കെഎസ്ആര്‍ടിസി; പരിഷ്ക്കാരങ്ങളുമായി പായുന്നതിനിടെ രാജമാണിക്യം തെറിച്ചു

മതി, കൂടുതൽ നന്നാക്കണ്ട..

ട്രാൻസ്പോർട്ട് കോർപറേഷനിൽ ഒക്ടോബർ മാസത്തെ ശമ്പളം നൽകാനുള്ള വക കണ്ടെത്താൻ മാനേജ്‌മെന്റ് പതിവുപോലെ നാലുപാടും ഓടുന്നതിനിടയിലാണ് മാനേജിംഗ് ഡയറക്ടർ രാജമാണിക്യത്തിന് അപ്രതീക്ഷിത സ്ഥാനചലനം നേരിട്ടിരിക്കുന്നത്.

സമൂലം കുത്തഴിഞ്ഞു കിടന്ന കോർപറേഷനെ പടിപടിയായി ഉയർത്തിക്കൊണ്ടുവരാനുള്ള ഭഗീരഥ പ്രയത്നത്തിലായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ പദവിയിൽ ഒരു വർഷം പൂർത്തിയായ ഘട്ടത്തിൽത്തന്നെ മുൻപിൻ നോക്കാതെ അദ്ദേഹത്തെ കെ.എസ്.ആർ.ടി.സിയിൽ നിന്ന് പടിയടച്ച് പിണ്ഡം വയ്ക്കണമെന്ന തീരുമാനത്തിനു പിന്നിൽ കോർപറേഷൻ ഒരു കാലത്തും ഗുണം പിടിക്കരുതെന്ന ചില കുബുദ്ധികളുടെ ദുശാഠ്യം മാത്രമാണു കാണാനാവുക.

ആഘോഷപൂർവം വിളിച്ചുകൊണ്ടു വന്നിരുത്തി കാര്യങ്ങൾ കുറച്ചെങ്കിലും നേരെയായി വരുന്ന ഘട്ടത്തിൽ ആളെ ഇറക്കിവിട്ടതിനു നാലുപേർ കേട്ടാൽ നിരക്കുന്ന എന്തെങ്കിലും ന്യായം മുന്നോട്ടുവയ്ക്കാനുണ്ടെങ്കിൽ വേണ്ടില്ലായിരുന്നു. സോളാറുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി ഹേമചന്ദ്രനെ പൊലീസിൽ നിന്നു മാറ്റിയതിന് ബലിയാടാകേണ്ടി വന്നത് രാജമാണിക്യമാണ്.

ഉന്നത ഉദ്യോഗസ്ഥന്മാരുടെ വകുപ്പു മാറ്റം സർക്കാരിന്റെ അധികാര പരിധിയിൽ വരുന്ന വിഷയമാണെന്നു സമ്മതിക്കാമെങ്കിലും പ്രവർത്തന മേഖലയിൽ തിളങ്ങി നിൽക്കുന്ന ഒരാളെ കാരണമില്ലാതെ മാറ്റുമ്പോൾ അത് വിവേകശൂന്യമായ നടപടിയായേ കാണാൻ കഴിയൂ.
നാശത്തിന്റെ പടുകുഴിയിൽ കിടക്കുന്ന ട്രാൻസ്പോർട്ട് കോർപറേഷൻ അതേപടി തന്നെ കിടക്കട്ടെ എന്നു സർക്കാരിനും വാശിയുള്ളതു പോലെ തോന്നുന്നു. സ്ഥാപനത്തിന്റെ നിലനില്പിനെക്കാൾ പ്രധാനം യൂണിയനുകളുടെ കരുത്തും വീര്യവും തെല്ലും കുറയാൻ പാടില്ലെന്നു കരുതുന്നവർ ഏറെ ഉണ്ട്.

കർക്കശക്കാരനായിരുന്ന എം.ഡിയുടെ അപ്രതീക്ഷിത സ്ഥാന ചലനത്തിൽ ഇക്കൂട്ടർ ആഹ്ലാദം കൊള്ളുന്നുണ്ടാകണം. അതുപോലെ വകുപ്പു മന്ത്രിയും ആദ്യം തൊട്ടേ എം.ഡിയുമായി ഇടച്ചിലായിരുന്നു എന്നും കേട്ടിരുന്നു. കോർപറേഷന്റെ നന്മ ഉദ്ദേശിച്ച് എം.ഡി കൈക്കൊണ്ട ചില ഭരണ നടപടികളോട് മന്ത്രിക്ക് എതിർപ്പായിരുന്നു. പ്രത്യേകിച്ചും കോർപറേഷന് അധികച്ചെലവു സൃഷ്ടിക്കുന്ന ചില സൂപ്പർ തസ്തികകളുടെ കാര്യത്തിൽ. സെക്രട്ടേറിയറ്റിലുള്ള തന്റെ ചില ആശ്രിതരെ കുടിയിരുത്താനുള്ള ശ്രമമായിരുന്നു ഇതിനു പിന്നിൽ. ഈ നീക്കത്തിന് എം.ഡി തടയിട്ടത് വിവാദമായിരുന്നു.

സർവീസുകളുടെ പുനഃസംഘടന, ജീവനക്കാരുടെ പുനർവിന്യാസം, വരുമാനം കൂട്ടാനുള്ള പരിഷ്കാരങ്ങൾ, കുപ്രസിദ്ധമായ അദർ ഡ്യൂട്ടി സമ്പ്രദായം അവസാനിപ്പിക്കൽ തുടങ്ങി രാജമാണിക്യം കൈക്കൊണ്ട നടപടികൾ പരക്കെ ശ്രദ്ധ നേടിയവയാണ്. കോർപറേഷന്റെ കടബാദ്ധ്യതകൾ തീർക്കാനായി ബാങ്കുകളിൽ നിന്ന് 3000 കോടി രൂപയുടെ വായ്പ സംഘടിപ്പിക്കാനുള്ള അവസാന ഘട്ട ശ്രമവും നടന്നുവരികയായിരുന്നു. കോർപറേഷന്റെ പ്രവർത്തനം അടി മുതൽ മുടി വരെ മെച്ചപ്പെടാൻ തുടങ്ങിയപ്പോഴാണ് മാറ്റമുണ്ടായിരിക്കുന്നത്.

നാഥനും നമ്പിയുമില്ലാത്ത അവസ്ഥ മാറി സ്ഥാപനത്തെ വിജയകരമായി നയിക്കാൻ ത്രാണിയും സാമർത്ഥ്യവുമുള്ള ഒരു മേധാവി ഉണ്ടെന്ന ധാരണ ശക്തിപ്പെടുന്നതിനിടെ ഉണ്ടായ സ്ഥാന ചലനം തീർച്ചയായും കോർപറേഷന്റെ ഭാവിയിൽ താത്‌പര്യമുള്ളവർക്കെല്ലാം ഞെട്ടലുണ്ടാക്കുന്നതാണ്. ഒരു സ്ഥാപനത്തിനും ഒരു ഉദ്യോഗസ്ഥൻ അനിവാര്യമല്ലെന്നു വാദിക്കാമെങ്കിലും പ്രത്യേക ഉദ്ദേശ്യലക്ഷ്യത്തോടെ നിയമിക്കപ്പെട്ട ആളെ ഒരു സാധൂകരണവുമില്ലാതെ പുറത്തേക്കുള്ള വാതിൽ കാണിക്കുന്നത് വിവേകപൂർവമാണെന്നു പറയാനാകില്ല.

കോർപറേഷന്റെ പ്രവർത്തനം സമൂലം ഉടച്ചുവാർക്കുന്നതിനുള്ള സുശീൽഖന്ന റിപ്പോർട്ടിലെ ചില ശുപാർശകൾ ഇതിനകം നടപ്പാക്കിത്തുടങ്ങിയിരുന്നു. ബസുകളിൽ നിന്നുള്ള പ്രതിദിന വരുമാനം ഗണ്യമായി ഉയരാനിടയായത് ഷെഡ്യൂളുകളുടെ പുനഃസംഘടന വഴിയാണ്. കോർപറേഷന് ബാദ്ധ്യതയായിരുന്ന ഡബിൾ ഡ്യൂട്ടി ഏർപ്പാട് അവസാനിപ്പിക്കാൻ കഴിഞ്ഞതും എല്ലാ വിഭാഗത്തിലും അച്ചടക്കം ഉറപ്പാക്കിയതും രാജമാണിക്യത്തിന്റെ നേട്ടങ്ങളാണ്. കൂടുതൽ ഇന്റർ സ്റ്റേറ്റ് സർവീസുകൾ തുടങ്ങിയതും 900 ബസുകൾ പുതുതായി വാങ്ങാൻ നടപടി ഉണ്ടായതും കഴിഞ്ഞ ഒരു വർഷത്തിനിടെയാണ്.

മേധാവികൾ വാഴാത്ത സ്ഥാപനമാണ് ട്രാൻസ്പോർട്ട് കോർപറേഷൻ എന്ന പഴി ഒരിക്കൽക്കൂടി ശരിവയ്ക്കുന്നതാണ് രാജമാണിക്യത്തിന്റെ പോക്കും പകരം എ.ഡി.ജി.പി ഹേമചന്ദ്രന്റെ വരവും. പുതിയ മേധാവി മുൻപും ഇവിടെ ഇതേ പദവി വഹിച്ചിട്ടുള്ളയാളാണ്. സോളാർ വിവാദത്തിൽ തലയ്ക്കു മുകളിൽ കേസുമായി നിൽക്കുന്ന അദ്ദേഹത്തെ എത്രകാലം അവിടെ വച്ചുകൊണ്ടിരിക്കുമെന്ന് പറയാനാകില്ല. കോർപറേഷൻ പഴയ പടി കുത്തഴിഞ്ഞുതന്നെ കിടന്നാൽ മതിയെന്നു വരുന്നത് സർക്കാരിനോ നാല്പതിനായിരത്തോളം വരുന്ന ജീവനക്കാർക്കോ നാടിനോ ഭൂഷണമല്ല.

പനരുദ്ധാരണ പദ്ധതിയെക്കുറിച്ച് വലിയ വായിൽ സംസാരിക്കുന്നവർ തന്നെ ചിലരുടെ സ്വാർത്ഥ താത്‌പര്യങ്ങൾക്കുവേണ്ടി സ്ഥാപനത്തെ കുരുതി കൊടുക്കാൻ നോക്കുകയാണ്. ഇതിനെതിരെ ജീവനക്കാർ തന്നെയാണ് ആദ്യം രംഗത്തുവരേണ്ടിയിരുന്നത്. നിർഭാഗ്യവശാൽ അങ്ങനെയൊന്നുമുണ്ടായില്ല. സ്ഥാപനം തുലഞ്ഞാലും ഒന്നുമില്ലെന്ന മനോഭാവം കെ.എസ്.ആർ.ടി.സിയെ വിട്ടുപോകാൻ ഇനിയും കാലങ്ങളെടുക്കുമെന്നാണു തോന്നുന്നത്.

#KSRTC_Need_Rajamanickam

കടപ്പാട് – കേരള കൌമുദി

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply