ഹോട്ട് സീറ്റ് എന്നറിയപ്പെടുന്ന മുന്‍വശത്തെ ‘സീറ്റ് 51’ കണ്ടക്ടര്‍ക്കു മാത്രമാണോ?

കെ എസ് ആർ ടി സി ബസ്സിന്‍റെ ഹോട്ട് സീറ്റിൽ (സീറ്റ് 51) യാത്ര ചെയ്യാൻ കൊതിയില്ലാത്ത യാത്രാ പ്രേമികള്‍ വളരെ ചുരുക്കമായിരിക്കും. പ്രത്യേകിച്ച് നിങ്ങൾ ഒരു ദീർഘദൂര യാത്രയാണ് കെ എസ് ആർ ടി സി യിൽ നടത്തുന്നതെങ്കിൽ ..

കഴിഞ്ഞ ദിവസം നടന്ന സംഭവമാണ്.. ഇടുക്കി ജില്ലയിലെ കൂട്ടാറിൽ നിന്ന് കൊട്ടാരക്കരക്കരയ്ക്കുള്ള ടേക്ക് ഓവർ ഫാസ്റ്റിലാണ് സംഭവം. ബസ്സ് പുറപ്പെട്ട് 5 കിലോമീട്ടർ കഴിഞ്ഞാണ് ഞാൻ അതിൽ കയറിയത്. മൂന്നോ നാലോ ആൾക്കാർ മാത്രമാണ് ബസ്സിലുള്ളത്. ദീർഘദൂരം പോകേണ്ടതിനാൽ എന്‍റെ ലക്ഷ്യം ഹോട്ട് സീറ്റിൽ (കെഎസ്ആർടിസി ബസ്സുകളുടെ മുൻപിലെ ഒറ്റ സീറ്റ് ) ഇരിക്കുക എന്നതാണ്. ഹൈറേഞ്ചിലൂടെയുള്ള യാത്രയിൽ അതൊരു പ്രത്യേക സുഖമാണ്.

ബാക്ക് ഡോറിലൂടെ കയറിയ ഞാൻ ബസ്സിന്‍റെ നടുഭാഗത്തായി നിൽക്കുന്ന കണ്ടക്ടറോട് മുൻപിലെ സീറ്റിൽ ആരെങ്കിലുമുണ്ടോ എന്ന് ചോദിച്ചു. ഉണ്ട് എന്നായി മറുപടി. ഞാൻ എത്തി നോക്കിയപ്പോൾ ആരേയും കാണുന്നില്ല. ചോദ്യം ഞാൻ വീണ്ടും ആവർത്തിച്ചു. പരുഷമായി പിന്നേയും മറുപടി അതു തന്നെ.. “ഉണ്ട്.. ” ഞാൻ ആരേയും കാണുന്നില്ല. അത് ആരായിരിക്കും എന്ന സംശയത്തോടെ ഞാൻ ഒരു സൈഡ് സീറ്റിൽ സ്ഥലം പിടിച്ചു. എന്റെ ശ്രദ്ധ മുഴുവൻ ഹോട്ട് സീറ്റിലേയ്ക്കാണ്. ആശിച്ചു മോഹിച്ചു ബസ്സിൽ കയറിയതാണ്. കണ്ടക്ടർ ആളുണ്ടെന്നും പറയുന്നു ആരേയും കാണുന്നുമില്ല.

വിഷമിച്ച് ഞാൻ ഇരിക്കുമ്പോൾ കണ്ടക്ടർ  ആ സീറ്റിലേയ്ക്ക് കയറി ഇരുന്നു. പിന്നീടാണ് മനസ്സിലായത് അത് ഏമാന്‍റെ സീറ്റ് ആണെന്ന്. ഞാൻ പുറകിലത്തെ ഡോറിന്‍റെ അവിടുള്ള സീറ്റിന്റെ മുകളിൽ എഴുതിയിരിക്കുന്നത് വായിച്ചു. ‘കണ്ടക്ടർ ‘ എന്ന് വലിയ അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നു. ഒരു ബസ്സിന് രണ്ട് കണ്ടക്ടറോ.? ഏമാൻ വിശ്രമിക്കട്ടെ പുറകിൽ ഇരുന്നു ശരീരം കുലുങ്ങി ദീനം വെല്ലോം വന്നാലൊ എന്ന് കരുതി ഞാൻ ആശ്വസിച്ചു. ഇതു പോലെയുള്ള പല അനുഭവങ്ങളും നിങ്ങൾക്കും ഉണ്ടായിരിക്കും.

തിരക്കുള്ള സ്ഥലങ്ങളിലേയ്ക്ക് പോകാൻ വേണ്ടി ബസ്സ് സ്റ്റാന്റിലേയ്ക്ക് കയറ്റുമ്പോഴെ വെപ്രാളപ്പെട്ട് ബസ്സിൽ കയറുന്ന നമ്മൾ വേഗം ഹോട്ട് സീറ്റിൽ പേടിക്കാതെ കയറി ഇരിക്കും. കാരണം കണ്ടക്ടറുടെ സീറ്റ് പുറകിൽ ആണല്ലോ.? ടിക്കറ്റ് മുഴുവൻ എടുത്ത് കഴിഞ്ഞ് മുൻപിൽ വന്ന് ഏമാൻ ‘അത് എന്റെ സീറ്റാണ് പുറകിലേയ്ക്ക് മാറി ഇരിക്കൂ ‘എന്ന് പറയുമ്പോൾ മുറുമുറുത്തോണ്ട് പിറകിലേയ്ക്ക് പോയി അവിടേം സീറ്റില്ല ഇവിടേം സീറ്റില്ല എന്ന അവസ്ഥേൽ അവസാനം തൂങ്ങി നിന്ന് പോയിട്ടുണ്ട് നമ്മളിൽ പലരും. സത്യത്തിൽ ഏതാണ് കണ്ടക്ടർ സീറ്റ് ..???

രാത്രി മുഴുവൻ ഓടുന്ന ദീർഘദൂര സർവ്വീസ് സൂപ്പർഫാസ്റ്റുകളിലും ഫാസ്റ്റ് പാസഞ്ചറുകളിലും മുൻപിലത്തെ ഒറ്റ സീറ്റ് കണ്ടക്ടർമാർക്ക് വേണമെങ്കിൽ ഉപയോഗിക്കാം. കണ്ടക്ടർക്ക് ഉറങ്ങാനുള്ള സൗകര്യത്തിന് അല്ല ഇത്..മറിച്ച് ഡ്രൈവറെ ഉറക്കാതിരിക്കാനാണ്. സാധാരണ യാത്രക്കാരൻ ആ സീറ്റിൽ ഇരുന്ന് ഉറങ്ങുമ്പോൾ ചിലപ്പോഴൊക്കെ അത് രാത്രി കാല ഡ്രൈവിംഗിനെ ബാധിക്കും. അതിനാലാണ് സാധാരണ യാത്രക്കാരനെ രാത്രിയിൽ ആ സീറ്റിൽ നിന്ന് ഒഴിവാക്കുന്നത്.

ചുരുക്കിപ്പറഞ്ഞാൽ രാത്രി 10 മുതൽ രാവിലെ 7 വരെ ആ സീറ്റ് കണ്ടക്ടർക്ക് ഉള്ളതാണെന്ന് സാരം. (ചില ബസ്സുകളിൽ മുൻപിലത്തെ ഒറ്റ സീറ്റിനു മുകളിൽ ടൈമിംങ് എഴുതി പ്രദർശിപ്പിച്ചിട്ടുണ്ട്.) ബാക്കിയുള്ള സമയങ്ങളിൽ കണ്ടക്ടർക്ക് അനുവദിച്ചിട്ടുള്ളത് ബാക്ക് ഡോറിന്‍റെ പുറകിലായുള്ള സീറ്റ് ആണ്. ചില ബസ്സുകളിൽ ആ സീറ്റ് അൽപം ഉയർന്നാവും ഉണ്ടാകുക. ഇതു മൂലം കണ്ടക്ടർക്ക് യാത്രക്കാരെ വ്യക്തമായി കാണാൻ സാധിക്കുന്നതിനോടൊപ്പം രണ്ടു ഡോറുകളിലൂടെയുമുള്ള യാത്രക്കാരുടെ സഞ്ചാരവും നിരീക്ഷിക്കാൻ സാധിക്കുന്നു. ഇതൊക്കെയാണ് കണ്ടക്ടർ സീറ്റ് റിസർവേഷന്റെ ചില ചില മാനദണ്ഡങ്ങൾ ..

ഇനി മുതൽ  “ഇതെന്‍റെ സീറ്റാണ്” എന്ന് കണ്ടക്ടര്‍ പറയുമ്പോൾ പിറുപിറുത്തു കൊണ്ട് എഴുന്നേറ്റു പുറകിലേയ്ക്ക് പോയി ഉള്ള സീറ്റുകൂടി കളയാതെ മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കൂടി ഒന്നു മനസ്സിൽ വയ്ക്കുന്നത് നന്നായിരിക്കും. എല്ലാവര്‍ക്കും ദീർഘദൂര ഹോട്ട് സീറ്റ് ശുഭയാത്ര.. !!!

എഴുത്ത് – അരുണ്‍കുമാര്‍ എസ്.കെ.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply