ഇടുക്കി ജലാശയത്തിനു കുറുകെ നിര്‍മ്മിച്ചിരിക്കുന്ന അയ്യപ്പന് കോവില്‍ തൂക്കുപാലം. ഒരു കൊച്ചു കുട്ടിയെപ്പോലെ(2018 ഫെബ്രുവരി 10)തൂക്കുപാലത്തിൽ അങ്ങോട്ടുമിങ്ങോട്ടും നടന്ന അധ്യാപകസുഹൃത്തക്കളെ കണ്ടപ്പോൾ ലൈഫ് ഓഫ് ജോസുകുട്ടിയിലെ ചില രംഗങ്ങൾ ഓർമവന്നു. പാലത്തിലേക്ക് കയറിയപ്പോൾ തന്നെ തിരിഞ്ഞോടിയ അധ്യാപകസുഹൃത്തായ രഞ്ജി സാർ, പടം പിടിക്കാനായി ഓടിനടന്ന ഞാനും കൂട്ടുകാരും…… തലങ്ങും വിലങ്ങും ഓടി പടമെടുത്തവർ.
അയ്യപ്പന്‍കോവില്‍–കാഞ്ചിയാര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിക്കുന്നതാണ് ഈ പാലം. കട്ടപ്പന-കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്‍നിന്ന് രണ്ടു കീ. മീ. യാത്ര ചെയ്താല്‍ അയ്യപ്പന്‍കോവില്‍ തുക്കുപാലത്തില്‍ എത്താം. കൂടാതെ സ്വരാജില്‍നിന്ന് പരമ്പരാഗത കാട്ടുപാതയിലൂടെയും ഇവിടെയെത്തും. പതിറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ഹൈറേഞ്ചിലെ ആദ്യ കുടിയേറ്റസ്ഥലമാണ് അയ്യപ്പന്‍കോവില്‍. ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമ ഇവിടെയാണ് ഷൂട്ട്ചെയ്തത്.
ആദിവാസി സമുദായ മാന്നാന് വിഭാഗത്തിന്റെ കോവില്‍മല രാജപുരിയിലും ഇതുവഴിയെത്താം. മുമ്പ് ഇവിടെയുണ്ടായിരുന്ന പാലം പതിറ്റാണ്ടുകള്‍ പഴക്കമുള്ളതായിരുന്നു. ഇടുക്കി ജലാശയത്തില്‍ വെള്ളംകയറിയാല്‍ പാലം മുങ്ങുമായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ക്ഷാമവും പട്ടിണിയും കൊടുമ്പിരികൊണ്ടപ്പോള്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഭൂമി നല്കി കുടിയേറ്റത്തിന് ആക്കം കൂട്ടി.
അയ്യപ്പന്‍കോവില്‍വരെയാണ് അന്ന് റോഡ് ഉണ്ടായിരുന്നത്. ഈ കാലഘട്ടത്തിലാണ് ഏലപ്പാറ-കട്ടപ്പന എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്നതിന് അയ്യപ്പന്‍കോവിലില്‍ 1953ല്‍ പൊതുമരാമത്ത് വകുപ്പ് കോണ്‍ക്രീറ്റ് പാലം പണിതത്. പിന്നീട് 1978ല്‍ ഇടുക്കി പദ്ധതിക്ക് വേണ്ടി ആളുകളെ ഇവിടെ നിന്നും കുടിയിറക്കി.
കാഞ്ചിയാര്‍ പഞ്ചായത്തിലെ ചന്തക്കടവ് നിവാസികൾ ഇടുക്കി റിസര്‍വ്വോയര്‍ മുറിച്ച് കടന്നാണ് യാത്ര ചെയ്തിരുന്നത്. കാലവര്‍ഷം കനക്കുന്നതോടെ ചന്തക്കടവിലെ ചെറിയപാലം വെള്ളത്തിനടിയിലായി യാത്ര ദുരിത പൂർണ്ണമാകും. പിന്നീട് അപകടകരമായ രീതിയില്‍ ചങ്ങാടത്തിലായിരുന്നു കുട്ടികളടക്കം യാത്ര ചെയ്തിരുന്നത്.
ഇനി കഥ ഞങ്ങളിലേക്ക്…….തൂക്കുപാലത്തിന്റെ ഒരറ്റത്ത് നിന്നു നടന്നു നടന്നു അവസാനമെത്തിയത് ഞാനും മീര മിസ്സും ബെറ്റി മിസ്സുമായിരുന്നു. പാലത്തിന്റെ കഥകളേക്കാൾ ആകാശനീലിമ ആസ്വദിച്ചു ഞങ്ങളങ്ങനെ മറ്റേയറ്റത്തെത്തി. തൂക്കുപാലത്തിന്റെ അങ്ങേയറ്റത്തെത്തിയപ്പോൾ ഒരാൾകൂട്ടം…. ഞങ്ങളുടെ ആളുകൾ തന്നെ തീരുമാനമെടുക്കുകയാണ്… ജോ അച്ചൻ ന്റെ വക ഒരു കമന്റും പോകേണമെങ്കിൽ പോകാം ഇറങ്ങേണമെങ്കിൽ ഇറങ്ങാം…… വീണ്ടും തീരുമാനചർച്ച നീണ്ടു…. തിരിച്ചു തൂക്കുപാലത്തിലൂടെ പോകേണമോ അതോ തൂക്കുപാലത്തിൽനിന്നിറങ്ങി വേറിട്ട താഴെയുള്ള റോഡുവഴി നീങ്ങേണമോ?
താഴെയെത്തിയപ്പോൾ ദാ ഒരു വിളി….. ഇങ്ങോട്ട് നോക്ക്…. അവിടെ നിന്നു മുകളിൽ നിൽക്കുന്ന ഞങ്ങളുടെ പടമൊന്നെടുത്തെ സുഹൃത്തേ !!!!വിജി മിസ്സിന്റെയും ജീനുവിന്റെയും ഉത്തരവ്. മുന്നോട്ടു നടക്കുവാനുള്ള പ്രേരണ നൽകിയത് സ്കൂൾ വൈസ്പ്രിസിപ്പൽ അനിത മിസ്സ് തന്നെ….. പുഴയിലെ വെള്ളത്തിലൊന്നു തൊടുക…. അതായിരുന്നു ലക്ഷ്യം. 48പേരായി വന്നവരിൽ പുഴയുടെ തീരത്തു ശേഷിച്ചവർ ഞാൻ ഉൾപ്പെടെ 8 പേർ മാത്രം.
കരയിലേക്ക് എത്തിയപ്പോൾ ഒരു തോണി കെട്ടിയിട്ടിരിക്കുന്ന കാഴ്ച…. വീണ്ടും ഞങ്ങളിലെ കുട്ടിത്തം ഒന്നുണർന്നു… ഞാൻ തോണിയിൽ കയറി ഒന്നിരുന്നു……. കൂടെ അധ്യാപക സുഹൃത്തിന്റെ മകളും.. അപ്പോൾ ദാ പുറകിൽ നിന്നൊരു വിളി “പുഴയിൽ ഒന്ന് കറങ്ങണോ??” തോണിക്കാരന്റെ സൗഹൃദ വിളിയായിരുന്നു ട്ടോ… “ഇനിയൊരിക്കൽ ആകട്ടെ…” ഞങ്ങൾ ഒരുമിച്ചു മറുപടി പറഞ്ഞു.
അയ്യപ്പൻ കോവിൽ- കാഞ്ചിയാർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അയ്യപ്പൻ കോവിൽ തൂക്കുപാലം നദിജല സംരക്ഷണ വകുപ്പ് രണ്ടുകോടിയിലധികം രൂപ മുടക്കി 200 മീറ്റർ നീളവും 1.20മീറ്റർ വീതിയിലും പണിതു 2013 ൽ ജനങ്ങൾക്ക് വേണ്ടി തുറന്നു കൊടുത്തു. രണ്ട് പഞ്ചായത്തിലെ ജനങ്ങളുടെ ദുരിതയാത്രകണ്ടാണ് നദീതല സംരക്ഷണ വകുപ്പ് തൂക്കുപാലം നിർമ്മിച്ചത്. ഇതോടെ റിസര്‍വ്വോയറില്‍ ജലനിരപ്പ് ഉയര്‍ന്നാലും ആയാസം കൂടാതെ യാത്ര ചെയ്യാം.
റിസർവ്വോയറിനു കുറുകെ രണ്ട് തൂണുകളിൽ പണിതുയർത്തിയ്യ ഭീമാകാരമായ തൂക്കുപാലം കാണാൻ വിനോദസഞ്ചാരികളുടെ ഒഴുക്കാണ്. വേനലിൽ വറ്റിവരളുന്ന റിസര്‍വ്വോയര്‍ മഴക്കാലത്ത് ഇരുകരമുട്ടി ഒഴുകും. ഇതിനു താഴെയുള്ള വഴിയിലൂടെ പോയാൽ പ്രസിദ്ധമായ അയ്യപ്പൻ കോവിലിൽ എത്തിച്ചേരും… അയ്യപ്പൻകോവിലിലും തൂക്കുപാലത്തിനടുത്തുള്ള ബാലഗ്രാമിലും ശിലായുഗത്തിന്റെ സംസ്കാരരീതി വിളിച്ചോതുന്ന നടുക്കലുകൾ കണ്ടെടുത്തിട്ടുണ്ട്…. ഇവിടുത്തെ മനുഷ്യവാസത്തിന് മൂവായിരം വർഷത്തെ പഴക്കമുണ്ടെന്ന് ചരിത്രകാരന്മാർ പറയുന്നു.
ഇടുക്കിയുടെ നിഷ്കളങ്ക മുഖം ഒപ്പിയെടുക്കാൻ ചലച്ചിത്രകാരന്മാർ തിരഞ്ഞെടുക്കുന്ന പ്രദേശങ്ങളിൽ ഒന്നാണിത്. കട്ടപ്പന – കുട്ടിക്കാനം റൂട്ടിൽ മാട്ടുകട്ടയിൽനിന്നും തിരിഞ്ഞുവേണം അയ്യപ്പൻകോവിൽ തൂക്കുപാലത്തിൽ എത്താൻ. തൂക്കുപാലത്തിനു മുകളിലും താഴെയും നിൽക്കുമ്പോൾ ആകാശത്തിലെ മനോഹര കാഴ്ചകളും ഞാനും കൂട്ടുകാരും ആവോളം ആസ്വദിക്കുകയായിരുന്നു…
പക്ഷെ ഒരു വേദന താഴേക്കണ്ട ആ വഴി. ഞാൻ നടന്നു പുഴയുടെ തീരത്തേക്ക് പോയ ആ വഴി പുരാതനമായ അയ്യപ്പകോവിലിലേക്കുള്ള വഴിയാണെന്ന് സത്യം ഞാൻ അറിഞ്ഞത് തിരികെ ബസിൽ കയറിയ ശേഷമായിരുന്നു. യാത്രകൾ അവസാനിക്കുന്നില്ല… ഇനിയൊരിക്കൽ ആ വഴിയുടെ തീരത്തിലൂടെ അയ്യപ്പകോവിൽ കണ്ടു മടങ്ങാം എന്ന സ്വപ്നത്തോടെ….. വിട…..
വിവരണം – Cynthia Varghese.