തണുത്തുറഞ്ഞ സമുദ്രത്തോട് പടവെട്ടി വിജയിച്ചവള്‍ – ഭക്തി ശർമ

ലേഖിക – Reshma Anna Sebastian.

സാഹചര്യങ്ങളുടെ കുടുക്കിൽ പെട്ടു കിടക്കുന്ന വനിതകൾക്കൊരു പ്രചോദനം – കടൽ കീഴടക്കിയ പെൺകരുത്ത്…. “ഭക്തി ശർമ”. കടലാഴങ്ങളിൽ നിറച്ച സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ് ഭക്തി ശർമയെന്ന പെൺകുട്ടിയെ അന്റാർട്ടിക്കിന്റെ റെക്കോർഡ് പുസ്തകത്തിൽ ചേർത്തത്. തന്റെ ഇരുപത്തിയാറാമത്തെ വയസ്സിൽ തണുത്തുറഞ്ഞ അന്റാർട്ടിക് സമുദ്രത്തിലൂടെ 1. 4 മൈൽ (2. 3 കി മി ) ദൂരം കേവലം 41. 14 മിനിറ്റ് കൊണ്ട് നീന്തിക്കയറിയത് വെറും 1°c മാത്രം താപനിലയിലാണ്. അന്റാർട്ടിക് സമുദ്രത്തിലൂടെയുള്ള നീന്തലിൽ, ഏഷ്യയിലെ ആദ്യത്തേതും ലോകത്തിലെ എറ്റവും പ്രായം കുറഞ്ഞതുമായ വനിതാ താരമെന്ന റെക്കോർഡ് കരസ്ഥമാക്കിയയാളാണ് ഭക്തി ശർമ. ഇന്ത്യയുടെ അഭിമാനം.

1989 നവംബർ 30 ന് മുംബൈയിൽ ജനിച്ച് രാജസ്ഥാനിൽ വളർന്ന ഭക്തി , കമ്മ്യൂണിക്കേഷൻ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദദാരിയാണ്. നീന്തൽ താരമായ അമ്മ ലീന ശർമയോടൊപ്പം രണ്ടര വയസ്സു മുതലാണ് ഭക്തി നീന്തൽ പരിശീലനം ആരംഭിച്ചത്. തിരകളെ കീഴടക്കാന്‍ ജനിച്ചവള്‍ക്ക് മറ്റൊന്നാകാന്‍ കഴിയുമായിരുന്നില്ല. കാരണം പിച്ചവയ്ക്കാന്‍ തുടങ്ങുന്ന പ്രായത്തില്‍ തന്നെ ഭക്തി ശര്‍മയുടെ കാലുകള്‍ പരിശീലിച്ചത് നീന്തലാണ്. മുംബൈയില്‍ ജനിച്ച് ഉദയ്പൂരില്‍ വളര്‍ന്ന ഭക്തിക്ക് നീന്തല്‍ എന്നത് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു. ദേശീയ നീന്തല്‍താരമായ അമ്മയില്‍ നിന്നാണ് ഭക്തി നീന്തലിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. രണ്ടര വയസ് പ്രായമുള്ളപ്പോഴാണ് ഭക്തിയെ അമ്മ പരിശീലിപ്പിച്ചു തുടങ്ങിയത്.

കടൽ എന്നാൽ ചിലർക്ക് പ്രണയമാണ്, ചിലർക്ക് ഭയവും. എന്നാൽ മറ്റു ചിലർക്ക് അതൊരാവേശമാണ്. ഈ ആവേശമാണ് ഭക്തിയെ നിരവധി നേട്ടങ്ങൾക്ക് ഉടമയാക്കിയത്. പതിനാലാം വയസിൽ ഉറാൻ തുറമുഖത്തു നിന്നും ഇന്ത്യ ഗേറ്റ് വരെയുള്ള പതിനാറു കിലോമീറ്റർ ദൂരം ഭക്തി നീന്തിക്കടന്നു. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന മൂന്നംഗ വനിതാ ടീമിലെ അംഗം കൂടിയാണ് ഭക്തി. അമ്മ റീനയും കൂട്ടുകാരിയായ പ്രിയങ്കയുമാണ് ഈ റിലേയിൽ ഭക്തിക്കൊപ്പം പങ്കെടുത്തത്. അഞ്ച് സമുദ്രങ്ങൾ നീന്തിയ എറ്റവും പ്രായം കുറഞ്ഞ വനിത എന്ന റെക്കോർഡും ഭക്തിയുടെ പേരിലാണ്. ഭക്തി ശർമയെന്ന പെൺ കരുത്തിന്റെ പിൻബലമാണ് അമ്മ ലീന ശർമ. സമുദ്രത്തിൽ മായാജാലങ്ങൾ തീർക്കുന്ന മറ്റൊരു ജലറാണി. ഇംഗ്ലീഷ് കടലിടുക്ക് നീന്തിക്കടന്ന ലോകത്തിലെ ആദ്യത്തെ അമ്മ – മകൾ ജോഡിയാണിവർ.

സാഹസികരുടെ സ്വപ്ന ഭൂമിയാണ് കടൽ. നീന്തിയും തുഴഞ്ഞും കടലിനെ കൈപ്പിടിയിലൊതുക്കാൻ അവർ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ധൈര്യത്തിന്റെ അപാരമായൊരു തലം. കടലിനെ സ്നേഹിക്കുന്ന സാഹസികതയെ ഇഷ്ടപെടുന്ന ഭക്തി 2012 ൽ പ്രസിഡന്റ്‌ ആയിരുന്ന പ്രണബ് മുഖർജിയുടെ കൈയിൽ നിന്ന് ടെൻസിങ് നോർഗെയ് നാഷണൽ അഡ്‌വെഞ്ചർ അവാർഡ് കരസ്ഥമാക്കി.

നീന്തലിലെ സംഭാവനകള്‍ക്കുള്ള ‘ടെന്‍സിങ് നോര്‍ഗെ’ അവാര്‍ഡ് രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങിയത് ഭക്തിക്ക് ഏറ്റവും പ്രിയമുള്ള സംഭവമാണ്. അവാര്‍ഡ് ചടങ്ങിന് തൊട്ടു മുമ്പുള്ള ദിവസം നടന്ന റിഹേഴ്‌സല്‍ വളരെ കൗതുകകരമായിരുന്നു. ട്രോഫി ഉള്‍പ്പെടയുള്ള അവാര്‍ഡ് റിഹേഴ്‌സലില്‍ തന്നെ കൈകളിലെത്തിയ നിമിഷം വളരെ സന്തോഷകരമായിരുന്നു. പെണ്ണിന്റെ പരിമിതികളെ ചൂണ്ടിക്കാണിക്കുന്നവർക്കുള്ള മറുപടി. ധൈര്യത്തിന്റെ മറ്റൊരു പെൺരൂപം.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply