കെഎസ്ആർടിസിയുടെ കുഞ്ഞുപെങ്ങൾ ആതിരയുടെ അനുഭവം കേൾക്കാം…

കെ എസ് ആർ ടി സി ജീവനക്കാരെക്കുറിച്ച് യാത്രക്കാർ നല്ലതു പറയുന്നത് കേട്ടിട്ടുണ്ടോ? ഇനി അഥവാ നല്ലത് പറയുവാൻ ഉണ്ടെങ്കിലും മിക്കവർക്കും മടിയാണ്. എന്നാൽ എന്തെങ്കിലും കുറ്റമോ മറ്റോ ആണെങ്കിൽ തീർന്നു.. പിന്നെ ഫേസ്‌ബുക്കിൽ പോസ്റ്റ് ഇടലായി… ഷെയർ ചെയ്യലായി… അല്ലെങ്കിലും നമ്മുടെ സമൂഹത്തിൽ കൂടുതലാളുകൾക്കും കുറ്റം ആഘോഷിക്കുവാൻ മാത്രമാണല്ലോ താൽപ്പര്യം. കഴിഞ്ഞയാഴ്ച ആതിര ജയൻ എന്ന ഒരു പെൺകുട്ടി തന്റെ ഫേസ്‌ബുക്കിൽ കെഎസ്ആർടിസി ജീവനക്കാരെക്കുറിച്ച് ഒരു പോസ്റ്റ് ഇടുകയുണ്ടായി. കുറ്റവും കുറവും ഒന്നുമല്ല. ഏതൊരാളുടെയും മനസ്സ് നിറയ്ക്കുന്ന ഒരു അനുഭവമാണ് ആ പെൺകുട്ടി ഫേസ്‌ബുക്കിൽ പങ്കുവെച്ചത്. ആദ്യം നമുക്ക് ആതിരയുടെ പോസ്റ്റ് ഒന്ന് വായിക്കാം…

“ഞാൻ  KSRTC യിൽ സ്ഥിരമായി യാത്ര ചെയ്യുന്ന ഒരാളാണ്.. പക്ഷെ ഇങ്ങനെയൊരു അനുഭവം ആദ്യമായാണ് KSRTC ജീവനക്കാരിൽ നിന്നും ഉണ്ടായത്.. കഴിഞ്ഞ ശനിയാഴ്ച (02/06/2018) രാത്രി എന്റെ ജോലി സ്ഥലമായ എറണാകുളത്തു നിന്നും കൊല്ലത്തേക്ക് വരികയുണ്ടായി.. കൊല്ലത്തു എത്തിയപ്പോൾ ഏകദേശം രാത്രി 1.30 ആയിരുന്നു.. മഴ ഉണ്ടായിരുന്നത് കാരണം എന്റെ സഹോദരൻ വിളിക്കാൻ വരാൻ കുറച്ചു വൈകിപോയി.. എന്നാൽ അന്നത്തെ KSRTC ജീവനക്കാർ എന്നെ അവിടെ ഒറ്റക്ക് വിട്ടു പോകാൻ കൂട്ടാക്കിയില്ല.. എന്റെ സഹോദരൻ എത്തുന്ന ഒരു 5-7 മിനിറ്റ് വരെ അവർ ബസ് നിർത്തിയിട്ടു.. ഞാൻ അവരോടു പൊയ്ക്കോളാൻ പറഞ്ഞെങ്കിലും എന്റെ സഹോദരൻ എത്തിയ ശേഷം എന്നെ അവനോടൊപ്പം സുരക്ഷിതമായി യാത്രയച്ചതിനു ശേഷമാണ് അവർ ട്രിപ്പ്‌ തുടർന്നത്.. ആ ഒരു സാഹചര്യത്തിൽ എനിക്കവരോട് ഒരു നന്ദിവാക്കു പോലും പറയാൻ കഴിഞ്ഞില്ല.. അന്നു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന KSRTC ജീവനക്കാർക്കും അതിൽ യാത്ര ചെയ്തിരുന്ന മറ്റുള്ള യാത്രക്കാരോടും എന്റെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു.. !!”

ഇൻഡിഗോ എയർലൈൻസിലെ ജീവനക്കാരിയായ ആതിര യാത്ര ചെയ്ത ബസ് RPE554 കോയമ്പത്തൂർ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ആയിരുന്നു. നെടുമ്പാശ്ശേരി എയർപോർട്ടിന് സമീപത്തുള്ള അത്താണി സ്റ്റോപ്പിൽ നിന്നുമായിരുന്നു ആതിര ബസ്സിൽ കയറിയത്. കൊല്ലം ജില്ലയിലെ ചവറയ്ക്ക് അടുത്ത ശങ്കരമംഗലം ബസ് സ്റ്റോപ്പിലാണ് ആതിര ഇറങ്ങിയത്. കൂട്ടിക്കൊണ്ടുവരാനായി സ്റ്റോപ്പിലേക്ക് സഹോദരൻ വന്നുകൊണ്ടിരിക്കെ ശക്തമായ മഴ പെയ്യുകയും സഹോദരന് എവിടെയോ കയറി നിൽക്കേണ്ടി വരികയും ചെയ്യുകയുണ്ടായി.  അസമയത്ത് ഒരു പെൺകുട്ടിയെ ഒറ്റയ്ക്ക് വിട്ടിട്ടു പോകാൻ മനസ്സ് തോന്നിക്കാതിരുന്ന ആ ജീവനക്കാർ സഹോദരൻ വരുന്നതുവരെ ഒരു ആങ്ങളയുടെ കടമ ഏറ്റെടുക്കുകയായിരുന്നു. രാത്രികാലങ്ങളിൽ സ്റ്റോപ്പ് ഇല്ലാത്ത സ്ഥലത്തു നിർത്തിക്കൊടുക്കാൻ മടിയുള്ള ജീവനക്കാർ വരെ ജോലിചെയ്യുന്ന കെഎസ്ആർടിസിയിൽ തന്നെയാണ് ഇവരും ജോലി ചെയ്യുന്നത് എന്നോർക്കണം. അതുപോലെ തന്നെ അത്രയും സമയം ഈ പെൺകുട്ടിയുടെ സുരക്ഷയ്ക്കായി കാത്തു നിന്ന യാത്രക്കാരും അഭിനന്ദനം അർഹിക്കുന്നു.

അന്ന് എന്താണ് നടന്നതെന്ന് ഇനി ആതിരയുടെ വാക്കുകളിൽ കേൾക്കാം… ഫോൺകോളിന്റെ ഓഡിയോ കാണുക…

കെഎസ്ആർടിസി ആരാധകരുടെ ചങ്കിൽ കാത്തുസൂക്ഷിക്കാനുള്ള കുറിപ്പാണ് ആതിര ജയൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. യാത്രക്കാർ ബസിന് വേണ്ടി കാത്തിരിക്കുന്നത് സാധാരണം. എന്നാൽ ഇവിടെ ഒരു സാധാരണക്കാരിക്ക് വേണ്ടി ബസ് കാത്തുകിടന്നതാണ് ഈ സംഭവത്തെ ഇത്രയും വൈറൽ ആക്കിയത്. കെഎസ്ആർടിസി ജീവനക്കാരോട് നന്ദി പ്രകടിപ്പിച്ചുള്ള ആതിരയുടെ ഈ പോസ്റ്റ് നിമിഷങ്ങൾക്കകം സോഷ്യൽമീഡിയയിൽ വൈറലായി. യാത്ര ചെയ്ത ബസിലെ ടിക്കറ്റിന്റെ ചിത്രം യുവതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നതിനാൽ നല്ലവരായ ജീവനക്കാരെ കണ്ടെത്താനായിരുന്നു എല്ലാവരുടെയും ശ്രമം. ഒടുവിൽ ആ നന്മനിറഞ്ഞ ആങ്ങളമാരായ കെഎസ്ആർടിസി ജീവനക്കാരെ സോഷ്യൽ മീഡിയ തന്നെ കണ്ടെത്തി. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ കണ്ടക്ടർ പിബി ഷൈജുവും ഡ്രൈവർ കെ ഗോപകുമാറുമായിരുന്നു അന്ന് ബസിലുണ്ടായിരുന്നത്. ജീവനക്കാരെ തിരിച്ചറിഞ്ഞതോടെ അഭിനന്ദനങ്ങളുടെ പ്രവാഹമാണ് ഇവരുവരെയും തേടിയെത്തിയത്.

കെഎസ്ആർടിസി ഡിപ്പോ ഉദ്യോഗസ്ഥർ മുതൽ എംഡി ടോമിൻ തച്ചങ്കരി വരെ ഇരുവരെയും ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചു. കെഎസ്ആർടിസിയുടെ ഔദ്യോഗിക അഭിനന്ദന കുറിപ്പ് ടോമിൻ തച്ചങ്കരി രണ്ടുപേർക്കും കൈമാറുകയും ചെയ്തു. ഇതിനുപുറമേ കെഎസ്ആർടിസി ഫാൻ ക്ലബുകളുടെയും കൂട്ടായ്മകളുടെയും അഭിനന്ദനങ്ങളും ഇവരെ തേടിയെത്തി. എന്തായാലും കെഎസ്ആർടിസിയിലെ പൊന്നാങ്ങളമാരായ ഇവർ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഹീറോസ്.

Check Also

കേരളത്തിലെ സിനിമാ തിയേറ്ററുകൾ; ചരിത്രവും വസ്തുതകളും

കേരളത്തിലെ സിനിമാശാലകളെപറ്റിയുള്ള  ചരിത്രം 113 വർഷം പിന്നിട്ടിരിക്കുന്നു. കേരളത്തിലെ ആദ്യത്തെ സിനിമാ പ്രദർശനം നടന്നത് 1907 ൽ തൃശൂർ പൂരത്തിനിടയ്ക്ക് …

Leave a Reply