തൃശ്ശൂർ ജില്ലയിലെ ചിമ്മിനി ഡാമും വന്യജീവി സംരക്ഷണകേന്ദ്രവും…

വിവരണത്തിനു കടപ്പാട് – ഷെറിൻ ഷിഫി, വിക്കിപീഡിയ.

നാട്ടിൽ നിന്നും 30 കിലോമീറ്റർ ദൂരമേ ചിമ്മിനി ഡാമിലേക്കൊള്ളു എന്നിട്ടും ആദ്യമായി #ട്രാവെൽഗുരുവിനൊപ്പം ആണ് ഞാൻ അങ്ങോട്ട് പോയത് ,അതൊരു മഴക്കാലത്തായിരുന്നു ,,ശേഷം ഈ മെയ് മാസത്തിലാണ് അങ്ങോട്ട് പോകുന്നത്. നേരെ #വെള്ളിക്കുളങ്ങര – ചൊക്കനാ – കുണ്ടായി – കാരിക്കുളം – പാലപ്പിള്ളി – ചിമ്മിനി ഇതായിരുന്നു റൂട്ട് , ഈയിടെ ആയി കേൾക്കുന്ന ന്യൂസ് ആണ് ” മലയോര ഹൈവേ ” സംഭവം യാഥാർഥ്യമായാൽ ഈ പറഞ്ഞ റൂട്ട് സഞ്ചാരികളെ കൊണ്ട് നിറയും. വളവും തിരിവും കുറവ്, ആൾതാമസം കുറവ്, വാഹനത്തിരക്ക് ഇല്ലേയില്ല, നല്ല പച്ചപ്പിന്റെ ഇടയിലൂടെ ഈ പച്ചപ്പും ഹരിതാഭയും ആസ്വദിച്ചു നല്ല രസമായിരിക്കും ..ഇടക്കിടക്ക് മുപ്ലി പുഴയെ ഒന്ന് തലോടി ആ തണുപ്പൊക്കെ അറിയുകയും ചെയാം.

വേനലിൽ ഡാം തീരെ വറ്റി കിടക്കുകയാണ്. ഇടക്കുള്ള മഴ കാരണം വേനലിന്റെ ചുവപ്പ് കാടിനെ തെല്ലും ബാധിച്ചിട്ടില്ല, എങ്ങും പച്ചയാണ് ..പക്ഷെ ചൂടിന് ഒരു കുറവും ഇല്ല (ഡാമിന്റെ മുകളിൽ മാത്രം)ടിക്കറ്റ് എടുത്ത് 2 കിലോമീറ്ററോളം പോണം ഡാമിലേക്കെത്താൻ , വലിയ ചാർജ് ഒന്നും ഇല്ല (15 – 20 ആണ് റേറ്റ് ,ക്യാമെറക്ക് 55 ഉം ). പ്രധാന കവാടത്തിൽ നിന്നും ഒരുപാട് ഇടവഴികളുണ്ട് ഡാമിലേക്കെത്താൻ ഇതിലൂടെ പോയാലും ആകെ ഒരു കാടിന്റെ ഇടയിലൂടെ ഉള്ള പ്രതീതി ആണ് , മറ്റു ഡാമുകളിൽ നിന്നും ചിമ്മിണിയെ വ്യത്യസ്തമാക്കുന്നതും അതാണ് . മരങ്ങളെ നശ്ശിപ്പിച്ചുള്ള ഒന്നും തന്നെ അവിടെ ഇല്ല എന്ന് പറയാം (ഉള്ളതൊക്കെ അത്യാവശ്യം വേണ്ടത് മാത്രം ).

ജലസേചനത്തിനുപുറമെ അവിടെ ചെറുകിട ജലവൈധ്യുത പദ്ധതിയും ഉണ്ട് അവിടെ.ഡാമിന് തൊട്ടു താഴെ ആയി അത് കാണാം, ഒന്നോ രണ്ടോ ടർബൈൻ ആണ് അതിനുള്ളത് എന്ന് തോനുന്നു(ഊഹം ).ഇപ്പോൾ ചെറിയ രീതിയിൽ മെയ്ന്റനൻസ് വർക്ക് നടക്കുന്നുണ്ട് ഡാമിൽ (പെയിന്റടിക്കലും മറ്റും ). അതിനേക്കാളൊക്കെ അവിടെ എത്തിയപ്പോൾ അല്ബുധപെടുത്തിയത് രണ്ടു “ഞാവൽ” മരങ്ങളാണ് , ഒരു എറിനു ഒരു 10 -20 എണ്ണം ചുരുങ്ങിയത് താഴെ വീഴും , നിപ്പയെ പറ്റി കേട്ടിരുന്നെങ്കിലും അതൊന്നും കാര്യമാക്കണ്ട കൂറേ എറിഞ്ഞിട്ടു നന്നായി തിന്നു എന്നിട്ടായിരുന്നു ഡാം കാണാനുള്ള പോക്ക് .(അതിലും അത്ഭുതം വണ്ടിയിൽ എസി ഒക്കെ ഇട്ട് പെർഫ്യൂമും അടിച്ചു കാലിൽ മണ്ണ് വീഴാതെ , വെള്ളം ദേഹത്തു തൊടീക്കാതെ , ചാണകം കണ്ടപ്പോൾ ഓക്കാനിക്കാൻ വരുന്ന (ആക്ടിങ് ആണോന്നറിയില്ല), എലിയൻസിനെ പോലെ പെരുമാറുന്ന കൂറേ അന്യഗ്രഹ സഞ്ചാരികൾ ഈ ഞാവലൊക്കെ എറിഞ്ഞു പൊട്ടിക്കുന്നത് കണ്ടു ആശ്ചര്യപ്പെട്ടു നിൽക്കുന്നത് കണ്ടപ്പോൾ സഹതാപം തോന്നിപോയി)..

ഇനി ഡാമിനെയും വന്യജീവി സങ്കേതത്തെയും പറ്റി :- ചിമ്മിനി കാടുകളിലെ മലമുകളിൽ നിന്നും ഉത്ഭവിക്കുന്ന ചിമ്മിനിപ്പുഴയുടെ കുറുകെ 1996-ൽ നിര്മിച്ചിതാണീ അണകെട്ട് , അപൂർവ്വ സസ്യ-ജീവജാലങ്ങളുടെ കലവറയായ കൂടിയാണ് ചിമ്മിനി വനമേഖല , വളരെ സുഖകരമായ കാലാവസ്ഥയാണ് ചിമ്മിനിയിലേത് അതിനാൽ ധാരാളം മൃഗങ്ങളും , മറ്റും ഒരുപാടുണ്ട് ഇവിടെ .പത്തു ചതുരശ്ര കിലോമീറ്റർ നിത്യഹരിത വനങ്ങളും 15 ചതുരശ്ര കിലോമീറ്റർ ഇലപൊഴിയും വനങ്ങളുമുണ്ട് ചിമ്മിനി വനമേഖലയിൽ. പറമ്പിക്കുളം കടുവാ സങ്കേതത്തിൻറെ തുടർച്ചയായ ഈ വന്യജീവി സങ്കേതം ഏഷ്യൻ ആനകളുടെ സംരക്ഷണം മുൻ നിർത്തി രൂപീകരിച്ചിട്ടുള്ള ആനമുടി എലഫൻറ് റിസർവിൻറെ കൂടി ഭാഗമാണ്.

തൃശൂരിൽ നിന്നു 40 കിലോമീറ്റർ അകലെ ആമ്പല്ലൂരിൽ നിന്ന് ഇടത്തോട് തിരിഞ്ഞാൽ പാലപ്പിള്ളി റോഡ്. ആ റോഡിലൂടെ 28 കിലോമീറ്റർ സഞ്ചരിച്ചാൽ ചിമ്മിനി വന മേഖലയുടെ അരികിലെത്താം. പാലപ്പിള്ളി എച്ചിപ്പാറ കഴിഞ്ഞാൽ പിന്നെ മനുഷ്യവാസം കുറഞ്ഞ മേഖല. എസ്റ്റേറ്റിലൂടെ പത്തു കിലോമീറ്ററോളം മുന്നോട്ടു പോയാൽ ചിമ്മിനി ബസ് സ്റ്റാൻഡ്. അവിടെ നിന്ന് വലതു വശത്താണ് ചിമ്മിനി ഡാം. ഡാമിനു വലതു വശത്തായി കെഎസ്ഇബിയുടെ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റും ഉണ്ട്. ഡാമിൻറെ കാച്ച്മെൻറ് ഏരിയയിൽ നിന്നു നോക്കിയാൽ കാണുന്നത് പശ്ചിമഘട്ടമലനിരകളുടെ പശ്ചാത്തലത്തിലുള്ള റിസർവോയറാണ്.

സഞ്ചാരികൾക്കായി വിവിധ തരം ക്യാംപുകളാണ് കേരള വനം വകുപ്പ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇവയെല്ലാം സംഘടിപ്പിക്കുന്നത് രാത്രികളിലാണ്. ഇതിൽ പ്രധാനപ്പെട്ടവയാണ് ഹോൺബിൽ ട്രീ ടോപ്പ് നിഷ്. മൂന്നു പേർക്കായാണ് ഈ ക്യാംപ്. ഭക്ഷണവും താമസവും ഉൾപ്പെടെ 6500 രൂപയാണ് ചാർജ് ഈടാക്കുന്നത്. മൈന എക്കോ റിട്രീറ്റ് ആനപ്പോര് എന്ന ക്യാംപും മൂന്നു പേർക്കായിട്ടുള്ളതാണ്. 5500 രൂപയാണ് ചാർജ്. ആവശ്യമെങ്കിൽ പത്തു പേർക്കു വരെ ഈ ക്യാംപിൽ ചേരാം. അതിനായി 1800 രൂപ പെർ ഹെഡ് നൽകണം. അതുപോലെ മനോഹരമാണ് ഈഗിൾ എക്കോ ക്യാംപ്. 2500 രൂപയാണ് രണ്ടു പേർക്കുള്ള ചാർജ്. അധികമായി വരുന്നവർക്ക് 1500 രൂപ വീതം നൽകണം. രാത്രി ക്യാംപുകൾക്കു പുറമെ പകൽ ക്യാംപുകളും ചിമ്മിനി വനത്തിൽ സംഘടിപ്പിക്കുന്നുണ്ട്. ബട്ടർഫ്ളൈ സഫാരിക്ക് 300 രൂപ, ബേർഡ് വാച്ചിങിന് 300 എന്നിങ്ങനെ ഈടാക്കും. കൂടാതെ ആവശ്യവുമായി എത്തുന്ന സംഘങ്ങൾക്കായി പെയ്ഡ് നാച്വർ ക്യാംപും വനം വകുപ്പ് ഒരുക്കുന്നു.

കാടിനെ അറിയാൻ താല്പര്യമുള്ളവർക്ക് കുറഞ്ഞ യാത്രയിൽ കിട്ടാവുന്ന അടിപൊളി സ്ഥലവും ആണ് ചിമ്മിനി . ഇനി അത് പറ്റിയില്ലെങ്കിൽ മരോട്ടിച്ചാൽ- ചിമ്മിനി – ചൊക്കനാ-അതിരപ്പിള്ളി -വാല്പാറ എന്ന വ്യത്യസ്ത റൂട്ടും ഒന്ന് പരീക്ഷിക്കാം . (ബുള്ളെറ്റിനൊക്കെ പോയാൽ മുടിഞ്ഞ ഫീലിങ്ങാണ്).

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply