എന്‍റെ മുൻധാരണകൾ തെറ്റിച്ച ഇൻഡോറും അവിടത്തെ ആളുകളും…

പല സ്ഥലങ്ങളെ കുറിച്ച് നമ്മൾ പോലും അറിയാതെ ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ടാവാറുണ്ട്. ഇൻഡോർ എന്ന് കേട്ടപ്പോൾ മോശമായ സ്ഥലം എന്നൊരു ചിത്രമാണ് ലഭിച്ചത് തുടങ്ങിയത്. ഫ്ലൈറ്റ് ഇറങ്ങിയത് മുതൽ സംശയദൃഷ്ട്ടിയോടെയാണ് ഞാൻ ഓരോ ഇൻഡോർകാരനെയും നോക്കിയത്. ആദ്യം ബുക്ക്‌ ചെയ്ത യൂബർ ചേട്ടന്റെ തടിപൊളിപ്പൻ വണ്ടി കണ്ടപ്പോൾ ഞാൻ മനസ്സിൽ കരുതി എന്തോ പന്തികേടുണ്ട്.

യൂബർ ഡ്രൈവറിന്റെ പേര് മുഹമ്മദ്‌ എന്നായിരുന്നു. പക്ഷേ പുള്ളി പറഞ്ഞു എന്റെ പേര് വിക്രാന്ത് എന്നാണെന്നു.
മനസ്സ് ഉറപ്പിച്ചു…അതേ.. ഫുൾ ഉടായിപ്പ് സ്ഥലമാണ്. ജി പി എസ് നോക്കിയായിരുന്നു പിന്നീടുള്ള ഇരിപ്പ്. പക്ഷേ എന്റെ മുഖത്തെ സംശയം കണ്ടിട്ടാണെന് തോന്നുന്നു പുള്ളിക്കാരൻ പിന്നീട് എടുക്കുന്ന ഓരോ റോഡിന്റെയും പേരും കാരണവും വ്യക്തമായ പറയാൻ തുടങ്ങി. എന്റെ മുറി ഹിന്ദിയും വച്ചു പിന്നീട് ഇൻഡോർ ചർച്ചകൾ തുടങ്ങി ഞങ്ങൾ. എവിടെ വേണേലും ധൈര്യമായി പൊക്കോളൂ ഇൻഡോർ സേഫ് ആണെന്ന് പുള്ളി ഉറപ്പിച്ചു പറഞ്ഞു.

ആ ഒരു വിശ്വാസത്തിൽ,മുറിയിൽ സാധനങ്ങൾ വെച്ച് ഞാൻ ഇറങ്ങി ഇൻഡോർ കാണാൻ. ആദ്യം പോയത് ലാൽബാഗ് പാലസ്. ഹോൾകാർ രാജവംശത്തിന്റെ കൊട്ടാരം ആയിരുന്നു ലാൽബാഗ് പാലസ്. 1844 മുതൽ 1978 വരെ 3 രാജാക്കന്മാരുടെ വാസസ്ഥലമായിരുന്ന ഈ കൊട്ടാരം പുറത്തു നിന്നു കണ്ടാൽ ഒരു ഗവണ്മെന്റ് ഓഫീസ് ആണെന്നെ തോന്നുകയുള്ളൂ. പക്ഷേ ഉള്ളിൽ നമ്മളെ കാത്തിരിക്കുന്നത് ഒരുപാട് നല്ല കാഴ്ചകളാണ്. 24 ഹെക്ടർ പരന്നു കിടക്കുന്ന കൊട്ടാരത്തിന്റെ കവാടം ബക്കിങ്ഹാം കൊട്ടാരം മാതൃകയിലാണ് നിർമിച്ചിരിക്കുന്നത്രെ. വ്യത്യസ്തമായ മാർബിൾ തൂണുകൾ, ഇറ്റാലിയൻ,ബ്രിട്ടീഷ്, ഫ്രഞ്ച് മാതൃകയിലുള്ള നിർമിതികൾ അങ്ങനെ ഒരു സമ്മിശ്ര രീതിയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത്. പക്ഷേ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് രാജാവിന്റെ കിടപ്പുമുറിയും പിന്നെ ഇന്ത്യൻ രീതിയിലുള്ള ഭക്ഷണമുറിയുമാണ്. മുറികൾ പുറത്തു നിന്നും കാണാൻ മാത്രമേ സാധിക്കുള്ളു ബാക്കിയൊക്കെ ബ്ലോക്ക്‌ ചെയ്തിരിക്കുകയാണ്. അല്ലേലും കാണുന്നത് മനസ്സിൽ പകർത്താൻ മാത്രമേ പറ്റുള്ളൂ. മൊബൈൽ ഫോൺ വാങ്ങി വെക്കും. ലാൽബാഗിൽ കറങ്ങുമ്പോൾ ഒറ്റക്ക് ഒരു സ്ത്രീ എന്ന ദുർനോട്ടങ്ങളും എന്നെ തേടിയെത്തിയില്ല. പകരം വിശാല മനസോടു കാര്യങ്ങൾ പറഞ്ഞു തരുന്ന ഒരുപാട് പേരെ കണ്ടു പരിചയപെട്ടു.

അവിടെ നിന്നും നേരെ രാജാവാട മഹൽ. ഹോൾകാർ രാജവംശത്തിന്റെ മറ്റൊരു ഉദാത്തമായ സംഭാവന ആണ് രാജാവാട മഹൽ. മാറാത്ത രീതിയിൽ നിർമിച്ചിരിക്കുന്ന ഈ മഹൽ നഗരത്തിന്റെ നടുവിലാണ് സ്ഥിതി ചെയുന്നത്. അതിനു ചുറ്റും മാർക്കറ്റാണ്. എന്ത് രസമാണെന്നോ ചുമ്മാ മാർക്കറ്റിൽ നടക്കാൻ. ആദ്യം വസ്ത്രങ്ങളാണ്, പ്രധാനമായും ലഹങ്ക പോലുള്ള വസ്ത്രങ്ങൾ. കുറച്ച് ഉള്ളിലേക്ക് പോകുമ്പോൾ ആഭരണ കടകളാണ്, സ്വർണവും വെള്ളിയും ഫാൻസിയും ഒക്കെ ലഭിക്കും. മാർക്കറ്റിന്റെ ഒരു സൈഡിൽ മുഴുവൻ ആക്രി സാധനങ്ങളാണ്.
വളരെ അടക്കത്തോടെ ഒരുക്കിയിരിക്കുന്ന ഒരു തിരക്കുള്ള മാർക്കറ്റ് അതാണ് രാജാവാട മാർക്കറ്റ്. അവിടെ അടുത്ത് തന്നെയാണ് കഞ്ച് ജെയിൻ ക്ഷേത്രം. പക്ഷേ അവിടെ ജൈന മതവിശ്വാസികൾക്ക് മാത്രമേ പ്രവേശനം ഉള്ളു അത്രേ.

അത്കൊണ്ട് അവിടിന്നു നേരെ ഖജരാന ഗണേശ ക്ഷേത്രത്തിൽ പോയി. റാണി അഹില്യഭായ് ഹോൾകാർ നിർമിച്ച ഈ ക്ഷേത്രം ഇൻഡോറിലെ ഏറ്റവും പ്രസ്തമായ ക്ഷേത്രങ്ങളിൽ ഒന്നാണ്. വളരെ നിറപ്പകിട്ടുള്ള ഒരു ക്ഷേത്രം എന്നാണ് എനിക്ക് തോന്നിയത്. തിരക്കുകൾക്കിടയിലും അവിടെ ഒരു വല്ലാത്ത ശാന്തത എനിക്ക് അനുഭവപെട്ടു.

സ്ഥലങ്ങളെക്കാൾ എനിക്കിവിടുത്തെ മനുഷ്യരെ ഇഷ്ടപ്പെട്ടു. കൂട്ടുകുടുംബങ്ങൾ ആണ് ഇൻഡോറിൽ കൂടുതൽ എന്ന് പറഞ്ഞ വിക്രാന്ത് ഭായിയും, ഇൻഡോർ ഏറ്റവും വൃത്തിയുള്ള നഗരമാന്നെന്നു അഭിമാനത്തോടെ പറഞ്ഞ ട്ടുട്ടുഭായിയും, ആസ്സാമിൽ തീവ്രവാദം കൂടിയ സമയത്തു ഇൻഡോറിൽ വന്നു താമസമാക്കിയ ചന്ദൻ ഭായിയും, ഭക്ഷണം കഴിക്കാൻ സറാഫാ ബസാറിലേക്കു ക്ഷണിച്ച പൂജയുമൊക്കെ എനിക്ക് നല്ല ഓർമ്മകൾ മാത്രമേ ഇൻഡോറിൽ സമ്മാനിച്ചിട്ടുള്ളു.

മെയ്‌ മാസത്തിൽ ഇൻഡോറിൽ പോകാൻ ഞാൻ അറിയാതെ പോലും പറയില്ല. വേനൽ കാലത്തു സൂര്യൻ ഒരു 7 മണിക്ക് ഹാജർ വെച്ച് അങ്ങു പണി തുടങ്ങും, പിന്നെ അത് തീരാൻ വൈകിട്ട് 7ആകണം. ചൂടിനോട് കലശലായ പ്രണയമുണ്ടങ്കിൽ മാത്രം മെയ്‌ മാസത്തിൽ ഇൻഡോറിനെ കുറിച്ച് ചിന്തിച്ചാൽ മതി. പക്ഷെ എത്ര കൊടും ചൂടിലും ഇൻഡോറിലെ സായാഹ്നങ്ങളും രാത്രികളും പ്രണയാതുരം തന്നെയാണ്.

വിവരണം -അനൂപ നാരായണ്‍ (https://wordpress.com/post/beyonddestinations.wordpress.com/142).

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply