ലോകത്തിലെ ഏറ്റവും വലിയ സമൂഹസദ്യ; ആറന്മുള വള്ളസദ്യ..

ആറന്മുള വള്ളസദ്യ എന്നു കേട്ടിട്ടുണ്ടാവും. എന്താണീ വള്ളസദ്യ. അറിയാത്തവർക്കും കേൾക്കാത്തവർക്കുംവേണ്ടി ഒന്നു ചുരുക്കിപ്പറയാം. പത്തനംതിട്ട ജില്ലയിലെ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ കർക്കടകം 15 മുതൽ കന്നി 15 വരെ അഭീഷ്ടസിദ്ധിക്കായി നടത്തുന്ന വഴിപാടാണ്.  ഒരിലയിൽ 63 തരം വിഭവങ്ങൾ അണിനിരത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ സമൂഹസദ്യയാണ്. വിദേശികളടക്കം ധാരാളം പേർ  പങ്കെടുക്കാനെത്തുന്നു.

ഉപ്പ്, വറുത്തുപ്പേരികൾ അഞ്ച്, ഏത്തയ്ക്ക, ചേന, ചേമ്പ്, ചക്ക, ശർക്കരപുരട്ടി, പപ്പടം വലുത് ഒന്ന് പപ്പടം ചെറുത് രണ്ട്, എള്ളുണ്ട, പരിപ്പുവട, ഉണ്ണിയപ്പം, പഴം, മലര്, ഉണ്ടശർക്കര, കൽക്കണ്ടം, തോരൻ, അഞ്ചുതരം മടന്തയില, ചുവന്നചീര, തകര, വാഴക്കൂമ്പ്, വാഴപ്പിണ്ടി, നാലുതരം അച്ചാർ, അവിയൽ, കിച്ചടികൾ, മധുരപ്പച്ചടി വറുത്തെരിശ്ശേരി, ചോറ്, കറികൾ, പായസങ്ങൾ എന്നിവയാണ് സദ്യയിലെ വിഭവങ്ങൾ.

വഴിപാട് നടത്തുന്നയാൾ 44 പള്ളിയോടങ്ങളിൽ ഒന്നിനെ വള്ളസദ്യയ്ക്ക് ക്ഷണിക്കുന്നതോടെ ചടങ്ങിന്  തുടക്കമാവും. സദ്യദിനത്തിൽ വഴിപാടുകാരൻ ക്ഷേത്രദർശനം നടത്തി കൊടിമരത്തിനു മുന്നിൽ നിറപറയും നിലവിളക്കും ഒരുക്കിവെക്കും. ക്ഷേത്രത്തിൽനിന്ന് പൂജിച്ചു കിട്ടുന്ന മാല കരയിലെത്തി പള്ളിയോടത്തിന് ചാർത്തുന്നതാണ് അടുത്തപടി. 48 വിഭവങ്ങളുമായാണ് സദ്യ ആരംഭിക്കുന്നത്. ബാക്കി വിഭവങ്ങൾ പാട്ടുപാടി ചോദിച്ചുവാങ്ങുകയാണ് രീതി. പദ്യരൂപത്തിൽ ആവശ്യപ്പെടുന്ന വിഭവങ്ങൾ വിളമ്പുകാർ എത്തിക്കുന്ന ചടങ്ങ് രസകരമാണ്.

ഊണുകഴിഞ്ഞ്‌ കൈ കഴുകിയ ശേഷം കരക്കാർ വീണ്ടും കൊടിമരച്ചുവട്ടിലെത്തി അവിടെ നിറച്ചുവെച്ചിരിക്കുന്ന പറ മറിക്കും. പറ തളിക്കുക എന്നാണിതിന് പേര്. തുടർന്ന് പള്ളിയോട കരക്കാർ ദക്ഷിണ സ്വീകരിച്ച് വഴിപാടുകാരെ അനുഗ്രഹിക്കുന്നു. വള്ളപ്പാട്ടുപാടി നീങ്ങുന്ന കരക്കാരെ ക്ഷേത്രക്കടവുവരെ വഴിപാടുകാരും അനുഗമിക്കും. കരക്കാർ പള്ളിയോടത്തിലേറി വള്ളപ്പാട്ട് പാടി സ്വന്തം കരകളിലേക്ക് പോവുന്നതോടെ വള്ളസദ്യയുടെ ചടങ്ങുകൾ സമാപിക്കുകയായി. തിരുവോണദിവസം തിരുവോണത്തോണിയിലെത്തുന്ന പച്ചക്കറികളും ധാന്യങ്ങളും പാകംചെയ്താണ് തിരുവാറന്മുളയപ്പന് ഓണസദ്യയൊരുക്കുന്നത്. അന്ന് വള്ളസദ്യ ഉണ്ടായിരിക്കുന്നതല്ല.

വള്ളസദ്യയിൽ പങ്കെടുക്കാൻ 

ആറന്മുള വള്ളസദ്യയ്ക്ക് പങ്കെടുക്കണമെങ്കിൽ പാസ് വേണം. മുൻകൂട്ടി പാസ് ഉറപ്പിച്ചിട്ടു യാത്ര പുറപ്പെടുന്നതാണ് നല്ലത്. പള്ളിയോട സേവാസംഘത്തെയാണ് പാസിനായി ബന്ധപ്പെടേണ്ടത്.
പോവാനുള്ള വഴി
ട്രെയിനിനാണ് പോവുന്നതെങ്കിൽ ചെങ്ങന്നൂരിലിറങ്ങി ബസ്സിനോ കാറിനോ 11 കിലോമീറ്റർ പോയാൽ ആറന്മുള എത്താം. അടുത്തുള്ള പ്രധാനപ്പെട്ട ടൗൺ കോഴഞ്ചേരിയാണ്. നാലുകിലോമീറ്റർ. ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം. 117 കിലോമീറ്റർ. ആലപ്പുഴ എസ്.ഡി. കോളേജിനടുത്ത് നിന്ന് എ.സി. റോഡുവഴി ചങ്ങനാശ്ശേരി പിന്നെ തിരുവല്ല ചെങ്ങന്നൂർ വഴി പോവാം.
Source – http://www.mathrubhumi.com/spirituality/specials/onam-2017/articles/aranmula-valla-sadya-onam-2017-mathrubhumi-onma-special-1.2175997

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply