കര്‍ണാടകയില്‍ നിന്ന് വ്യാജരജിസ്ട്രേഷനിലെത്തിയ കോണ്‍ട്രാക്ട് കാരീജ് ബസ് മുത്തങ്ങ ആര്.ടി. ചെക്ക് പോസ്റ്റില്‍ പിടികൂടി. ബെംഗളൂരുവില്‍ നിന്ന് നിറയെ അയ്യപ്പഭക്തന്മാരുമായെത്തിയ KA-51-AA-6777 എന്ന രജിസ്ട്രേഷനിലുള്ള ടൂറിസ്റ്റ് ബസാണ് തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ചെക്ക് പോസ്റ്റ് അധികൃതര്‍ പിടികൂടിയത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് മുത്തങ്ങയില്‍ വ്യാജരജിസ്ട്രേഷനിലെത്തിയ വാഹനം പിടികൂടുന്നത്.
കേരള അതിര്‍ത്തി കടക്കുന്നതിനായി ചെക്ക് പോസ്റ്റില്‍ നല്കിയ രേഖകളില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബസ് വ്യാജ രജിസ്ട്രേഷനിലുള്ളതാണെന്ന് കണ്ടെത്തിയത്. സാങ്കേതിക പരിശോധനയില്‍ വാഹനത്തിലെ ചെയ്സ് നമ്പറും രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റിലെ നമ്പറും വ്യത്യസ്തമായിരുന്നു. ഇതേത്തുടര്‍ന്ന് ദേശീയ വെബ്സൈറ്റില്‍ ചെയ്സ് നമ്പര്‍ പരിശോധിച്ചപ്പോള്‍ KA-51-AA-3069 എന്ന രജിസ്ട്രേഷനിലുള്ള ബസാണെന്ന് കണ്ടെത്തി. ഈ ബസ് ബെംഗളൂരുവില്‍ സ്വകാര്യ വാഹനമായാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
വാഹനത്തിന്റെ രജിസ്ട്രേഷന് വ്യാജമാണെന്ന് കണ്ടെത്തിയതോടെ ബസും ഡ്രൈവര്‍ ബെംഗളൂരു ഉപനഗരം എസ്. മഞ്ജുനാഥി (28)നെയും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. അമ്പതോളം ശബരിമല തീര്‍ഥാടകരായിരുന്നു ബസിലുണ്ടായിരുന്നത്. ബസ് കസ്റ്റഡിയിലെടുത്തെങ്കിലും രാത്രിയായതിനാല്‍ അയ്യപ്പഭക്തര്‍ക്ക് ബസ്സില്‍ തങ്ങുന്നതിനുള്ള അനുമതി ഉദ്യോഗസ്ഥര്‍ നല്കി. ചൊവ്വാഴ്ച രാവിലെയോടെ മറ്റൊരു വാഹനം വിളിച്ചുവരുത്തി ഇവര്‍ യാത്ര തുടര്‍ന്നു. തുടര്‍ നടപടികള്‍ക്കായി ബസും ഡ്രൈവറെയും ബത്തേരി പോലീസിന് കൈമാറി. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
എം.വി.െഎ.മാരായ എസ്. ഫ്രാന്‍സിസ്, പി.ആര്. മനു, എ.എം.വി.െഎ.മാരായ വി.എസ്. സൂരജ്, കെ. ദിവിന്, ജിന്‍സ് ജോര്‍ജ്, ഷബീര്‍ മുഹമ്മദ്, ഒ.എ.മാരായ പി.ടി. അനീഷ്, വി.ടി. ബൈജു എന്നിവരടങ്ങിയ സംഘമാണ് വാഹനം പിടികൂടിയത്.
മൂന്നാം തീയതിയാണ് സമാനമായ രീതിയില്‍ വ്യാജരജിസ്ട്രേഷനിലെത്തിയ ടൂറിസ്റ്റ് ബസ് മുത്തങ്ങയില്‍ പിടികൂടിയത്. ഈ കേസില്‍ ബസിന്റെ ഡ്രൈവര്‍ വേദമൂര്‍ത്തിയെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഡിസംബറില്‍ കാട്ടിക്കുളം ആര്.ടി. ചെക്ക് പോസ്റ്റിലും വ്യാജ രജിസ്ട്രേഷനിലെത്തിയ ടൂറിസ്റ്റ് ബസ് പിടികൂടിയിരുന്നു. മോട്ടോര്‍വാഹന വകുപ്പിന്റെ പിടിയിലായ ഈ മൂന്ന് ബസുകളും കര്‍ണാടകയില്‍ നിന്നും അയ്യപ്പഭക്തരുമായെത്തിയതാണ്. അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള ഈ വാഹനങ്ങള്‍ നികുതി വെട്ടിക്കുന്നതിനുവേണ്ടിയാണ് വ്യാജ രജിസ്ട്രേഷന് ഉപയോഗിച്ച് സര്‍വീസ് നടത്തുന്നതെന്നാണ് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
വ്യാജ രജിസ്ട്രേഷനിലെത്തുന്ന വാഹനങ്ങള്‍ കൂടുന്നു
ശബരിമല തീര്‍ഥാടനത്തിന്റെ മറവില്‍, നികുതി വെട്ടിക്കുന്നതിനായി വ്യാജ രജിസ്ട്രേഷന് ഉപയോഗിച്ച് അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള വാഹനങ്ങള്‍ കേരളത്തിലേക്ക് കടന്നുവരുന്ന പ്രവണത കൂടിവരുന്നതായി സംശയിക്കുന്നു. നികുതിക്കുടിശ്ശിക പിരിക്കുന്നതില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതും ഇതിന് കാരണമാണ്. തുടര്‍ന്നും ശക്തമായ സാങ്കേതിക പരിശോധനയും നികുതിക്കുടിശ്ശിക പിരിച്ചെടുക്കല്‍ നടപടികളും തുടരും.
എസ്. മനോജ് (വയനാട് ജോയന്റ് ആര്.ടി.ഒ.)
Source – http://www.mathrubhumi.com/wayanad/malayalam-news/wayanad-1.2516511