ചെന്നൈയിൽ നിന്നും കെഎസ്ആർടിസിയുടെ സ്പെഷ്യൽ ബസ് സർവ്വീസുകൾ…

ഓണക്കാലം വരുന്നതോടെ അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കർണാടകയിലുമുള്ള മലയാളികൾക്ക് നാട്ടിലെത്തുവാനായി കൂടുതൽ ഓണമാ സ്പെഷ്യൽ ബസ് സർവ്വീസുകളുമായി ഇത്തവണ കെഎസ്ആർടിസി അരങ്ങത്തെത്തിയിരിക്കുകയാണ്. ട്രെയിനുകളെല്ലാം നേരത്തെ തന്നെ തിരക്കാകുന്ന ഈ അവസരത്തിൽ കൂടുതലാളുകളും ബസ് സർവ്വീസുകളെയായിരിക്കും ആശ്രയിക്കുക. ഈ അവസരത്തിൽ പ്രൈവറ്റ് സർവ്വീസുകൾ വിമാന നിരക്കിനൊപ്പമുള്ള തുകയായിരിക്കും ഒരു സീറ്റിന് ഈടാക്കുക. ഗതികെട്ട പാവം മലയാളികൾ ഇല്ലാത്ത കാശുമുടക്കി എങ്ങനെയെങ്കിലും നാട്ടിലെത്തുവാൻ നോക്കും.

സാധാരണയായി കെഎസ്ആർടിസി ഈ അവസരത്തിൽ ബെംഗളൂരുവിലേക്ക് മാത്രമായിരിക്കും കൂടുതൽ സർവ്വീസുകൾ നടത്താറുള്ളത്. എന്നാൽ ഇത്തവണ ഓണത്തിനു മുൻപും ശേഷവുമായി കർണാടകയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും (തിരിച്ചും) കൂടുതൽ സ്പെഷ്യൽ സർവ്വീസുകൾ നടത്തുവാൻ കേരളത്തിന് അനുമതി ലഭിച്ചിരിക്കുകയാണ്. ചെന്നൈ, കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങളിൽനിന്നാണ് കെഎസ്ആർടിസി ഓണക്കാല സർവീസ് നടത്തുന്നത്. കൂടുതൽ സർവീസുകൾ നടത്തുന്നതോടെ ഇരു സംസ്ഥാനങ്ങളിലുമുള്ള മലയാളികൾ നേരിടുന്ന യാത്രാക്ലേശത്തിനും ഒരു പരിധി വരെ പരിഹാരമാകുമെന്നാണു പ്രതീക്ഷ.

തിരക്കു കൂടുതലുള്ള എറണാകുളം, തൃശൂർ ഭാഗങ്ങളിൽ നിന്നും അധിക സർവീസുകൾ അനുവദിച്ചിട്ടുണ്ട്. ദിവസേന 24 അധിക സർവീസുകൾ നടത്താൻ കെഎസ്ആർടിസി സജ്ജമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓണം സ്പെഷ്യൽ സർവീസുകൾക്ക് തമിഴ്‌നാട് അനുമതി നൽകിയതോടെ ഇത്തവണ ഓണത്തിന് ചെന്നൈ മലയാളികൾക്ക് തങ്ങളുടെ ചങ്കായ ആനവണ്ടിയിൽ നാട്ടിലെത്താം.

1. ചെന്നൈ–എറണാകുളം– എട്ട് ബസുകൾ– ദിവസം നാലു സർവീസുകൾ വീതം. (കോയമ്പത്തൂർ–പാലക്കാട് വഴി.), 2. കോയമ്പത്തൂർ–തൃശൂർ– അഞ്ച് ബസുകൾ– ദിവസം പത്തു സർവീസുകൾ വീതം. (വാളയാർ വഴി), 3. പൊള്ളാച്ചി– തൃശൂർ– അഞ്ച് ബസുകൾ– ദിവസം പത്തു സർവീസുകൾ വീതം. (ഗോപാലപുരം വഴി) എന്നിവയായിരിക്കും തമിഴ്‌നാട്ടിൽ നിന്നുള്ള കെഎസ്ആർടിസിയുടെ ഓണം സ്പെഷ്യൽ സർവ്വീസുകൾ. ഈ മാസം 17 മുതൽ അടുത്ത മാസം മൂന്നു വരെയായിരിക്കും ഈ സർവ്വീസുകൾ ഓടുന്നത്. സമയക്രമം പിന്നീട് പ്രഖ്യാപിക്കും.

ഇതോടൊപ്പം ക്രിസ്മസ്, പുതുവർഷം, ദീപാവലി, പൊങ്കൽ, പൂജ തുടങ്ങിയ ആഘോഷങ്ങളുടെ സമയത്തും മാർച്ച് മുതൽ ജൂൺ വരെ സമ്മർ സർവീസ് ആരംഭിക്കുന്നതിനും കെഎസ്ആർടിസി തമിഴ്നാട് സർക്കാരിനോട് അനുമതി ചോദിച്ചിട്ടുണ്ട്. ഓണത്തിന് സർവീസ് നടത്തുന്ന അതേ റൂട്ടുകളിലൂടെയാണ് ക്രിസ്മസ് ഉൾപ്പെടെയുള്ള ആഘോഷവേളകളിൽ കെഎസ്ആർടിസി സർവീസ് നടത്താൻ ഉദ്ദേശിക്കുന്നത്. ഇതിനായുള്ള അനുമതിയ്ക്ക് നമുക്ക് കാത്തിരിക്കാം. കെഎസ്ആർടിസി മുന്നോട്ടു വെച്ചിട്ടുള്ള മറ്റു സ്പെഷ്യൽ റൂട്ടുകൾ താഴെ പറയുന്നവയാണ്.

1.ചെന്നൈ–എറണാകുളം– രണ്ട് ബസുകൾ– ദിവസം ഒരു സർവീസ് (സേലം–കോയമ്പത്തൂർ–പാലക്കാട് വഴി), 2.മധുര–എറണാകുളം–രണ്ട് ബസുകൾ– ദിവസം രണ്ട് സർവീസ് (കുമളി–കോട്ടയം വഴി), 3.സേലം–കോഴിക്കോട്– നാലു ബസുകൾ– ദിവസം രണ്ട് സർവീസ് (കോയമ്പത്തൂർ–പാലക്കാട് വഴി), 4.ചെന്നൈ–മൂന്നാർ– രണ്ട് ബസുകൾ– ദിവസം ഒരു സർവീസ്. (തിരുച്ചിറപ്പള്ളി, ഡിണ്ടിഗൽ, ബോഡി, ദേവികുളം വഴി), 5.ചെന്നൈ–ഗുരുവായൂർ– രണ്ട് ബസുകൾ– ദിവസം ഒരു സർവീസ് (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), 6.വേളാങ്കണ്ണി–എറണാകുളം– രണ്ട് ബസുകൾ– ദിവസം ഒരു സർവീസ് (തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ, പാലക്കാട് വഴി), 7.തൂത്തുക്കുടി–എറണാകുളം– രണ്ട് ബസുകൾ– ദിവസം ഒരു സർവീസ് (ചെങ്കോട്ട, പുനലൂർ, കൊല്ലം വഴി), 8.പുതുച്ചേരി – എറണാകുളം– രണ്ട് ബസുകൾ – ദിവസം ഒരു സർവീസ് (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), 9.മധുര– മൂന്നാർ– നാല് ബസുകൾ– ദിവസം നാല് സർവീസുകൾ (തേനി വഴി),10.തേനി– മൂന്നാർ– നാല് ബസുകൾ– ദിവസം എട്ട് സർവീസുകൾ (ദേവികുളം വഴി), 11.രാജപാളയം– കൊല്ലം– മൂന്ന് ബസുകൾ– ദിവസം മൂന്ന് സർവീസുകൾ (ചെങ്കോട്ട, പുനലൂർ വഴി), 13.കോയമ്പത്തൂർ – പാലക്കാട്– മൂന്ന് ബസുകൾ– ദിവസം ഒൻപത് സർവീസുകൾ (വാളയാർ വഴി).

വിവരങ്ങൾക്ക് കടപ്പാട് – മനോരമ ഓൺലൈൻ, KSRTC SOCIALMEDIA WING.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply