വയലട : കോഴിക്കോടിന്‍റെ സ്വന്തം ഗവി !!

മുല്ലയ്ക്ക് മണമില്ല എന്ന് കേട്ടിട്ടില്ലേ, വയലടയ്ക്ക് പോകാന്‍ ഒരുങ്ങിയപ്പോ എന്റെ മനസ്സില്‍ ആദ്യം വന്നത് ആ പഴഞ്ചൊല്ലാണ്. കോഴിക്കോട്ടുകാരി ആയിട്ടും മുള്ളന്‍പാറയും അവിടുത്തെ കാലാവസ്ഥയും പ്രകൃതിഭംഗിയുമൊന്നും എന്നെ അങ്ങോട്ട് അടുപ്പിച്ചിരുന്നില്ല. തമിഴ്‌നാ്ട്ടുകാരനായ സുഹൃത്ത്പറഞ്ഞാണ് ഞാന്‍ വയലടയെ കുറിച്ച് കൂടുതല്‍ അറിയുന്നത്. വയലടയില്‍ പോയിട്ടില്ലെന്നു പറയുമ്പോ ചെറിയൊരു നാണക്കേട് ഉണ്ടായിരുന്നെങ്കിലും സ്വന്തം നാെടന്ന് പറഞ്ഞു ഒരു ചെറിയ അഹങ്കാരമൊക്കെ കാണിക്കാന്‍ ശ്രമിച്ചിരുന്നു.

ബാലുശ്ശേരിയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കോഴിക്കോടന്‍ ഗവിയിലേക്ക് ഒരു യാത്ര. പ്രവൃത്തിദിവസം ആയിരുന്നിട്ടും ബസില്‍ ഉണ്ടായ തിരക്ക് എന്നെ ശരിക്കും അദ്ഭുതപ്പെടുത്തിയിരുന്നു. നഗരങ്ങളിലെ കാഴ്ചകള്‍ മടുത്തു പ്രകൃതിയോട് അടുക്കാനുള്ള തിക്കും, തിരക്കും, ആവേശവും ഞാന്‍ കണ്ടു. എന്നെ പോലെ ആദ്യമായി പോകുന്നവരായിരുന്നില്ല അവരില്‍ ഒരാള്‍ പോലും. ഇവരൊക്കെ വീണ്ടും വീണ്ടും പോകാന്‍ എന്താ കാരണമെന്നു ആനവണ്ടി മല കയറി തുടങ്ങിയപ്പോ മനസിലായി. സത്യം പറയട്ടെ ബസ് മുന്നോട്ടു നീങ്ങുമ്പോള്‍ നഗരം പേടിച്ചു പിന്നോട് ഓടുന്ന പോലെയാ തോന്നിയത്.

പരിചയമില്ലാത്തതുകൊണ്ടും ഒരു പെണ്‍കുട്ടിയെ തനിച്ച് കണ്ടതുകൊണ്ടുമാവാം പുറംകാഴ്ച്ചകളില്‍നിന്ന് ഇടയ്ക്കിടെ എല്ലാ കണ്ണുകളും എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ചിലപ്പോള്‍ എന്റെ തോന്നലാവാം ഓര്‍ഡിനറി സിനിമയില്‍ കണ്ടിട്ടില്ലേ ഗവിയിലേക്കുള്ള യാത്ര. ശരിക്കും അങ്ങനൊരു കാഴ്ച്ചയായിരുന്നു ബസിനകത്തും പുറത്തും. വാര്‍ധക്യത്തിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ഏങ്ങിയും വലിഞ്ഞും കിതച്ചും ആനവണ്ടി മല കയറി. കാഴ്ചകള്‍ കാണാന്‍ വേഗത്തില്‍ പായാത്ത വണ്ടിയാ നല്ലത്. കുറ്റം പറഞ്ഞാലും വയലടക്കാരെ ലോകവുമായി ബന്ധിപ്പിക്കുന്നത് ഈ ആനവണ്ടി തന്നെ്.

റോഡിന്റെ ഇരുവശത്തും കാഴ്ചകള്‍ നിറയാന്‍ തുടങ്ങി. ഒരു വശത്ത് റബ്ബര്‍ കാടുകള്‍ തിങ്ങി നിറഞ്ഞു നില്‍കുമ്പോള്‍ മറുവശത്ത് വെള്ളി നൂല്‍ പോലെ ഒലിച്ചിറങ്ങുന്ന കാട്ടരുവി. 20കിലോമീറ്റര്‍ നീണ്ട യാത്രക്കൊടുവില്‍ ഒരു പള്ളിമുറ്റത്ത് ബസ് നിന്നു. നിറയെ പൂക്കളുള്ള പള്ളിമുറ്റം എന്നെ വെറുതെ സന്തോഷിപ്പിച്ചു. പള്ളിക്കടുതായി പ്രായക്കൂടുതലും അസുഖങ്ങളുമുള്ള ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം ഉണ്ട്. ചെറിയ വെയില്‍ ഉണ്ടായിരുന്നെങ്കിലും മുള്ളന്‍പാറ കാണാന്‍ എല്ലാവരും നടന്നു തുടങ്ങി. കാപ്പി തോട്ടത്തിന്റെ നടുവിലൂടെയാണ് നടപ്പ്. മുന്നിലും പിന്നിലും ഉള്ളവരെല്ലാം കളിയും ചിരിയും തമാശകളുമായി നടക്കുമ്പോള്‍ കൂടെ ആരെങ്കിലും ഇല്ലാത്തത് എന്നെ സങ്കടപ്പെടുത്തി. പിന്നെ ഒന്നും നോക്കിയില്ല എങ്ങനെയെങ്കിലും അവരുടെ കൂടെ ചേരാനും സംസാരിക്കാനും കുറെ കഷ്ടപ്പെട്ടാണെ ങ്കിലും ശ്രമിച്ചു. ഒരു കിലോമീറ്റര്‍ നടന്നപ്പോഴേ ഞാന്‍ ക്ഷീണിച്ചു. മുള്ളന്‍പാറയുടെ ബോര്‍ഡും പിന്നെയും കിടക്കുന്ന വഴിയും കണ്ടപ്പോഴേ എന്റെ ആവേശം ചോരാന്‍ തുടങ്ങി. ചുറ്റും നോക്കിയപ്പോ ബോര്‍ഡിനു പിന്നിലായി ഒരു ചെറിയ വീട് കണ്ടു. സഞ്ചാരികളെ താമസിപ്പിക്കാന്‍ സൗകര്യമുള്ള ഒരു ചെറിയ വീട്. മുന്നോടുള്ള നടത്തത്തിനിടയില്‍ മുള്ളന്‍പാറയുടെ ഒരു ഭാഗം കണ്ടപ്പോള്‍ ആവേശം വീണ്ടും മുന്നോട് കുതിച്ചു.

മുള്ളുകള്‍ പുതച്ച പാറയുടെ മുകളിലെത്തി. ഒരു നിമിഷം എവിടേക്ക് നോക്കണമെന്ന് അറിയാതെനിന്നു. കക്കയ ഡാംം 6 പായ്ക്കില്‍ നില്ക്കുന്നു. വൈദുതി ഉല്‍പാദനത്തിനു ശേഷം പുറത്തേക്കു വിടുന്ന വെള്ളവും വെള്ളപ്പാച്ചിലിനെച്ചുറ്റി നില്‍ക്കുന്ന കാടും. അതൊരു പ്രത്യേക സൗന്ദര്യംതന്നെ ആയിരുന്നു. പ്രകൃതിഭംഗി ആസ്വദിക്കുന്നതിനിടെ അവിടെ ഹണിമൂണിനു വന്ന ദമ്പതികളിലേക്കു ശ്രദ്ധ ഒന്നു പോയി. ശ്രദ്ധയെ തിരിച്ചു വിളിച്ചു പിടിച്ചു കെട്ടിയിട്ടു വീണ്ടും വിതൂരതയിലേക്ക്. സമുദ്രനിരപ്പില്‍നിന്നു രണ്ടായിരത്തിലധികം അടി ഉയരത്തിലാണ് വയലട മല. ആകാശ നീലിമയും കാട്ടുപച്ചയും ചേര്‍ന്നു കണ്ണിനെ ഇക്കിളിയാക്കുന്നത് പോലെ തോന്നി. കണ്ണില്‍ കണ്ടതെല്ലാം ക്യാമറയില്‍ പകര്‍ത്തി. മുള്ളന്‍പാറയ്ക്കടുത്ത് ഒരു അമ്പലമുണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ വിഷുവിനു മാത്രം പൂജ നടക്കുന്ന ഒരു കാവ്.

വയലടയിലെ ആളുകളെ കാണണമെന്നും പരിജയപ്പെടണമെന്നും ജീവിതരീതികളും സാഹചര്യങ്ങളും അറിയണമെന്നും ഉണ്ടായിരുന്നു. വീട്ടിലെത്താന്‍ വൈകിയാല്‍ പിന്നെ ഇവിടേക്കുതന്നെ തിരിച്ചെത്തി എന്നും ഇവര്‍ക്കൊപ്പം ജീവിക്കേണ്ടിവരുമല്ലോ എന്നോര്‍ത്തു മലയിറങ്ങാന്‍ തീരുമാനിച്ചു. വനം വകുപ്പിന്റെ ജണ്ടക്കല്ലുകളെ എണ്ണിയും പ്രകൃതിയെ തൊട്ടറിഞ്ഞു മെല്ലെ കുന്നിറങ്ങി തുടങ്ങി. ഞാന്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ തണുപ്പ് മെല്ലെ മുകളിലേക്ക് കയറാന്‍ തുടങ്ങിയിരുന്നു. കൂടെയുള്ളവരെല്ലാം വേഗത്തില്‍ നടന്നു തുടങ്ങി 5.10നുള്ള ബസ് പോയാല്‍ പിന്നെ നാളെയേ ബസ് ഉണ്ടാകുമെന്ന് കൂടെ ആരോ പറയുന്നത് കേട്ട് ഞാനും വേഗത കൂട്ടി.

മടക്കവും ആനവണ്ടിയില്‍തന്നെ. ബസില്‍ തിരക്ക് കുറവായിരുന്നു അതുകൊണ്ട് തന്നെ കുലുക്കവും കൂടി. വേഗത കൂടിയപ്പോള്‍ ദുപ്പട എടുത്തു തലവഴിയിട്ടു പുതച്ചു. തണുപ്പ് എന്നെ ഒരുപാട് തൊട്ടുതലോടുന്നത് എനിക്ക് ഇഷ്ടമില്ല. കുറച്ചു ദൂരം പിന്നിടപ്പോള്‍ എല്ലാ കോഴിക്കോട്ടുകാരെയും പോലെ പോലെ എന്നെ കാഴ്ചകള്‍കൊണ്ടു സല്‍കരിച്ച വയലടയെ ഒന്ന് തിരിഞ്ഞു നോക്കി. ചെറിയ പുഞ്ചിരിയോടെ ഞാന്‍ മനസ്സില്‍ പറഞ്ഞു, സമയം കിട്ടുമ്പോ ഇടക്കൊക്കെ വരാട്ടോ

 

 

വിവരണം : ധന്യ വിശ്വം

കടപ്പാട്  : കൈരളി ന്യൂസ്

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply