള്‍ അത്യാവശ്യം നല്ല ക്യൂ ഉണ്ടായിരുന്നു. അധികസമയം ക്യൂ നീളുകയാണെങ്കില്‍ ടോള്‍ ബൂത്ത് തുറന്നു കൊടുക്കണം എന്നാണു നിയമം. എന്നാല്‍ ഇത് ഇവിടെ പാലിക്കപ്പെടാറില്ല. ടോള്‍ ബൂത്തുകാരുടെ ഈ അന്യായം കണ്ടിട്ട് നമ്മുടെ എംഎല്‍എയ്ക്ക് കലി വന്നു. അവസാനം ടോള്‍ ബാരിക്കേഡിന് സമീപം എത്തിയപ്പോള്‍ എംഎല്‍എയുടെ കാറിനു ടോള്‍ ചോദിക്കുകയും ടോള്‍ കൊടുക്കാതെ പോകാനാകില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ആയിരുന്നു ടോള്‍ ബൂത്തുകാര്‍.

ഇതോടെ ക്ഷമയുടെ നെല്ലിപ്പലക തകര്‍ന്ന പിസി ജോര്‍ജ്ജ് കാറില്‍ നിന്നും ഇറങ്ങുകയും തന്‍റെ സ്വതസിദ്ധമായ വാക്കുകള്‍ കൊണ്ട് ടോള്‍ ബൂത്തുകാരെ വിറപ്പിക്കുകയും ചെയ്തു. പിസിയെ കണ്ടതോടെ ടോള്‍ ബൂത്തില്‍ കുരുങ്ങി കിടക്കുകയായിരുന്ന മറ്റു യാത്രക്കാരും ടോള്‍ ബൂത്ത് ജീവനക്കാര്‍ക്കെതിരെ തിരിയുകയും ചെയ്തു. സംഗതി കൈവിട്ടുപോയി എന്നറിഞ്ഞപ്പോള്‍ ഒന്നും പറയാനാവാതെ അന്തവിട്ടു നിന്ന ജീവനക്കാര്‍ക്ക് മുന്നില്‍ മറ്റൊരു ആക്ഷനും കൂടി പിസി കാഴ്ച വെക്കുകയുണ്ടായി. വാഹനങ്ങള്‍ തടയുന്ന സ്റ്റോപ്പ്‌ ബാരിയര്‍ അങ്ങ് ഒടിച്ചെടുത്തു.

ഇതിനുശേഷം പിസിയും കൂട്ടരും കൂളായി വണ്ടിയോടിച്ചു പോകുകയും ചെയ്തു. ഇതോടെ നാണക്കേടായ ടോള്‍ പ്ലാസ അധികൃതര്‍ ഉടനെ പോലീസില്‍ വിവരമറിയിച്ചു. എംഎല്‍എമാരെ ടോള്‍ പിരിവില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളതിനാല്‍ കൂടുതലൊന്നും പിസി ജോര്‍ജ്ജിനെ എതിര്‍ക്കുവാനുള്ള സ്കോപ്പ് ഇല്ലെന്നറിഞ്ഞ ടോള്‍ ബൂത്തുകാര്‍ അവസാനം കേസോന്നും കൊടുക്കാതെ പിന്‍വാങ്ങുകയായിരുന്നു. അതേസമയം, അക്രമത്തെ ന്യായീകരിച്ച് എം.എൽ.എ രംഗത്തെത്തി. ദീർഘനേരം ടോൾ പ്ലാസയിലെ ക്യൂവിൽ കുടുങ്ങി കിടന്നിട്ടും കടത്തി വിട്ടില്ലെന്ന് എം.എൽ.എ പ്രതികരിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനും ലഭിച്ചിട്ടുണ്ട്. രേഖാമൂലം പരാതി കൈമാറാത്തതിനാൽ പൊലിസ് തുടർ നടപടി എടുത്തിട്ടില്ല.

സംഭവം മാദ്യമങ്ങളില്‍ വാര്‍ത്തയായതോടെ പൊതുജനങ്ങള്‍ പിസിയുടെ പക്ഷത്താണ് എന്നു വെളിപ്പെടുത്തുന്ന തരത്തില്‍ കമന്‍റുകളും വന്നുതുടങ്ങി. കാരണം ഇതുവഴി കടന്നുപോകുന്ന എല്ലാവരും മനസ്സില്‍ വിചാരിച്ചിരുന്ന കാര്യമാണ് ജനപക്ഷ എംഎല്‍എയായ പിസി ജോര്‍ജ്ജ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് ജനങ്ങളുടെ ഫുള്‍ സപ്പോര്‍ട്ട് പിസിയ്ക്ക് ഉണ്ടെന്നതും ശ്രദ്ധേയമാണ്.

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply