പത്തനംതിട്ട- ചിറ്റാരിക്കല്‍ റൂട്ടിലെ ബസ് തൊഴിലാളിക്ക് ഒരു സര്‍പ്രൈസ് സമ്മാനം !!

വരവേല്‍പ്പിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെ ഓര്‍ക്കുന്നില്ലേ- മുരളി. ഗള്‍ഫില്‍ ഏഴാണ്ട് പണിയെടുത്ത കാശിന് നാട്ടില്‍ ബിസിനസ് ആരംഭിക്കാനിറങ്ങിയ യുവ സംരംഭകന്റെ പൊട്ടിത്തകര്‍ന്ന ജീവിത കഥ. ബസ് സര്‍വീസാണ് മുരളി ആരംഭിച്ചത്.

വലിയ സ്വപ്‌നങ്ങളായിരുന്നു മുരളിക്ക്. പക്ഷെ തൊഴിലാളികളുടെ വെട്ടിപ്പും സമരങ്ങളും മൂലം തരിപ്പണമായി മുരളിയുടെ പണം.

കേരളം അനാവശ്യ സമരങ്ങളുടെ നാടാണെന്ന പ്രചാരണത്തിന് കാരണമായ സിനിമ. പിന്നീട് ഗ്ലോബല്‍ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റ് (ജിം) ഉദ്ഘാടന വേദിയില്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് കേരളത്തെ ഉദാഹരിക്കാന്‍ വരവേല്‍പ്പ് സിനിമയെ എടുത്തു പറഞ്ഞു.

ബസുടമകളുടെ അവസ്ഥ മുരളിയുടേത് പോലെയാണെന്ന് ഹോളിഫാമിലി ബസുടമ നിജോ സമ്മതിക്കില്ല. കാരണം, നിജോ എന്ന ഇക്കാലത്തെ മുരളി, അദ്ദേഹത്തിന്റെ ബസിലെ തൊഴിലാളിക്ക് സമ്മാനിച്ചത് ലക്ഷം രൂപയിലേറെ വിലയുള്ള 200 സിസി പള്‍സര്‍ ബൈക്ക്. നിജോയുടെ ഹോളിഫാമിലി ബസിനെ 15 വര്‍ഷമായി ജിജി ചേട്ടന്‍ സ്‌നേഹിച്ച സ്‌നേഹത്തിനുള്ള സമ്മാനം.

നീണ്ട പതിനഞ്ചു വര്‍ഷങ്ങളായി ഹോളിഫാമിലി ഗ്രൂപ്പിന്റെ ബസ്സുകളില്‍ സജീവസാന്നിധ്യമാണ് ജിജിച്ചേട്ടന്‍. ഹോളിഫാമിലി ബസ്സുകളുടെ ഡോറില്‍ നിന്ന് തുടങ്ങിയ ജീവിതം വര്‍ഷങ്ങളായി തുടരുന്നു. ഇപ്പോള്‍ ഡ്രൈവറായും കണ്ടക്ടറായുമൊക്കെ ജിജിച്ചേട്ടന്‍ സേവനം തുടരുന്നുണ്ട്. ബസുമായി ബന്ധപ്പെട്ട എന്തുജോലി ചെയ്യാനും തയ്യാറാണെന്നതാണ് ജിജിയുടെ പ്ലസ് പോയന്റ്.

ഇപ്പോള്‍ പത്തനംതിട്ടയില്‍ നിന്ന് കണ്ണൂര്‍ ചിറ്റാരിക്കലേയ്ക്കുള്ള റൂട്ടിലാണ് ജിജി സാന്നിധ്യമറിയിക്കുന്നത്. ചരിത്രപ്രസിദ്ധമായ കുടിയേറ്റത്തിന്റെ വേരുകളുള്ള റൂട്ട്. പതിനഞ്ച് വര്‍ഷമായി സ്വന്തം മക്കളെപ്പോലെ ബസിനെ സ്‌നേഹിക്കുന്ന ജിജിക്ക് കഴിഞ്ഞദിവസം ബസുടമ നിജോ നല്‍കിയ സര്‍പ്രൈസ് സമ്മാനമായിരുന്നു 200 സിസി പള്‍സര്‍ എന്‍എസ് ബൈക്ക്. ക്യാംപസ് യുവത്വത്തിന്റേയും റൈഡര്‍മാരുടേയും ഹൃദയം കീഴടക്കിയ സൂപ്പര്‍ ബൈക്ക്.

സാധാരണ എന്നും ഡ്യൂട്ടിക്ക് പോകുന്നത് പോലെ തന്നെയാണ് അന്നും ജിജിചേട്ടന്‍ ഡ്യൂട്ടിക്ക് വന്നത്. അപ്പോഴതാ ഒരു ലക്ഷത്തിലേറെ വിലയുള്ള പുതിയ പള്‍സര്‍ 200 ബൈക്കുമായി ഹോളിഫാമിലി ഗ്രൂപ്പിന്റെ ഉടമസ്ഥരില്‍ ഒരാളായ നിജോം വണ്ടിയുടെ അടുത്ത് നില്‍ക്കുന്നു. നിജോം വാങ്ങിയ വണ്ടി ആയിരിക്കുമെന്ന് കരുതി ജിജിചേട്ടന്‍ വണ്ടിയുടെ വിശേഷങ്ങള്‍ ഒക്കെ ചോദിച്ചു അറിഞ്ഞു. ബസില്‍ കയറാന്‍ തുടങ്ങിയപ്പോഴാണ് വണ്ടിയുടെ താക്കോല്‍, നിജോ സമ്മാനിച്ചത്. പതിനഞ്ചു വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുള്ള സ്‌നേഹമാണിതെന്നറിഞ്ഞതോടെ ജിജിയുടെ കണ്ണു നിറഞ്ഞു.

സ്വകാര്യബസുകളില്‍ വര്‍ഷങ്ങളോളം തുടര്‍ച്ചയായി ജോലി ചെയ്യുന്ന ജീവനക്കാര്‍ നിരവധിയുണ്ടെങ്കിലും ഇതുപോലൊരു സര്‍പ്രൈസ് സമ്മാനം ലഭിക്കുന്നവരാരും ഉണ്ടാകാനിടയില്ല. സ്വകാര്യ ബസ് ജീവനക്കാരുടെ കഥകളില്‍ ജിജിച്ചേട്ടന്മാര്‍ വളരെ കുറവായിരിക്കും. അവരെ ഇത്തരത്തില്‍ പരിഗണിക്കുന്ന ഉടമകളും ഉണ്ടാവില്ല. 30 വര്‍ഷത്തോളമായി ബസ് സര്‍വീസ് നടത്തുന്ന തങ്ങള്‍ ഇതുപോലെ ആത്മാര്‍ത്ഥതയുള്ള ഒരു ജീവനക്കാരനെ കണ്ടിട്ടേയില്ലെന്ന് ഉടമ നിജോ പറഞ്ഞു.

ഡ്രൈവറായും ക്ലീനറായും കണ്ടക്ടറായുമൊക്കെ ജോലി ചെയ്യാന്‍ സന്നദ്ധത കാട്ടുകയും ഒരു കുടുംബാംഗത്തെപ്പോലെ എന്തു സഹായത്തിനും കൂടെനില്‍ക്കുകയും ചെയ്യുന്ന ജിജിച്ചേട്ടന് എന്തുകൊടുത്താലും മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ചിത്രം കടപ്പാട്: സിറില്‍ പി മൈക്കിള്‍

Source -http://ml.naradanews.com/category/kerala/holy-family-bus-owner-gifted-superbike-to-his-staff–532976

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply