തിരുവനന്തപുരം മുതൽ ധനുഷ്‌കോടി വരെ ഒരു തകർപ്പൻ ഡ്രൈവ്…

യാത്രാവിവരണം – Dr.Shabel Puthiyottil.

തിരുവനന്തപുരത്തിൽ നിന്നും ധനുഷ്കൊടിയിലേക്കുള്ള യാത്ര പെട്ടെന്നുള്ള തീരുമാനം ആയിരുന്നു. മുൻപ് രണ്ടുതവണ പോയിട്ടുണ്ടെങ്കിലും ഒരിക്കൽക്കൂടി പോകാൻ ഒരാഗ്രഹം. അപ്പോൾത്തന്നെ എന്റെ സഹപ്രവർത്തകർ ആയ പ്രകാശ് ഡോക്ടറെയും, വിവേക് ഡോക്ടറെയും വിളിച്ച് ഒരു യാത്രക്കുള്ള സെറ്റ് ഇട്ടു. തിരുവനന്തപുരത്തിൽ നിന്നും നാഗർകോവിൽ, തിരുനെൽവേലി, തൂത്തുക്കുടി, രാമേശ്വരം എത്തി അവിടുന്ന് ധനുഷ്‌കോടി പോകാനായിരുന്നു പ്ലാൻ. സാമാന്യം നല്ല ഡ്രൈവിങ് ഡിസ്റ്റൻസ് ഉണ്ട് എന്നിരുന്നാലും ഒട്ടും വിരസമായി തോന്നിയില്ല.

നാഗർകോവിൽ വരെ വളരെ തിരക്കേറിയതും പണിനടക്കുന്നതുമായ റോഡാണ്. അവിടെ നിന്നും രാമേശ്വരം വരെ നല്ല യാത്രയായിരുന്നു. പശ്ചിമഘട്ട താഴ്‌വര പങ്കിടുന്ന പൊതികയ് മലനിരകൾ കാണാം. അനന്തമായി പടർന്നുകിടക്കുന്ന കാറ്റാടി യന്ത്രങ്ങൾ. ഒന്ന് ചവിട്ടി വിട്ടാൽ നാഗർകോവിൽ മുതൽ തിരുനെൽവേലി വരെ 1 മണിക്കൂർ കൊണ്ട് എത്താം, ഫോർ ട്രാക്ക് റോഡാണ്. തിരുനെൽവേലിയിൽ നിന്നും eastcost റോഡ് പിടിച്ച് തൂത്തുക്കുടി ടൌൺ കയറാതെ രാമേശ്വരം എത്താം. പോകും വഴി ഒരുപാട് കാഴ്ചകൾ ഉണ്ട്. നോക്കത്താ ദൂരത്തോളം പടർന്നു കിടക്കുന്ന ഉപ്പ് പാടങ്ങൾ, അവിടെ പൊരിവെയിലിൽ അധ്വാനിക്കുന്ന നമ്മുടെ തമിഴ് സഹോദരന്മാർ. ഉപ്പിന്റെ അംശവും രസവും കലർന്ന് വരുന്ന കാറ്റ്.

രാമേശ്വരം എത്തും മുൻപ് തന്നെ റോഡരികിൽ കടൽ കാണാം, നീല കലർന്ന പച്ച നിറമുള്ള മനോഹരമായ വെള്ളം. പവിഴപ്പുറ്റുകൾ കൊണ്ടുള്ള തീരദേശം. തിര വളരെ കുറവാണ്. എന്നാൽ സാമാന്യം നല്ല ആഴമുണ്ട്. ആര് കണ്ടാലും ഇറങ്ങി ഒന്ന് കുളിക്കാൻ തോന്നിപ്പിക്കുന്ന അത്ര മനോഹാര്യത. പാമ്പൻ പാലം കടന്നു വേണം പോകാൻ. പാലത്തിന്റെ ദൂരെ നിന്നുള്ള കാഴ്ച തന്നെ ഗംഭീരമാണ്. അതിശയവും ഭീതിയും ഒരുപോലെ അനുഭവിപ്പിക്കുന്ന പൊക്കംവും വ്യാസവും. നല്ല കാറ്റ്. ശ്രദ്ധിച്ചു നിന്നില്ലെങ്കിൽ ചിലപ്പോൾ balence തെറ്റും. കടലിനു മുകളിലൂടെ പണിതിട്ടിരിക്കുന്ന സമാന്തരമായ റെയിൽവേ പാളവും കാണാം. എത്ര സമയം വേണമെങ്കിലും ലയിച്ചു നിന്നുപോകുന്ന അതിമനോഹര ദൃശ്യം.

രാമേശ്വരം ദ്വീപിലേക്ക് കടന്ന് ഏതാനും കിലോമീറ്റര് പോകുമ്പോൾ തന്നെ ശ്രീ അദുൽകലാം സർ ന്ടെ കബർ കാണാം. രാമേശ്വരം ക്ഷേത്രം അതിമനോഹരമാണ്, കൂറ്റൻ കല്ലുകൾ മരപശ വെച് ഒട്ടിച്ചു നിർമിച്ച ഏഷ്യയിലെ തന്നെ ഏറ്റവും നീളമുള്ള ടെംപിൾ കോറിഡോർ. പുരാതനകാല വാസ്തു വിദ്യയുടെയും പ്രഗത്ഭരായ അന്നത്തെ എങ്ങിനീർമാരുടെ കരവിരുതിനു മുന്നിൽ നമ്മൾ നമിച്ചു പോകും. സിദ്ധ വൈദ്യ ആചാര്യനും ഋഷിയും യോഗവിദ്യകളുടെ പിതാവുമായ പതഞ്‌ജലി മഹർഷിയുടെ സമാധി സ്ഥലവും ഈ ക്ഷേത്രത്തിനു അകത്തുണ്ട്.

ധനുഷ്‌കോടി രാമേശ്വരം ക്ഷേത്രത്തിൽ നിന്നും ഉദ്ദേശം 24 kilometer ന് അപ്പുറമുണ്ട്. പോകും വഴിയെല്ലാം നോക്കത്താ ദൂരത്തോളം പടർന്നു കിടക്കുന്ന വെള്ളമണൽ ചതുപ്പുകൾ, ഇടക്കിടെ കണ്ണാടിപോലെ തെളിഞ്ഞു നിൽക്കുന്ന ഓരുവെള്ളം, കുറ്റികാട്ടിൽ മേഞ്ഞു നടക്കുന്ന കാട്ടുകുതിരകൾ, വിജനമായ നീണ്ട റോഡിനു നേരെ ചെന്നാൽ ഇന്ധ്യയുടെ അറ്റമായി, ‘ധനുഷ്‌കോടി’. 1964 വരെ ഒരു തികഞ്ഞ വാണിജ്യ നഗരമായിരുന്ന സ്ഥലം. ഇന്ത്യ – ശ്രീലങ്ക ചരക്ക് കടത്തും തലൈ മന്നാറിലേക്കുള്ള വാണിജ്യ ബന്ധങ്ങളും കൊണ്ട് തിരക്ക് പിടിച്ച പട്ടണം. ഒരു രാത്രി വീശിയടിച്ച ചുഴലി കൊടുങ്കാറ്റു മുഴവൻ നഗരത്തെയും വെള്ളത്തിനടിയിലാക്കി. 5 ചതുരശ്ര കിലോമീറ്ററോളം ഉണ്ടായിരുന്ന ആ പട്ടണത്തിന്റെ 95 ശതമാനം ശേഷിപ്പുകൾ ഇന്നും കടലിനടിയിൽ നിദ്രകൊള്ളുന്നു.

സമീപ കാലത്തു വന്ന സുനാമിയുടെ മുന്നോടിയായി കടൽ ഉൾവലിഞ്ഞപ്പോൾ ആ പഴയ ശേഷിപ്പുകൾ ഒരിക്കൽകൂടി കണ്ടതിന്റെ സന്തോഷവും ദുഃഖവും അവിടത്തെ ഒരു കടക്കാരൻ ഞങ്ങളോട് പങ്ങുവച്ചു, ശ്രീരാമൻ നിർമിച്ച രാമസേതു ധനുഷ്‌കോടി മുതൽ തലൈ മന്നാറിനു സമീപം വരെ ആയിരുന്നു എന്നാണ് ചരിത്രം. ധനുഷ്‌കോടി മുനമ്പിൽ നിൽകുമ്പോൾ ഒരുപിടി ഓർമ്മകൾ നമ്മുടെ മനസിലൂടെ മിന്നിമറയും. ത്രേതായുഗത്തിലെ ശ്രീരാമ കഥകൾ, സുവർണ ലങ്ക, വിഭീഷണ പട്ടാഭിഷേകം, ഹനുമാൻ ലങ്കയിലേക്ക് ചാടികടന്ന നിമിഷങ്ങൾ, അണ്ണാരക്കണ്ണനും തന്നാലായത് ചെയ്ത മണൽത്തിട്ടകൾ, പവിഴപ്പുറ്റുകൾ അങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങൾ ഓർത്തു നിന്നപ്പോൾ എത്രയോ യുഗങ്ങൾക് പുറകിലേക്കു പോയ ചിന്തകളെ അവിടെ പട്രോളിംഗ് നടത്തുന്ന പോലീസുകാരൻ തിരിച്ചു വിളിച്ചു. ഇവിടെ നിൽക്കാനുള്ള അനുവദിക്കപ്പെട്ട സമയം അവസാനിച്ചിരിക്കുന്നു എന്ന് സിംഹള കലർന്ന തമിഴിൽ പറഞ്ഞു. ധനുഷ്‌കോടി മുനമ്പിൽ പുതുതായി നാട്ടിയ അശോകസ്തംഭത്തിനു ഒരു സല്യൂട്ടും കൊടുത്ത് വന്ന വഴിയേ അനന്തപുരിയിലേക്ക് മടങ്ങുമ്പോൾ സൂര്യൻ അസ്തമിച്ചു തുടങ്ങിയിരുന്നു..

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply