ഒരു തവണ വന്നിട്ടുള്ളവരാരും മറക്കില്ല മുഹമ്മയിലെ ഈ ‘വൈദ്യര് കട’യെ

വൈദ്യര് കട; കുട്ടനാടിന്റെ വശ്യസൗന്ദര്യം ആസ്വദിച്ച് മുഹമ്മയിലൂടെ പോയിട്ടുള്ളവര്‍ എത്തുന്നവര്‍ ഒരിക്കലും മറക്കാത്ത പേരാണ് വൈദ്യരുകടയെന്നുള്ളത്. മലയാളിയുടെ രുചിപ്പെരുമ തൊട്ടുണര്‍ത്തുന്ന ഈ ഭക്ഷണശാല നാടന്‍ മീന്‍കറി വിഭവങ്ങളാല്‍ പ്രസിദ്ധമാണ്. കേരളത്തിന്റെ തനതായ രീതിയില്‍ കായല്‍ മത്സങ്ങള്‍ കൊണ്ട് പാകംചെയ്യുന്ന കറികളാണ് ഇവിടത്തെ മുഖ്യാകര്‍ഷണം. സ്മിത ഹോട്ടല്‍ എന്നാണ് യഥാര്‍ത്ഥ പേരെങ്കിലും പൊതുവെ അറിയപ്പെടുന്നത് ‘വൈദ്യര് കട’ എന്നാണ്.

കാഴ്ചയില്‍ ചെറിയ ഒരു തട്ടുകടയ്ക്ക് സമാനമാണെങ്കിലും ഇവിടത്തെ വിഭവങ്ങളൊക്കെ ഭേഷാണ്. തിരക്ക് കൂടുമ്പോളും അധികം ആളുകള്‍ക്കും ഫാമിലികള്‍ക്കുമൊക്കെ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനായി ഹോട്ടലിന് അടുത്തായിതന്നെ ‘വൈദ്യരുടെ വീടും’ ഉണ്ട്. രണ്ടു സ്ഥലമാണെങ്കിലും ഇവിടെ ലഭിക്കുന്ന വിഭവങ്ങള്‍ ഒന്നുതന്നെ.

 

ചെമ്മീന്‍ ഫ്രൈ, കൊഞ്ച് ഫ്രൈ, ഞണ്ട് റോസ്റ്റ്, കൊഴുവ ഫ്രൈ, കാരി ഫ്രൈ, കരിമീന്‍ ഫ്രൈ, കാലാഞ്ചി കറി, കാലാഞ്ചി തലക്കറി, കക്കാത്തോരന്‍, കക്കാ ഫ്രൈ, മീന്‍ മുട്ടത്തോരന്‍ തുടങ്ങി മത്സ്യവിഭവങ്ങളുടെ ഒരു നീണ്ട നിരതന്നെയുണ്ട്. എല്ലാതരം കായല്‍മീന്‍ വിഭവങ്ങളും ഇവിടെ ലഭിക്കുന്നു എന്നു മാത്രമല്ല ഓരോ കറികളും വ്യത്യസ്തവുമാണ്. ഈ കറികളും കൂട്ടി ഒരു ഉച്ചയൂണ് ആലോചിക്കുമ്പോഴേ അത് അനുഭവിച്ചിട്ടുള്ളവരുടെ നാവില്‍ കപ്പലോടും.

വൈദ്യരുകടയിലേക്ക് കൂട്ടുകാരോടൊപ്പമോ കുടുംബത്തോടൊപ്പമോ പോകുന്നതാവും നല്ലത്. കാരണം വൈദരുടെ കടയിലെ മിക്ക ഭക്ഷണങ്ങളും ഒരാളെകൊണ്ട് ഒറ്റയ്ക്ക് കഴിച്ചുത്തീര്‍ക്കാന്‍ പറ്റില്ല. കാലാഞ്ചി തലക്കറിയൊക്കെ ഒറ്റയ്ക്ക് ഓഡര്‍ചെയ്താല്‍ പെട്ടുപോകുമെന്നുള്ള കാര്യം ഉറപ്പാണ്.

 

ഇവിടെ ഒരു വിഭവത്തിനും ഫിക്‌സഡ് റേറ്റോ ബില്ലോ ഇല്ലെന്നതാണ് മറ്റൊരു പ്രത്യേകത. ഊണ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ കൗണ്ടറിലിരിക്കുന്ന വൈദ്യര്‍ മിതമായ തുക നമ്മോട് പറയും, അതാണ് പതിവ്. കടയിലെത്തുന്നവരെ ഒരു കാരണവശാലും ‘കൊല്ലില്ല’ എന്നര്‍ത്ഥം. രുചിയേറിയ നാടന്‍ മത്സ്യഭക്ഷണങ്ങള്‍ പ്രിയമുള്ളവര്‍ക്ക് തീര്‍ചയായും വൈദ്യരുടെ കടയില്‍ പോകാം.

 

പാതിരാമണല്‍ കായല്‍ ഇവിടെനിന്നും 1 കിലോമീറ്റര്‍ അകലെ മാത്രമാണ്. സുന്ദരമായ ദൃശ്യഭംഗിയും കായല്‍കാറ്റും ആസ്വദിച്ച് മുഹമ്മയിലെത്തുന്നവര്‍ക്ക് നല്ലയൊരു ഉച്ചയൂണ് വൈദ്യരുടെ കട നല്‍കുന്നു. ആകെയുള്ള ബുദ്ധിമുട്ട് എന്തെന്നാല്‍ ഓര്‍ഡര്‍ ചെയ്ത് ഭക്ഷണം എത്താനായി കുറച്ച് കാത്തിരിക്കണമെന്നുള്ളതാണ്. പക്ഷേ അതിനും തയ്യാറാണ് അവിടെ എത്തുന്നവര്‍.

Source – evartha , Photos – Manorama Online.

Check Also

മലയൻകീഴിലെ മിന്നൽ ഹോട്ടൽ – ശ്രീജയുടെ വിശേഷങ്ങൾ

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ഏകദേശം 55 വർഷം മുമ്പ് മലയിൻകീഴ് തുടങ്ങിയ …

Leave a Reply