നരകതുല്യമായ അനുഭവങ്ങളുമായി ഒരു സെക്കന്‍റ് ക്ലാസ് യാത്ര..!!

കല്ല്യാൺ സ്റ്റേഷനിൽ നിന്ന് അവർ കയറുന്നതിനു മുൻപു തന്നെ ഞങ്ങളുടെ ബോഗി നിറഞ്ഞുകവിഞ്ഞിരുന്നു.ആ പൂരത്തിന്റെ തിരക്കിലേക്കാണ് കൈക്കുഞ്ഞിനെയും 3, 4 വലിയ ബാഗുകളും കൊണ്ട് ഒരു കുടുംബം തിരക്കി കയറുന്നത്. ആൾക്കൂട്ടത്തിന്റെ തലക്കുമുകളിലൂടെ തങ്ങളുടെ വലിയ ബാങ്കുകൾ അയാൾ ഉള്ളിലേക്ക് എറിഞ്ഞു.ഡോറിനു അടുത്തുനിൽക്കുന്നവർ ഉള്ളിലെ സ്ഥലപരിമിതി പറയുന്നുണ്ടെങ്കിലും അതൊന്നും വകവെക്കാതെ അവർ ഉള്ളിലേക്ക് കയറാൻ തിക്കിത്തിരക്കി. മറാത്തിയിൽ ആണെങ്കിലും അങ്ങോട്ട് മാറി നിക്കടാ, സ്ഥലം ഉണ്ടോന്ന് ഞാനൊന്ന് നോക്കട്ടെ എന്നായിരിക്കും അയാൾ പറയുന്നതെന്ന് ഞാൻ ഊഹിച്ചു.

പൊരിഞ്ഞ ചൂടിലേക്ക് ഒടുവിൽ അവരും കയറി കൂടുകയാണ്.നേരത്തെ ഉള്ളിലേക്ക് എറിഞ്ഞ ബാഗുകൾ എത്തിപ്പെട്ടത് കക്കൂസിനടുത്തേക്കാണ്. അങ്ങോട്ട് വന്ന് കക്കൂസിന് മുന്നിൽ,നിലത്ത് കിടക്കുന്നവരെ കവച്ചു വെച്ച് അവർ മെല്ലെ കക്കൂസിലേക്ക് കയറി. അവിടെയാകുമ്പോൾ ശരിക്ക് നിൽക്കുകയെങ്കിലും ചെയ്യാമല്ലോ എന്ന് വിചാരിച്ചു കാണും. നെറ്റിയിലെ വിയർപ്പ് തുടച്ചു അയാൾ കയ്യിലെ മുണ്ടെടുത്തു വീശാൻ ഒരുമ്പെട്ടു. കൂട്ടത്തിലെ രണ്ടു സ്ത്രീകളിലൊരാൾ കരയാൻ തുടങ്ങുന്ന കുഞ്ഞിനെ താലോലിക്കാൻ തുടങ്ങി.

കഴുത്തും നടുവും മണിക്കൂറുകളായുള്ള ഒരേ ഇരുത്തത്തിൽ പ്രതിഷേധിച്ചു നിലവിളിക്കുന്നു. അത് കേട്ടില്ലെന്നു നടിക്കാനേ എനിക്ക് കഴിയുമായിരുന്നുള്ളൂ.കാരണം നടുനിവർത്താൻ എണീറ്റാൽ അപ്പുറത്തുള്ളവൻ അതും കൂടി കയ്യടക്കും .തല മുട്ടുകാലിൽ ചേർത്തുവച്ച് ഞാൻ ഉറങ്ങാൻ ശ്രമിച്ചു.

ഇടയ്ക്കെപ്പോഴോ ഉറങ്ങിപ്പോയ ഞാൻ അസഹ്യമായ നടുവേദനയും കടച്ചിലും കാരണം ഗതികെട്ട് എഴുന്നേറ്റു. വാഷ്ബേസിന് തൊട്ടുതാഴെയായിരുന്നു ഇരുത്തം.മുഖം ഒന്നു കഴുകി തലയും നനച്ചു…. തല ചൊറിയുന്നുണ്ടായിരുന്നു. ദേഹമാകെ ഒരു ഒട്ടലും…..ഇത്രയും ദൂരം ആദ്യമായിട്ടാണ് ഒരു ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യുന്നത്. കൂടെയുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ ചിലർ ഹെഡ്സെറ്റും വെച്ച് പാൻമസാലയും ചവച്ച് പാട്ടു കേൾക്കുന്നു.ചിലർ അപ്പോഴും ഉറങ്ങുകയാണ്.മറ്റുചിലർ എന്തൊ ആലോചിച്ചു നടുവിന് കയ്യും കൊടുത്ത് നിൽക്കുന്നു.

അപ്പോഴാണ് ഒരാൾ മൂത്രശങ്ക സഹിക്കാനാവാതെ കാര്യം സാധിക്കാൻ അങ്ങോട്ടോ ഇങ്ങോട്ടോ അനങ്ങാൻ കഴിയാത്ത ആളുകൾക്കു മുകളിലൂടെ കമ്പിയിൽ പിടിച്ച് ഒരു കുരങ്ങനെ പോലെ ധൃതിയിൽ വരുന്നത്.ശരിക്കും ഗതികെട്ടു കാണും.അല്ലെങ്കിൽ അയാൾ ഈ സാഹസത്തിനു മുതിരില്ല.അത്രക്കും തിരക്കാണ്. ഗതികെട്ടാലും പുലിക്ക് ജനറൽ ബോഡിയിലും മൂത്രമൊഴിച്ചല്ലേ പറ്റൂ…

“അന്ദർ ആദ്മി ഹെ ഭായി” എന്ന് ആരോ പറയുന്നത് കേട്ടാണ് ഞാൻ ടോയ്‌ലറ്റിലേക്ക് നോക്കുന്നത്.രണ്ട് കമ്പിയിൽ തൂങ്ങിയാടുന്ന ഒരു തൊട്ടിലാണ് എന്റെ കണ്ണുകൾ കണ്ടത് .ഞാൻ ഏന്തിവലിഞ്ഞു നോക്കുമ്പോൾ നേരത്തെ വന്നുകയറിയ കുടുംബം പരസ്പരം അന്നം പങ്കുവെക്കുന്ന തിരക്കിലായിരുന്നു.ഇന്ത്യയിലെ പരകോടി ജനങ്ങളുടെ വൈവിധ്യമാർന്ന വിസർജ്ജ്യങ്ങളുടെ ആത്മാക്കൾ വിലസിനടക്കുന്ന ആ ഇരുമ്പു മുറിയിൽ അവർ പ്രഭാത ഭക്ഷണം കഴിക്കാൻ തയ്യാറെടുക്കുകയാണ്. ഗൃഹനാഥൻ എന്ന് തോന്നിക്കുന്ന ആൾ ഇരിക്കുന്നത് ക്ലോസറ്റിനു മുകളിലായാണ്. കക്കൂസിന്റെ സൈഡ് വിൻഡോ ഇളക്കി എടുത്ത് ഒരു പലകയാക്കി ക്ലോസറ്റ് മൂടി അതിന്മേൽ കയറിയിരിപ്പാണ് കക്ഷി. ബാക്കിയുള്ളവർ ബാഗുകളിൽ ഇരുന്ന് ഭക്ഷണപ്പൊതികൾ കൈമാറുന്നു. കുഞ്ഞ് അപ്പോഴും തൊട്ടിലിൽ കിടന്ന് സുഖമായുറങ്ങുന്നു. ഇപ്പുറത്തെ കക്കൂസിന്റെ വാതിൽ അടഞ്ഞു കിടക്കുന്നു.

മൂത്രമൊഴിക്കാൻ വന്നവന്റെ അവസ്ഥ കണ്ടിട്ടാവണം. ആ ബാത്ത്റൂമിനോട് അതിനോട് ചാരി നിൽക്കുന്നവൻ ശക്തിയായി വാതിലിൽ മുട്ടി.വാതിൽ തുറന്നപ്പോൾ അയാൾ പറഞ്ഞു ഒരാൾക്ക് മൂത്രമൊഴിക്കണം ഒന്നു ഇറങ്ങി കൊടുക്കൂ എന്ന്. മൂത്രശങ്ക അടക്കിപ്പിടിച്ചിരിക്കുന്നവനെ ഇരുത്തി ഒന്ന് നോക്കിയ ശേഷം അയാൾ തൻറെ നഗ്നപാദങ്ങൾ പുറത്തേക്കു വച്ചു.അയാൾക്ക് പിന്നാലെ രണ്ടു തലകൾ കൂടി അതിനുള്ളിൽ നിന്നും പുറത്തേക്കു വന്നു.ആ കുടുംബത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ആവണം അവരും അതിലേക്ക് ചേക്കേറിയത്. തിരക്കിൽ നിന്നും എരിച്ചിലിൽ നിന്നും അൽപമെങ്കിലും ആശ്വാസം കിട്ടുമല്ലോ…കാര്യം സാധിച്ച അയാൾ കമ്പികളിൽ തന്നെ തന്റെ സ്ഥാനത്തേക്ക് വന്നപോലെ മടങ്ങി. ഇനി മൂത്രശങ്ക ഉണ്ടാവരുതേ എന്ന് അയാൾ തീർച്ചയായും പ്രാർത്ഥിച്ചിരിക്കണം. ഇതു തന്നെ ഒരുപാട് കഷ്ടപ്പെട്ടിരിക്കുന്നു. ആ മൂന്ന് പേർ വീണ്ടും ഉള്ളിൽ കയറി തങ്ങളുടെ കോട്ട വാതിലടച്ചു…. ടോയ്ലറ്റിൽ വേസ്റ്റുകൾ നിക്ഷേപിക്കരുതെന്ന നോട്ടീസ് ഡോറിലുണ്ട്.വേസ്റ്റ് പോയിട്ട് അപ്പിയിടണമെങ്കിൽ ഇപ്പോൾ ചിലരുടെ കാലു പിടിക്കണ്ട അവസ്ഥയാണ്.

ആരുടെയൊക്കെയോ ചവിട്ടു കൊണ്ട് അവശനായ എന്റെ ബാഗ് എന്നെ നോക്കി നിൽക്കുന്നു…. ഞാൻ ചോദിച്ചു നീ ഇതൊന്നും കാണുന്നില്ലേ ന്നു ? ഉള്ളിൽ കിടന്ന് അവശരായ വസ്ത്രങ്ങൾക്കു കൂടി വേണ്ടി അവൻ പതുക്കെ തലയാട്ടി.. പവർ ബാങ്കും മറ്റും ഒക്കെ ഉള്ളതിനാൽ കൂടുതൽ കേടുപാടേൽക്കാതിരിക്കാൻ ഞാൻ അവനെ വാഷ്ബേസിനടിയിലേക്ക് തിരുകിക്കയറ്റി…

പുറത്തേക്കു നോക്കുമ്പോൾ 135 കോടിയിലധികം ജനങ്ങൾ ഉള്ള ജനപ്പെരുപ്പം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ഇന്ത്യ മഹാരാജ്യത്തിലെ, പേരിനുപോലും ജനവാസമില്ലാത്ത ഏതോ കാട്ടിലൂടെ മംഗള എക്സ്പ്രസ് ചീറിപ്പായുകയാണ്. ഇനിയും ഈ നില തുടർന്നാൽ കുഴഞ്ഞു വീഴുമോ എന്നു ഞാൻ ഭയപ്പെട്ടു. അസ്ഥിവേദന കൂടിക്കൂടി വരുന്നു. ചൂടും…
കാൽ കുത്താൻ തന്നെ സ്ഥലം കിട്ടിയത് ഭാഗ്യമാണെന്ന് ബാക്കിയുള്ളവരിലേക്ക് നോക്കുമ്പോൾ എനിക്കു തോന്നിപ്പോകുന്നു. ചിലർ ഇന്നലെ മുതൽ നിന്ന നിൽപാണ്.ഒരടി അനങ്ങാതെ ഇപ്പോഴും അതേപടി….

അവസാനം ഒരുപാടുപേരുടെ കാർക്കിച്ചു തുപ്പലുകൾക്കും മൂക്കു ചീറ്റലുകൾകക്കും വിധേയമാകേണ്ടി വന്ന വാഷ്ബേസിനു മുകളിലേക്ക് ഞാൻ മെല്ലെ കയറിയിരുന്നു. പൈപ്പിൽനിന്നും ചെറുതുള്ളികൾ ഉറ്റി വീഴുന്നുണ്ടായിരുന്നു . ശരിക്കൊന്നു ഇരുന്നപ്പോൾ ലഭിച്ച ആശ്വാസം കാരണം അത് ഞാൻ കാര്യമാക്കിയില്ല. കാലും കൂടെ താഴ്ത്തിയിട്ടപ്പോൾ ഞാൻ ധന്യനായി. അപ്പോഴാണ് വീണ്ടും ഒരാൾ ഒന്നിനു പോവാൻ വേണ്ടി കമ്പികളിൽ കൂടി പാറി വരുന്നത്. കക്കൂസിന്റെ വാതിലിനരികിൽ കിടക്കുന്നയാളോട് കാൽ കുത്താൻ ഇത്തിരി ഇടം നൽകാൻ ആവശ്യപ്പെട്ടപ്പോൾ അയാൾ ദേഷ്യത്തോടെ പറഞ്ഞു. “താനൊക്കെ ഇത്ര നേരം സീറ്റിൽ അവിടെ ഇരിക്കുകയായിരുന്നില്ലേ? സീറ്റില്ലാതെ കഷ്ടപ്പെട്ട് യാത്രചെയ്യുന്ന ഞങ്ങളെപ്പോലുള്ളവരെ എന്തിനിങ്ങനെ ബുദ്ധിമുട്ടിക്കുന്നു. അടക്കിപ്പിടിച്ചിരുന്നു കൂടെ?”

അത് കേട്ടപ്പോൾ ഞാൻ ആരുടെ ഭാഗത്ത് നിൽക്കണമെന്നാലോചിച്ച് ശങ്കിച്ചു.എല്ലായിടത്തും എപ്പോഴും സ്വന്തം കാര്യം സിന്ദാബാദ് ആണെന്ന മഹദ് വാക്യം എനിക്കുത്തരം നൽകി. കുറച്ചുനേരത്തെ വാക്കേറ്റത്തിനിടയിൽ അയാൾക്കും മൂത്രമൊഴിക്കാൻ അനുവാദം കിട്ടി. ഇത് അവസാനത്തെ ആളാണെന്നും ഇനിയാരെയും കടത്തിവിടരുത് എന്നും മുന്നിൽ നിൽക്കുന്നവന് നിർദേശം നൽകി അയാൾ വീണ്ടും നിലത്തിരുന്നു.ബാത്റൂമിലെ മൂന്ന് പേരിൽ രണ്ടുപേർ പുറത്തിറങ്ങി മറ്റേയാൾ പറഞ്ഞു.പുറത്തു സ്ഥലമില്ല. ഞാൻ തിരിഞ്ഞുനിൽക്കാം… തനിക്ക് വേണമെങ്കിൽ മൂത്രമൊഴിച്ചു പോ എന്ന്..പാതിയടഞ്ഞ വാതിലിനും പിന്നിൽ നിൽക്കുന്ന ബാത്റൂം അധികാരിക്കും നടുവിൽ അയാൾക്ക് കാര്യം സാധിക്കേണ്ടി വന്നു. പിന്നെ വരുന്നവരിൽ അധികപേർക്കും ഇതുതന്നെ അവസ്ഥ.ചിലർ മടങ്ങിപ്പോകും.മറ്റു ചിലർ ഗത്യന്തരമില്ലാതെ കാര്യം സാധിക്കും.അപ്പുറത്ത് ആ കുടുംബം കളിതമാശകൾ പറഞ്ഞിരിക്കുന്നു കുട്ടി തൊട്ടിലില് സുഖമായുറങ്ങുന്നു…

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് ഗാന്ധിജി പറഞ്ഞത് ഞാനോർക്കുന്നു… എന്നാൽ ഒരു പത്ത് ഉൾനാടൻ ഗ്രാമങ്ങളിൽ പോയി വന്ന അനുഭവപരിചയം രണ്ട് ദിവസം ഒരു ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്താൽ നിങ്ങൾക്ക് ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു… താങ്ങാനാത്ത ലഗേജുകളുമായി വരുന്നവർ…. കണ്ടാൽ തോന്നും നാടുവിട്ടു പോകുകയാണെന്ന്… ടോയ്ലറ്റിന് വേണ്ടത്ര വൃത്തി പോരാത്തതിനാൽ ഒന്നും രണ്ടും ഒക്കെ അടക്കിപ്പിടിച്ചിരിക്കുന്നവർ.. അടുത്തിരിക്കുന്നവർക്ക് ഇത്തിരി വൃത്തി കുറവായതിനാൽ ഭക്ഷണം പോലും ശരിക്ക് കഴിക്കാൻ സാധിക്കാത്തവർ. സ്ലീപ്പർ ടിക്കറ്റ് കിട്ടാത്തതിനാൽ സെക്കന്റ് ക്ലാസിൽ പോകേണ്ടിവന്ന പണക്കാരന്റെ മകൻ അടുത്തിരിക്കുന്ന സാധാരണക്കാരനെ വെറുപ്പോടുകൂടി നോക്കുന്നു… ദിവസവും ഫോഗ് സ്പ്രേ അടിച്ചിരുന്ന തന്റെ ശരീരം അയാളുടെ വൃത്തിയില്ലാത്ത ശരീരവുമായി സ്പർശിക്കുന്നത് ഒഴിവാക്കാൻ അയാൾ ഇറുകി ഇരിക്കുന്നു. രണ്ട് നേരം പല്ല് തേച്ചിരുന്നവർ വായ കഴുകാൻ പോലും അവസരം ലഭിക്കാത്തതിൽ വിഷണ്ണരായിരിക്കുന്നു… അങ്ങനെ അനവധി കാഴ്ചകളുടെ സമൃദ്ധിയാണ് ഓരോ ട്രെയിൻ കംപാർട്ട്മെൻറുകളും സമ്മാനിക്കുന്നത്.

പൈപ്പിലെ വെള്ളം ഉറ്റി വീണ് ഞാനിട്ടിരുന്ന ട്രാക്ക് സ്യൂട്ടിന്റെ പിൻഭാഗം ആകെ നനഞ്ഞു കുതിർന്നിരിക്കുന്നു. എന്നിട്ടും എനിക്ക് താഴെ ഇറങ്ങാൻ തോന്നിയില്ല. ആ ബോഗിയിലെ നൂറുകണക്കിന് യാത്രക്കാരെ പോലെ,കക്കൂസിൽ സ്വർഗ്ഗീയ ഭവനം പണിത കുടുംബത്തെപ്പോലെ, ഞാനും ഉള്ളതുകൊണ്ട് തൃപ്തിപ്പെടാൻ തുടങ്ങിയിരിക്കുന്നു. അല്ലെങ്കിൽ എന്റെ സാഹചര്യം എന്നെ അതിന് നിർബന്ധിക്കുന്നു.

ഇതൊക്കെ എത്ര കണ്ടതാ എന്ന മട്ടിൽ മംഗള എക്സ്പ്രസ് അതിവേഗം തന്റെ ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നു. പുറത്ത് പിന്നോട്ട് പോകുന്ന തരിശുഭൂമികൾ… ഇടക്കെപ്പോഴോ കാണുന്ന തണൽ വൃക്ഷങ്ങൾ..

പ്രതിഷേധം അറിയിച്ചു കൊണ്ടുള്ള വേദനയുമായി നടു പിന്നെയും വന്നു.ഒന്ന് നിവർന്നു നില്ക്കാൻ ആണ് ഇപ്പോ അവന്റെ ആവശ്യം.. ഞാൻ വാഷ് ബേസിനിൽ കയറി നിന്നു തൽക്കാലത്തേക്ക് ഒന്ന് നിവർന്നു നിന്നു. താഴെ ഇറങ്ങിയാൽ കയറിയിരിക്കാൻ തക്കം പാർക്കുന്നവർ എന്നെ നോക്കി ഇളിച്ചു. എനിക്ക് വേറെ വഴിയില്ല സുഹ്രുത്തേ എന്ന് ഒരു ചെറു പുഞ്ചിരിയിൽ ഒതുക്കി ഞാൻ അയാളോട് പറഞ്ഞു…

വിവരണം – Mushthaque Rahman.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply