എയർ ഇന്ത്യയെ കുറിച്ച് ആറു വസ്തുതകൾ, പറന്നു തളർന്ന വിമാനങ്ങൾ തറവാട്ടിലേക്കു മടങ്ങുമോ?

രാജ്യത്തിന്റെ ദേശീയ വിമാനക്കമ്പനിയായ എയർഇന്ത്യ തങ്ങളുടെ തറവാട്ടിലേക്കു മടങ്ങുമോ? പൂർണമായും സ്വകാര്യവൽക്കരിച്ചാൽ രാജ്യത്തിന്റെ ദേശീയ വിമാനക്കമ്പനി എന്ന സ്ഥാനം എയർഇന്ത്യയ്ക്കു തുടരാനാകുമോ? എയർഇന്ത്യയുടെ സമ്പൂർണ സ്വകാര്യവൽക്കരണ നടപടികളുമായി മുന്നോട്ടു പോകാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ഇന്ത്യൻ വ്യോമയാന മേഖലയിൽ ഉയർത്തുന്ന ചോദ്യങ്ങളാണിവ.

52,000 കോടിയിലേറെ രൂപയുടെ ബാധ്യതയുള്ള എയർഇന്ത്യയെ പുനരുദ്ധരിക്കാനുള്ള സകല വഴികളും വിവിധ കാലത്തെ സർക്കാരുകൾ നോക്കിയിരുന്നു. പലതും ഭാഗികമായി വിജയിച്ചെങ്കിലും കടബാധ്യതകളുടെ വർധന മൂലം ബാധ്യതകൾ ഇപ്പോഴും ഏറി വരികയാണ്. 30,000 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജുകൾ ഭാഗികമായി നടപ്പാക്കിയെങ്കിലും ഏറെ ഫലം കണ്ടില്ല.

ഇതോടൊപ്പം തന്നെ എയർഇന്ത്യയെ ഭാഗികമായി സ്വകാര്യവൽക്കരിക്കാനുള്ള നീക്കവും ആരംഭിച്ചിരുന്നു. 40 ശതമാനം വരെ ഓഹരികൾ വാങ്ങാൻ ടാറ്റ ഗ്രൂപ്പ് തയാറായിരുന്നു. പൂർണമായും സ്വന്തമാക്കാനുള്ള ആഗ്രഹം 2013ലും ഇപ്പോഴും അവർ ആവർത്തിച്ചിട്ടുണ്ട്. ഇതിനു പുറമെ ഏതാനും ഇന്ത്യൻ വിമാനക്കമ്പനികളും വിദേശ വിമാനക്കമ്പനികളും വിവിധ ഘട്ടങ്ങളിൽ ഭാഗികമായി എയർഇന്ത്യയെ ഏറ്റെടുക്കാൻ മുന്നോട്ടു വന്നിരുന്നു.

∙ ചരിത്രം

1932ൽ ജെ.ആർ.ഡി. ടാറ്റ, ടാറ്റ എയർലൈൻസ് എന്ന പേരിൽ രാജ്യത്തെ ആദ്യ ഷെഡ്യൂൾഡ് വിമാനക്കമ്പനി സ്ഥാപിച്ചു. 1946ൽ എയർഇന്ത്യ എന്ന പേരിൽ പബ്ലിക് ലിമിറ്റഡ് കമ്പനിയാക്കി മാറ്റി. 1948ൽ 49 ശതമാനം ഓഹരികൾ കേന്ദ്ര സർക്കാർ വാങ്ങി. എയർഇന്ത്യ ഇന്റർനാഷനൽ എന്ന പേരിൽ രാജ്യാന്തര സർവീസുകൾ ആരംഭിച്ചു. 1953ൽ എയർ കോർപറേഷൻ നിയമത്തിലൂടെ ദേശീയവൽക്കരിച്ചു. എയർഇന്ത്യ ഇന്റർനാഷനൽ, ഇന്ത്യൻ എയർലൈൻസ് എന്നീ രണ്ടു കമ്പനികളാക്കി. 1962ൽ എയർഇന്ത്യ ഇന്റർനാഷനൽ എന്ന പേര് എയർഇന്ത്യ എന്നാക്കി മാറ്റി.

1953ൽ എയർ കോർപറേഷൻ ആക്ട് പിൻവലിച്ചു. ഇരു കമ്പനികളേയും ലിമിറ്റഡ് കമ്പനികളാക്കി മാറ്റി. സ്വകാര്യ വിമാനക്കമ്പനികളെ സർവീസ് നടത്താൻ അനുവദിച്ചു. 2000ൽ ഇന്ത്യൻ എയർലൈൻസിന്റെ 51 ശതമാനവും എയർഇന്ത്യയുടെ 60 ശതമാനം ഓഹരികളും വിൽക്കാൻ തീരുമാനം. 2007ൽ ഇരു കമ്പനികളും സംയോജിപ്പിച്ച് നാഷനൽ ഏവിയേഷൻ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് രൂപീകരിച്ചു. 2010ൽ ഇതിനെ വീണ്ടും എയർഇന്ത്യ ലിമിറ്റഡ് എന്നാക്കി മാറ്റി. 2012ൽ സ്വകാര്യവൽക്കരണ നടപടികൾ ഉപേക്ഷിച്ച് 30,000 കോടി രൂപയുടെ പത്തു വർഷം കാലാവധിയുള്ള പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചു. 2017ൽ പൂർണ സ്വകാര്യവൽക്കരണത്തിന് തീരുമാനം.

∙ നിലവിലെ അവസ്ഥ

നിതി ആയോഗിന്റെ നിർദേശപ്രകാരമാണ് കേന്ദ്ര സർക്കാർ ഇപ്പോൾ എയർഇന്ത്യയുടെ പൂർണ സ്വകാര്യവൽക്കരണ നടപടികളിലേക്കു കടക്കുന്നത്. നിലവിൽ 52,000 കോടി രൂപയുടെ ബാധ്യതയുള്ള എയർഇന്ത്യ വർഷം തോറും നാലായിരം കോടി രൂപയുടെ അധിക ബാധ്യതയാണ് സർക്കാരിനു സമ്മാനിക്കുന്നത്. രാജ്യത്തെ നികുതിദായകരെ പിഴിഞ്ഞ് ഇത്രയേറെ വലിയൊരു ബാധ്യത ഇനിയും സർക്കാർ കൊണ്ടുനടക്കേണ്ടതില്ല എന്ന കണ്ടെത്തലിലാണ് ഇത്തരമൊരു നിർദേശം നീതി ആയോഗ് നൽകിയത്.

ഇതിനു പുറമെ എയർഇന്ത്യയ്ക്ക് 1200 കോടി രൂപയുടെ ബാധ്യത തങ്ങളുടെ ജീവനക്കാരോടുമുണ്ട്. 27,000 വരുന്ന ജീവനക്കാർക്ക് ശമ്പളം അനുബന്ധ അലവൻസുകൾ എന്നീയിനങ്ങളിലുള്ള കുടിശിഖയാണിത്. പ്രവർത്തന ലാഭമുള്ള എയർഇന്ത്യ എക്സ്പ്രസ് ഒഴികെ അ‍ഞ്ചു സബ്സിഡിയറി കമ്പനികളും എയർഇന്ത്യയും സ്വകാര്യവൽക്കരിക്കുന്നതിനാണ് ഇപ്പോൾ സർക്കാർ തീരുമാനിച്ചിട്ടുള്ളത്. എയർഇന്ത്യ എക്സ്പ്രസിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല.

∙ ഏറ്റെടുക്കേണ്ടത്

വിമാനങ്ങൾ വാങ്ങിയ ഇനത്തിൽ കുടിശിഖയുള്ളത് 20,000 കോടി രൂപ. പ്രവർത്തനനഷ്ടം 30,000 കോടി രൂപ. ശമ്പളകുടിശിക 1200 ഉൾപ്പെടെ മറ്റു ബാധ്യതകൾ രണ്ടായിരം കോടി രൂപ. വാങ്ങുന്നവർക്ക് ബാധ്യതകളോടൊപ്പം ലഭിക്കുന്നത് 43 വിമാനങ്ങൾ, ആഭ്യന്തര രാജ്യാന്തര സെക്ടറിലെ റൂട്ടുകൾ, പാർക്കിങ് സ്ലോട്ടുകൾ തുടങ്ങിയവ. ശരാശരി 48–50 പ്രായത്തിലുള്ള ജീവനക്കാർ. ഇവരിൽ 1600 പൈലറ്റുമാർ, രണ്ടായിരം എൻജിനീയറിങ് വിദഗ്ധർ. യൂണിയനുകൾ, തൊഴിൽ കരാറുകൾ തുടങ്ങിയവ വേറെയും.

എയർഇന്ത്യയ്ക്ക് മുംബൈ വിമാനത്താവളത്തിനടുത്ത് 100 ഏക്കറും ഡൽഹിയിൽ 80 ഏക്കറും സ്ഥലമുണ്ട്. ഇതിനുമാത്രം ഏതാണ്ട് 8000 കോടി രൂപ വിലമതിക്കും. 31 വിമാന അറ്റകുറ്റപ്പണി കേന്ദ്രങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുണ്ട്. ഇതിൽ നല്ലൊരു ശതമാനവും പുതിയതും രാജ്യാന്തര നിലവാരമുള്ളതുമാണ്. ന്യൂയോർക്ക്, ചിക്കാഗോ, ലണ്ടൻ, സിയോൾ തുടങ്ങിയ ലോകത്തെ പ്രമുഖ വിമാനത്താവളങ്ങളിലെ പാർക്കിങ് സ്ലോട്ടുകൾ വൻ മൂല്യമേറിയതാണ്.

∙ ടാറ്റയുടെ നീക്കം

ടാറ്റ എയർലൈൻസ് കൈവിട്ട ശേഷം ഏറെക്കാലത്തേക്ക് വിമാനക്കമ്പനി സ്വപ്നം ടാറ്റ ഗ്രൂപ്പിൽ ഉണ്ടായിരുന്നില്ല. എയർഇന്ത്യയുടെ ഭാഗികമായ സ്വകാര്യവൽക്കരണ നീക്കങ്ങൾ 2000ൽ ആരംഭിച്ചപ്പോഴാണ് വീണ്ടും ഇത് ഉയർന്നുവന്നത്. ഭാഗിക പങ്കാളിത്തമാണ് അന്ന് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇതിനിടെ എയർഇന്ത്യ പുനരുദ്ധാരണ പാക്കേജ് സർക്കാർ പ്രഖ്യാപിക്കുകയും സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കുകയും ചെയ്തതോടെ എയർഇന്ത്യയിൻമേലുള്ള ടാറ്റയുടെ പ്രതീക്ഷ മങ്ങി. എന്നാൽ മറ്റൊരു വിമാനക്കമ്പനി എന്ന ആശയമാണ് വിസ്താരയായും എയർഏഷ്യ ഇന്ത്യയായും ഇവിടെ വിരിഞ്ഞത്. രണ്ടും വിദേശ വിമാനക്കമ്പനികളുമായി ചേർന്നുള്ള പങ്കാളിത്ത പദ്ധതി.

ഇപ്പോൾ എയർഇന്ത്യയെ പൂർണമായും വിറ്റഴിക്കാനുള്ള സർക്കാർ നീക്കം പ്രഖ്യാപിച്ചതോടെ ഇതിനുള്ള നീക്കം സജീവമാക്കിയിരിക്കുകയാണ് ടാറ്റ ഗ്രൂപ്പ്. ഇതു സംബന്ധിച്ചുള്ള വിശദമായ പ്രഖ്യാപനത്തിനും എയർഇന്ത്യയെ സംബന്ധിച്ചുള്ള വിപുലമായ വിവരങ്ങൾക്കുമായി കാത്തിരിക്കുകയാണ് ടാറ്റ. എയർഇന്ത്യയെ പൂർണമായി ഉൾക്കൊള്ളാൻ ടാറ്റ തയാറായാൽ 65 വർഷങ്ങൾക്കു ശേഷമുള്ള എയർഇന്ത്യയുടെ തറവാട്ടിലേക്കുള്ള മടക്കയാത്രയാകുമത്.

∙ മറ്റുള്ളവരെയും പരിഗണിക്കാൻ സമ്മർദം

ടാറ്റ ഗ്രൂപ്പിന്റേതായിരുന്നു എയർഇന്ത്യ എന്നത് നിലനിൽക്കുമ്പോൾത്തന്നെ വിദേശ വിമാനക്കമ്പനികളെക്കൂടി എയർഇന്ത്യ വിൽപനയിൽ പരിഗണിക്കണമെന്ന് വ്യാപകമായ ആവശ്യമുയർന്നിട്ടുണ്ട്. എയർഇന്ത്യയുടെ വൻ മൂല്യമേറിയ വിപുലമായ സർവീസ് ശ‍ൃംഖലയിലാണ് വിദേശ വിമാനക്കമ്പനികളുടെ കണ്ണ്.

ഖത്തർ എയർവേയ്സ് മുൻപ് എയർ ഇന്ത്യ ഓഹരികൾ വാങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചത് ഈയടിസ്ഥാനത്തിലുള്ളതാണ്. എയർഇന്ത്യയ്ക്ക് കൂടുതൽ വില ലഭിക്കാൻ മൽസരത്തിൽ മറ്റുള്ളവരെയും പങ്കെടുപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം എയർഇന്ത്യയെ ഇന്ത്യൻ കമ്പനികൾക്കു തന്നെ കൈമാറാൻ സർക്കാർ തീരുമാനിച്ചാൽ ടാറ്റയല്ലാതെ മറ്റു ചില സ്വകാര്യ വിമാനക്കമ്പനികളും രംഗത്തുണ്ടാകും.

എയർഇന്ത്യയെ പൂർണമായും സ്വകാര്യവൽക്കരിച്ചാലും ചില നിബന്ധനകൾ ഉൾപ്പെടുത്തി എയർഇന്ത്യയെത്തന്നെ രാജ്യത്തിന്റെ ദേശീയ വിമാനക്കമ്പനിയായി നിലനിർത്തുന്നതിനുള്ള നീക്കങ്ങളാണ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുക എന്നറിയുന്നു.

∙ വസ്തുതകൾ

എയർഇന്ത്യയ്ക്ക് സ്വന്തമായുള്ളത് 118 വിമാനങ്ങൾ. ഇതിൽ 77 എണ്ണം സ്വന്തം. 41 എണ്ണം പാട്ടത്തിന്. ഇതിൽ 22 എണ്ണം മടക്കി നൽകേണ്ടവ. ബോയിങ് കമ്പനിയുടെ ബി 777, ബി 747, ബി 878, എയർബസിന്റെ എ 319, എ 320, എ 321, എടിആർ 42, എടിആർ 72 ഇനങ്ങളിലുള്ളതാണ് വിമാനങ്ങൾ. ഇവയുപയോഗിച്ച് നിലവിൽ പ്രതിദിനം 375 ആഭ്യന്തര, രാജ്യാന്തര സർവീസുകൾ നടത്തുന്നു.

അവസാന സാമ്പത്തികവർഷം 1.8 കോടി യാത്രക്കാരാണ് എയർഇന്ത്യ വിമാനങ്ങളിൽ സഞ്ചരിച്ചത്. വിപണി വിഹിതം 2013ൽ 19.4 ശതമാനമായിരുന്നത് 2016ൽ 14.6 ശതമാനമായി കുറഞ്ഞു. ഈ വർഷം മേയ് വരെ വിപണി വിഹിതം 13.3 ശതമാനമാണ്. ചെലവു കുറഞ്ഞ ആഭ്യന്തര, വിദേശ സർവീസുകൾ നടത്തുന്ന എയർഇന്ത്യ എക്സ്പ്രസ്, ആഭ്യന്തര സർവീസുകൾ മാത്രം നടത്തുന്ന അലയൻസ് എയർ, ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജോലികൾക്കായി രൂപീകരിച്ച എയർഇന്ത്യ സാറ്റ്സ്, വിമാന അറ്റകുറ്റപ്പണികൾക്കായുള്ള എയർഇന്ത്യ എൻജിനീയറിങ് സർവീസസ്, ചാർട്ടർ സർവീസുകൾക്കുള്ള എയർഇന്ത്യ ചാർട്ടേഴ്സ് എന്നീ ഉപകമ്പനികളും സ്വന്തമായുണ്ട്.

Source – http://www.manoramaonline.com/technology/technology-news/2017/10/16/air-indias-seller-and-any-future-buyer-do-to-make-the-deal-fly.html

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply