മഴ നനഞ്ഞും അട്ടകടിയേറ്റും 900 മലയിലേക്ക് ഒരു ഓഫ്‌റോഡ് യാത്ര

യാത്രാവിവരണം – പ്രജോദ് കോഴിക്കോട്.

ഒരിക്കൽ നാലാക്കി മടക്കിവെച്ച ഈ യാത്ര പ്ലാൻ പൂർത്തിയാകുന്നതും, അതിനുള്ള സാഹചര്യം ഒത്തുവന്നതുമെല്ലാം ഈത്തവണയായിരുന്നു. കൂട്ടുകാരന് 900 എസ്റ്റേറ്റ് മലയിൽ പുതിയ ഹോംസ്റ്റേ മോഡൽ റിസോർട്ടിന്റെ 🏗സൈറ്റ് സൂപ്പർവൈസിംഗ് ജോലിയായതുകൊണ്ട് കാര്യങ്ങൾ കൂടുതൽ എളുപ്പമായി. അവൻ കുറച്ചായി അങ്ങോട്ട് വരാൻ നിർബന്ധിക്കുന്നു പക്ഷേ ഒന്നും നടക്കാറില്ലെന്ന് മാത്രം. എന്നാൽ ഈ പ്രാവശ്യം ഞങ്ങൾ അവിടെ വന്നിരിക്കും എന്ന് അവനോട് വിളിച്ചു പറഞ്ഞു, ആ ഒരു ധൈര്യത്തിൽ ബാക്കിയുള്ളവരെ വിളിച്ച് പ്ലാൻ സെറ്റ് ചെയ്യാൻ ശ്രമിച്ചു പക്ഷേ ജോലിത്തിരക്കും മറ്റുമായി അവർക്ക് വരാൻ കഴിയില്ലെന്നായി😔 മറുപടി…..”ഈശ്വരാ വീണ്ടും” എന്നു വിചാരിച്ചിരിക്കുമ്പോൾ രാത്രി 900ത്തിൽ നിന്ന് ഹരിയുടെ കോൾ നീ വരുന്നെങ്കിൽ വാ എന്നായി എങ്കിൽ പിന്നെ പോയിട്ട് തന്നെ കാര്യം കൂട്ടുകാരന്റെ ബുള്ളറ്റുമെടുത്ത് മറ്റാരും കൂട്ടിനില്ലാതെ രാത്രിക്ക് രാത്രി പെരും മഴയത്ത് താമരശ്ശേരി ചുരം കേറി! മേപ്പാടിക്കടുത്ത് ഒന്നാംമൈലിനടുത്തുള്ള അവന്റെ റൂമിലാക്കി രാത്രി സ്റ്റേ…..

രാവിലത്തെ തണുപ്പ് 🌨മുറിയിലേക്ക് ഇരച്ചുകയറുന്നതിനാൽ പുതപ്പിനടിയിൽ നിന്ന് എണീക്കാൻ തോന്നാത്ത വിധമായി. ഒരു വിധത്തിൽ അറ്റ കൈ പ്രയോഗമായ ഐസ് ബക്കറ്റ് ചലഞ്ച് ഒക്കെ നടത്തി ഫ്രഷ് ആയി റൂമിൽ നിന്ന് 900 ത്തിലെ കാഴ്ച്ചകളിലേക്ക് ഞങ്ങൾ നീങ്ങി കൂടെ നാശം പിടിച്ച അട്ടകളും😉. രാവിലത്തെ ചായ ശശിയേട്ടന്റെ കടയിൽ നിന്നു തന്നെ ആകണമെന്നു ആഗ്രഹമുണ്ടായിരുന്നു. ചൂരൽമല പോകുന്ന വഴിക്ക് കള്ളാടി പള്ളിക്ക് അടുത്തുള്ള ശശിയേട്ടന്റെ ചായക്കട ഫേയ്മസാണ് “ഐലക്കറിയും പൂരിയും അല്ലെങ്കിൽ പുട്ട് ഇതാണ് അവിടുത്തെ മെയിൻ ഐറ്റം!! രാവിലെ ആയതിനാൽ തല്ക്കാലം ഒരു ചായയിൽ ഒതുക്കി ഉച്ചത്തേക്കുള്ള ഫുഡ്ഡിന്റെ ഒരു വിഹിതം മാറ്റിവെക്കാനും പറഞ്ഞു ഞങ്ങൾ യാത്ര തുടർന്നു…..

ഇല്ല….. അധികദൂരം വന്നില്ല വണ്ടി കിടന്നു പുളയാൻ തുടങ്ങി ദാ..ണ്ട് കിടക്കുന്നു പഞ്ചറെന്ന😠 ‘എട്ടിന്റെ പണി ‘ പോരാത്തതിനു ‘ഞായറാഴ്ച്ചയും’.. ഹരിക്കു അവിടെ ലോക്കൽ കോൺടാക്റ്റ് നമ്പർ ഉണ്ട് പക്ഷേ പറഞ്ഞിട്ടു കാര്യമില്ലല്ലോ പഞ്ചർകട തുറക്കണ്ടെ. അവസാനം അവന്റെ സൈറ്റിൽ വർക്ക് ചെയ്യുന്ന രാജേഷേട്ടനെ വിളിച്ച് വരുത്തി. പുള്ളി വന്നതിനു ശേഷം ആണ് കാര്യങ്ങളൊക്കെ ഒന്ന് എടുപിടീന്നായത് ഒരു ഗുഡ്സ്സ് വണ്ടിയിൽ ബുള്ളറ്റ് കേറ്റി ചൂരൽമല ടൗണിലേക്ക് നേരെ വിട്ടോളാൻ പുള്ളിക്കാരൻ പറഞ്ഞു. ഞങ്ങൾ അവിടെ എത്തിയപ്പോൾ എല്ലാം പറഞ്ഞു set ചെയ്തിരുന്നു 😎രാജേഷേട്ടൻ!! സമയം കുറച്ചു നഷ്ടപെട്ടാലും ഭാഗ്യത്തിനു എല്ലാം ശരിയാക്കി ഞങ്ങൾ സീതമ്മകുണ്ട് വെള്ളച്ചാട്ടം ലക്ഷ്യമാക്കി യാത്ര 💪🏼പുനരാരംഭിച്ചു…..

മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ ഗ്രാമത്തിലാണ് 900 മലയും, സീതമ്മക്കുണ്ട് വെള്ളച്ചാട്ടവും, അരണമലയും എല്ലാം…. ഒരു പക്ഷെ മേപ്പാടി പഞ്ചായത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ വസിക്കുന്നതും മുണ്ടക്കൈ ഗ്രാമത്തിലാണ്. അതിനു കാരണവും ഉണ്ട് നിലനിൽപ്പിന്റെ സമ്മർദ്ദത്തിനെ അതിജീവിക്കുന്ന തോട്ടംതൊഴിൽ മേഖല കുറച്ചെങ്കിലും പിടിച്ചു നിൽക്കുന്നത് ഈ ഗ്രാമത്തിലാണ്‌. നാഗമല എസ്റ്റേറ്റ്, കരിമറ്റം എസ്റ്റേറ്റ്, ഹാരിസൺ മലയാളം, ‘മോഹൻലാലിന്റെ’ ഉടമസ്ഥതയിലുള്ള ‘വനറാണി’ എസ്റ്റേറ്റ് ഇവയെല്ലാം ഇവിടെത്തന്നെയാണ്. ഏലം, കുരുമുളക്, കാപ്പി തുടങ്ങിയ സമ്മിശ്രത്തോട്ടങ്ങൾ ആണ് ഇവയെല്ലാം… ചൂരൽമല മുതൽ മുണ്ടക്കൈ വരെയുള്ള യാത്രയിൽ തേയിലത്തോട്ടങ്ങളുടെ മനോഹാരിതയും, 🏞വളഞ്ഞു പുളഞ്ഞുകിടക്കുന്ന റോഡുകളും കൈയ്യെത്തും ദൂരത്തുണ്ടെന്നു തോന്നിക്കും വിധമുള്ള അരണമലയുടെ ആ വിദൂര ദൃശ്യവും⛰ സഞ്ചാരികൾക്ക് അവിസ്മരണീയമയിരിക്കും.

മുണ്ടക്കൈ ടൗൺ എത്തുന്നതിനു തൊട്ട് മുൻപ് ( പ്രത്യേകിച്ച്ബോർഡ് ഒന്നുമില്ല ) 👉🏼വലതു വശത്തേക്ക് പോയാൽ സീതമ്മകുണ്ട് വെള്ളച്ചാട്ടത്തിൽ എത്തിച്ചേരാം. പ്രകൃതി സൗന്ദര്യം നിറഞ്ഞ മലമുകളിന്റെ⛰ നെറുകയിൽ നിന്ന് തങ്ങി നിൽക്കുന്ന കൂറ്റൻ പാറക്കെട്ടുകൾക്കിടയിലൂടെ അതിന്റെ സർവ്വ ശക്തിയുമെടുത്ത് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തെ! അടിഭാഗം വരെ നീലനിറത്തിൽ തെളിഞ്ഞു നിൽക്കുന്ന മനോഹരമായ ആ ജലാശയത്തിനെ വർണ്ണിക്കാനോ, പറഞ്ഞറിയിക്കാനോ, എഴുതിപിടിപ്പിക്കാനോ സാധ്യമല്ല. സഞ്ചാരികളുടെ കുത്തൊഴുക്ക് തീരെയില്ലാത്ത അവിടം കൺകുളിർക്കെ കണ്ടും ആസ്വദിച്ചും മനസ്സ് നിറയും വിധം ഫോട്ടോകളും എടുത്തു ഞങ്ങൾ അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങി.

കള്ളാടി പളളിക്കും, ചൂരൽമലയ്ക്കും ഇടയിൽ ആണ് 900 എസ്റ്റേറ്റ്മലയിലേക്കുള്ള🏞 വഴി. അട്ടകളുടെ വിഹാരകേന്ദ്രം കൂടിയാണിവിടം, അട്ടമല എന്ന പേരിലുള്ള സ്ഥലം അടുത്തുള്ളതുകൊണ്ടാണെന്നോ അറിയില്ല എവിടെ നോക്കിയാലും ചെറുതും വലുതുമായ അട്ടകൾ ചോര കുടിക്കാനായി💉നമ്മളെ കാത്തിരിക്കുവാ അവറ്റകൾ. ഒരു 5 മിനിട്ട് എവിടെയെങ്കിലും ഇരിക്കാമെന്നു വിചാരിച്ചാൽ നടക്കില്ല കൈയ്യിലും, കാലിലും അള്ളി പിടിച്ച് ഇവറ്റകൾ ഉണ്ടാകും കൂടെ😠 ഇനിയങ്ങോട്ട് അട്ടകളെ തുരത്താൻ ഉള്ള പൊടികൈകൾ നിർബന്ധമാണെന്ന സ്ഥിതി വന്നു. ഭാഗ്യത്തിനു 900 ത്തിലെ കാഴ്ച്ചകളെല്ലാം കണ്ട് മലയിറങ്ങാൻ പോകുന്ന ഒരു കൂട്ടം സുഹൃത്തുക്കളെ പരിചയപ്പെട്ടു! ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കിയെന്നോണം അവരുടെ കയ്യിൽ ഉണ്ടായിരുന്ന (ഡെറ്റോളും, വെളിച്ചെണ്ണയും മിക്സ് ചെയ്ത ഒരു മിശ്രിതം) കൈമാറി ഇനിയെന്നെങ്കിലും കാണാമെന്ന പ്രതീക്ഷയിൽ ഇരുവരും പിരിഞ്ഞു.

എസ്റ്റേറ്റിലേക്ക് തുടക്കത്തിൽ വീതി കുറഞ്ഞ ടാർ റോഡും,പിന്നീട് വശങ്ങളിൽ മാത്രം കോൺഗ്രീറ്റ് ചെയ്തതും അതും കഴിഞ്ഞാൽ off_Road ലും ആണ് ചെന്നു അവസാനിക്കുന്നത്. മുമ്പോട്ട് പോകുന്തോറും ⛰ആകാശത്തോളം തല ഉയർത്തി നിൽക്കുന്ന വൻവൃക്ഷങ്ങളും🌳, മലയണ്ണാനും പലതരത്തിലുള്ള പക്ഷികളുടെ ശബ്ദങ്ങളും, കരിമ്പാറകൂട്ടങ്ങളിൽ ഉരസി പോകുന്ന കാട്ടരുവികളുടെ മനോഹാരിതയും പറഞ്ഞാലും കണ്ടാലും മതിവരാത്ത പ്രകൃതിയുടെ🌿🌿 ആ മനംമയക്കുന്ന സൗന്ദര്യം അത്രയ്ക്കാണു. മലമുകളിൽ എത്തിചേർന്നാൽ നമ്മുടെ കൈ പിടിയിൽ ഒതുങ്ങും വിധമുള്ള കോടമഞ്ഞിൽ പുതഞ്ഞ അംബരചുമ്പിയായ⛰ അരണമലയുടെ വ്യൂ ഒന്നു കാണേണ്ടതുതന്നെയാണ്.

അരണമലയുടെ താഴ്വാരത്തുകൂടി ഒഴുകുന്ന വെള്ളച്ചാട്ടത്തിനു മനസ്സിനെ തണുപ്പിക്കും വിധം എന്തോ ഒരു പ്രത്യേക ഭംഗി കൈവന്നിട്ടുണ്ട്. കുറച്ചു കൂടി മുമ്പോട്ട് പോയാൽ അതി മനോഹരമായ വെള്ളച്ചാട്ടം ആസ്വദിക്കാം (വെള്ളച്ചാട്ടത്തിന്റെ പേരറിയില്ല).900 മലയിൽ നിന്ന് അരണമലയിലൂടെ കോടഞ്ചേരി ,കക്കാടംപൊയിൽ ഭാഗത്തുള്ള മലയിലേക്ക് വളരെ അഡ്വജജർ ആയിട്ടുള്ള ട്രക്കിംഗ് ഉണ്ടെന്ന് കേട്ടിട്ടുണ്ട്. രാജേഷേട്ടൻ പറഞ്ഞ പ്രകാരം ഞങ്ങൾ കണ്ടതിലും വലിയ വെള്ളച്ചാട്ടം ആ കാട്ടിലെവിടെയോ മറഞ്ഞിരിപ്പുണ്ട് അടുത്ത തവണ അതും കൂടി കീഴടക്കിയേ തിരിച്ചു വരൂ എന്ന തീരുമാനത്തിൽ ഞങ്ങൾ കാടിറങ്ങി🌿🌿….

🌿”ദയവു ചെയ്ത് പ്ലാസ്റ്റിക്ക് കുപ്പികളും മറ്റും കൊണ്ട് പോകാതിരിക്കുക ദാഹജലത്തിനാണെങ്കിൽ ഒരു പാട് അരുവികൾ ഉണ്ട് . Route👉🏼മേപ്പാടിയിൽ നിന്ന് സൂചിപ്പാറ – മുണ്ടക്കൈ റോഡ്, മേപ്പാടി – മുണ്ടക്കൈ 15 km.(സീതമ്മക്കുണ്ട് വെള്ളച്ചാട്ടം), മേപ്പാടി – 9OO എസ്റ്റേറ്റ് deviation 8 Km. (കള്ളാടി മഖാം കഴിഞ്ഞ്).
Rasheed 9745105371 റിസോർട്ടിനോ, ഹോംസ്റ്റേ റൂമിനോ മറ്റ് സഹായത്തിനോ പുള്ളിക്കാരനെ ബന്ധപ്പെട്ടാൽ മതി.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply