നട്ട പാതിരാക്ക് ഒരു ലോറി യാത്ര..!!

യാത്രകൾ പല വിധത്തിലാണ് ,അത് നമ്മുടെ ലക്ഷ്യം, പോകുന്ന മാർഗം, പോകുന്ന ആളുകൾ എന്നിവയെ ആശ്രയിച്ചായിരിക്കും. എന്തായാലും ഞങ്ങളുടെ ഇൗ യാത്രക്ക് ഒരു പ്രത്യേകത ഉണ്ട്. ഞങ്ങൾ മൂന്നു പേരും ഒരു ലക്ഷ്യവും ഇല്ലാതെ ലോറി,ബസ്,ജീപ്പ്,ഓട്ടോറിക്ഷ,ട്രെയിൻ,ബൈക്ക് പിന്നെ കുറെ നടന്നും ആണ് ഇൗ യാത്ര അവസാനിച്ചത്.

ഓഫീസിൽ കുറച്ച് അധികം പണി വന്ന ദിവസം, നാട്ടിൽ എത്തിയപ്പോ രാത്രി പത്തു മണി. ഹൈസ്കൂളിൻറെ മുമ്പിലെ ഷെഡ്ഡിൽ മ്മടെ യാത്രാ പിരാന്തന്മാർ സുഫിയാൻ,റിയാസ്, ആഷിഖ് മൂന്ന് പേരും ഇരിപ്പുണ്ട്….ആഷിഖ് ഗൾഫിൽ ആയിരുന്നു ലീവിൽ വന്നതാണ്.വന്ന പാടെ റിയാസ് ഒരു ട്രിപ്പ് പ്ലാൻ പറഞ്ഞു, അടുത്ത പാണ്ടി ലോറിക്ക് കൈ കാട്ടും,അത് എവിടെ പോകുന്നു അതാണ് നമ്മടെ ഡെസ്റ്റിനേഷൻ. പാണ്ടി ലോറി യാത്ര ഇത് വരെ ഞങ്ങൾ ആരും പോയിട്ടില്ല…. കേട്ട പാടെ ഞാൻ ഒകെ പറഞ്ഞ്…. സുഫിയാന് ലീവ് പ്രോബ്ലം ഉള്ളത് കൊണ്ട് അവൻ വരുന്നില്ല എന്ന് പറഞ്ഞു…. അങ്ങനെ വീട്ടിൽ പോയി ഡ്രസ്സ് മാറ്റി 11pm ന്‌ റോഡിൽ എത്തി.

ആദ്യം നിന്നത് പാലക്കാട് ഭാഗത്തേക്ക് ആണ്….ഒരു ലോറി വരുന്നുണ്ട്… കൈകാണിച്ചു. പക്ഷേ നിർത്തിയില്ല.. രണ്ടാമത്തെയും എത്തി അതും നിർത്തിയില്ല. അങ്ങനെ പാലക്കാട് മാറ്റി പെരിന്തൽമണ്ണ ഭാകത്തേക്ക് പോണ വണ്ടിക്ക് കാത്തു നിന്നു ആദ്യം വന്ന വണ്ടി നിർത്തി
അങ്ങോട്ട് വല്ലതും പറയും മുമ്പേ ഡ്രൈവർ എങ്ങോട്ടാ പോകേണ്ടത്, കേട്ട പാതി കേക്കാത്ത പാതി റിയാസ് മുമ്പിലോട്ട് വന്നു ഓന് പറയാ “ഇങ്ങള് എങ്ങട്ട അങ്ങട്ടന്നേ” എന്തായാലും മൂപ്പര് വണ്ടിയിൽ കയറാൻ അനുവാദം തന്നു.

വാളയാറിൽ നിന്നും കമ്പി ലോഡുമായി കണ്ണൂർ പോകുന്ന വണ്ടിയാണ്… വണ്ടിക്കാരൻ മഹേശേട്ടൻ.പുള്ളി ഒറ്റക്കാണ്,പതിനെട്ടാം വയസ്സിൽ വളയം പിടിക്കാൻ തുടങ്ങിയതാ, ഞങ്ങൾ രണ്ടു മൂന്നു വണ്ടിക്ക് കൈ കാണിച്ചു നിർത്തിയില്ല എന്ന് പറഞ്ഞപ്പോൾ, മൂപ്പര് ഉള്ള കാര്യം പറഞ്ഞു… കയറുന്ന ആളുകൾ എങ്ങനെ ഉള്ളവരാണ് എന്ന് അറിയില്ലല്ലോ… വണ്ടിയിൽ ചിലപ്പോൾ ക്യാഷ് ഉണ്ടാകും.. അത് കൊണ്ടാണ് അവർ നിർത്താതെ പോകുന്നത്. എന്തായാലും പാണ്ടി ലോറി യാത്ര സഫലമായത്തിന്റെ ത്രില്ലിൽ ഞങ്ങളും അന്നത്തെ രാത്രി പകലാക്കി മഹേശേട്ടന്റെ നാടായ കണ്ണൂരിലേക്ക്.

അങ്ങനെ വിൻഡോ സൈഡിൽ ഇരുന്ന് ആകാശത്തെ നക്ഷത്രങ്ങളെയും അമ്പിലിയമ്മവനെയും നോക്കി അങ്ങനെ വണ്ടി മുമ്പോട്ട് പോയി… കൊണ്ടോട്ടി എത്തിയപ്പോൾ വണ്ടി സൈഡ് ആക്കി, അങ്ങനെ ഇൗ യാത്രയിലെ ആദ്യത്തെ കട്ടൻ കൊണ്ടോട്ടിയിൽ നിന്നും അടിച്ച്… പിന്നേം യാത്ര തുടർന്നു, അങ്ങനെ പുള്ളിടെ നാട് എത്തിയപ്പോഴേക്കും നാലഞ്ചു കട്ടൻ അകത്താക്കി. ഒരു പ്ലാനും ഇല്ലാത്ത യാത്ര ആയോണ്ട് രാവിലെ എന്ത് ചെയ്യണം എന്നറിയില്ല… അങ്ങനെ മഹേശേട്ടനോട് കണ്ണൂർ ഉള്ള സ്ഥലങ്ങനെ പറ്റി ഒന്ന് തിരക്കി…പുള്ളിക്ക് വല്ല്യ പിടുത്തം ഇല്ല എന്നാലും പുള്ളി വണ്ടി നിറുത്തുന്ന സ്ഥലത്ത് പാലക്കയം തട്ട് അവിടെ പോകാൻ പറഞ്ഞു, അങ്ങനെ പുലർച്ച 5.30 ക്ക് ഞങ്ങളെ ഒരു ബസ് സ്റ്റാൻഡിൽ ഇറക്കി, ഇവിടെ നിന്ന് 6 മണിക്ക് ഒരു ksrtc ഉണ്ട് അതിൽ കയറിയാൽ മതി എന്നും പറഞ്ഞ് നല്ലൊരു ലോറി യാത്ര സമ്മാനിച്ച് മഹേശേട്ടൻ പോയി.

അങ്ങനെ കുറച്ച് നേരത്തെ കാത്തിരിപ്പിന് ശേഷം പാലക്കയം തട്ടിലേക്ക് പോകുന്ന നമ്മുടെ ആനവണ്ടി എത്തി….ഏകദേശം 7 മണിക്ക് ഞങ്ങൾ പലക്കായം അടുത്തുള്ള മണ്ഡലം എന്ന സ്ഥലത്തെത്തി, അവിടെ ഒരു ഹോട്ടലിൽ കയറി ചായ കുടിച്ചു. ഇവിടെ നിന്നും അഞ്ച് കിലോ മീറ്റർ ഉണ്ട് പാലക്കയം തട്ടിലേക്ക്… ഒരു വണ്ടിക്ക് വേണ്ടി കുറച്ച് നേരം കാത്തിരുന്നു പക്ഷെ കിട്ടിയില്ല… “ന്ന പിന്നെ ഞമ്മക്ക്‌ നടന്നു കയറി യാലോ ” റിയാസ് ഒകെ ആണ്, ആഷിഖ് ന്‌ ചെറിയൊരു മടി ഉണ്ട് എന്നാലും അവനും ഒക്കെ പറഞ്ഞു, ഞങ്ങൾ ട്രെക്കിങ്ങ് തുടങ്ങി.

ഏകദേശം 2 km കഴിഞ്ഞപ്പോൾ ഒരു സൈൻ ബോർഡ് കണ്ട്, ജനകിപ്പാറ വെള്ളച്ചാട്ടം 1.5 km അയ്യൻ മട ഗുഹ 2 km. ഞങ്ങൾ വീണ്ടും പാലക്കയം തട്ട് ലക്ഷ്യമാക്കി മുമ്പോട്ട് നീങ്ങി…കുറച്ച് മുന്നോട്ട് പോയപ്പോൾ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ വരുന്നത് കണ്ട്, അവരോട് പാലക്കായം തട്ടിലെക്ക് വല്ല കുറുക്കു വഴി ഉണ്ടൊന്ന് ചോദിച്ച്, അവർ ഒരു വഴി പറഞ്ഞ് തന്നു…അങ്ങനെ അതിലൂടെ കുറച്ച് പോയി ചില വീട്ടു വളപ്പിൽ കൂടി ആണ് ഇൗ വഴി കടന്നു പോകുന്നത്. അങ്ങ് ദൂരെ ആയി പാലക്കയം തട്ട് വ്യൂ പോയിന്റ് കാണുന്നുണ്ട്, അങ്ങനെ ഒരു വിധം ഞങ്ങൾ പാലക്കയം തട്ടിൽ എത്തി.

പുതിയ ടൂറിസം പദ്ധതി ആണ് പാലക്കയം തട്ട്…പണികൾ നടന്നു കൊണ്ടിരിക്കുകയാണ്.
ടിക്കറ്റ് കൗണ്ടറിൽ ഞങ്ങൾ മലപ്പുറത്തിന് വരുവാണ് എന്ന് പറഞ്ഞപ്പോൾ അവർക്ക് അൽഭുതം, മണ്ഡലത്തിൽ നിന്ന് നടന്നാണ് ഇവിടെ എത്തിയതെന്നും പറഞ്ഞപ്പോൾ അവർ ഞങ്ങളെ നമിച്ചു. 20 രൂപയുടെ ടിക്കറ്റ് എടുത്തു ഞങ്ങൾ അകത്തേക്ക് കയറി.

സമയം 10 മണി കഴിഞ്ഞത് കൊണ്ട് വേയിൽ നല്ല ചൂടുണ്ട്….അവിടെ ചെറിയ ഓല മേഞ്ഞ കൂരകൾ ഉണ്ട്, അവിടെ പോയി ഇരുന്നു, ചെറിയ കാറ്റും കൂടി കൂടിയപ്പോ സംഗതി പൊളിച്ച്, ദൂരെ പൈതൽ മലയുടെ വിദൂര ദൃശ്യം കാണാം.ഏകദേശം 11.30 ക്ക് ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി.

റോട്ടിൽ ഇറങ്ങിയപ്പോൾ ഒരു ജീപ്പ് കിട്ടി അതിൽ മണ്ഡലം വരെ പോയി, പിന്നെ അവിടെ നിന്നും വീണ്ടും ആനവണ്ടി കയറി തളിപ്പറമ്പ് ലക്ഷ്യമാക്കി നീങ്ങി, തളിപറമ്പിൽ നിന്നും ഉച്ചയൂണ് കഴിഞ്ഞ് ഞങ്ങൾ പയ്യാമ്പലം ബീച്ചിലേക്ക് ബസ് കയറി, ബസ് പയ്യാമ്പലം ബീച്ചിൽ പോകില്ല, ബീച്ചിന്റെ അടുത്ത സ്റ്റോപ്പിൽ നിന്ന് ഞങ്ങൾ ഓട്ടോ വിളിച്ച് ബീച്ചിൽ പോയി. കുറെ ഫോട്ടോ എടുത്തും മറ്റും കുറച്ച് സമയം അവിടെ ചിലവഴിച്ച്, സൂര്യാസ്തമയം കാണാൻ നിന്നാൽ ഒത്തിരി വൈകും എന്നതിനാൽ വേഗം ഞങ്ങൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് ബസ് കയറി. ഇനി ഇന്ത്യൻ റെയ്ൽവേ യുടെ ഊഴമാണ് കണ്ണൂർ നിന്നും കോഴിക്കോട്ടേക്ക് ഒരു ട്രെയിൻ യാത്ര.

കോഴിക്കോട് ട്രെയിൻ ഇറങ്ങിയ ഞങ്ങൾ ksrtc ഡിപ്പോ ക്ക് അടുത്തുള്ള തട്ട് കടയിൽ കയറി കഴിച്ച്, അവിടെ നിന്നും നാട്ടിലേക്ക് വീണ്ടും ആനവണ്ടി..അങ്ങനെ രാത്രി 11 മണിക്ക് ഞങ്ങൾ പെരിന്തൽമണ്ണ എത്തി, നാട്ടിലെ രണ്ടു പയ്യന്മാർ പെരിന്തൽമണ്ണ ഉണ്ടായിരുന്നു അവരുടെ കൂടെ ബൈക്കിൽ കയറി നേരെ നാട്ടിലേക്ക് തിരിച്ചു.

വിവരണം – Muhammed Rafeeq Anamangad.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply