‘വട’ കഴിക്കുവാൻ മൂന്നാർ വരെ പോയ കഥ..

വിവരണം – ഷഹീർ അരീക്കോട്.

സമയം 5:30pm, ഡ്യൂട്ടി കഴിഞ്ഞ് വന്ന് ഫോണിൽ കുത്തിക്കൊണ്ട് ചുമ്മാ കിടക്കുകയായിരുന്നു. ടക്…ടക്… കതകിൽ തട്ടുന്ന ശബ്ദം കേട്ട് തുറന്നപ്പോൾ സുഹൃത്തും തൊട്ടടുത്ത റൂമിലെ താമസക്കാരനുമായ അനീഷ് സാറാണ്. മുഖവുര കൂടാതെ ആശാൻ ഒറ്റച്ചോദ്യം “മൂന്നാർ വരെ പോയാലോ?” ആലോചിക്കാനൊന്നും നിക്കാതെ ഞാൻ ഒറ്റ ഉത്തരം “പോയേക്കാം”.

മൂന്നാറിലെ ‘ഉഴുന്നുവട’ അത് കഴിച്ചിട്ട് കുറച്ചു നാളായി, അതിന്റെയാണ് അസുഖം. ശടേന്ന് പാന്റും ഷർട്ടും വലിച്ചു കേറ്റി പുറത്തിറങ്ങി ആശാന്റെ ശകടത്തിലേറി മൂന്നാറിലേക്ക് വച്ചുപിടിച്ചു. അടിമാലി- മൂന്നാർ 30 കിലോമീറ്റിൽ താഴെ ദൂരമേയുള്ളൂ. ആനച്ചാൽ കഴിഞ്ഞപ്പോഴേക്കും ചെറുതായിട്ട് തണുപ്പടിക്കാൻ തുടങ്ങി. പള്ളിവാസലെത്തിയപ്പോഴേക്കും തണുപ്പ് ആവശ്യത്തിന് കിട്ടിത്തുടങ്ങി. ആഹാ തണുപ്പത്ത് ബൈക്കിൽ യാത്ര ചെയ്യാൻ എന്താ രസം..

മൂന്നാർ KSRTC സ്റ്റാന്റിനപ്പുറത്തെ തട്ടുകടയുടെ മുൻപിൽ ശകടം നിന്നു. മോശമല്ലാത്ത തണുപ്പുണ്ട്. കൈ കഴുകി അങ്കത്തിനിരുന്നു. ആദ്യം ദോശയിൽ തുടങ്ങി. പിന്നെ താറാവ് ഓംലെറ്റ് അതിനു ശേഷം എമ്പക്കം വരുന്നത് വരെ ഉഴുന്നുവട, അവസാനം തമിൾ സ്റ്റൈലിലൊരു ചായയും അതാണതിന്റെ ഒരിത്… യേത്.

അങ്കം കഴിഞ്ഞ് കൈകഴുകി പുറത്തിറങ്ങിയപ്പോൾ നല്ല തണുപ്പ്. തണുപ്പെന്നു വച്ചാൽ അൽ – കിടു, വേറൊന്നും പറയാനില്ല. കോപ്പ്… കൈ കഴുകണ്ടായിരുന്നു എന്ന് തോന്നിപ്പോയ നിമിഷങ്ങൾ. ഏതെങ്കിലുമൊരു വണ്ടിയുടെ ബോണറ്റ് കിട്ടിയിരുന്നുവെങ്കിൽ… കൈയൊന്നു ചൂടാക്കാമായിരുന്നൂൂൂ… (ജയൻസ്റ്റൈൽ ഡയലോഗ് ).

വീണ്ടും ടക്…ടക് ശബ്ദം ഇത്തവണ കതകിൽ മുട്ടുന്ന ശബ്ദമല്ല കീഴ്ത്താടിയും മേൽത്താടിയും തമ്മിൽ കൂട്ടിയിടിക്കുകയാണ്. ബൈക്ക് സ്റ്റാർട്ട് ചെയ്ത് മൂന്നാർ ടൗൺ വരെ പോയി. അവിടെ വലിയ തണുപ്പില്ല ആശ്വാസം… എന്താണന്നറിയില്ല KSRTC സ്റ്റാന്റിന്റെ ആ ഏരിയയിൽ മാത്രം കിടുക്കാച്ചി തണുപ്പ്. വേറെ എവിടേയും അത്രക്കില്ല. ഏതായാലും എത്രയും പെട്ടൊന്ന് അടിമാലിലേക്ക് തിരികെ പോകാൻ ഞങ്ങൾ തീരുമാനിച്ചു.

‘മൂന്നാർ ഫ്ലവർ ഷോ’ നടക്കുന്ന പാർക്കിനു മുന്നിലൂടെ പോയപ്പോൾ അകത്തേക്ക് ഒന്ന് ഏന്തി വലിഞ്ഞു നോക്കി. ഒരു പൂച്ചക്കുഞ്ഞു പോയിട്ട് ഈച്ചക്കുഞ്ഞു പോലുമില്ല എന്ന് പറഞ്ഞ പോലെയാണ് കാര്യങ്ങൾ. ഒരു പ്രളയം ഇടുക്കി ജില്ലയുടെ ടൂറിസം സാദ്ധ്യതകളെ എത്രത്തോളം തകർത്തെറിഞ്ഞു എന്നതിന്റെ നേർക്കാഴ്ചയാണ് അന്ന് എനിക്കവിടെ കാണാൻ കഴിഞ്ഞത്. പള്ളിവാസൽ കഴിഞ്ഞപ്പോഴേക്കും തണുപ്പു കുറഞ്ഞു. മിതമായ തണുപ്പിൽ അടിമാലി വരെ ബൈക്ക് യാത്ര ശരിക്കും ആസ്വദിച്ചു. അങ്ങനെ അന്നത്തെ ആ ‘വടയാത്ര’ക്ക് തിരശ്ശീല വീണു.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply