30 കിലോമീറ്റര്‍ മൈലേജ്! 660 സിസി എന്‍ജിന്‍, വിസ്മയം തീര്‍ക്കാന്‍ ന്യൂജെന്‍ ആള്‍ട്ടോ?

മാരുതി എന്ന പേര് ഇന്ത്യക്കാരുടെ മനസ്സില്‍ മായാതെ എഴുതിച്ചേർത്ത മോഡലാണ് ആള്‍ട്ടോ. പ്രതാപകാലത്തെ ഓര്‍മ്മപ്പെടുത്തി ഏറ്റവും കുറഞ്ഞ എന്‍ജിന്‍ കരുത്തില്‍ പുതുതലമുറ ആള്‍ട്ടോ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് മാരുതി. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 660 സിസി സിംഗിള്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലാകും ന്യൂജെന്‍ ആള്‍ട്ടോ വരവറിയിക്കുക. രൂപത്തില്‍ ആളൊരു കുഞ്ഞനാണെങ്കിലും പതിവ് മാരുതി മുഖങ്ങളില്‍നിന്ന് തീര്‍ത്തും വേറിട്ട സ്‌പോര്‍ട്ടി ഭാവം കൊത്തിയെടുത്ത രൂപഭംഗി പുതിയ ആള്‍ട്ടോയ്ക്ക് അവകാശപ്പെടാനുണ്ട്.

എന്‍ട്രി ലെവല്‍ ശ്രേണിയില്‍ അടുത്തിടെ ആള്‍ട്ടോയെ എതിരിടാനെത്തിയ റെനോ ക്വിഡിനെ പൂര്‍ണമായും ചിത്രത്തില്‍ നിന്ന് വെട്ടിമാറ്റാനുള്ള മാരുതിയുടെ വജ്രായുധമാണ് കുഞ്ഞന്‍ ആള്‍ട്ടോ. Y1k എന്ന കോഡ് നാമത്തില്‍ പ്രാരംഭഘട്ട നിര്‍മാണം പുരോഗമിക്കുന്ന ആള്‍ട്ടോ വരുന്ന ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി അവതരിപ്പിച്ചേക്കും. പരമാവധി 5 ലക്ഷത്തിനുള്ളിലാകും എക്‌സ്‌ഷോറൂം വില. അതിനാല്‍ രൂപം ഒഴികെ അകത്തളത്തിലും മറ്റും അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തുമോയെന്ന് കണ്ടറിയണം. പൂര്‍ണമായും പുതിയ ലൈറ്റ് വെയ്റ്റ് പ്ലാറ്റ്‌ഫോമിലാണ് നിര്‍മാണം.

കുറഞ്ഞ വിലയ്‌ക്കൊപ്പം റെക്കോഡ് മൈലേജാണ് മറ്റൊരു പ്രധാനഘടകം. 30 കിലോമീറ്റര്‍ മൈലേജ് പുതിയ ആള്‍ട്ടോയില്‍ ലഭിക്കുമെന്നാണ് സൂചന. ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മൈലേജ് ലഭിക്കുന്ന കാര്‍ എന്ന റെക്കോര്‍ഡ് മാരുതി ആള്‍ട്ടോ സ്വന്തമാക്കും. നിലവില്‍ ഹാര്‍ടെക്റ്റ് പ്ലാറ്റ്‌ഫോമില്‍ 660 സിസി JDM സ്‌പെക്ക് സുസുക്കി ആള്‍ട്ടോ ജപ്പാനില്‍ കമ്പനി വിറ്റഴിക്കുന്നുണ്ട്. 51 ബിഎച്ച്പി പവറും 63 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ നല്‍കുക. 2019 അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തില്‍ പുതിയ ആള്‍ട്ടോ വിപണിയിലെത്താനാണ് സാധ്യത.

 

Source – http://www.mathrubhumi.com/auto/cars/all-new-maruti-alto-in-the-works-1.2150424

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply