ലേഖനം. അതിരപ്പിള്ളി – വാഴച്ചാല്‍ പ്രദേശത്തെ കാട്ടിലൂടെയുള്ള യാത്രയുടെയും യാത്രയില്‍ കണ്ട വന്യമൃഗങ്ങളുടെയും ആദിവാസികളുടെയും വെള്ളച്ചാട്ടത്തിന്റെയും വിവരണവുമാണ് ഉള്ളടക്കം. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കായി സര്‍ക്കാര്‍ അണിയറയില്‍ നീക്കങ്ങള്‍ നടത്തുമ്പോള്‍ അതിരപ്പിള്ളി കാടുകളിലെ ജൈവവൈവിധ്യത്തിന്റെ നൂറ്റാണ്ട് മുന്‍പുള്ള വിവരണത്തിന് വലിയ പ്രസക്തിയുണ്ട്. മലയാളത്തിലെ ആദ്യ യാത്രാവിവരണങ്ങളിലൊന്നായ ഈ ലേഖനം സുഗതകുമാരിയുടെ ശേഖരത്തില്‍നിന്നാണ്.
കുന്നത്തുനാട്ടു താലൂക്കിനോടുതൊട്ടു, പെരിയാറ്റിനു വലത്തുവശത്തായി മലയാറ്റൂര്‍ എന്നൊരു സ്ഥലമുണ്ട്. അവിടെ ‘കുരിശിന്മുടി’ എന്ന ഗിരിയുടെ മൂര്‍ദ്ധാവില്‍ സ്ഥിതിചെയ്യുന്ന പള്ളിയില്‍ വെച്ച് ആണ്ടുതോറും മേടമാസത്തില്‍ കൊണ്ടാടാറുള്ള മഹോത്സവത്തില്‍ നാനാജാതിമതസ്ഥന്മാരും പങ്കുകൊള്ളുക പതിവാണ്. ‘കുരിശിന്മുടി’ ഉന്നതതരുക്കള് തിങ്ങിനിറഞ്ഞ ഒരു ശൃംഗമാണ്. ഇതിന്റെ വടക്കുവശമൊഴിച്ചു മറ്റു ഭാഗങ്ങളിലെല്ലാം അനേകമൈല്‍ വിസ്താരത്തില്‍ ഘോരജന്തുക്കളുടെ ആവാസഭൂമിയായ മഹാരണ്യംകിടക്കുന്നു. ഈ മഹാരണ്യത്തില്കൂടി മലകള്‍ കയറിയും താഴ്വരകള്‍ ഇറങ്ങിയും, 12 മൈല്‍ കിഴക്കോട്ടു സഞ്ചരിക്കുകയാണെങ്കില്‍ അതിരപ്പിള്ളിയില്‍ എത്താം.
അതിരപ്പിള്ളിയില്‍ എത്തുന്നതുവരെ ഞങ്ങളുടെ സഞ്ചാരം മുഴുവന്‍ വൃക്ഷ നിബിഡതയില്നിന്നുണ്ടായ ശീതളതയില്കൂടിയായിരുന്നു. രണ്ടുമൈല്‍ ചെന്നപ്പോള്‍ കാട്ടാനകളുടെ ലക്ഷ്യങ്ങള്‍ ധാരാളമായി കണ്ടുതുടങ്ങി. അപ്പോള്‍ വീണതായ ആനപ്പിണ്ടങ്ങളും, ഈറ്റക്കാട്ടിനുള്ളില്കൂടി ആനകള്‍ ഉണ്ടാക്കിയതും വളരെ ദൂരമുള്ളതുമായ പല ഗുഹകളും ഞങ്ങളേ വല്ലാതെ ഭയപ്പെടുത്തി. ഇതുകൂടാതെ ഗജേന്ദ്രന്മാര്‍ സ്കന്ധങ്ങളുരച്ചു പട്ടകള് ഇളകിപ്പോയ വൃക്ഷങ്ങളും കൊമ്പുകള്‍ ഒടിച്ചുഞെരിച്ച് ഭുക്തികഴിച്ചതിന്റെ അവശേഷങ്ങളും ഞങ്ങള്‍ കണ്ടു. ഞങ്ങളുടെ കൂടെപ്പോന്നിരുന്ന വനചരന്മാര്ക്കു കാട്ടാനകളെ കണ്ടുമുട്ടി നല്ലതഴക്കമുണ്ടായിരുന്നു. ആനകള്‍ കൂട്ടമായി വരികയാണെങ്കില്‍ അത്ര ഭയപ്പെടാനില്ലെന്നാണ് അവര്‍ പറഞ്ഞത്. കൂക്കുവിളിച്ചാല്‍ അവ ഓടിപ്പൊയ്ക്കൊള്ളും. നേരെമറിച്ച് ഒറ്റയാനയേ വളരെ ഭയപ്പെടണം. അവന് വന്നു വഴിയടച്ചുനിന്നാല് മുമ്പോട്ടും പിമ്പോട്ടും പോകാന്‍ നിവൃത്തിയില്ലാതെ വിഷമിക്കുകയേതരമുള്ളൂ. ചിലപ്പോള്‍ ഒന്നോ, അതില്കൂടുതല് ദിവസമോ ആന പോകുന്നതുവരെ ജീവനും കൈയ്യി ല്‍ വഹിച്ചുകൊണ്ടു കാട്ടില്‍ കഴിച്ചുകൂട്ടേണ്ടിവരും.
വനമൃഗങ്ങളില് വച്ചു ഏറ്റവും ഭയങ്കരം കാട്ടുപോത്താണ്. പോത്തു ‘മാനം’ നോക്കുമ്പോള്‍ മനുഷ്യന് മരം കേറിക്കൊള്ളണമെന്നാണ് വിധി. ഇതു മനുഷ്യനെ കണ്ടുമുട്ടുന്ന പക്ഷം രണ്ടിലൊന്നിന്റെ മരണം നിശ്ചയം. ഒന്നുകില്‍ മനുഷ്യനെ കൊല്ലണം, അല്ലെങ്കില്‍ താന്‍ ചാകണം, എന്നാലെ അതു പിന്മാറുകയുള്ളൂ. അതിധീരനായിരുന്ന അലക്സാണ്ഡര് റയിഞ്ചരെ ഈ കാട്ടില്‍വെച്ച് ഒരു കാട്ടുപോത്തു കൊലപ്പെടുത്തിയ സംഗതി ഈ അവസരത്തില്‍ ഓര്‍മ്മവരുന്നു.
മഞ്ഞപ്പാറ എന്ന സ്ഥലത്തു രണ്ടുമൂന്നു മൈല്‍ വിസ്താരത്തില്‍ പായല്‍പിടിച്ചു പരന്നുകിടക്കുന്ന ഒരൂക്കന്‍ കരിമ്പാറയുണ്ട്. ഇവിടം ഒരു തുറന്ന സ്ഥലമാണ്. നീലാകാശം മുകളിലും, ഗിരിപ്രാകാരങ്ങള് ചുറ്റുപാടും സ്ഥിതിചെയ്യുന്നു. കാട്ടുമൃഗങ്ങള്‍ ഇതിനപ്പുറമുള്ള അരുവിയില്‍നിന്നു വെള്ളംകുടിയും കഴിഞ്ഞു, സായന്തനവേളയില്‍ ഈ പാറമേല്‍ വന്നിരുന്നു കാറ്റുകൊള്ളുക പതിവായിരുന്നത്രെ! ദൂരത്തായി ചുറ്റും നിന്നിരുന്ന വൃക്ഷങ്ങളുടെ ചുവട്ടില്‍ നിലത്തോടുചേര്‍ന്നു ഒരുജാതി വെള്ളപ്പൂക്കള്‍ കണ്ണെത്തുന്നതുവരെ മല്മല് വിരിച്ചമാതിരി ഭൂമുഖത്തെ അലങ്കരിച്ചിരുന്നു. മനുഷ്യന് തന്റെ സാമര്‍ത്ഥ്യം മുഴുവനും ഉപയോഗിച്ച് ഉണ്ടാക്കിയിട്ടുള്ള ആരാമങ്ങള്‍ക്ക് ഇതിന്റെ ലക്ഷത്തിലൊരംശം കമനീയതയുണ്ടായിരിക്കുമോ എന്നു സംശയമാണ്.
അതിരപ്പിള്ളിക്കു അരമൈലില് ഇപ്പുറം വെച്ചു വെള്ളച്ചാട്ടത്തിന്റെ ഗംഭീരാരവം ഞങ്ങളുടെ കര്‍ണ്ണപുടങ്ങളില്‍ പതിച്ചു. വെള്ളച്ചാട്ടത്തിനു സമീപം എത്തിയപ്പോള്‍ എന്റെ വാച്ചനുസരിച്ച് 12 മണി കഴിഞ്ഞിരുന്നു. വൃക്ഷച്ചുവട്ടില്‍ പാറപ്പുറത്തായി അടുപ്പുകൂട്ടി കാപ്പിയുണ്ടാക്കിക്കുടിച്ചു. പിന്നീടു ഗാര്‍ഡുകള്‍ അരിവെയ്ക്കുന്നതിനു ശ്രമം തുടങ്ങി. സ്വല്പം വിശ്രമിച്ചതിന്റെ ശേഷം ഞങ്ങള്‍ ഏഴുപേര്‍ ചേര്‍ന്ന് ആ പ്രദേശം ചുറ്റിക്കാണുന്നതിനായി പുറപ്പെട്ടു.
ഇനി വെള്ളച്ചാട്ടത്തെപ്പറ്റി ചിലതു പ്രസ്താവിച്ചുകൊള്ളുന്നു. ആകാശചുംബികളായ നീല പര്വതനിരകളാല് ചുറ്റപ്പെട്ട ഒരടവിയിലാണ് വെള്ളച്ചാട്ടം. ”ചന്ദ്രമണ്ഡലത്തോടുരുമ്മുന്ന ഗിരികൂടങ്ങള്‍,” ”നക്ഷത്രങ്ങളെ ചൂഡാരത്നങ്ങളാക്കി നാനാവൃക്ഷങ്ങള് ചേര്‍ന്ന ശൈലാരണ്യങ്ങള്” എന്നും മറ്റുമുള്ള വര്‍ണനകള്‍ ഈ പര്‍വതങ്ങളെ സംബന്ധിച്ചിടത്തോളം അനുയോജ്യങ്ങളായിരിക്കുന്നു. വെള്ളച്ചാട്ടമായി വീഴുന്നതും ചാലക്കുടിയാറാണ്. ഇതിന്റെ അക്കര കൊച്ചിയും ഇക്കര തിരുവിതാംകൂറുമാകുന്നു. വെള്ളച്ചാട്ടത്തില്‍നിന്നും വിദ്യുച്ഛക്തി എടുക്കേണ്ടതിനുള്ള മാര്‍ഗങ്ങളെപ്പറ്റി രണ്ടു ഗവര്‍മ്മേണ്ടുകളും കൂടി ഇപ്പോള്‍ ആലോചിച്ചുവരുന്നുണ്ട്…
വിവരണം – # പി. ഗോപാലപിള്ള ബി.എ., ബി.എല്‍.
Source – http://www.mathrubhumi.com/travel/kerala/athirappilly-travelogue-1.1847032