ലേഖനത്തിനു കടപ്പാട് – Mujeeb Anthru.
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വർണ വിസ്മയലോകത്തെ കാഴ്ചകൾ ഹരം പകരുന്നവയാണ്. വാക്യത്തിലോ വർണനയിലോ ഒതുങ്ങാത്ത പ്രകൃതിയുടെ സൗന്ദര്യം കണ്ടാലും മതിവരില്ലെന്ന മട്ടാണ് മിക്ക സഞ്ചാരികൾക്കും. അത്തരത്തിൽ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ പറ്റിയ ഇടമാണ് “ഇടയൻ തടാകം”.
മുവാറ്റുപുഴ നിന്നും പിറവം വഴിയിൽ പോകുമ്പോൾ അഞ്ചൽപ്പെട്ടി കഴിഞ്ഞ് ഇരുന്നൂറ് മീറ്റർ മുന്നോട്ട് പോയാൽ വലത് വശം “ഇടയൻ തടാകം, ഓണക്കൂർ” എന്ന ബോർഡ് കാണാം, ഒരു ചെറു വാഹനം പോകാവുന്ന ഇവിടേക്കുള്ള ഇടുങ്ങിയ വഴിയെ ചെന്നെത്തുന്നത് വിശാലമായ ഒരു തടാകക്കരയിൽ. ആമ്പലും താമരയും മറ്റ് ജലസസ്യങ്ങളും വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന നീല കോഴിയും, പലതരം കൊക്ക് വർഗ്ഗങ്ങളും, ദേശാടന പക്ഷികളും, മറ്റനേകം അപൂർവ്വയിനം പക്ഷികളും നിറഞ്ഞ് സമ്പുഷ്ടമാണ് ഇവിടം.
സന്ദർശകർക്കായി പെഡൽബോട്ട്, മോട്ടോർ ബോട്ട്, വാട്ടർ സ്കൂട്ടർ, ചൂണ്ടയിട്ട് മീൻ പിടിക്കാനുള്ള സൗകര്യം, നീന്തൽക്കുളം, ഊഞ്ഞാലുകൾ, കാന്റീൻ കൂടാതെ താമസസൗകര്യത്തിന് ഏറുമാടവും, റൂമുകളും സുസജ്ജമാണ്. പലതരത്തിലുള്ള ആക്ടിവിറ്റി പാക്കേജ് ഇവിടെ നടത്തിവരുന്നു. ഒഴിവു സമയം കുടുംബവുമൊത്ത് ആഘോഷിക്കാൻ പറ്റിയ ഇടം.
തടാകത്തിൽ തന്നെ നിർമ്മിച്ചിരിക്കുന്ന നീന്തൽക്കുളവും, ഫ്ലോട്ടിങ് പ്ലാറ്റ്ഫോമും, മീൻ വളർത്തൽ കേന്ദ്രവും വളരെ മനോഹരമാണ്, സദാ സമയവും തടാകത്തിന് മുകളിലൂടെ വട്ടമിട്ട് പറന്നും, മരച്ചില്ലകളിലും, ജലാശയത്തിലും ഇരുന്ന് ശബ്ദമുണ്ടാക്കി നിറസാന്നിദ്ധ്യം അറിയിക്കുന്ന പക്ഷിക്കൂട്ടങ്ങൾ ഇടയൻ തടാകത്തിന് കൂടുതൽ മനോഹാരിത നൽകുന്നു. ശുദ്ധവായു ശ്വസിച്ച് അൽപ്പനേരം മറ്റെല്ലാം മറന്ന് ആസ്വദിക്കാൻ ഒരിടം നൽകുന്നു ഈ ഇടയൻ. ശുദ്ധവായു ശ്വസിച്ച് പ്രകൃതിയുടെ സൗന്ദര്യം നുകർന്നു അൽപ്പനേരം മറ്റെല്ലാം മറന്ന് ആസ്വദിക്കാൻ പറ്റിയ സ്വർഗ്ഗഭൂമി ഇടയൻ തടാകം. അധികമാരും ശ്രദ്ധിക്കപ്പെടാത്ത ഇവിടേക്ക് പ്രകൃതിയുടെസൗന്ദര്യം അറിഞ്ഞു കേട്ട് എത്തുന്നവരാണ് ഭൂരിഭാഗവും.
അലക്സ് മാണിയെന്ന പിറവം സ്വദേശിയുടെ മനസിലുദിച്ച ആശയമാണ് ഇന്ന് ഇടയന് തടാകമെന്ന പേരില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ആദ്യ കാലത്ത് തനിക്കും കുടുംബത്തിനും ഒഴിവ് സമയങ്ങള്‍ ചലവഴിക്കാനുള്ളയിടമായാണ് അദ്ദേഹം ഇവിടം സജ്ജമാക്കിയത്. ടൂറിസത്തിന്റെ സാധ്യതകൾ കണ്ടപ്പോൾ അദ്ദേഹം പിന്നീട് ഇവിടെ സഞ്ചാരികൾക്കായുള്ള കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയായിരുന്നു.
മുൻപ് ഇവിടം കൃഷി ചെയ്തിരുന്ന പാടശേഖരമായിരുന്നു. എന്നാൽ സമീപത്ത് പുതിയ ചിറ വന്നതോടെ ഈ പാടശേഖരം കൃഷിയ്ക്ക് യോഗ്യമല്ലാതായിത്തീരുകയായിരുന്നു. അങ്ങനെയാണ് ഈ സ്ഥലത്ത് ടൂറിസത്തിൻ്റെ സാദ്ധ്യതകൾ അലക്സ് കാണുന്നത്. ഘട്ടം ഘട്ടമായാണ് ഈ മനോഹരമായ സ്ഥലത്ത് വിവിധ സൗകര്യങ്ങളെല്ലാം സജ്ജമാക്കിയത്.
രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ഇവിടേക്കുള്ള പ്രവേശനം. അത്യാവശ്യം എല്ലാവർക്കും താങ്ങാവുന്ന നിരക്കുകളാണ് ഇവിടെ വിവിധ ആക്ടിവിറ്റികൾക്ക് ഈടാക്കുന്നത്. അതോടൊപ്പം തന്നെ എടുത്തു പറയേണ്ട ഒന്നാണ് സുരക്ഷയും ശുചിത്വവും.
മൂവാറ്റുപുഴയിൽ നിന്നും പതിമൂന്ന് കിലോമീറ്റർ അകലത്തിൽ മാത്രം. ഇതിന് അടുത്തായി സ്ഥിതിചെയ്യുന്ന മനോഹരമായ അരീക്കൽ വെള്ളച്ചാട്ടവും കൂടി ഉൾപ്പെടുത്തി അവധിദിന വേളകൾ ആസ്വദിക്കാൻ അനുയോജ്യമാണ് ഇവിടം. മൂവാറ്റുപുഴയിൽ നിന്നും പതിമൂന്ന് കിലോമീറ്ററും പിറവത്തുനിന്നും പന്ത്രണ്ട് കിലോമീറ്ററും ദൂരം താണ്ടിയാൽ അരീക്കൽ വെള്ളച്ചാട്ടത്തിൽ പോകാം.