ഒരു മുന്‍ കെഎസ്ആര്‍ടിസി ജീവനക്കാരന്‍റെ മകന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍…

ഡാഡി, പണ്ട് സര്‍ക്കാര്‍ സ്‌കൂള്‍ മാഷായിരുന്നു. ദാരിദ്ര്യം കടുത്തതോടെ മെച്ചപ്പെട്ട ശമ്പളമെന്ന പ്രലോഭനത്തില്‍ ക്‌ളാസ് മുറിവിട്ട്‌ കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടറായി. നിര്‍ണായകമായ ആ തീരുമാനസ്മരണയില്‍ ഒരു ആറുവയസ്സുകാരന്‍ സന്തോഷിച്ചു.  കുന്നന്താനം വഴി പോകുന്ന ചുവന്ന ആനവണ്ടികളെല്ലാം അപ്പന്‍വകയെന്ന് അഭിമാനിച്ചു!. ജോലി ചെയ്ത ചങ്ങനാശ്ശേരി ഡിപ്പോയിലേക്ക് ആണ്ടിലും സംക്രാന്തിക്കും എന്നെയും കൂടെക്കൂട്ടി. അമ്മവീട്ടിലേക്ക് പോകുന്നപോലെയായിരുന്നു ആ യാത്ര.

രാത്രിയില്‍ വീട്ടില്‍ പോകാന്‍ കഴിയാത്ത ജീവനക്കാര്‍ക്ക് ഡിപ്പോയില്‍ താമസിക്കാനുള്ള മുറിയില്‍ പൊടിപിടിച്ച അനേകം പെട്ടികളുണ്ടായിരുന്നു. അതില്‍ ഡാഡിയുടെ പേരിലുള്ള ഒരു പൊടിപിടിച്ച പെട്ടിയും കണ്ടു. അതില്‍ ഞാന്‍ ഷര്‍ട്ട് ഇന്‍ ചെയ്തുനില്‍ക്കുന്ന, പെങ്ങള്‍ ഒരു ചുവന്ന ഫ്രോക്കിട്ട ഒരു ഫോട്ടോയും ഉണ്ടായിരുന്നു. അക്കാലത്ത് ഡാഡി ഒരു സിനിമയില്‍ അഭിനയിച്ചു. വിനയന്‍ സംവിധാനം ചെയ്ത് മോഹന്‍ലാലിന്റെ ഡ്യൂപ്പ് മദന്‍ലാല്‍ അഭിനയിച്ച ‘സൂപ്പര്‍സ്റ്റാറി’ല്‍. ഏ.സി റോഡിലൂടെ പോകുന്ന ബസില്‍ ഇന്നസെന്റ് തബലയുമായി കേറാനെത്തുന്നു. ആ ബസിലെ ഫുട്‌ബോഡില്‍ കണ്ടക്ടറായി നിന്ന് അഭ്രപാളിയില്‍ മൂന്നോ നാലോ സെക്കന്‍ഡ് പതിഞ്ഞ ഡാഡിയെ കാണാന്‍ കുന്നന്താനം ജയ തിയേറ്ററില്‍ ഞാനും പെങ്ങളും അമ്മയും കണ്ണുമിഴിച്ചിരുന്നു. ആ സിനിമ എട്ടുനിലയില്‍ പൊട്ടി. മദന്‍ലാലിനെ മോഹന്‍ലാല്‍ ഫാന്‍സ് കയ്യേറ്റം ചെയ്തു. മദന്‍ലാല്‍ ഇപ്പോള്‍ എവിടെയാണ്‌…?

അക്കാലത്ത് ചങ്ങനാശ്ശേരി സ്റ്റാന്‍ഡിലെത്തുമ്പോള്‍ ബസിന്റെ ബോര്‍ഡുകള്‍ ഞാന്‍ വായിച്ചു പഠിക്കും. ആര്‍.ബാലകൃഷ്ണപിള്ള ഗതാഗതവകുപ്പ് മന്ത്രിയായ കാലത്തായിരുന്നു എന്റെ ഹൈസ്‌കൂള്‍. അങ്ങേരേക്കൊണ്ട് ആകുന്ന വിധത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികളെ ഭീകരമായി ഉപദ്രവിച്ചു. അക്കാലങ്ങളില്‍ സമരത്തിന് രാവിലെ വീട്ടില്‍ നിന്നിറങ്ങിപ്പോകുന്ന ഡാഡിയെ കണ്ടോണ്ട് സ്‌കൂളിലേക്ക് ഞാന്‍ നടന്നു. കെ.എസ്.ആര്‍.ടി.സി കമ്പനിയാക്കുന്നതിനെക്കുറിച്ച് രാത്രിയില്‍ റേഡിയോയില്‍ വാര്‍ത്ത കേട്ടു. പക്ഷേ, അതൊന്നും അന്ന് നടന്നില്ല. തൊഴിലാളികള്‍ തീവ്രമായി സമരം ചെയ്ത് ചെറുത്തുതോല്‍പ്പിച്ചു.

പില്‍ക്കാലത്ത് രാഷ്ടീയമാലിന്യമായി മാറിയ പിള്ളയെ ടി.വിയില്‍ കാണിക്കുമ്പോള്‍ അപ്പന്‍ പുച്ഛിച്ചു രസിച്ചു. തിരുവല്ല മാര്‍ത്തോമാ കോളേജിലെ 97ലെ പ്രീഡിഗ്രിക്കാലത്ത് ക്‌ളാസ്‌ കട്ടുചെയ്ത് ചങ്ങനാശ്ശേരിയില്‍ സിനിമക്ക് പോകാന്‍ ഡാഡി മണിയടിക്കുന്ന വണ്ടിയിലേക്ക് ഒരിക്കല്‍ ഓടിക്കേറി ഇരട്ടിവേഗത്തില്‍ തിരിച്ചിറങ്ങി പാഞ്ഞിട്ടുണ്ട്. അന്നത്തെ ഒരു കുറ്റബോധം..ഹോ!.

എന്തൊക്കെ പറഞ്ഞാലും ചുവപ്പന്‍ബസുകള്‍ ഒരു വികാരംതന്നെ. അപ്പന്‍വക ബന്ധം കിട്ടിയില്ലെങ്കിലും അതങ്ങനെതന്നെയാകാനേ വഴിയുള്ളൂ. ഇപ്പറഞ്ഞതൊന്നുമല്ല പറയേണ്ട കാര്യങ്ങള്‍. ഇപ്പോഴത്തെ പ്രശ്‌നം വേറെ. കെ.എസ്.ആര്‍.ടി.സി കമ്പനിയാക്കിക്കൂടേയെന്ന് ഹൈക്കോടതി സിംഗിള്‍ബെഞ്ചും ചോദിക്കുന്നു. കമ്പനിയാക്കിയാല്‍ പെന്‍ഷന്‍ നിലയ്ക്കും. സ്വകാര്യ മൊതലാളിമാര്‍ കേരളത്തിന്റെ പൊതുഗതാഗത സംവിധാനത്തെ തകര്‍ത്ത് തരിപ്പണമാക്കും. കൊച്ചിയിലെ സ്വകാര്യ ബസുകളുടെ ധാര്‍ഷ്ട്യം അപകടങ്ങളായും പെരുമാറ്റ വൈകല്യങ്ങളായും ദിനേന കണ്ടുകൊണ്ടിരിക്കുന്ന ഒരു പതിവു ബൈക്കുയാത്രികനായ എനിക്ക് വേറെ തെളിവുകളൊന്നും വേണ്ട.

പല പെന്‍ഷന്‍കാരും രോഗങ്ങളുടെയും ദുരിതങ്ങളുടെയും പിടിയിലാണ്. ഒരു ഗതിയുമില്ലാത്ത ആയിരങ്ങള്‍ ആത്മഹത്യയ്ക്ക് തുല്യമായി ജീവിക്കുന്നു. ലക്ഷങ്ങള്‍ കോഴ കൊടുത്തും ജാതീയമായ പരിഗണനകൊണ്ടും ജോലി നേടിയ എയ്ഡഡ് സ്‌കൂള്‍-കോളേജ് അധ്യാപകര്‍ക്ക് ശമ്പളമായും പെന്‍ഷനായും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നികുതിദായകരുടെ കോടിക്കണക്കിന് പണം കൊടുത്തുകൊണ്ടിരിക്കുന്ന രാജ്യത്താണ് കഷ്ടപ്പെട്ടു പഠിച്ച് സര്‍ക്കാര്‍ ജോലി നേടിയവര്‍ക്ക് ഈ ദുര്യോഗം. ഒരുപക്ഷേ, ഡാഡി സ്‌കൂള്‍ മാഷായി തുടര്‍ന്നിരുന്നെങ്കില്‍ ഗസറ്റഡ് പോസ്റ്റില്‍ ഹെഡ്മാസ്റ്ററായി അടുത്തൂണ്‍ പറ്റാനാകുമായിരുന്നു.നല്ല തുക പെന്‍ഷന്‍ ഇനത്തില്‍ തന്നെ കിട്ടുമായിരുന്നു. പക്ഷേ, അങ്ങനെയായിരുന്നെങ്കില്‍ സംസ്ഥാനത്തിന്റെ പൊതുഗതാഗതസംവിധാനം നിര്‍വ്വഹിച്ച സേവനങ്ങളുടെ ശതമാനക്കണക്കില്‍ എന്റെ അപ്പന്റെ അഞ്ഞൂറുമില്ലി വിയര്‍പ്പ് ഉണ്ടാകുമായിരുന്നില്ല.

കെ.എസ്.ആര്‍.ടി.സി നിലനില്‍ക്കേണ്ടത് സാധാരണക്കാരുടെ ആവശ്യമാണ്. കോട്ടയത്തെയും പുതുപ്പള്ളിയിലെയും കൊട്ടാരക്കരയിലെയും പാലായിലെയും സ്വകാര്യബസ് മൊതലാളിമാര്‍ക്ക് അടിയറവെക്കേണ്ടതല്ല സാധാരണക്കാരുടെ ഈ യാത്രാസംവിധാനം. കെ.എസ്.ആര്‍.ടി.സിയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കങ്ങളെ ചെറുത്ത് തോല്‍പ്പിക്കേണ്ടതുണ്ട്.

Written by: Kalesh Som.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply