ലഹരിയുടെ ഉത്ഭവം തേടി മലനിരകള്‍ താണ്ടി ഒരു യാത്ര !!

ലഹരിയുടെ ഉത്ഭവം തേടി ഒരു യാത്ര, എത്തിയത് ഒരു കൂട്ടം പച്ച മനുഷ്യരില്‍. ചേട്ടന്‍ വലിച്ച കഞ്ചാവിന്‍റെ ബീഡി അവന്‍റെ അനിയത്തിക്ക് വലിക്കാന്‍ കൊടുക്കുന്ന കാഴ്ച്ച കണ്ടാണ് എന്‍റെ ആദ്യ ദിനം തുടങ്ങുന്നത്. രാവിലെ ടെന്‍റിന്‍റ് തുറന്ന് പുറത്തേക്ക് നോക്കുമ്പോള്‍ കാണ്ട കാഴ്ച്ചയാണ് ഇത്.

തലേന്ന് ഉച്ചയോട് കൂടിയാണ് ഞാന്‍ മണികരനില്‍ ബസ്സ് ഇറങ്ങിയത്, ആ ഒരു ബസ്സ്‌ യാത്രയില്‍ തന്നെ ഇവിടെത്തെ ആളുകളെ എനിക്ക് ഇഷ്ടായി. നല്ല സ്നേഹം ഉള്ളവര്‍ നമ്മോട് സംസാരിക്കാനും വിശേഷങ്ങള്‍ തിരക്കാനും നമുക്ക് വേണ്ട നിര്‍ദേശങ്ങള്‍ തരാനും അവര്‍ക്ക് മടി ഒന്നുമില്ലാ, ബസ്സിലെ കണ്ടക്റ്റര്‍ കയറുന്ന ആളുകള്‍ക്ക് സീറ്റ് വരേ അഡ്ജസ്റ്റ് ആക്കി കൊടുക്കുന്നുണ്ട്, നല്ല ഹിന്ദി പാട്ടും കേട്ട് മലനിരകള്‍ താണ്ടി കുത്തി കുലുങ്ങി ഒരു ബസ് യാത്ര ആയിരുന്നു അത്.

എനിക്ക് പോവേണ്ടത് ബര്‍ഷൈനിക്ക് ആണ് മണികരനില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്ര ഉണ്ട് അങ്ങോട്ട്, മഴ ചെറുതായിട്ട് പാറ്റിയതും ഞാന്‍ തെട്ടടുത്തുള്ള ചായ കടക്കുള്ളില്‍ കയറി ഒരു കട്ടന്‍ ഓഡര്‍ ചെയ്ത്, അത് തരുന്നതിന് ഒപ്പം ജോയന്‍റ് (കാഞ്ച) വേണോ എന്ന് ഒരു ചോദ്യവും കിട്ടി, ഞാന്‍ വലിക്കാര്‍ ഇല്ലാ നമ്മുടെ ലഹരി യാത്രയാണ് എന്ന് പറഞ്ഞപ്പോ അദേഹത്തിന് ഒരു ചിരി, ചിരിക്ക് കാരണം ചോദിച്ചപ്പോള്‍ പറഞ്ഞത് ഇപ്പോ ഇവിടെ വരുന്ന അതിക യാത്രക്കാരും ഏതെങ്കിലും റൂം എടുത്ത് കാഞ്ചാവ് പുകച്ച് തള്ളാന്‍ വേണ്ടി മാത്രം ആണ് വരുന്നത് എന്ന, ഈ ചായകട കൊണ്ട് വരുമാനം ആയിട്ട് ഒന്നും കിട്ടില്ലാ അതിന് അദേഹം വീട്ടില്‍ വളര്‍ത്തുന്ന കഞ്ചാവ് ചെടി തന്നെ വേണം.

ഇവിടെ ഉള്ള ലോക്കല്‍ ആളുകള്‍ എല്ലാം അവര് തന്നെ ഉണ്ടാക്കുന്ന കഞ്ചാവ് ആണ് വില്‍ക്കുന്നത്, മലാന ക്രിം എന്താണ് എന്ന് ചോദിച്ചപ്പോ അത് മലാനയില്‍ ഉണ്ടാവുന്ന കഞ്ചാവ് ചെടിയില്‍ നിന്ന് കിട്ടുന്നതാണ്, അതിന്‍റെ കളര്‍ ഇളം ചുവപ്പ് ആയിരിക്കും അത് അവിടെത്തെ ചെടിയുടെ കളര്‍ അങ്ങനെ ആയതിനാല്‍ ആണ്, ഇവിടെ ഇവര്‍ക്ക് കിട്ടുന്നത് ഡാര്‍ക്ക് പച്ച കളര്‍ ആണ് എന്ന് പറഞ്ഞ് ചെറിയ ഒരു ഉണ്ട എന്‍റെ കയ്യില്‍ വച്ച് തന്നു, ഇതിന്‍റെ ഉപയോഗം കാണിക്കാവോ എന്ന് ചോദിച്ചപ്പോ കൈയില്‍ ഉണ്ടായിരുന്ന ബീഡി എടുത്ത് അതിലെ പുകയില പുറത്ത് എടുത്ത് രണ്ടും കൈയില്‍ വച്ച് മിക്ക്സ് ചെയ്ത് കത്തിച്ചു കട്ട പുക വരുന്നത് കാണിച്ചു തന്നൂ, അന്നേരം കടയില്‍ കയറി വന്ന മറ്റരു ഒരു യാത്രകന് ആ ബീഡി വലിക്കാന്‍ കൊടുക്കാനും അദേഹം മടിച്ചില്ലാ.

പിടിച്ചതിലും വലുതാണ് എന്ന് പറഞ്ഞത് പോലെയാണ് കയറി വന്ന ആ യാത്രികന്‍, കടക്കാരന്‍റെ ബീഡി തീര്‍ന്നപ്പോ അദേഹം ചെറിയ ഒരു ചിരട്ടയും പേപ്പറും കാര്‍ഡും എല്ലാം എടുത്ത് അദേഹത്തിന്‍റെ കൈയില്‍ ഉണ്ടായിരുന്നത കാഞ്ച എടുത്ത് അടുത്ത മിക്ക്സിങ്ങ് തുടങ്ങി അതിന് ഇടയില്‍ കയറി വന്ന വേറെ ഒരാളേയും കൂട്ടത്തില്‍ കൂട്ടി മൂന്ന് പേരും മാറി മാറി വലിച്ച് തീര്‍ത്തു, അത് തീര്‍ന്നതും മൂന്നാമത് വന്ന ആളുടെ കൈയില്‍ വച്ചിരുന്ന കഞ്ചാവ് കടക്കാരന് കൊടുത്തു കടക്കാരന്‍ അത് വീണ്ടും മിക്ക്സിങ്ങ് തുടങ്ങി അതും അവര് മൂന്ന് പേരും വലിച്ചു തീര്‍ത്തു, ഇങ്ങനെ വലിച്ച് കഴിഞ്ഞാ തലക്ക് പിടിക്കില്ലേ എന്ന ചോദ്യത്തിന് മറുപടി തന്നത് കള്ള് ആയാലും കഞ്ചാവ് ആയാലും നമ്മുടെ ശരീരത്തിന് താങ്ങുന്ന ഒരു ലിമിറ്റ് ഉണ്ട് അത് വരേ ആവാം, അതികം ആയാല്‍ ആണ് പാമ്പ പോലെ ഇഴയാന്‍ തുടങ്ങുക എന്ന്, നമ്മുടെ പഞ്ചാബികള്‍ക്ക് ലസ്സിയും റൊട്ടിയും പോലെ മുമ്പൈക്കാര്‍ക്ക് വടാപാവ് പോലെ ഹിമാചല്‍ക്കാര്‍ക്ക് കഞ്ചാവ്, അത് അവരുടെ ലൈഫില്‍ അലിഞ്ഞ് ചേര്‍ന്നതാണ്, അപ്പോ ഇനി യാത്ര തുടങ്ങാം.

വൈകീട്ട് മൂന്ന് മണിയോട് കൂടി ബര്‍ഷൈനിക്കുള്ള ബസ്സ് വന്നു, കുറച്ച് യാത്രക്കാരും ബാക്കി അവിടെത്തെ നാട്ടുക്കാരും സ്ക്ളൂള്‍ കുട്ടികളുമായി ബസ്സ് പെട്ടന്ന് തന്നെ ഫുള്ളായി, കുത്തി കുലുക്കത്തിന് ഒട്ടും കുറവില്ലായിരുന്നു യാത്രക്ക് ഇടയില്‍ തെട്ടടുത്ത് ഇരുന്ന ആളോട് ഖീര്‍ഗംഗ പോകുന്നതിനുള്ള റൂട്ട് ചോദിച്ച് അറിഞ്ഞു, രണ്ട് വഴികള്‍ ഉണ്ട് ഒന്ന് കല്‍ഗ വഴിയും മറ്റേത് നാഗ്ത്താന്‍ വഴിയും, കുറച്ചു കൂടി എളുപ്പം കല്‍ഗ വഴി ആയതിനാല്‍ അതു വഴി പോയാല്‍ മതീ എന്ന് അദേഹം പറഞ്ഞു.

ബര്‍ഷൈനി എത്തിയതും നല്ല തണുപ്പ് മഴ അപ്പോയും ചെറുതായിട്ട് പെയ്യുന്നുണ്ട് കാലില്‍ ചെരിപ്പ് ആയതിനാല്‍ വെള്ളം തെറിക്കുന്നത് കാരണം തണുത്ത് വിറക്കാന്‍ തുടങ്ങി, അവിടെ അടുത്തുള്ള കടക്കാരന്‍ കാണിച്ചു തന്ന വഴിയില്‍ കൂടി ഞാന്‍ കല്‍ഗയിലോട്ട് നടന്നൂ, ഒരു പതിനഞ്ച് മിനുട്ട് നടത്തം അതുകഴിഞ്ഞ് ചെറിയ ഒരു കുന്ന് കയറാന്‍ ഉണ്ട് മഴ പെയ്തതിനാല്‍ വഴി എല്ലാം ചെളി ആയിട്ടുണ്ട് നടക്കുന്നതിന് ഇടയില്‍ ഒന്ന് രണ്ട് തെന്നി പോയി എങ്കിലും വീണില്ലാ, മുകളില്‍ പത്ത് ഇരുപത് ചെറിയ വീടുകള്‍ മാത്രം ഉള്ള ചെറിയ ഒരു ഗ്രാമം ആണ് കല്‍ഗ.

കൃഷിയാണ് അവരുടെ പ്രധാന തൊഴില്‍ കൂടാതെ ആടുകളേയും പശുകളേയും മേക്കുന്നു ആപ്പിള്‍ മരങ്ങള്‍ പൂത്ത് നില്‍ക്കുന്നുണ്ട്, കണ്ടു നില്‍ക്കാന്‍ തന്നെ നല്ല രസം, ഒച്ചയും ബഹളവും ഒന്നും ഇല്ലാത്ത മഞ്ഞു മലകള്‍ക്ക് താഴെ ചെറിയ ഒരു സ്വര്‍ഗം എന്ന് തന്നെ പറയാം, അന്നത്തെ ദിവസം അവിടെ കൂടാന്‍ തന്നെ തീരുമാനിച്ചു, പൂത്ത് നില്‍ക്കുന്ന ആപ്പിള്‍ മരങ്ങള്‍ക്ക് ഇടയില്‍ കൂടി കുറച്ച് മുമ്പോട്ട് നടന്ന് അവിടെത്തെ ഒരാളെ കണ്ടു ഞാന്‍ യാത്രികന്‍ ആണ് ഇന്നത്തെ ഒരു ദിവസം ഇവിടെ ടെന്‍റ് അടിച്ച് താമസിക്കുന്നുണ്ട് എന്ന് അറിയിച്ച് അദേഹം കാണിച്ചു തന്ന തെട്ടടുത്തുള്ള മലയുടെ താഴെ ഞാന്‍ ടെന്‍റ് നിവര്‍ത്തീ.

സൂര്യന്‍ അസ്തമിക്കാന്‍ നേരത്ത് മലയില്‍ നിന്ന് വലിയ ശബ്ദത്തോട് കൂടി എന്തോ വരുന്നത് കേട്ടു, ചെറിയ ഒരു പേടിയോട് കൂടി ഞാന്‍ ടെന്‍റില്‍ നിന്ന് പുറത്ത് ഇറങ്ങി നോക്കിയപ്പോള്‍ ആണ് കണ്ടത്, വലിയ ഒരു ആട്ടിന്‍ കൂട്ടം തീറ്റ കഴിഞ്ഞ് മടങ്ങി വരുകയാണ്, പിറകെ മൂന്ന് ചെക്കന്‍ന്മാരും ഉണ്ട് അവര്‍ ഒരോ ശബ്ദം ഉണ്ടാക്കി ആടുകളെ തെളിയിക്കാണ്. ചെക്കന്‍ന്മാര്‍ എന്നെ കണ്ടതും ചെറിയ ഒരു ചിരിയും പാസാക്കി താഴെ വീടുകളിലേക്ക് മേച്ച് കൊണ്ട് പോയി, അന്നത്തെ രാത്രിക്ക് നല്ല തണുപ്പ് ഉണ്ടായിരുന്നൂ, കൈയില്‍ കരുതിയ ഫുഡും കഴിച്ച് ഞാന്‍ പെടന്ന് തന്നെ കിടന്നു.

അടുത്ത ദിവസം രാവിലെ എണീറ്റപ്പോ കണ്ട കാഴ്ച്ചയാണ് ഞാന്‍ മുകളില്‍ പറഞ്ഞിരുന്നത്, അവര്‍ ഒരു ഫാമിലി മുഴുവന്‍ ഉണ്ട് വീടിന്‍റെ ഒരു ഭാഗം മഴ ന്നനഞ്ഞ് കേടു വന്നതിനാല്‍ മരം മാറ്റി വെക്കാണ്, എല്ലാവരും ഒരുമിച്ചാണ് പണി എടുക്കുന്നത്, ഇവിടത്തെ ഈ വീടുകള്‍ എല്ലാം മരം കൊണ്ട് ഉണ്ടാക്കിയതാണ് അതിക വീടും രണ്ടു നിലയാണ്, താഴെ അവരും മുകളില്‍ യാത്രക്കാര്‍ക്ക് താമസിക്കാനുള്ള റൂം ആയിട്ടാണ് സെറ്റ് ചെയ്തത്, വിദേശികള്‍ എല്ലാം വന്നാല്‍ അതികവും ഒന്നോ രണ്ടോ മാസം താമസിച്ചിട്ടേ മടങ്ങാറുള്ളൂ.

വീടിന് തെട്ടടുത്ത് കുട്ടികള്‍ എല്ലാം ഓടി കളിക്കുന്നുണ്ട് അവരോട് ഒപ്പം കൂടെ കളിക്കാന്‍ കൂടിന് ഉള്ളത് ആട്ടിന്‍ കുട്ടിയും വളര്‍ത്തു നായകളും ആണ്, നമ്മുടെ നാട്ടിലെ കുട്ടികള്‍ക്ക് കിട്ടാതെ പോയ ആ ബാല്യം ഇവിടെത്തെ കുട്ടികള്‍ ശരിക്കും ആസ്വതിക്കുന്നുണ്ട്, ഇവര്‍ക്ക്‍ ഇവിടെ മണ്ണില്‍ ഇറങ്ങി മഴ കൊണ്ട് ഓടി കളിക്കുന്നതിന് ഒന്നും യാതരു തടസവും ഇല്ലാ. ചുറ്റും ഉയര്‍ന്ന് നില്‍ക്കുന്ന മഞ്ഞു മലകള്‍ നോക്കിയും പക്ഷികളുടെ ശബ്ദം കേട്ട് രസിച്ചും അവിടെ എല്ലാം നടന്നും ടെന്‍റിന് ഉള്ളില്‍ കിടന്നും സമയം പോയി.

വൈകീട്ട് കുറച്ച് കുട്ടികള്‍ ക്രിക്കറ്റ് കളിക്കാന്‍ വേണ്ടി അവിടെ വന്നിരുന്നു അതില്‍ രണ്ട് പേര്‍ എന്‍റെ അടുത്ത് വന്ന് ഇരുന്ന് കുറച്ച് നേരം സംസാരിച്ചു. രാത്രി സമയം അപകടം ഉണ്ടാവാന്‍ ചാന്‍സ് ഉണ്ട് മല മുകളില്‍ നിന്ന് കരടി വെള്ളം കുടിക്കാന്‍ വേണ്ടി താഴെ വരാറുണ്ട് എന്ന് പറഞ്ഞ് എന്നെ പേടിപ്പിച്ചാണ് അവര് മടങ്ങിയത്. അവര് പോയതിന് പിറകെ താഴത്തെ വീട്ടിലെ നായ എന്‍റെ അടുത്ത് വന്നു, ടെന്‍റിന് ചുറ്റും കറങ്ങി മണം പിടിച്ച് അവിടെ നില്‍ക്കുന്ന ഇടയില്‍ അഖീറ എന്ന് വിളി കേട്ടപ്പോ അവന്‍ താഴേക്ക് ഇറങ്ങി പോയി. പശുകുട്ടിയേയും കുതിരേനയും എല്ലാം അവന്‍ ഓടിച്ചിട്ട് കളിക്കുമ്പോള്‍ വീട്ടുക്കാര്‍ അവനെ ദേഷ്യത്തോടെ അഖീറാ എന്ന് വിളിക്കുന്നത് ഇടക്ക് കേള്‍ക്കാം.

രാത്രി കിടക്കാന്‍ നേരത്ത് അപകടം ഒന്നും ഉണ്ടാവില്ലാ എന്ന ഒരു വിശ്വാസത്തില്‍ ഞാന്‍ കിടന്നു, ഒരു പത്ത് മണി സമയത്ത് കൂട്ടുക്കാരനോട് ഫോണില്‍ സംസാരിക്കുന്ന നേരത്ത് ആണ് ടെന്‍റിന്‍റെ മുന്നില്‍ എതോ ജീവി വന്ന നിയല്‍ കണ്ടത്, അപോ തന്നെ സംസാരം നിര്‍ത്തി കുറച്ച് നേരം മിണ്ടാതെ ഇരുന്നു, അപകടം ഒന്ന് ഇല്ലാ എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം അവനോട് കാര്യം പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു, രാവിലെ എണീറ്റ് ടെന്‍റ് തുറന്നപ്പോള്‍ ആണ് ആ സന്തോഷം നിറഞ്ഞ കാഴ്ച്ച കണ്ടത്, അന്നത്തെ രാത്രി എന്‍റെ കൂടെ കൂടിന് കിടക്കാന്‍ അഖീറയും ഉണ്ടായിരുന്നു, ടെന്‍റിന് മുന്നില്‍ തന്നെ ചുരുണ്ട് കൂടി കിടക്കാണ്, ഞാന്‍ ടെന്‍റ് മടക്കി ബാഗ് പാക്ക് ചെയ്യുന്നത് വരേ അവന്‍ അവിടെ എനിക്ക് കൂട്ടിന് നിന്നു, കൈയില്‍ ഉണ്ടായിരുന്ന ബിസ്ക്കറ്റ് അവന് കൊടുത്ത് ഞാന്‍ യാത്ര തുടര്‍ന്നു.

ഇനി ട്രെക്കിങ്ങ് തുടങ്ങാണ് ഇവിടെ നിന്ന് ഏഴ് കിലോമീറ്റര്‍ കാട്ടില്‍ കൂടി നടക്കാന്‍ ഉണ്ട് ഖീര്‍ഗംഗയിലോട്ട്, പൈന്‍ മരങ്ങള്‍ക്ക് ഇടയില്‍ കൂടി ഞാന്‍ നടത്തം തുടങ്ങി, രാവിലെ തന്നെ ആയതിനാല്‍ വഴിയില്‍ ആരേയും കാണുന്നില്ലാ, നടക്കുന്ന വഴി ശരി തന്നെ അണോ എന്ന് അറിയാന്‍ മൊബൈലില്‍ മാപ്പ് ഓണ്‍ ചെയ്ത് വച്ചു, പലതരം കിളികളുടെ ശബ്ദങ്ങളും കേട്ട് പതുക്കെയാണ് നടന്നത്, ചെറിയ നട വഴി മാത്രമേ അങ്ങോട്ട് ഉള്ളു വണ്ടികള്‍ ഒന്നും പോവത്തില്ലാ, വെയില്‍ മണ്ണില്‍ തട്ടാതെ തിങ്ങി നില്‍ക്കുന്ന ഒരു കാട് ആണ് ഇത്, നല്ല തണുപ്പ് ഉണ്ടായതിനാല്‍ നടത്തത്തിന്‍റെ ശീണം ഒട്ടും അറിയുന്നില്ലാ, ഇവിടെത്തെ ആളുകള്‍ വീട് ഉണ്ടാക്കാന്‍ മരങ്ങള്‍ എടുക്കുന്നത് ഈ കാട്ടില്‍ നിന്നാണ്.

പല ഇടത്തും കാറ്റില്‍ മറിഞ്ഞു വീണ വലിയ മരങ്ങളും കാണാം, ചുറ്റുപാടും നോക്കി കണ്ട് ആസ്വതിച്ച് ഒരു ട്രെക്കിങ്ങ് കൂട്ടിന് ആരെങ്കിലും ഉണ്ടായിരുന്നങ്കില്‍ എന്ന് അന്നേരം മനസില്‍ തോന്നിയിരുന്നു, പോകുന്ന വഴി രണ്ടായി തിരിയുന്ന സ്ഥലങ്ങള്‍ ഉണ്ട് അവിടെ എല്ലാം ഖീര്‍ഗംഗ എന്ന ആരോമാര്‍ക്ക് കല്ലില്‍ എഴുതി വച്ചിട്ടുണ്ട്, താഴെ കുത്തി ഒലിച്ച് ഇറങ്ങുന്ന പാര്‍വതി പുഴക്ക് അക്കരേയും ചെറിയ ഗ്രാമങ്ങള്‍ കാണുന്നുണ്ട്, കുപ്പിയിലെ വെള്ളം തീരുന്നതിന് അനുസരിച്ച് വഴിയില്‍ കാണുന്ന ചെറിയ ഉറവകളില്‍ നിന്ന് എല്ലാം വെള്ളം നിറച്ച് ആയിരുന്നു നടന്നത്, കുറച്ച് അങ്ങ് എത്തിയപ്പോള്‍ ആണ് മുന്നില്‍ ഗുജറാത്ത് നിന്ന് വന്ന ഒരാളെ കണ്ടത്, അവന്‍റെ കൂടെ രണ്ട് പേര്‍ കൂടി ഉണ്ട്, നടത്തതില്‍ അവര് സ്ളോ ആയതിനാല്‍ അദേഹം അവരെ കാത്ത് നില്‍ക്കാതെ മുന്നില്‍ നടന്നതാണ്.

പിന്നീട് അങ്ങോട്ട് ഞ്ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ച് നടത്തം തുടങ്ങി, കാട്ടിന് ഉള്ളില്‍ ചെറിയ ടെന്‍റ് ക്യാമ്പുകളും ഉണ്ട് അവിടെ തങ്ങിയവര്‍ പുറത്ത് കസേര ഇട്ട് തണുപ്പ് ആസ്വതിച്ച് ഇരിക്കാണ്, കൂടാതെ ചെറിയ കടകളും കണ്ടു തുടങ്ങി, നാലഞ്ച് കിലോമീറ്റര്‍ ട്രെക്കിങ്ങ് ചെയ്തപ്പോ വലിയ ഒരു വെള്ളച്ചാട്ടത്തിന് അടുത്ത് എത്തി, അന്നേരം നല്ല വിശപ്പ് ഉണ്ടായിരുന്നു അവിടെ കണ്ട കടയില്‍ ഫുഡ് കഴിച്ചിട്ട് യാത്ര തുടങ്ങാം എന്ന് കരുതി ഞ്ഞങ്ങള്‍ അവിടെ തന്നെ ഇരുന്നു, മുകളില്‍ നിന്ന് ചാടി വിഴുന്ന വെള്ളച്ചാട്ടത്തിന് നല്ല സൗണ്ട് ആയിരുന്നു, അവിടേയും ടെന്‍റ് കെട്ടി താമസിക്കുന്നവര്‍ ഉണ്ട്, ഫുഡ് കഴിച്ച് കഴിഞ്ഞപ്പോള്‍ ആണ് ഗുജറാത്തുക്കാരന്‍റെ കൂടെ വന്ന ബാക്കി രണ്ട് പേര്‍ എത്തിയത്, അന്നേരം ഞാന്‍ നടക്കാണ് എന്നും പറഞ്ഞ് നടത്തം തുടര്‍ന്നു, കല്ലും ചെളിയും നിറഞ്ഞ വഴികള്‍ ആയിരുന്നു പിന്നീട് അങ്ങോട്ട്, കുറച്ച് അങ്ങ് നടന്നപ്പോള്‍ മുമ്പൈ നിന്ന് വന്ന നാലു പേരെ കൂടെ കിട്ടി, പരിചയപെട്ടതിന് ശേഷം അവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ യാത്ര വിശേഷങ്ങളും പറഞ്ഞ് നടത്തം തുടര്‍ന്നു, പോകുന്ന വഴികള്‍ എല്ലാം കാണാന്‍ തന്നെ നല്ല രസം ആയിരുന്നു, ഷീണം വരുമ്പോ വേണ്ട വിസ്രമം എടുത്തിട്ടാണ് നടക്കുന്നത്, ചുറ്റുപാടും നല്ല കാഴ്ച്ചകളും തണുപ്പും ആയതിനാല്‍ അതിക ഷീണം തോന്നിയിട്ടില്ലാ.

ഖീര്‍ഗംഗയുടെ ട്രെയല്‍ എന്ന് അറിയപെടുന്ന ചെറിയ ഒരു വെള്ളച്ചാട്ടവും പോകുന്ന വഴി ഉണ്ട്, പാറ കല്ലുകളില്‍ പച്ച പായല്‍ നിറഞ്ഞ ഒരു വെള്ളച്ചാട്ടം അതു കണ്ട് നില്‍ക്കാന്‍ തന്നെ നല്ല രസാണ്, കുറച്ച് ഫോട്ടോസ് എടുത്തു ഞങ്ങള്‍ നടത്തം തുടര്‍ന്നു, ഖീര്‍ഗംഗ എത്തുന്നതിന് ഒരു കിലോമീറ്റര്‍ മുമ്പോ ചെറുതായിട്ട് മഴ പാറ്റി തുടങ്ങി, അതുകൊണ്ട് ഞ്ഞങ്ങള്‍ നടത്തതിന് സ്പീഡ് കൂടി അവിടെ എത്തിയതും നല്ല ഒരു മഴ പെയ്തു ട്രെക്കിങ്ങ് പൂര്‍ത്തിയാക്കിയതിന്‍റെ സന്തോഷം നിറഞ്ഞ തണുത്ത് വിറച്ച ഒരു മഴ.

മഞ്ഞ് മൂടപെട്ട് നല്ല തണുത്ത കാറ്റ് അടിക്കുന്ന ഒരു മലക്ക് മുകളില്‍ നിന്ന് ചുടു വെള്ളം ഒലിച്ച് ഇറങ്ങുന്ന ചെറിയ ഒരു വെള്ളച്ചാട്ടം അതാണ് ഖീര്‍ഗംഗ, ചുറ്റുഭാഗവും മഞ്ഞില്‍ മൂടി നില്‍ക്കുന്ന മലകള്‍ അതിനു താഴെ റോസ് പൂക്കളാല്‍ നിറഞ്ഞ് നില്‍ക്കുന്ന മലയോരം, അവിടെ താമസവും ഫുഡും എല്ലാം റെഡി ആണ് കഴുതകള്‍ വഴി താഴെ നിന്നും ചുമന്ന് കൊണ്ടു വന്നിട്ടുണ്ട്, ചുടു വെള്ളത്തില്‍ മതി മറന്ന് ഒരു കുളി കുളിച്ചപ്പോള്‍ ട്രെക്കിങ്ങിന്‍റെ ഷീണം എല്ലാം പോയി, ആനാവിശ്യം ആയി ഞ്ഞങ്ങളെ ഇറിറ്റേറ്റ് ചെയ്യാന്‍ ഒന്നും തന്നെ അവിടെ ഇല്ലാ, മനസു ശാന്തമായി എത്ര ദിവസം വേണേലും ആ മലനിരകളില്‍ താമസിക്കാം, അമ്പലത്തിന്‍റെ കുറച്ച് താഴെ ഞ്ഞങ്ങള്‍ ടെന്‍റ് അടിച്ചു രാത്രിയിലെ നിലാവും കണ്ട് കഥകള്‍ പറഞ്ഞ് അന്നത്തെ രാത്രി കഴിച്ചുകൂട്ടി.

അടുത്ത ദിവസം ഇനിയും ഒരിക്കല്‍ കൂടി വരാം എന്ന മനസില്‍ പറഞ്ഞ് ഞ്ഞങ്ങള്‍ മല ഇറങ്ങി, കൂടെ ഉണ്ടായിരുന്ന മുമ്പൈ ട്ടീം മണികരന്‍ പോകാന്‍ വേണ്ടി പ്ളാന്‍ ഇട്ടതിനാല്‍ തിരിച്ച് ഇറങ്ങും വഴി നാഗ്ത്താന്‍ ഗ്രാമത്തില്‍ എത്തിയപ്പോള്‍ ഒരു ദിവസം ഞാന്‍ അവിടെ താമസിച്ചിട്ട് വരാം എന്ന് പറഞ്ഞ് അവരെ ഞാന്‍ യാത്ര അയച്ചു, വൈകീട്ട് അവിടെ ഗ്രാമത്തിന് തെട്ട് അടുത്ത് ടെന്‍റ് വിരിച്ച് അതിനുള്ളില്‍ കയറാന്‍ നില്‍ക്കുമ്പോള്‍ ആണ് ഒരാള്‍ വിളിച്ച് പറഞ്ഞത് അവിടെ ടെന്‍റ് അടിക്കാന്‍ പറ്റില്ലാ മുകളില്‍ നിന്ന് കല്ലുകള്‍ ഉരുണ്ട് വിഴാറുണ്ട് എന്ന്, നിവര്‍ത്തിയ ടെന്‍റ് വിണ്ടും മടക്കി ചെറിയ ഒരു വിഷമത്തോടെ ഞാന്‍ അവിടെ നിന്ന് താഴോട്ട് നടന്നപ്പോയും ദൈവം എനിക്കായി അവിടെ വലിയ ഒരു സമ്മാനം ഒരുക്കി വച്ചിട്ടുണ്ട് എന്ന് മനസില്‍ പോലും കരുതിയില്ലായിരുന്നു.

ഇറങ്ങും വഴി പൂത്ത് നില്‍ക്കുന്ന ആപ്പിള്‍ തോട്ടത്തിന് നടുവില്‍ ചെറിയ ഒരു മരത്തിന് താഴെ മഞ്ഞു മലകള്‍ക്ക് മുഖത്തോട് മുഖം നോക്കി നില്‍ക്കുന്ന ഒരു ഇടം, മനസ് സന്തോഷം കൊണ്ട് നിറഞ്ഞ നേരം ദൈവത്തിന് നന്ദി പറഞ്ഞു അവിടെ തന്നേ ടെന്‍റ് അടിച്ചു, അടുത്ത സന്തോഷം എന്ത് എന്നാല്‍ വൈകീട്ട് ആറ് മണിയോട് കൂടി ആ തോട്ടത്തിന്‍റെ മുതലാളി വന്ന് ഇവിടെ ടെന്‍റ് അടുക്കുന്നത് അപകടം ആണ് നിങ്ങള്‍ ഒറ്റക്ക് ആയതിനാല്‍ താമസം റിസ്ക്ക് ആണ് എന്ന് പറഞ്ഞു, കഴിഞ്ഞ മൂന്ന് ദിവസം ആയി ഞാന്‍ ഒറ്റക്ക് തന്നെയാണ് ടെന്‍റില്‍ കിടക്കുന്നത് നിങ്ങള്‍ പേടിക്കണ്ടാ എന്ന് പറഞ്ഞപ്പോ എന്‍റെ ഐഡി കാര്‍ഡിന്‍റെ ഒരു ഫോട്ടം എടുത്ത് അദേഹത്തിന്‍റെ നമ്പറില്‍ നിന്ന് എനിക്ക് ഒരു മിസ്ക്കാള്‍ അടിച്ച് രാത്രി എന്ത് പ്രോബ്ളം വന്നാലും ഈ നമ്പറില്‍ എന്നെ വിളിക്കണം എന്ന് പറഞ്ഞ് ഗുഡ് നൈറ്റും തന്ന് അദേഹം പോയി.

മനസുകൊണ്ടും കാഴ്ച്ചകള്‍ കൊണ്ടും സന്തോഷം നിറഞ്ഞ ഒരു യാത്ര ആയിരുന്നു ഇത്, നന്മ നിറഞ്ഞ ഒരുപാട് പച്ച മനുഷ്യരെ കണ്ടു, അനുഭവിച്ചു. രാവിലെ ടെന്‍റ് മടക്കി അവിടെ നിന്നും ഇറങ്ങാന്‍ സമയത്ത് അദേഹത്തെ വിളിച്ച് നന്ദി പറഞ്ഞു മടക്ക യാത്ര തുടര്‍ന്നൂ..

വിവരണം – മുഹമ്മദ്‌ നിസാം മൂര്‍ക്കനാട്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply