ഗുരുവായൂർ കേശവൻ : രാജകീയ സ്വഭാവവും പ്രൗഡിയും ഒത്തിണങ്ങിയ അപൂര്‍വ ജന്മം.

ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ ഈ പേര് കേള്‍ക്കാത്ത മലയാളികള്‍ ചുരുക്കം. ഒരു ആനയായി ജനിച്ച് മനുഷ്യകുലത്തെ പോലും അസൂയപെടുത്തുന്ന സൽപേരും പ്രശസ്തിയും നേടിയ ഗുരുവായൂർ കേശവൻ കേരളത്തിലെ ഏറ്റവും പേരുകേട്ട ആനയാണ്. ശാന്ത സ്വഭാവം, ഗാംഭീര്യം, തലയെടുപ്പ്, സൗന്ദര്യം,ശക്തി എന്നിവ ഒത്തിണങ്ങിയ ആനയായിരുന്നതായി പ്രശസ്തമാണ്. ഗുരുവയൂരപ്പന്റെ തിടമ്പ് 40ൽ കൂടുതൽ വർഷങ്ങൾ സ്ഥിരമായി എടുത്തിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിലേ ചിട്ടകളെ കുറിച്ച് നിഷ്ഠയുണ്ടായിരുന്നതായും പാപ്പാൻ പറയാതെ തന്നെ തള‍ച്ചിരുന്ന സ്ഥലത്ത് നിന്നും എഴുന്നള്ളിപ്പ് സ്ഥലത്തും മറ്റും തനിയേ എത്തിയിരുന്നതായും പഴമക്കാർ പറയുന്നു. ഒരാളെപ്പോലും ഉപദ്രവിച്ചിട്ടില്ല. ഒരിക്കൽ പാപ്പാനോട് പിണങ്ങിപൊകുമ്പോൾ ഒരിടവഴിയിൽ വച്ച് എതിരെവന്ന കുട്ടികൾക്കായി വഴിമാറികൊടുത്ത കഥ പ്രശസ്തം. ഗുരുവായൂരപ്പന്റെ അഭിമാനം സംരക്ഷിച്ചിരുന്നു. ഗുരുവായൂരപ്പന്റെ തിടമ്പൊഴികെ ഒന്നും മുൻകാലിലൂടെ കയറ്റില്ലെന്നും വേറെ എവിടെ പോയാലും തിടമ്പേറ്റിയല്ലാതെ പങ്കെടുക്കില്ലെന്നും നിയമം. കൂടുതൽ വലിയ ആനകളുണ്ടെങ്കിലും തിടമ്പേറ്റിയാൽ കേശവന്റെ തലപ്പൊക്കം കൂടുമെന്നു പ്രശസ്തി.

നിലമ്പൂര്‍ കാടുകളില്‍ കളിച്ചു വളര്‍ന്ന കുട്ടിക്കൊമ്പന്‍ ആരോ കുഴിച്ച വാരിക്കുഴിയില്‍ വീണു. അവിടെനിന്നാണ് നിലമ്പൂര്‍ കോവിലകത്തെത്തിയത്. നിലമ്പൂര്‍ കോവിലകത്തെ രണ്ടാമത്ത കുട്ടിക്കൊമ്പനായി വിലസുന്ന സമയത്താണ് മലബാറിലാകമാനം മാപ്പിളലഹള പൊട്ടിപ്പുറപ്പെട്ടത്. മലബാര്‍ ലഹളയുടെ ഭീതി കൂടിക്കൂടി വന്നപ്പോള്‍ ആക്രമണം ഭയന്ന് നിലമ്പൂര്‍ കോവിലകം വലിയ രാജ തൃശൂര്‍ക്ക് താമസം മാറ്റി. സ്വത്തു വഹകളെല്ലാം കാര്യസ്ഥനെ ഏല്‍പിച്ചു. എന്നാല്‍ ലഹളക്കാര്‍ കാര്യസ്ഥനെ വധിച്ചപ്പോള്‍ കാര്യങ്ങളെല്ലാം അവതാളത്തിലായി. തന്റെ സ്വത്തുക്കളെല്ലാം നഷ്ടപ്പെടാന്‍ തുടങ്ങിയെന്നറിഞ്ഞ തമ്പുരാന്‍ പരിഭ്രാന്തനായി ഗുരുവായൂരപ്പനെ വിളിച്ചു പ്രാര്‍ത്ഥിച്ചു. നഷ്ടപ്പെട്ട സ്വത്തെല്ലാം തിരികെ ലഭിച്ചാല്‍ ഒരു കൊമ്പനാനയെ ഗുരുവായൂരപ്പനു നടയിരുത്താമെന്ന് നേര്‍ന്നു. ദൈവഹിതം മറ്റൊന്നായിരുന്നില്ല. തമ്പുരാന് സ്വത്തെല്ലാം തിരികെ ലഭിക്കുകയും കൊമ്പനെ നടക്കിരുത്താന്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെയാണ് 1922 ജനുവരി 4-ാം തിയതി കുട്ടിക്കൊമ്പന്‍ കേശവനെ നടയ്ക്കിരുത്തിയത്.

ക്ഷേത്രത്തില്‍ നടയിരുത്തുമ്പോള്‍ കേശവന്‍ ചെറിയ കുട്ടിയാനയായിരുന്നു. അന്ന് അവിടുത്തെ കേമനായ കൊമ്പന്‍ പത്മനാഭനായിരുന്നു. അന്ന് ശീവേലിക്ക് രണ്ടു നേരവും എഴുന്നള്ളിച്ചിരുന്നത് കേശവനെയായിരുന്നു. ഗുരുവായൂരപ്പന്റെ സുരക്ഷിത വലയത്തില്‍ പിന്നെ കേശവന്‍ വളര്‍ന്നു. കേശവന്റെ രണ്ടു പാപ്പാന്‍മാരായിരുന്നു മാണി നായരും ചെറിയ അച്ചുതന്‍ നായരും. മാണിനായര്‍ കരുത്തനും ആരോഗ്യ ദൃഢഗാത്രനുമായിരുന്നെങ്കില്‍ അച്ചുതന്‍ നായര്‍ ശുഷ്‌കിച്ച ദേഹപ്രകൃതക്കാരനായിരുന്നു. കരുത്തനായ മാണിനായര്‍ എപ്പോഴും കേശവനെ പേടിപ്പിച്ചു നിര്‍ത്തുന്ന പ്രകൃതക്കാരനായിരുന്നെങ്കിലും അച്ചുതന്‍ നായര്‍ സ്‌നേഹം കൊണ്ടായിരുന്നു കേശവനെ കൊണ്ടു നടന്നിരുന്നത്. സ്വന്തം മകനെ പേരു വിളിച്ചു പെരുമാറുന്ന പോലെ മോനേ, കുട്ടാ, കേശവാ എന്നൊക്കെ പറഞ്ഞു കേശവനെ പരിലാളിച്ചു. ആനയഴകിന്റെ അപാരതയും തലയെടുപ്പിന്റെ സവിശേഷതയും കൊണ്ട് കേശവന്‍ അന്ന് ദേവസ്വത്തിലെ മുന്‍ നിരയില്‍ ഉണ്ടായിരുന്ന പത്മനാഭനെ മെല്ലെ മെല്ലെ മറി കടക്കാന്‍ തുടങ്ങി. തിടമ്പേറ്റിയാല്‍ പിന്നെ തലയുയര്‍ത്തിയുള്ള കേശവന്റെ നില്‍പ് മറ്റാനകളെ അസൂയപ്പെടുത്തുന്ന വിധത്തിലായിരുന്നു. കുറച്ചു കാലത്തിനു ശേഷം പത്മനാഭന്‍ ചരിഞ്ഞപ്പോള്‍ കേശവന്‍ പിന്നെ ഗുരുവായൂരപ്പന്റെ യശസുയര്‍ത്തുന്ന ഗജരാജനായി മാറി.

മാതംഗ ശാസ്ത്രത്തിലെ ഗജരാജലക്ഷണത്തില്‍ നിർദേശിക്കുന്ന സമസ്ത രാജകീയ ചൈതന്ന്യങ്ങളും രാജകീയ സ്വഭാവവും പ്രൗഡിയും ഒത്തിണങ്ങിയ അപൂര്‍വ ജന്മം. ഉയരമോ 11.5 അടി, കൊമ്പിന്‍റെ കടവായില്‍ നിന്നു പുറത്തേക്കുള്ള ദൂരം 4.5 അടി. അപൂര്‍വങ്ങളില്‍ അപൂര്‍വമായി കാണുന്ന ലക്ഷണമൊത്ത, നിരയൊത്ത 20 വെള്ള നഖങ്ങള്‍. ഇതിനെല്ലാം പുറമേ അപൂര്‍വതയുള്ള അനേകം സ്വഭാവ സവിശേഷതകളും. പേരും പെരുമയും കേശവന് ഒരുപാട് കിട്ടിയെങ്കിലും പേരിനോടൊപ്പം ഭ്രാന്തന്‍ കേശവന്‍ എന്ന ചെല്ലപ്പേരും കിട്ടി. മദപ്പാടു കാലത്ത് ചില വേലത്തരങ്ങള്‍ കാണിക്കുന്ന കേശവന്‍ ഇടഞ്ഞോടിയാല്‍ പിന്നെ ഗുരുവായൂരില്‍ ചെന്നേ നില്‍ക്കൂ. തനിക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യവും ചെയ്യാന്‍ കൂട്ടാക്കാത്ത കേശവന്‍ ഏറ്റെടുക്കുന്ന ജോലി ഭംഗിയോടെ ചെയ്യും. കേശവന്റെ ഭ്രാന്ത് മാറുന്നതിനു വേണ്ടി വിധി പ്രകാരം ക്ഷേത്രത്തില്‍ 41 ദിവസം ഭജനവുമായി കഴിച്ചു കൂട്ടിയെന്നും അതിനു ശേഷം കേശവന്റെ മനസ്സു മാറിയെന്നും പറയുന്നു. സ്വഭാവത്തില്‍ ഒരുപാട് സവിശേഷതകളുള്ള കേശവന്‍ ആരെയും അകാരണമായി ഉപദ്രവിച്ചതായി അറിവില്ല. നേരിന്റെ വഴിയിലൂടെയേ എന്നും നടന്നിട്ടുള്ളൂ.

ഒരിക്കല്‍ തൃശൂരിനടുത്തുള്ള കൂര്‍ക്കഞ്ചേരി പൂയത്തിനു എഴുന്നള്ളിപ്പിനായി കേശവന്‍ പുറപ്പെട്ടു. എന്നാല്‍ പുഴക്കല്‍ പാടത്ത് എത്തിയപ്പോള്‍ കേശവന് എന്തോ അനിഷ്ടം തോന്നി പോകേണ്ടെന്ന് തീരുമാനിച്ചുറച്ചു. കേശവന്‍ തിരിഞ്ഞു നടന്നു, നേരെ ഗുരുവായൂര്‍ക്ക്. പുലര്‍ച്ചെ ഗുരുവായൂര്‍ കിഴക്കേ നട വഴി വന്ന് വടക്കു ഭാഗത്ത് നിലയുറപ്പിച്ചു. പാപ്പാന്‍മാര്‍ എത്ര നിര്‍ബന്ധിച്ചിട്ടും അന്ന് കേശവന്‍ വഴങ്ങിയില്ല. പിന്നീടൊരിക്കല്‍ കൂപ്പില്‍ പണിക്കു പോയപ്പോള്‍ പാപ്പാന്‍മാരെ പേടിപ്പിച്ച് ചില്ലറ നാശനഷ്ടങ്ങളൊക്കെ വരുത്തി ഗുരുവായൂര്‍ക്ക് തിരിച്ചു. അന്ന് കേശവനെ വെടി വെക്കാന്‍ പോലീസുകാരൊക്കെ തയ്യാറായി വന്നതാണ്. പക്ഷേ ഗുരുവായൂരപ്പന്റെ ആനയെ വെടി വെക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. എവിടുന്നു ഇടഞ്ഞാലും നേരെ കണ്ണന്റെ അടുത്തേക്ക് ഓടിയെത്തുന്ന സ്വഭാവം കേശവന്റെ പ്രത്യേകതയായിരുന്നു.

കേശവന്റെ പേരും പ്രശസ്തിയും വര്‍ദ്ധിച്ചപ്പോള്‍ ദേവസ്വം അധികൃതരും ആരാധകരും ചേര്‍ന്നൊരുക്കിയ ഗജസംഗമത്തില്‍ ‘ഗജരാജന്‍’ എന്ന സ്ഥാനപ്പേരു നല്‍കി. അതിനു ശേഷം ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ എന്ന പേരിലാണ് അറിയപ്പെട്ടത്. ഒരു പക്ഷേ ഗജരാജപട്ടം കിട്ടിയ ആദ്യ കൊമ്പന്‍ കേശവനായിരിക്കാം. 1976 ഗുരുവായൂര്‍ എകാദശി നവമി വിളക്കില്‍ രാത്രി സ്വര്‍ണക്കോലമേന്തി നിന്നിരുന്ന കേശവന് എന്തോ ദേഹാസ്വാസ്ഥ്യം നേരിട്ടു. ചെറിയ വിറയല്‍ ആരംഭിച്ചു. ഉടന്‍ തന്നെ കോലം മറ്റൊരാനപ്പുറത്തേക്ക് മാറ്റി കേശവനെ കിഴക്കേ ഗോപുരം വഴി കോവിലകം പറമ്പിലേക്ക് മാറ്റി. പിറ്റേന്ന് ദശമി. ജലപാനം പോലും കഴിക്കാതെ കേശവന്‍ കിടന്നു. കേശവന്റെ ജീവന്‍ രക്ഷിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാര്‍ ശ്രമിച്ചു കൊണ്ടിരുന്നു. പിറ്റേന്ന് ഏകാദശി. അന്ന് നേരം പുലര്‍ന്നത് ഗുരുവായൂര്‍ കേശവന്‍ ഇഹലോകം വെടിഞ്ഞെന്ന വാര്‍ത്തയുമായാണ്. സാധാരണ ആന ചരിഞ്ഞു എന്നാണ് പറയുക.

ക്ഷേത്രത്തിൽ ഇപ്പോൾ കാണുന്ന സ്വർണ്ണക്കൊടിമരത്തിനുള്ള തടി അത് വെട്ടിയിടത്തു നിന്നും ഗുരുവായൂർ ക്ഷേത്രം വരെ നിലത്തു വയ്ക്കാതെ ചുമന്ന് എത്തിച്ചത് കേശവനാണ്. ആനയോട്ടത്തിൽ വർഷങ്ങളോളം അവൻ ജേതാവായി. ഏകാദശിക്കും ഉത്സവത്തിനും വിശേഷങ്ങൾക്കും സ്വർണ്ണക്കോലം കേശവന്റെ ഉയർന്ന ശിരസിൽ തന്നെയായിരുന്നു . ഗുരുവായൂരപ്പന്റെ കൊടിമരം നോക്കി നമസ്‌ക്കരിച്ചു കിടന്നാണ് കേശവന്‍ അന്ത്യശ്വാസം വലിച്ചത്. കേശവന് വേണ്ടി പിന്നീട് സ്മാരകം ഉണ്ടായി. കേശവന്റെ ചരമ ദിവസം ദേവസ്വം വര്‍ഷാവര്‍ഷം നിരവധി ആനകളുടെ അകമ്പടിയോടു കൂടി ഹാരാര്‍പ്പണം നടത്തി ഓര്‍മ പുതുക്കുന്നു. കേശവന്റെ രണ്ടു കൊമ്പുകളാണ് ക്ഷേത്രകവാടത്തിന്റെ ഇരുവശവും ഇന്ന് കാണുന്നത്. കേശവനെക്കുറിച്ച് നിരവധി പുസ്തകങ്ങളും കവിതകളും സിനിമകളും ടിവി സീരിയലുകളും ഇറങ്ങിയിട്ടുണ്ട്. 1977 ല്‍ എം .ഓ ജോസഫ് നിര്‍മ്മിച്ച് ഭരതന്‍ സംവിധാനം ചെയ്ത് ജയഭാരതി, സോമന്‍, ശങ്കരാടി, ബഹദൂര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അഭിനയിച്ച ഗുരുവായൂര്‍ കേശവനിലെ പി.ഭാസ്‌കരന്‍, ദേവരാജന്‍ ടീമിന്റെ പാട്ടുകള്‍ ഇന്നും ഹിറ്റാണ്.

കേശവന്റെ മുറിച്ചുമാറ്റിയ ആ കൊമ്പുകൾ കിഴക്കേ നടയിൽ കൊടിമരച്ചുവട്ടിൽ നിന്നും നാലമ്പലത്തിലേക്ക് പ്രവേശിക്കുന്ന വാതിലിനു മുകളിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ആ വലിയ കൊമ്പുകൾ കാണുന്ന ആർക്കും കേശവനെ ഓർക്കാതിരിക്കാനാവില്ല.. ഇന്നും ഗുരുവായൂരിലെ ആനക്കൊട്ടിലായ പുന്നത്തൂര്‍ കോട്ടയ്ക്കു ഒരു രാജാവേ ഉള്ളു, പേരിന്റെ കൂടെ കിട്ടിയ പദവിക്ക് (ഗജരാജന്‍) അലങ്കാരമായി മരിയ സാക്ഷാല്‍ കേശവന്‍ . ആന ചരിഞ്ഞാലും ജീവിച്ചാലും പന്തീരായിരം എന്ന പഴമൊഴി മാറ്റിപ്പറയുകയാണെങ്കില്‍ കേശവനെ ഇങ്ങനെ വിശേഷിപ്പിക്കാം, കേശവന്‍ ജീവിച്ചിരുന്നപ്പോഴും ചരിഞ്ഞപ്പോഴും പ്രശസ്തന്‍ എന്ന്. അതുകൊണ്ടു തന്നെ കേശവന്റെ കാലം കഴിയുന്നില്ല, ഗജപുരാണങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നിടത്തോളം കാലം.

വിവരങ്ങൾക്ക് കടപ്പാട് – ജന്മഭൂമി, വിവിധ ബ്ലോഗുകൾ, ഓൺലൈൻ മാധ്യമങ്ങൾ.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply