തിരൂര്‍ > ബാഗ്ലൂര് > ഹൈദരാബാദ് > വിജയവാഡ > നാഗ്പൂര്‍ (തിരികെ) > ഹൈദരാബാദ് > ഹംപി > മൈസൂര്‍ > തിരൂര്‍. 2017ല്‍ യാത്ര തുടങ്ങി 2018ല്‍ തിരിച്ചെത്തിയ മനോഹരമായ സഞ്ചാരം. കഴിഞ്ഞ വര്‍ഷത്തെ (2017) എന്റെ 19 യാത്രകളില്‍ ഏറെ ദൂരം സഞ്ചരിച്ചതും ഏറ്റവുമധികം ആസ്വദിച്ചതുമായ യാത്ര. അല്ലേലും യാത്രകള്‍ അറിവുകളും അനുഭവങ്ങളുമാണല്ലോ…
(JOURNEY START) 27-12-2017 ന് രാത്രി 12 മണിക്ക് തിരൂരില്‍ നിന്നും ഞങ്ങള്‍ യത്ര തുടങ്ങി, ഞങ്ങള്‍ എന്നു പറഞ്ഞാല്‍ എന്നെ പോലെ യാത്രയെ സ്നേഹിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന എന്റെ രണ്ട് ചങ്ക് ബ്രോസ് അനൂപും, സിദ്ധീക്കും, പിന്നെ ഞങ്ങളെ വഹിച്ചുകൊണ്ടു പോകുവാന്‍ ഒരു ഹുണ്ടായ് ഇയോണ്‍ കാറും, പെട്രോൾ കാർ, ഫ്രഷ് പീസ്, ചെറിയ കാറാണെങ്കിലും യാത്ര ഉഷാർ. പലരും യാത്രക്ക് മുമ്പ് ഇയോണ്‍ കാറിലുള്ള ദീര്‍ഘദൂര യാത്രയെ കുറിച്ച് പറഞ്ഞ് പേടിപ്പിച്ചെങ്കിലും യാത്ര കഴിഞ്ഞെത്തിയ എനിക്ക് തോന്നിയത് ഇയോണ്‍ ചില്ലറക്കാരിയല്ല എന്നതാണ്.
28-12-2017 ന് രാവിലെ 10 മണിക്ക് ബാംഗ്ലൂരിൽ എത്തി. യാത്രയുടെ തുടക്കം മുതലേ ക്ഷീണം പ്രകടമാകാതിരിക്കാന്‍ റും എടുത്ത് ഒന്ന് വിശ്രമിക്കുകയും ഫ്രഷാവുകയും ചെയ്തതിന് ശേഷം കൃത്യം 1:30 ന് വീണ്ടും യാത്ര തുടങ്ങി ഹൈദരാബാദിലേക്ക്.. മുമ്പും ഹൈദരാബാദിലേക്ക് യാത്ര പോയിട്ടുണ്ടെങ്കിലും ഇത് പോലെ മുഴുനീളന്‍ ഡ്രൈവിംഗ് ട്രിപ്പ് ആദ്യമായിട്ടായിരുന്നു, അതിന്റെ ആവേശവും ഹര്ഷവും എന്റെ ഡ്രൈവിഗിലും യാത്രയിലും പ്രകടമായിരുന്നു.
ബാഗ്ലൂര് – ഹൈദരാബാദ് ഹൈവെയുടെ വിചനത ആസ്വദിച്ചും വളരെ വേഗത്തിലുള്ള എന്റെ ഡ്രൈവിംഗും കൊണ്ടോ എന്തോ പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തെ ഹൈദരാബാദ് എത്തി. സമയം രാത്രി 11 മണി, മുന്‍ യാത്രയില്‍ പരിചയപ്പെട്ട ഹൈദരാബാദി സുഹൃത്ത് സജാദ് ഹുസൈനെ വിളിച്ചു നോക്കി, ഭാഗ്യം അവന് സ്ഥലത്തുണ്ട്, അവന് വന്നു, വിശേഷങ്ങള്‍ കൈമാറി, അവന്റെ നിര്‍ദേശ പ്രകാരം റും എടുത്ത് നന്നായി ഒന്ന് ഉറങ്ങി.
29-12-2017 ന് ഹൈദരാബാദിന്റെ പ്രധാന വിനോദസഞ്ചാര സ്ഥലങ്ങളെല്ലാം ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു… ചാര്‍മിനാറും, മെക്കാ മസ്ജിദും, ഗോല്‍കുണ്ട ഫോര്‍ട്ടും, ബിര്‍ളാമന്ദിറും, ലുംബിനി പാര്‍ക്കും, സ്നോവേള്ഡും സന്ദര്‍ശിച്ച് രാത്രി 8:30തോട് കൂടി നേരെ വിജയവാഡയിലേക്ക്…. രാത്രി 11.40 ന് അവിടെയെത്തി. അല്‍പ്പം ക്ഷീണം പ്രകടമായി തുടങ്ങിയതിനാല്‍ പെട്ടെന്ന് റും തരപ്പെടുത്തി നല്ലൊരു ഉറക്കവും പാസ്സാക്കി.
30-12-2017ന് രാവിലെ വിജയവാഡയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി റും വിട്ടിറങ്ങി. വിജയവാഡയില്‍ ആദ്യമായിട്ടായതിനാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് വലിയ എെഡിയ ഒന്നും ഉണ്ടായിരുന്നില്ല. എന്തായാലും ആദ്യം പ്രാതല്‍ കഴിക്കാം എന്നുദ്ധേഷിച്ച് മുന്നില്‍ കണ്ട ഹോട്ടല്‍ ഗോള്‍ഡന്‍ ലക്ഷ്യമാക്കി നീങ്ങി. അവിടെ എത്തിയപ്പോള്‍ ആകെപ്പാടെ ഒരു മലയാളീ ഗന്ധം.
ഞങ്ങളുടെ സംസാരം ശ്രദ്ധിച്ചത് കൊണ്ടോ എന്തോ ക്യാഷ് കൗണ്ടറില്‍ നിന്നും ഒരു ചോദ്യം മലയാളികളാണല്ലേ…? (അല്ലേലും ഒരു മലയാളിക്ക് വേറൊരു മലയാളിയെ കണ്ടാല്‍ മനസ്സിലാക്കാന്‍ വല്യ ബുദ്ധിമുട്ടുണ്ടാകില്ല) തിരിഞ്ഞ് നോക്കുമ്പോള്‍ തല മുഴുവനായും നെര ബാധിച്ച പ്രായം 70നോട് അടുക്കുന്ന ഒരു മനുഷ്യന് പുഞ്ചിരിയുമായി ഞങ്ങളെ സ്വീകരിച്ചു…
ആ പാവം മനുഷ്യനുമായുള്ള വിശദമായ ഞങ്ങളുടെ സംഭാഷണത്തില്‍ കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ മജീദ്ക്ക ഞങ്ങള്‍ക്ക് വിജയവാഡയെ കുറിച്ചും സന്ദര്‍ശക സ്ഥലങ്ങളെ കുറിച്ചും വിശദമായി പറഞ്ഞു തന്നു അദ്ധേഹത്തിന്റെ 32 വര്‍ഷത്തെ ആ നാട്ടിലുള്ള അനുഭവത്തില്‍ നിന്നും. അത് ഞങ്ങളുടെ യാത്ര എളുപ്പമാക്കാന്‍ ഒരുപാട് സഹായിച്ചു.
ശേഷം വിജയവാഡയിലെ പ്രധാന സഞ്ചാരകേന്ദ്രങ്ങളായ ഗാന്ധി ഹില്‍, രാജീവ് ഗാന്ധി പാര്‍ക്ക്, ഉണ്ടവല്ലി ഗുഹകള്‍ എന്നിവ സന്ദര്‍ശിച്ച് സമയം 5:00 ആയപ്പോഴേക്കും വണ്ടി നേരേ നാഗ്പൂരിലേക്ക് വച്ച് കീച്ചി. സമയം രാത്രി 9:30 ആയിക്കാണും ഞങ്ങള്‍ നാഗ്പൂരില്‍ എത്തുമ്പോള്‍. വണ്ടി ഓടിച്ചു ഏകദേശം എനിക്ക് മടുത്തിരുന്നു, ആദ്യം കാണുന്ന ഒരു ഹോട്ടലിൽ താമസിക്കാം എന്ന തീരുമാനത്തിൽ ആയിരുന്നു ഞാൻ.
നാഗ്പൂരില്‍ എത്തിയപ്പോൾ റോഡ് സൈഡിലായി കണ്ട ആദ്യ എസ്.ആര്. രാമ ടൂറിസ്റ്റ് ഹോമിൽ കയറി നോക്കി. റൂം ഉണ്ട്, 500 രൂപ, വലിയ വൃത്തിയില്ല, എന്നാലും വൈകിയ സമയം ആയതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യാം എന്ന് ഞാൻ കരുതി. സിദ്ധീക്ക് മൂക്ക് പിടിച്ചു നടക്കുകയിരുന്നു, അവന് മറാത്തി ഗന്ധം അത്ര പിടിച്ചിട്ടില്ല, ഇത് ശരിയാവില്ല, വൃത്തി പോരാ, നമുക്ക് വേറെ നോക്കാം.. വണ്ടി ഓടിച്ചു ക്ഷീണിതനായ എന്നെ നോക്കി അനൂപ് പറഞ്ഞു, ഇനി ഞാന്‍ ഓടിക്കാം. എന്നെ ഉറക്കം നന്നായി അലട്ടുന്നുണ്ടായിരുന്നു.അങ്ങനെ അവിടുന്നങ്ങോട്ട് പൈലറ്റ് അവനായി.
തൊട്ടടുത്ത രണ്ടു ടൂറിസ്റ്റ് ഹോമുകളില്‍ കൂടി കയറിയിറങ്ങി. നോ രക്ഷ… റൂമുകളുടെ ശുചിത്വം പരിതാപകരം. വണ്ടി വീണ്ടും മുന്നോട്ട് കലാമേശ്വര് ലാക്കാക്കി കുതിച്ചു. ഞാൻ പിന് സീറ്റിൽ നല്ല ഉറക്കത്തിലേക്ക് വഴുതിയിരുന്നു. രാത്രി 11 മണി ആയിട്ടും ഉദ്ധേശിച്ച രീതിയിലുള്ള റും കിട്ടാത്തതിനാല്‍ ആദ്യം കണ്ട ഹോട്ടലിലേക്ക് തന്നെ പോവാൻ തീരുമാനമായി, 12 കിലോമീറ്റർ തിരിച്ചോടി, അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച ഭയാനകമായിരുന്നു.. റോഡില്‍ നിറയെ ആള്‍കൂട്ടം, എസ്. ആര്. രാമ ടൂറിസ്റ്റ് ഹോമിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തിരിക്കുന്നു. ഒന്നും മനസ്സിലാകുന്നില്ല, കുറച്ച് പിറകിലേക്ക് വണ്ടി പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ പ്രശ്നബാധിത സ്ഥലം ലക്ഷ്യമാക്കി മെല്ലെ നടന്നു. (എന്റെ ഉറക്കം എങ്ങോട്ട് പോയി.. എന്തോ…?).
ആളുകള്‍ തമ്മില്‍ സംസാരിക്കുന്നത് മുഴുവന്‍ മറാത്തിയാണ്. ഒന്നും ഒരു എത്തുംപിടിയും കിട്ടുന്നില്ല. അങ്ങിനെ ഞങ്ങള്‍ മലയാള സിനിമക്ക് പോയ ബംഗാളിയുടെ അവസ്ഥയില്‍ സീന്‍ പിടിച്ച് നില്ക്കുമ്പോള് എന്റെ തോട്ടടുത്ത് പനമരം പോലൊരു സര്‍ദാര്‍ജി ഹിന്ദിയില്‍ സ്വയം എന്തൊക്കയോ പറഞ്ഞ് പിറുപിറുക്കുന്നു, ഹിന്ദി സംസാരിക്കുന്ന സര്‍ദാര്‍ജിയെ കണ്ടതും ഞാന്‍ മെല്ലെ സര്ദാര്ജിയിലേക്ക് അടുത്തു ആദ്യം ഒരു ചിരി പസ്സാക്കി, തിരിച്ച് ചിരിക്കാനുള്ള മാനസികാവസ്ഥയിലല്ല സര്‍ദാര്‍ജി,കട്ട കലിപ്പിലാണ്..
രണ്ടും കല്‍പ്പിച്ച് ഞാന്‍ എന്റെ ചെറു ഹിന്ദിയില്‍ കാര്യങ്ങള്‍ തിരക്കി.. ചോദിച്ചതും സര്‍ദാര്‍ജി മുഴു ഹിന്ദിയില്‍ കുറേ അങ്ങ് പറഞ്ഞു… അല്പ്പാല്പ്പം എനിക്ക് മനസ്സിലായി. മനസ്സിലായത് ഇങ്ങിനേ…. (സര്‍ദാര്‍ജിയെ കുറിച്ച്) സര്‍ദാര്‍ജിയുടെ പേര് ബാബേഷ് കൗര്‍, ലോറി ഡ്രൈവറാണ്. പഞ്ചാബില്‍ നിന്നും വരുകയാണ്. ലോറിയിലെ ഫ്രൂട്ട്സുകളുമായി നാളെ ബാഗ്ലൂര് എത്തണം… ലോറിയുടെ തകരാര്‍ മൂലം ഒരു ദിവസം അദ്ധേഹത്തിന് ആദ്യമേ നഷ്ടമായതാണ്, ഇപ്പോ ഇതാ ഇവിടെ ഇങ്ങിനേയും.
(നാഗ്പൂരിലെ പ്രശ്നത്തെ കുറിച്ച്) മഹാരാഷ്ട്രയില്‍ ഇന്നലെ മുതല്‍ മറാത്തി/ദലിത് പ്രശ്നം നടക്കുകയാണ്… മറാത്തി അനുകൂലികള്‍ നാഗ്പൂരിലെ ദലിതനായ ഒരു പാവം വ്യക്തിയുടെ ഹോട്ടല്‍ അടിച്ച് പൊട്ടിച്ചിരിക്കുകയാണ്, ആളുകള്‍ റോഡ് തടഞ്ഞ് വെച്ചിരിക്കുകയാണ്, ഇന്ന് പോകാന്‍ കഴിയും എന്ന് തോന്നുന്നില്ല.
ഇതെല്ലാം കേട്ടപ്പോള്‍ റൂം കിട്ടിയില്ലേലും അവിടെ നിന്നും എത്രയും പെട്ടെന്ന് സ്ഥലം വിടണമെന്ന് തോന്നിയെങ്കിലും, എങ്ങിനേ…? എന്ന ചിന്തക്ക് ഉത്തരം കൊടുക്കാന്‍ കഴിയാതെ മനസ്സ് വല്ലാതെ ബുദ്ധിമുട്ടിയ സമയം. ഹൈദരാബാദ് റുട്ടിലേക്കുള്ള ബുട്ടിപുരിയിലെത്താന് കഴിയുന്ന ചെറിയൊരു റോഡ് പറഞ്ഞു തന്നു സര്‍ദാര്‍ജി.. ആ റോഡിലൂടെ വലിയ വാഹനങ്ങള്‍ പോകില്ല, കാറുകള്‍ മാത്രമേ പോകൂ.. നിങ്ങള്‍ക്ക് അതുവഴി പോകാം എന്നും പറഞ്ഞ് സര്‍ദാര്‍ജി ഞങ്ങളെ യാത്രയാക്കി. (നന്ദി സര്‍ദാര്‍ജി). വളരെ വൈകി ബുട്ടിപുരിയിലെത്തിയ ഞങ്ങള്‍ റോഡ് സൈഡില്‍ വണ്ടി പാർക്ക് ചെയ്തു, കാറിനുളളില്‍ ഇരുന്നും ഉറങ്ങിയും സമയം പുലര്‍ന്നു.
31-12-2017ന് വര്‍ഷത്തിലെ അവസാന ദിവസത്തിന് നേരം വെളുത്തപ്പോള്‍ റൂം ലഭിക്കാത്തതിനാല്‍ ഉറക്കം ഒട്ടും ശരിയായിട്ടില്ല മാത്രവുമല്ല പ്രാഥമിക കാര്യങ്ങളും മറ്റും എന്തു ചെയ്യും…? 2017 പടിയിറങ്ങുന്നത് എട്ടിന്റെ പണി തന്നിട്ടാണല്ലോ എന്ന് മനസ്സില്‍ ചിന്ത വരാതിരുന്നില്ല. വണ്ടിയില്‍ നിന്നിറങ്ങി ചുറ്റുപാടും ഒന്ന് വീക്ഷിച്ചു… വീടുകളോ കടകളോ ഒന്നുമില്ല, വിചനമാണ്.അങ്ങ് ദൂരെ വലിയൊരു കൃഷി സ്ഥലത്തിന് നടുവിലായി ആളനക്കം ഉള്ളത് പോലൊരു തോന്നല്‍… അതും ലക്ഷ്യമാക്കി നീങ്ങി, 500 മീറ്റര്‍ താണ്ടി.
അടുത്തെത്തിയതും അവിടെയുള്ളവര്‍ കാര്യങ്ങള്‍ ഇങ്ങോട്ട് തിരക്കി, അതും മറാത്തിയാണെന്ന് തോന്നുന്നു ഒന്നും മനസ്സിലാകുന്നില്ല. തനി ഗ്രാമീണര്‍, മണ്ണിനോട് മല്ലിടുന്ന നാടന്‍ കര്‍ഷകര്‍… വീണ്ടും ഞാന്‍ എന്റെ ഹിന്ദി ഡിക്ഷനറിയിലെ മുഴുവന്‍ വാചകങ്ങളും എടുത്തുപയോഗിച്ചു.. എന്റെ ആംഗ്യ ഭാഷകൊണ്ടാണെന്ന് തോന്നുന്നു അവര്‍ക്ക് കാര്യങ്ങളെല്ലാം അപ്പടി മനസ്സിലായി, അവര്‍ ഞങ്ങള്‍ക്ക് ബ്രഷിങിനും കുളിക്കാനും മറ്റും ആവശ്യമായ എല്ലാ സൗകര്യങ്ങളും അവരാല്‍ കഴിയും വിധം ഞങ്ങള്‍ക്ക് ചെയ്ത് തന്നു. ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്.
അവിടെ നിന്ന് പോരും നേരം ഞാന്‍ അവരിലേ മൂപ്പന് 100 രൂപ എടുത്ത് നീട്ടി. ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നീട് ആ ക്യാഷ് വാങ്ങിയ മൂപ്പന് ഞങ്ങള്‍ സ്ഥലം വിടും മുന്നെ കെട്ടിപൊതിഞ്ഞ ഒരു ചെറിയ ചാക്ക് എന്നെ ഏല്‍പ്പിച്ചു. ആംഗ്യഭാഷയില്‍ ഞങ്ങളോട് അത് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു, കൂടാതെ പല്ലില്ലാത്ത മോണകാട്ടിയുള്ള ചിരിയും…..
അതും വാങ്ങി ഞങ്ങള്‍ കാറ് ലക്ഷ്യമാക്കി നടന്നു. കാറിലെത്തിയ ഞങ്ങള്‍ ആദ്യമേ ആകാംഷയോടെ ആ ചളിപുരണ്ട ചാക്ക് കെട്ടഴിച്ചു. ചെറിയ ഉള്ളി. ഏകദേശം 3 കിലോഗ്രാം തൂക്കമുണ്ടാകും. അത് കണ്ടതും ഞങ്ങളുടെ ചെറിയ മനസ്സുകള്‍ ആ വലിയ മനഷ്യരെ കുറിച്ച് ഓര്‍ത്ത് ചൂളിതുടങ്ങിയിരുന്നു. ആ സമയത്തെ വികാരവിചാരങ്ങള്‍ വാചങ്ങള്ക്ക് അപ്പുറമാണ് ഉപകാരം ചെയ്തതിന് പ്രതിഫലം വാങ്ങാതെ, വാങ്ങിയ ക്യാഷിനുള്ള പ്രതിഫലം നല്കിയിരിക്കുന്നു, പച്ചയായ ആ മനുഷ്യര്‍.. വര്‍ഷത്തിലെ അവസാന ദിവസം നല്ലൊരു അനുഭവവും പഠിക്കാന്‍ വലിയൊരു പാഠവും സമ്മാനിച്ചു ഞങ്ങള്‍ക്ക്.
യാത്ര തുടരുകയാണ്… നാഗ്പൂരിന്റെ നഗര ഭാഗങ്ങളില്‍ പ്രവേശിക്കാതെ തന്നെ കാണാനും ആസ്വദിക്കാനും കഴിയുന്ന അംബസാരി തടാകവും, ഫുട്ടാല തടാകവും, സാട്പുടാ ഉദ്ധ്യാനവും കണ്ട് ഉച്ചക്ക് മുന്നെ നാഗ്പൂരിനോട് വിടചൊല്ലി. നേരെ ഹൈദരാബാദിലേക്ക്… ലക്ഷ്യം രാമോജി ഫിലിം സിറ്റിയില്‍ ന്യൂ ഇയര്‍ ആഘോഷം. .പ്രിയ ഹൈദരാബാദി സുഹൃത്ത് സജാദ് ഹുസ്സൈനെ ഫോണ്‍ വിളിച്ച് പ്രോഗ്രാമിനുള്ള ടിക്കറ്റ് ഉറപ്പിച്ചു.
പ്രശ്നം സമയമാണ്, ഇപ്പോള്‍ ഉച്ച സമയം 12:00 മണി വൈകീട്ട് 5 മണിക്ക് എങ്കിലും ഹൈദരാബാദ് എത്തണം, 440 KM താണ്ടണം.. ഒന്നും നോക്കിയില്ല നാഗ്പൂര്‍ – വിജയവാഡ എക്സ്പ്രസ്സ് വേയും, വിജയവാഡ – ഹൈദരാബാദ് ഹൈവേയും ആഞ്ഞ് ചവിട്ടി ഞങ്ങളുടെ ഇയോണ്‍ കാര്‍ അതിന്റെ യഥാര്‍ത്ഥ പെര്‍ഫോമന്‍സ് പുറത്തെടുത്ത സമയം 120 – 140 സ്പീഡില്‍ ആഞ്ഞ് പിടിച്ച് 5:30 ന് ഹൈദരാബാദിലെത്തി.
ഫിലിംസിറ്റിക്ക് അടുത്ത് ഒരു ഹോട്ടലില്‍ നിന്നും ഫുഡും കഴിച്ച് 6 മണിക്ക് ഫിലീം സിറ്റിയില്‍ പ്രവേശിച്ചു. ഫിലിം സിറ്റി കഴിയുംവിധം വേഗത്തില്‍ ചുറ്റികണ്ട് 8 മണിയോട് കൂടി ന്യൂ ഇയര്‍ പ്രോഗ്രാമിന് പ്രവേശിച്ചു. തീര്‍ത്തും വിത്യസ്തമായും സാംസ്കാരികവുമായും ന്യൂ ഇയര്‍ ആഘോഷിച്ചു.
HAPPY NEW YEAR, 01-01-2018 ന് രാവിലെ 1:30 ന് രാമോജിയില്‍ നിന്നും പുറത്തിറങ്ങി. നേരെ പ്രിയ സുഹൃത്ത് സജാദ് ഹുസൈന്റെ കൂടെ അവന്റെ സുഹൃത്തിന്റെ ഹോട്ടലിലേക്ക്… നല്ല സ്വാദുള്ള (വിശപ്പിന്റെ കാഠിന്യം കൊണ്ടാണോ എന്നറിയില്ല) ഹൈദരാബാദി ബിരിയാണിയും കഴിച്ച് സജാദിനോട് യാത്രപറഞ്ഞ് ഹൈദരാബാദില്‍ നിന്നും എക്സ്പ്രസ്സ് വേ വഴി ഹംപിയിലേക്ക് കുതിക്കുമ്പോള്‍ സമയം പുലര്‍ച്ചെ മൂന്ന് ആയിക്കാണും.
സുഹൃത്തുക്കള്‍ നിദ്രയിലേക്ക് ചാഞ്ഞെങ്കിലും ഞാന്‍ തൊണ്ണൂറുകളിലെ ഹിന്ദി ഗാനങ്ങളെ കൂട്ടുപിടിച്ചും നിലാവുള്ള രാവിനെ സാക്ഷിയാക്കിയും ഡ്രൈവിങ് തുടര്‍ന്നു. 2018 ലെ ആദ്യ സൂര്യോദയം കാണാന്‍ ദൈവം നിയോഗിക്കപ്പെട്ടത് കര്‍ണാടകയിലെ രായിച്ചൂര്‍ വെച്ചായിരുന്നു. ശേഷം അവിടുത്തെ പഞ്ചാബി ദാബയില്‍ നിന്നും നല്ല സ്ട്രോങ്ങ് കട്ടന്‍ ചായയും ചൂട് സമൂസയും (ബംഗാളി സമൂസ) കഴിച്ച് വീണ്ടും യാത്ര തുടര്‍ന്നു….
ഹംപിയെത്തിയപ്പോള് നട്ടുച്ച സമയം 12:30. ഹംപിയില്‍ ആദ്യമായതിനാല്‍ സന്ദര്‍ശക സ്ഥലങ്ങളെ കുറിച്ച് അറിയാന്‍ google ന്റെ സഹായം തേടി. കാലപ്പഴക്കം ചെന്ന കൊത്തുപണികളാല്‍ മനോഹരമായ ക്ഷേത്രങ്ങളും, പൗരാണികവും, സാംസ്കാരികവും മായ ഹംപിയുടെ കാഴ്ചകള്‍ ഏറെ അത്ഭംതപ്പെടുത്തി. ഹംപി ഇന്ത്യയുടെ ഈജിപ്ത് ആണെന്ന് എനിക്ക് തോന്നി. കാഴ്ചകള്‍ക്ക് ശേഷം രാത്രി 8 മണിയോട് കൂടി റിസോര്‍ട്ടിലേക്ക്… സ്വാദ് ഭക്ഷണവും കഴിച്ച് സുഖ നിദ്ര.
02-01-2018ന് രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം നേരെ മൈസൂരിലേക്ക്….. വൈകീട്ട് 5 മണിയോടെ മൈസൂരെത്തിയതും ത്രിവേണി സംഗമത്തിന്റെ സൗന്ദര്യം ആസ്വദിച്ച് നന്നായൊന്നു കുളിച്ച് തണുപ്പ് കൂടും മുന്നേ OYO പറഞ്ഞു തന്ന നാല്പാട് റെസിഡെന്സിയിലേക്ക്. കുറഞ്ഞ ചെലവില്‍ കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങളും ആസ്വദിച്ച് അന്ന് അവിടെ തങ്ങി.
03-01-2018ന് കമ്മത്ത് & കമ്മത്ത് ടീമിന്റെ ചൂട് ഇഡ്ഡലിയും സാമ്പാറും ആസ്വദിച്ച് കഴിച്ച് പുറത്തിറങ്ങി. മൈസൂര്‍ ഞങ്ങളുടെ സ്ഥിരം സന്ദര്ഷക സ്ഥലങ്ങളിലൊന്നായതിനാല്‍ മൈസൂര്‍പാലസും, വൃന്ദാവനുമെല്ലാം മാറ്റി നിര്‍ത്തി വിത്യസ്ഥത തേടി കറങ്ങാനിറങ്ങി. നേരെ Sand Art Museum ത്തിലേക്ക്… അവിടെ നിന്നും 3D Selfie Ponit ലേക്ക്… എല്ലാം മനം മയക്കുന്ന അത്ഭുത വിസ്മയ കാഴ്ചകള്‍. ശേഷം ചെറിയൊരു പര്ച്ചേഴിസിംഗും നടത്തി ബന്ദിപൂര്‍ കാട് വഴി ഗൂഡല്ലൂരിലേക്ക് അവിടെ നിന്നും രാത്രിയോട് കൂടി തിരൂരിലേക്കും.(JOURNEY END)
യാത്രകള്‍ എന്നും പുത്തന്‍ അറിവുകളുടെ കലവറകളാണ്…. കഴിഞ്ഞ വര്‍ഷങ്ങളിലെ മുഴുവന്‍ യാത്രകള്‍ക്കും കൂടെ നില്‍ക്കുകയും സഹായിക്കുകയും ചെയ്ത സുഹൃത്തുക്കള്‍, Google, Goolge Map, OYO, MakeMytrip, വീട്ടുകാര്‍, എല്ലാത്തിലും ഉപരി പൂര്‍ണ്ണ പിന്തുണയോടെ ഓരോ നിമിഷവും എന്നോടൊപ്പം നിന്ന ജിവിത പങ്കാളിക്കും ബിഗ് താങ്ക്സ്..!!!!!! വരും വര്‍ഷങ്ങളിലും പുതിയ പുതിയ യാത്ര അനുഭവങ്ങളുമായി വീണ്ടും കാണാം….!
കടപ്പാട് – തല്‍ഹത്ത് പാച്ചി.