വലിയ നഷ്ടത്തിൽ നിന്നും വിജയത്തിലെത്തിയ VRL ട്രാവൽസിൻ്റെ കഥ..!!

എഴുത്ത്- അശ്വിൻ കെ.എസ്.

ഒന്നിൽ നിന്ന് തുടങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹനങ്ങളുടെ ഉടമയായി മാറിയ വിജയ് സങ്കേശ്വർ. പാരമ്പര്യമായി പ്രിന്റിങ് ബിസിനസ് ചെയ്തുവന്ന കുടുംബത്തിലാണ് വിജയ് സംകേശ്വർ ജനിച്ചത്. അദ്ദേഹത്തിന്റെ മറ്റു നാല് കൂടപ്പിറപ്പുകളെ പോലെ അദ്ദേഹത്തിനെയും പ്രിന്റിങ് ബിസിനസിലേക്ക് കൊണ്ടുവരാനായിരുന്നു കുടുംബത്തിന്റെ ശ്രമം. 1966 ൽ വിജയ് സംകേശ്വറിന്റെ പിതാവ് ഒരു പ്രിന്റിങ് മെഷീൻ അദ്ദേഹത്തിന് നൽകി ഒപ്പം രണ്ടു ജോലിക്കാരെയും. അന്ന് വിജയ് സംകേശ്വറിന് കേവലം 16 വയസ്സുമാത്രമായിരുന്നു പ്രായം.

കർണാടക യൂണിവേഴ്‌സിറ്റിയുടെ ആൻസർ പേപ്പറുകൾ, ടെക്സറ്ബുക്കുകൾ, ഡിക്ഷനറികൾ എല്ലാം പ്രിന്റ് ചെയ്തത് വിജയ് സംകേശ്വറിന്റെ പ്രസ്സിൽ നിന്നായിരുന്നു. മൂന്നുവർഷങ്ങൾക്ക് ശേഷം 19 ആമത്തെ വയസ്സിൽ അന്നത്തെ നൂതന സാങ്കേതിക വിദ്യയുള്ള പ്രിന്റിങ് മെഷീനറികൾ ഒരു ലക്ഷത്തിലധികം രൂപ ചിലവിട്ടു വിജയ് സംകേശ്വർ വാങ്ങി. പ്രിന്റിങ് ബിസിനസ് മുറയ്ക്ക് നടന്നുകൊണ്ടിരിക്കുമ്പോഴും അന്നത്തെ രണ്ടു – മൂന്നു ലക്ഷം രൂപ മുതൽമുടക്കിൽ തുടങ്ങാവുന്ന മറ്റൊരു ബിസിനസ്സ് വിജയ് സംകേശ്വർ തിരഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.

അങ്ങനെയാണ് ‘ട്രാൻസ്‌പോർട്ട്’ എന്ന ആശയം വിജയ് സംകേശ്വറിന്റെ മനസ്സിൽ തട്ടിയത്. അദ്ദേഹം അത് ചെയ്യാൻ തീരുമാനിച്ചു. എന്നാൽ ഈ തീരുമാനം വളരെ അപകടം പിടിച്ചതായിരുന്നു എന്ന് അദ്ദേഹത്തിന്റെ കുടുംബത്തിലെ എല്ലാവരും പറഞ്ഞിരുന്നു. കുടുംബ ബിസിനസ്സിൽ നിന്ന് പുറത്തേക്ക് എത്തി പുതിയ ഒരു ബിസിനസ്സിനെക്കുറിച്ചു ആലോചിക്കുമ്പോഴായിരുന്നു റിസ്‌ക് കൂടിയതെന്നു വിജയ് സംകേശ്വർ പറയുന്നു. ട്രാൻസ്‌പോർട്ട് മേഖലയിൽ മുൻപരിചയമോ പരിചയമുള്ള ആളുകളോ വിജയ് സംകേശ്വറിന് ഉണ്ടായിരുന്നില്ല. കുടുംബത്തിന്റെ എതിർപ്പുകൾ വകവയ്ക്കാതെ വിജയ് സംകേശ്വർ ട്രാൻസ്‌പോർട്ട് മേഖലയിലേക്ക് കടന്നു.

ഒരു ലോറിയുമായി രണ്ടു വർഷത്തോളം വലിയ ലാഭമില്ലാതെ അലഞ്ഞു. മൂന്നാം വർഷത്തിന് ശേഷമാണു ഒരു ട്രക്ക് കൂടി വാങ്ങുന്നത്. ഡ്രൈവർമാരെ കൈകാര്യം ചെയ്യാനുള്ള പ്രയാസവും തുടരെ തുടരെ ഉള്ള വാഹനാപകടങ്ങളും വിജയ് സംകേശ്വറിന്റെ ബിസിനസിന് മങ്ങലേൽപ്പിച്ചുകൊണ്ടിരുന്നു. ആരംഭിച്ചു 5 വർഷം കഴിഞ്ഞിട്ടും വലിയ ലാഭം ട്രാൻസ്‌പോർട്ട് മേഖലയിൽ നിന്ന് ലഭിക്കാത്തത് കണ്ട അദ്ദേഹത്തിന്റെ കുടുംബം അദ്ദേഹത്തോട് തിരികെ പ്രിന്റിങ് ബിസിനസിലേക്ക് വരാൻ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു.

അങ്ങനെ അദ്ദേഹം നാട്ടുകാരുടെയും കൂട്ടുകാരുടെയും മുൻപിൽ പരാജയപെട്ടവൻ എന്ന് മുദ്രകുത്തപെട്ടു. അപ്പോഴും ഉള്ളിൽ ഒരു തീപോലെ ഇനിയും മുന്നോട്ട് പോകണം എന്നുള്ള വാശി തന്റെ ഉള്ളിൽ നിറഞ്ഞിരുന്നു എന്ന് വിജയ് സംകേശ്വർ പറയുന്നു. കർണാടകത്തിലെ ഗഡാഗ് – ഹൂബ്ലി റൂട്ടിൽ സർവീസ് ചെയ്യുന്ന ഒരു ട്രക്ക് അതിനു ശേഷം വാങ്ങി. ഇന്ന് വർഷങ്ങൾക്കിപ്പുറം 66 ആം വയസ്സ് പിന്നിടുന്ന വിജയ് സംകേശ്വറിന് തന്റെ കുടുംബം ചെയ്തുവന്ന പാരമ്പര്യ പ്രിന്റിങ് ബിസിനസ്സിനേക്കാൾ പലമടങ്ങ് ആസ്തിയുള്ള ” വീ ആർ എൽ ട്രാവൽസ് ” കമ്പനി സ്വന്തമായി ഉണ്ട്.

1800 കോടി രൂപ ടേൺ ഓവർ ഉള്ള കമ്പനിയാണ് ഇന്ന് വീ ആർ എൽ ട്രാവൽസ് അതെ സമയം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പ്രിന്റിങ് സ്‌ഥാപനമായ വീ ആർ എൽ മീഡിയ 300 കോടി ടേൺ ഓവർ ഉള്ള കമ്പനിയാണ് . 3900 ലോറികളും 400 ബസ്സുകളും ഇന്ന് വിജയ് സംകേശ്വറിന്റെ പേരിലുണ്ട്. ഇവ ഇന്ത്യയൊട്ടാകെ ഓടിനടക്കുന്നുമുണ്ട്. ഇന്ന് വർഷങ്ങൾക്കിപ്പുറം എങ്ങനെയാണ് ഈ നേട്ടം വന്നതെന്ന് ചോദിച്ചാൽ വിജയ് സംകേശ്വറിന് പറയാനുള്ളത് ഒരേയൊരു കാര്യം മാത്രമാണ്.. ” റിസ്‌ക് എടുക്കുക, പരിശ്രമിക്കുക.. ബാക്കി എല്ലാം തേടി വരും “.

വീ ആർ എൽ ട്രാവൽസിനു ഇന്ത്യ മുഴുവൻ കരാർ അടിസ്ഥാനത്തിലും അല്ലാതെയും ചരക്കുനീക്കം നടത്തുന്ന ലോറികളുണ്ട്, അന്തർസംസ്‌ഥാന സർവീസുകൾ നടത്തുന്ന വോൾവോ, സ്‌കാനിയ, ബെൻസ് ബസ്സുകളുണ്ട്, കൂടാതെ എയർ ടിക്കറ്റിങ്, കൊറിയർ ലോജിസ്റ്റിക്സ് എന്നീ ബിസിനസുകളും ഉണ്ട്. ‘വിജയാനന്ദ്’ എന്ന പേരിലാണ് VRL ന്റെ ബസ്സുകൾ സർവ്വീസുകൾ നടത്തുന്നത്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ദൂരമുള്ള റൂട്ടായ ബെംഗളൂരു – ജോധ്പൂർ റൂട്ടിലും VRL ട്രാവൽസ് സർവ്വീസ് നടത്തുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വകാര്യ – വാണിജ്യ ട്രക്കുകൾ സ്വന്തമാക്കിയിട്ടുള്ള വ്യക്തി വിജയ് സംകേശ്വർ ആണ്. ഇതിനെല്ലാം പുറമെ അദ്ദേഹം കർണാടകയിൽ നിന്നും പാർലിമെന്റ് അംഗവും ആയിട്ടുണ്ട്.

ഇനി നിങ്ങൾ എപ്പോഴെങ്കിലും VRL ട്രാവൽസ് ബസ്സുകളോ ട്രക്കുകളോ വഴിയിൽ കാണുകയാണെങ്കിൽ ഈ പരിശ്രമത്തിന്റെ, വിജയത്തിന്റെ കഥ കൂടി ഒന്നോർക്കുക. അത് നിങ്ങളിൽ ആത്മവിശ്വാസം നിറയ്ക്കട്ടെ..

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply