എൻ്റെ ജീവിതത്തിലെ മറക്കാനാവാത്ത ട്രെയിൻ – ബസ് യാത്രാ ഓർമ്മകൾ..

വിവരണം – Aravind R Vaishnavam.

എല്ലാ യാത്രകൾക്കും ഓരോ കഥകൾ‍ പറയാനുണ്ടാവും… ചിലത് പുതിയ കഥകളുടെ തുടക്കമാവും, മറ്റു ചിലതു പഴയ ഓര്‍മകള്‍‍ പുതുക്കലാവും, അല്ലെങ്കില്‍ ചില കഥകളുടെ അവസാനമാവും, അതുമല്ലെങ്കില്‍ എല്ലാത്തിന്റെയും ഒരു സംയുക്തമായിരിക്കും. ഒരു സഞ്ചാരിക്ക്, അവന്റെ ഉദ്ദിഷ്ടസ്ഥാനത്ത് എത്താന്‍, മിനുട്ടുകളോ, മണിക്കൂറുകളോ അല്ലെങ്കില്‍ ദിവസ്സങ്ങളോ എടുക്കാം. ഓരോ ആളുകളും ഈ സമയം തള്ളി നീക്കുന്നത് പല തരത്തിലാണ്. ജീവിതം എന്ന യാത്രയുടെ കാര്യമാണെങ്കിലും അങ്ങനെ തന്നെ.

ഇനി ഇവിടെ, എന്റെ ജീവിതത്തിലെ കുറച്ചു യാത്രകളും, അതിലെ നൊസ്റ്റാള്ജിയയും ഇവിടെ കുറിക്കുന്നു… സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ഉപരിപഠനത്തിനായി കൊല്ലം ജില്ലയിലെ കരുനാഗപള്ളിയുടെ അടുത്തുള്ള ഒരു കോളേജില്‍ ചേര്‍ന്നലപ്പോഴാണ് ആദ്യമായി സ്വന്തം നാടായ കോഴിക്കോട് നിന്നു നീണ്ട കാലത്തേക്ക് മാറി നില്ക്കുന്നത്. ആ കാലഘട്ടത്തില്‍ യാത്ര എന്നത് വീട്ടില്‍ നിന്നും കോളേജ് ഹോസ്റ്റലിലേക്കും, തിരിച്ചുമുള്ള വെറും സഞ്ചാരം മാത്രം. ഓരോ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തീവണ്ടി കയറുന്നു, കൂട്ടുകാരോടൊപ്പം കൂടുന്നു, സന്തോഷപൂര്‍ണമായി യാത്ര ചെയ്യുന്നു, ലക്ഷ്യസ്ഥാനത്ത് എത്തുന്നു. വൈകാരികമായ ഓര്‍മകളോ അനുഭവങ്ങളോ അധികമില്ലാത്ത ആ യാത്ര, വെറുമൊരു സഞ്ചാരം മാത്രം; അത് സമ്പൂര്‍ണമാവുന്നില്ല. “House”, “home” എന്നീ വാക്കുകളിലുള്ള വ്യത്യാസംപോലെ.

ഒരു സഞ്ചാരം, യാത്രയുടെ എല്ലാ അനുഭൂതിയും നല്‍കുന്നത് അതേ വഴിയിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്‌. ഒരു പുതിയ വഴിയിലൂടെ പോവുമ്പോളും, പണ്ട് യാത്ര ചെയ്ത വഴികളിലൂടെ പോവുമ്പോളും ഉള്ള അനുഭൂതികള്‍ രണ്ടും രണ്ടാണ്. 2012തൊട്ട് 2017വരെ തീവണ്ടിയിലും, ബസ്സിലുമൊക്കെയായി ഒട്ടനവധി തവണ കോഴിക്കോട്‌- കരുനാഗപ്പള്ളി റൂട്ടില്‍ യാത്ര ചെയ്തിട്ടുണ്ട്. ആദ്യത്തെ 3 കൊല്ലത്തോളമുള്ള യാത്രകള്‍ മുഴുവനും തീവണ്ടിയിലായിരുന്നു. തീവണ്ടിയോടുള്ള മതിമോഹം കൊണ്ടുതന്നെയാണ്‌ എപ്പോഴും അത് തിരഞ്ഞെടുത്തത്.

5 കൊല്ലത്തിനിപ്പുറം ഒരുപാട് മാറ്റങ്ങള്ക്ക് സാക്ഷിയായി. മലബാറിലെ റെയില്പാത പൂര്‍ണ്ണമായി വൈദ്യുതീകരിച്ചതും, പല സ്ഥലങ്ങളിലെ പാത ഇരട്ടിപ്പിച്ചതും എല്ലാം കാണാന്‍ സാധിച്ചു. “ചുക്, ചുക്” എന്ന്‍ പുക തുപ്പി ഓടിയ പല ഡീസല്‍ എഞ്ചിനുകളില്‍ നിന്ന്‍ (പണ്ടത്തെ കല്‍ക്കരി എന്ജിനുകളുടെ അത്ര ഇല്ലെങ്കിലും) വൈദ്യുതിയിലോടുന്ന പുതിയ എഞ്ചിനുകളിലലേക്ക് കേരളത്തിലെ ഒട്ടുമിക്ക വണ്ടികളും മാറിയത് ഈ കാലത്താണ്. പാത വൈദ്യുതീകരണം പൂര്ത്തിതയാവുന്നതിന് മുന്‍പ്, ഷൊറണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് എഞ്ചിന്‍‍ മാറ്റുന്നത് കാണാന്‍ പോവുന്നത് എന്റെ സ്ഥിരം പരിപാടി ആയിരുന്നു. അന്നൊക്കെ കൂടെയുണ്ടായിരുന്ന ചില കൂട്ടുകാര്‍ ഇതിനെ കളിയാക്കുമായിരുന്നു. പാതിരാത്രി ആയാലും, ഷൊറണൂര്‍ എത്തിയാല്‍ ഒരു ഗ്ലാസ്‌ ചായ നിര്ബന്ധമുള്ള ഒരു കൂട്ടുകാരനും അന്ന് കൂടെയുണ്ടായിരുനന്നു.

ഇപ്പോള്‍, 2019 ല്‍ ഒരു തീവണ്ടിയില്‍ യാത്ര ചെയ്ത് ഷൊറണൂര്‍ എത്തുമ്പോള്‍ ആദ്യം ഓർമ വരുന്നത് പണ്ടത്തെ ആ കാഴ്ച്ചകളും ഓര്‍മകളും തന്നെയാണ്. ഇപ്പോള്‍ ആ പഴയ കൂട്ടുകാരും ആ യാത്രയില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ചെറിയ വിഷമം ആ ഓര്‍മകളിലുണ്ട്. കോഴിക്കോട് നിന്ന്‍ മിക്കവാറും രാവിലെ ആയിരുന്നു ഞാന്‍ യാത്ര പുറപ്പെട്ടിരുന്നത്. ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി എക്സ് പ്രസ്സ്, ഹാപ്പ- തിരുനെവേലി എക്സ് പ്രസ്സ്, ഏറനാട് എക്സ് പ്രസ്സ്, ജനശതാബ്ദി എക്സ് പ്രസ്സ് തുടങ്ങിയ വണ്ടികളിലെ എന്റെ ഓര്മകള്‍ ഇപ്പോഴും പാളങ്ങളിലൂടെ കൂകിപായുന്നു. അപ്പോള്‍ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ ഉച്ച സമയങ്ങളില്‍ മിക്കവാറും ഉറങ്ങി തീര്ത്തും ഫോണില്‍ സിനിമ കണ്ടും പോയ യാത്രാവേളകളില്‍, ഞാന്‍ പുറത്തെ കാഴ്ച്ചകളും ആലോചനകളുമായി ഇരിക്കും. ഇടയ്ക്കു മയക്കത്തിലേക്ക് അറിയാതെ വീഴാറുമുണ്ടായിരുന്നു. നല്ല സ്വപ്‌നങ്ങള്‍ മിന്നിമറയുന്ന വേളകളും കുറവല്ല. മുന്‍പ് പറഞ്ഞ പോലെ ഓരോരുത്തരും അവരവരുടെ യാത്രാവേളകളില്‍ സമയം പല തരത്തില്‍ തള്ളി നീക്കുന്നു.

കരുനാഗപ്പള്ളി നിന്ന്‍ തിരിച്ചുള്ള രാത്രിയിലെ സ്ഥിരം യാത്ര മലബാര്‍, മാവേലി എന്നീ വണ്ടികളില്‍ ജനപ്രീയ വണ്ടികളില്‍ ആയിരുന്നു. ഈ വണ്ടികളിലെ “ജനപ്രീതി” കൂടിയത് കാരണം പിന്നീടു കുറേ അവസരങ്ങളില്‍ തീവണ്ടിയിലെ ജനറല്‍ കമ്പാര്ട്ട്മെന്റിലെ രാത്രി യാത്ര ദുഷ്കരമായിരുന്നു; ആയതിനാല്‍ കരുനാഗപ്പള്ളി നിന്ന്‍ കോഴിക്കോടെക്കുള്ള യാത്ര മെല്ലെ KSRTCയിലേക്ക് മാറി. ബസ്സ്‌ യാത്ര പറ്റില്ല , തീവണ്ടി തന്നെ വേണം എന്ന് നിര്ബന്ധം ഉണ്ടായിരുന്ന ഞാന്‍ പതുക്കെ ബസ്സിലേക്ക് മാറിയപ്പോള്‍ ആ പഴയ കൂട്ടുകാര്‍ പറയുമായിരുന്നു; എത്ര കാലമായി അവര്‍ പറയുന്നു രാത്രിയില്‍ റിസര്വ്വ് ‌ ചെയ്യാതെ പോവുമ്പോള്‍ ബസ്സ്‌ തന്നെയാ നല്ലതെന്ന്. അവസാനം അവര്‍ പറഞ്ഞത് എനിക്ക് സമ്മതിക്കേണ്ടി വന്നു. KSRTC ബസ്സുകള്‍ എന്ന ആനവണ്ടിയില്‍ കോഴിക്കോട് നിന്ന് ഹ്രസ്വദൂരയാത്ര മാത്രം ചെയ്തിട്ടുള്ള ഞാന്‍ പതുക്കെ പതുക്കെ അതില്‍ ആകൃഷ്ടനായി.

പിന്നീട് രാത്രിയിലെ ദീര്ഘകദൂരയാത്രക്ക് പലപ്പോഴും സഹചാരിയായി ചുവപ്പും മഞ്ഞയും, വെള്ളയും, പച്ചയും, നിറമുള്ള “കൊമ്പന്മാര്‍” തന്നെ മതി എന്നായി. അവര്ക്ക് സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ ഡീലക്സ്‌, സൂപ്പര്‍ എക്സ് പ്രസ്സ്‌ എന്നീ പേരുകള്‍ ഉണ്ടെന്നൊക്കെ അങ്ങനെയാണ് ഞാന്‍ പഠിച്ചത്. ഓരോ വണ്ടികള്ക്ക് ഓരോ ഡിപ്പോ മാര്ക്കിംഗ് ഉണ്ടെന്നും, പ്രത്യേകം സീരിയല്‍ നമ്പര്‍ ഉണ്ടെന്നും പഠിച്ചു. മറ്റു ജില്ലകളില്‍ വച്ച്, എന്റെ സ്വന്തം നാടായ കോഴിക്കോട് ജില്ലയിലെ വണ്ടികള്‍ കാണുമ്പോള്‍ രോമാഞ്ചം തോന്നാറുണ്ട്. 2016 ഒകെ ആയപ്പോള്‍ പിന്നെ മിക്കവാറും സൂപ്പര്‍ ഫാസ്റ്റില്‍‍ തന്നെ ആയിരുന്നു കോഴിക്കോട് യാത്ര. കരുനാഗപള്ളിയെപ്പോലെ , ചരിത്രം ഉറങ്ങുന്ന ഓച്ചിറയും കായംകുളവുമൊക്കെ എന്റെ നാടുപോലെ കുറെ പരിചിതമായത് ഈ ബസ്സ്‌ യാത്രകള്‍ കൊണ്ടുതന്നെയാണ്.

പണ്ട് ആരോ പറഞ്ഞ പോലെ KSRTC ബസ്സിലെ സൈഡ് സീറ്റിലെ ദീര്ഘചദൂരയാത്രയും ഇളംകാറ്റും, ചാറ്റല്‍ മഴയും, ഒരു പശ്ചാത്തലസംഗീതവും, പിന്നെ കുറച്ച് നല്ല ഓര്മ,കളും ഉണ്ടെങ്കില്‍ പിന്നെ നമ്മള്‍ വേറെ ഒരു ലോകത്ത് ആയിരിക്കും. പണ്ടത്തെ ആനവണ്ടികളിലെ യാത്രക്ക് പശ്ചാത്തലസംഗീതത്തിന് അവസരം ഇല്ലാത്തതു കൊണ്ട് നമ്മുടെ മൊബൈല് ഫോണും ഹെഡ്സെറ്റും തന്നെ ശരണം. പക്ഷെ ഇപ്പോള്‍ എല്ലാം മാറ്റത്തിന്റെ കാലം ആണല്ലോ. പുതിയ വണ്ടികളില്‍ സ്പീക്കറും പാട്ടുകളും, എന്തിനേറെ, ചില വണ്ടികളില്‍ ടിവി വരെ ആയി. ഒരേ വഴിയിലൂടെ കുറെ കാലം നമ്മള്‍ സഞ്ചരിക്കുമ്പോള്‍ വഴിയോരത്തെ ചെറിയ ചെറിയ മാറ്റങ്ങള്‍ നമ്മള്‍ അങ്ങനെ ശ്രദ്ധിക്കില്ല.

ഒരു ഇടവേളയ്ക്കു ശേഷം യാത്രചെയ്യുമ്പോള്‍ നമുക്ക് പെട്ടെന്നു മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ പറ്റും. പഴയ യാത്രകളെ കുറിച്ച് ചെറുതായി ഓര്‍ത്തെടുത്ത് ഒന്ന് എഴുതണം എന്ന് തോന്നിയതും മറ്റൊരു യാത്രാവേളയില്‍ തന്നെയാണ്. അതും പഴയ വഴികളിലൂടെ ഉള്ള യാത്രയില്‍. 2018 നവംബര്‍ 10ന് പഴയ ഓര്മകള്‍ പുതുക്കി നമ്മുടെ പഴയ ഏറനാട് എക്സ്പ്രസ്സില്‍ തന്നെ കയറി. പണ്ട് ഡീസല്‍ എഞ്ചിന്‍ ആയിരുന്നപ്പോഴാണ് അവസ്സാനമായി ഇതില്‍ കയറിയിരുന്നത്. ഇപ്പോള്‍ വൈദുതി എഞ്ചിനൊക്കെവെച്ച് വണ്ടി പരിഷ്കാരിയായി. കൂട്ടുകാരോടൊപ്പമല്ലാതെയുള്ള ഒറ്റക്കുള്ള യാത്രയില്‍ എപ്പോഴോ വികാരപരമായ പഴയ കാര്യങ്ങള്‍ ഓര്മ വന്നു. വൈകുന്നേരം ചേര്ത്തലയില്‍ ഇറങ്ങി. അവിടെയുള്ള കൂട്ടുകാരന്റെ വീട്ടില്‍ രാത്രിവിശ്രമം. പിറ്റേന്ന് രാവിലെ കൂട്ടുകാരിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ അവന്റെ കൂടെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.

കുറേ കാലങ്ങള്ക്കു ശേഷം KSRTC സൂപ്പര്‍ ഫാസ്റ്റില്‍‍ ഉള്ള യാത്ര വളരെ അധികം കൊതിച്ച ഒന്ന് തന്നെയായിരുന്നു. പണ്ടത്തെ കൂട്ടുകാര്‍ വഴിയില്‍ നിന്ന്‍ ഞങ്ങളുടെ കൂടെ കൂടി. പഴയ കാര്യങ്ങളൊക്കെപറഞ്ഞ്‌ തമാശകളില്‍ കൂടി സമയം പോയതറിഞ്ഞില്ല. തിരുവനതപുരത്തു കല്യാണം കൂടാന്‍ പിന്നെയും കുറച്ചുപേര്‍ കൂടി ഉണ്ടായിരുന്നു. പക്ഷെ പരീക്ഷയും മറ്റു തിരക്കുകളും കാരണം കുറച്ചുപേർക്ക് എത്തിച്ചേരാന്‍ പറ്റിയിരുന്നില്ല. എല്ലാവരെയും കാണാൻ പറ്റിയില്ലെങ്കിലും നല്ല കുറേ നിമിഷങ്ങൾ അവിടെ നിന്ന് കിട്ടി. ഏതായാലും കല്യാണമൊക്കെ കൂടി സദ്യയുംകഴിഞ്ഞ്, എല്ലാവരും ഫോട്ടോയൊക്കെയെടുത്ത് സന്തോഷത്തോടെ പിരിഞ്ഞു. തിരിച്ചു ചേര്ത്തലയ്ക്ക് പോവാന്‍ നോര്ത്ത് പറവൂര്‍ പോവുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ്സില്‍ കയറി. വണ്ടിയുടെ നമ്പര്‍ നോക്കിയപ്പോള്‍ കണ്ടത് KL-15-A-1947. ആനവണ്ടി ഫാന്സ്്‌ “സ്വാതന്ത്ര്യദിന വണ്ടി” എന്ന് വിളിക്കുന്ന വണ്ടി.

അപ്പോള്‍ വേറെ ഒരു പഴയകാലയാത്ര ഓർമ വന്നു. ഒരു കൊല്ലം മുന്പ് കോളേജിലെ ബിരുദദാന ചടങ്ങുകള്ക്ക് വന്നിട്ട്, തിരിച്ചു എറണാകുളം വഴി നാട്ടിലേക്ക് പോവാന്‍, ഇതേ വണ്ടിയിലായിരുന്നു അന്ന് പോയത്. എന്നെ സംബന്ധിച്ചിടത്തോളം മറ്റൊരു വികാരപരമായ ദിവസത്തിലെ സഹചാരി. ഉച്ചയൂണിന്റെ ആലസ്യത്തില്‍ കൊല്ലം എത്തുന്നതുവരെ ഉറങ്ങി. നേരം സന്ധ്യയായപ്പോള്‍ കരുനാഗപള്ളിയുടെയും ഓച്ചിറയുടെയും മുന്നിലൂടെ സൂപ്പർ ഫാസ്റ്റ് കടന്നുപോയപ്പോള്‍ എന്റെ ജീവിതത്തിലെ 5 വര്ഷത്തെ പഴയ തട്ടകങ്ങള്‍ ആയിരുന്നല്ലോ എന്ന്‍ ഓര്ത്തു. അവധി ദിവസങ്ങളില്‍ സിനിമ കാണാനും നല്ല ഭക്ഷണം കഴിച്ചു കറങ്ങാനുമൊക്കെ എത്ര പ്രാവശ്യം വന്നുപോയ സ്ഥലങ്ങള്‍. രാത്രിയില്‍ സമയത്തിന് ഹോസ്റ്റലില്‍ കയറാനായി ലാസ്റ്റ് ബസ്സ്‌ പിടിച്ച് ഓടിയ ഓര്മകളും എല്ലാം മനസ്സില്‍ ചെറിയ ഒരു പുഞ്ചിരി സമ്മാനിച്ചു.

നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ രാത്രിയാത്രയിലെ ഒരു പ്രത്യേകതയാണ് വഴിയില്‍ മിക്കവാറും ഉണ്ടാവാറുള്ള പാലപ്പൂവിന്റെ ഗന്ധം. 2-3 കൊല്ലങ്ങള്ക്ക്ത മുന്പ് ഇതുപോലെയൊരു രാത്രി യാത്രയില്‍ ആയിരുന്നു ഇത് ഞാന്‍ ആദ്യമായി ശ്രദ്ധിക്കുന്നത്. ഈ യാത്രയിലും ഉടനീളം പാലപ്പൂമണം വന്നുകൊണ്ടിരുന്നു. പിന്നെ രാത്രിയുള്ള ബസ്സ്‌ യാത്രയില്‍ പലപ്പോഴും എന്റെ വിശപ്പിനെ ഉണര്ത്തുന്ന ഒന്നുണ്ട്. വഴിയോരങ്ങളിലെ ഹോട്ടലുകളില്‍ നിന്ന്‍ വരുന്ന തന്തൂരി ചിക്കന്റെയും മറ്റുമുള്ള മണം. യാത്രക്കാരെ ആകർഷിപ്പിക്കാനുള്ള ഒരു തന്ത്രമാണ്‌ കടയുടെ മുന്നിലുള്ള അടുക്കളയും പാചകവും. അത് വിജയകരമായിപോവുന്നുണ്ട് എന്ന്‍ ഹോട്ടലുകളുടെ മുന്നില്‍ നിര്ത്തുന്ന വണ്ടികളുടെ എണ്ണത്തില് നിന്നു മനസ്സിലാക്കാം.

അങ്ങനെ അന്ന് രാത്രിയില്‍ വീണ്ടും ചേര്ത്തലയില്‍ ഇറങ്ങി കൂട്ടുകാരന്റെ വീട്ടില് തങ്ങി. പിറ്റേന്ന് 2018 നവംബര്‍ 12ന് പുലര്ച്ച് 3.30ക്ക് ചേര്ത്തല നിന്നും കോഴിക്കോട്ടേക്ക് തിരിച്ചുള്ള യാത്ര. സുരക്ഷാമാനദണ്ഡങ്ങളോടെ AIS ബസ്‌ ബോഡി കോഡ് നിലവാരത്തില്‍ കൊണ്ടോടി ഓട്ടോക്രാഫ്റ്റ് നിര്മി്ച്ച ഏറ്റവും പുതിയ മോഡല്‍ KSRTC സൂപ്പർഫാസ്റ്റ് ബസ്സിലാണ് യാത്ര. ഇത്രയും കാലം KSRTCയുടെ റീജിയണല്‍ വര്‍ക്ക് ഷോപ്പില്‍ നിര്‍മിച്ച വണ്ടികളില്‍ നിന്ന്‍ ഒട്ടേറെ മാറ്റങ്ങള്‍ ഉള്ള വണ്ടിയാണ് ഇത്. ഈ സീരീസില്‍ ഉള്ള വണ്ടിയിറങ്ങിയിട്ടു 1 കൊല്ലമാവാറായെങ്കിലും ഇപ്പോഴാണ്‌ ഇതില്‍ ഒന്ന് കയറാന്‍ പറ്റിയത്. അതില്‍ പാട്ടൊക്കെ വെച്ചിട്ടുണ്ടായിരുന്നു. അധികം ശബ്ദമൊന്നുമില്ല, എന്നാലും പാട്ട് കേള്ക്കാം.

എറണാകുളം എന്ന കമ്മട്ടിപാടത്തു എത്താറായപ്പോള്‍, യാദൃശ്ചികമായി അതെ പേരിലുള്ള സിനിമയിലെ പാട്ടാണ് ആ സമയം ബസ്സില്‍ പാടുന്നുണ്ടായിരുന്നത്. ചെറിയ ദൂരത്തേക്ക് യാത്രയ്ക്ക് പറ്റിയതാണെങ്കിലും ദീര്ഘ്ദൂരയാത്രക്ക് പറ്റുന്ന തരത്തിലുള്ള സീറ്റല്ല ഈ വണ്ടിയിലുണ്ടായിരുന്നത്. തലക്കും കഴുത്തിനും ആയാസം തോന്നിയതിനാല്‍ അധികം ഉറങ്ങാന്‍ പറ്റിയില്ല. സീറ്റ് പോലും ഇല്ലാതെ കഷ്ടപ്പെട്ടു തിരക്കുള്ള രാത്രിയാത്ര ചെയ്തുള്ള ചെറിയ അനുഭവങ്ങൾക്ക് മുന്നില്‍ ഇതൊന്നും ഒരു പ്രശ്നമായിരുന്നില്ല. പിന്നെ പുറത്തെ കാഴ്ചകളും കണ്ടങ്ങനെ ഇരുന്നു. രാവിലെ ഒരു 10 മണിയോടെ കോഴിക്കോട് ഇറങ്ങി.

എന്നെ സംബന്ധിച്ച്‌ ഈ യാത്ര നൊസ്റ്റാള്‍ജിയയും ഓര്മകളും പുതുക്കിയ ഒന്നായിരുന്നു. നമ്മള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നത്‌ സന്തോഷം നല്കുന്ന കാര്യമാണെങ്കിലും, വഴിയിലുടനീളം നമ്മളിലൂടെ പോവുന്ന ചിന്തകളും, കാഴ്ചകളും, ഓര്മകളും വിലകൂടിയ അനുഭൂതികളുമാണ്. Happiness is a journey; not a destination എന്ന് കേട്ടിട്ടുണ്ട്. ജീവിതത്തില്‍ നാളെ സന്തോഷം വരുമെന്ന് പ്രതീക്ഷിച്ചു, ഇന്നത്തെ ജീവിതത്തെ സുഖങ്ങളും നല്ല നിമിഷങ്ങളും അനുഭവിക്കാന്‍ നില്ക്കാ തെയുള്ള ഓട്ടം അവസാനം പാഴായിപ്പോവും. നമ്മുടെ ജീവിതമെന്ന യാത്രയില്‍ ഒരുപാട് കാഴ്ച്ചകള്‍ കാണാന്‍ ഉണ്ട്; അവ ആസ്വദിക്കാതെ ലക്ഷ്യം മാത്രം ആലോചിച്ചു ജീവിക്കുന്നവര്‍ ഉണ്ട്. എത്രത്തോളം ഇത് ശരി ആണെന്നറിയില്ല, എന്നാലും പഴയ നല്ല ഓര്‍മകള്‍ ഇടയ്ക്കെപ്പോഴെങ്കിലും ഓര്ക്കുന്നത് നല്ലതായിരിക്കും; പ്രത്യേകിച്ച് പഴയ വഴികളിലൂടെ യാത്ര ചെയ്യുമ്പോള്‍…

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply