മരണത്തിന്‍റെ സംഗീതം, ആത്മഹത്യ ഗാനം അഥവാ ‘ഗ്ലൂമി സൺഡേ’

ഈ ലേഖനം എഴുതി തയ്യാറാക്കിയത് – മൃദുൽ.കെ.വി.

ആത്മഹത്യ ഗാനം, ‘ഗ്ലൂമി സൺഡേ’ എന്ന ഗാനത്തെ കുറിച്ച് പറയാൻ ഏറ്റവും യോജിച്ച വാക്കാണിത്. ലോകത്തെമ്പാടും നിരവധി പേരുടെ ആത്മഹത്യയ്ക്ക് കാരണമായ ഈ ഗാനം ഈ പേരിൽ അല്ലാതെ മറ്റെന്തു പേരിലാണ് അറിയപ്പെടുക.

ലോക മഹായുദ്ധം ഹംഗറിയെ അപ്പാടെ വിഴുങ്ങിയ കാലം. ലോക മഹായുദ്ധം ഹംഗറിയിൽ അവശേഷിപ്പിച്ച കൊടിയ ദാരിദ്ര്യവും തൊഴിലില്ലായ്മയും ഹംഗറിയെ ലോകത്തിന്റെ തന്നെ വിലാപ ഭൂമിക ആക്കി മാറ്റിയിരുന്നു. ഹംഗറിയെ നോക്കി പിയാനോയിസ്റ്റായ റെസ്സോ സെറസ് ആണ് ഈ ഗാനം പാടിയത്.

1933ൽ ആണ് സെറസ് ആദ്യമായി ഗ്ലൂമി സൺഡേ എന്ന ഗാനം തന്റെ പിയാനോയിൽ വായിക്കുന്നത്. ജീവിതത്തിലെ ഏറ്റവും വിഷാദമായ കാലഘട്ടത്തിലാണ് സെറസ് ഈ സംഗീതം ചിട്ടപ്പെടുത്തിയത്. ജീവിത വഴികളിൽ തന്നെ ഉപേക്ഷിച്ച, തന്റെ നഷ്ടപ്രണയത്തെയോർത്താണ് ഈ ഗാനം വായിക്കുന്നത്. സെറസിന്റെ സുഹൃത്തും കവിയുമായ ലാസ്ലോ ജാവർ ആണ് പിന്നീട് സംഗീതത്തിനനുസരിച്ച് വരികളെഴുതി ചേർത്തത്. അടുത്തിടെ സംഭവിച്ച നഷ്ട പ്രണയമാണ് വരികളെഴുതാൻ ജാവറിന് പ്രചോദനമായത്. വരികളിലുടനീളം നഷ്ടപ്രണയത്തിന്റെ വിലാപങ്ങളും മരണാന്തരമുള്ള ഒത്തുചേരലിന്റെ പ്രതിജ്ഞകളും കാണാം. 1933 ലാണ് ഷീറ്റ് മ്യൂസിക്ക് ഈ ഗാനം ആദ്യമായി പുറത്തിറക്കിയത്.

ഗാനമിറങ്ങി കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ സെറസിന്റെ കാമുകി ആത്മഹത്യ ചെയ്തു. അതെ, ഈ ഗാനമെഴുതാൻ കാരണമായ തന്റെ നഷ്ടപ്രണയത്തിലെ പെൺകുട്ടി. ആത്മഹത്യ കുറിപ്പിൽ ഗ്ലൂമി സൺഡേയെക്കുറിച്ച് പരാമർശങ്ങൾ ഉണ്ടായിരുന്നു. പിന്നീട് കണ്ടത് ഗ്ലൂമി സൺഡേ എന്ന ചാവു ഗാനത്തിന്റെ തേരോട്ടമായിരുന്നു. പല ആത്മഹത്യ കേസുകളിലും ഗ്ലൂമി സൺഡേ സ്പർശം ഉണ്ടായിരുന്നു.

ഹംഗേറിയയിൽ സ്വയം വെടിവച്ച് മരിച്ച ഉദ്യോഗസ്ഥന്റെ മുറിയിൽ നിന്ന് അയാൾ കേട്ടുകൊണ്ടിരുന്ന ഈ ഗാനത്തിന്റെ റെക്കോർഡ് കണ്ടെടുത്തു. ഈ സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയുടെ മുറിയിലെ ഗ്രാമഫോണിൽ ഈ ഗാനം പാടുന്നുണ്ടായിരുന്നു. ഹംഗറിയിലെ റെസ്റ്റോറന്റിൽ ഈ ഗാനം ആലപിച്ച് കൊണ്ടിരിക്കുകയായിരുന്നു ഒരു ഗായക സംഘം, പെട്ടെന്ന് അത് കേട്ടുകൊണ്ടിരുന്ന ചെറുപ്പക്കാരൻ സ്വയം വെടിവച്ച് മരിച്ചു. സമാന സ്വഭാവമുള്ള നിരവധി ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തു.

ലോകത്തെമ്പാടുമുള്ള ഏകാകികളെയും വിഷാദികളെയും ഈ സംഗീതം മരണത്തിലേക്ക് മാടി വിളിച്ചു. പലരുടെയും അവസാന നിമിഷങ്ങളിൽ ഈ സംഗീതത്തിന്റെ സ്പർശം ഉണ്ടായിരുന്നു. ആത്മഹത്യയ്ക്ക് മുൻപ് പലരും ഈ ഗാനം കേട്ടു , പലരുടെയും ആത്മഹത്യക്കുറിപ്പിലെ വരികൾ പോലും ഈ പാട്ടിലേതായിരുന്നു. ചിലരുടെ ആത്മഹത്യ മുറികളിൽ ഗ്രാമഫോണിൽ ഈ ഗാനം മുഴങ്ങുന്നുണ്ടായിരുന്നു.

‘ഹംഗേറിയൻ ആത്മഹത്യ ഗാനം’ എന്ന പേരിൽ വളരെ പെട്ടെന്നു തന്നെ ഈ ഗാനം ലോക ശ്രദ്ധയാർജിച്ചു. ഗാനത്തിന്റെ ജനപ്രീതിക്കൊപ്പം ആത്മഹത്യകളും കൂടിക്കൂടി വന്നു. ഹംഗറിയിൽ പൊതുവേദികളിൽ ഈ ഗാനം ആലപിക്കുന്നത് നിരോധിച്ചു. പിന്നീട് ആത്മഹത്യ റിപ്പോർട്ടുകളെ തുടർന്ന് അമേരിക്കയിലും ഗാനം നിരോധിക്കപ്പെട്ടു. ബിബിസി ഗ്ലൂമി സൺഡേയുടെ പ്രക്ഷേപണം നിർത്തി വച്ചു. ഗാനത്തിന്റെ പേരിൽ ഹംഗറിക്ക് ലോകത്തോട് മാപ്പു പറയേണ്ടി വന്നു. പക്ഷേ അതിനിടയിൽ തന്നെ ഗാനത്തിന്റെ പ്രശസ്തി ഒരു പാട് വളർന്നിരുന്നു. അത്മഹത്യകളും തുടർന്നു കൊണ്ടിരുന്നു.

ലോകത്തിന്റെ വിവിധയിടങ്ങളിൽ നടന്ന 200 ഓളം ആത്മഹത്യ കേസുകളിൽ ഗ്ലൂമി സൺഡേയുടെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചിലപ്പോൾ ഇതിന്റെ പതിമടങ്ങ് റിപ്പോർട്ട് ചെയ്യപ്പെടാത്ത, തെളിവ് ലഭിക്കാതെ പോയ കേസുകളും ഉണ്ടാവാം.

മരണം ഒടുക്കം ഈ പാട്ടുകാരനെയും കൊണ്ടാണ് പോയത്. 1968ൽ ബുഡാപെസ്റ്റിലെ അപ്പാർട്ട്മെന്റിന്റെ ചില്ലു ജനാല വഴി പുറത്തേക്കു ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ട സെറസ് പിന്നീട് ആശുപത്രിയിൽ വച്ച് തൂങ്ങി മരിക്കുകയായിരുന്നു. ആത്മഹത്യയ്ക്ക് തൊട്ടു മുൻപൊരു ദിവസം സെറസ് എഴുതി. ‘ഈ പാട്ട് എനിക്ക് നൽകിയ ഭയാനകമായ പ്രശസ്തി എന്നെ മുറിപ്പെടുത്തി കൊണ്ടേയിരിക്കുന്നു. ലോകത്തോടു മുഴുവൻ തെറ്റ് ചെയ്തവനെപ്പോലെ ഞാനെന്റെ ശിരസ്സ് കുനിക്കുന്നു.’

വാൽക്കഷ്ണം: സ്റ്റീവൻ സ്പിൽബർഗിന്റെ വളരെ പ്രശസ്തമായ ഷിൻഡ്ലേർസ് ലിസ്റ്റ് (1993) എന്ന സിനിമയിലെ വിവിധ രംഗങ്ങളിൽ പശ്ചാത്തലത്തിൽ ഈ സംഗീതം കേൾക്കാം.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply