ബോട്ടില്‍ കയറാനാകാത്തവര്‍ക്ക് മുതുക് കുനിച്ച് കൊടുത്ത മത്സ്യത്തൊഴിലാളി

രക്ഷാ പ്രവര്‍ത്തനത്തിനിടെ റബ്ബര്‍ ബോട്ടില്‍ കയറാനാകാതെ വിഷമിച്ച പ്രായമായ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ക്ക് മുതുകു ചവിട്ടുപടിയാക്കി നല്‍കിയ യുവാവിന്റെ ദൃശ്യങ്ങളായിരുന്നു ഇന്ന് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലയായിക്കൊണ്ടിരുന്നത്. മഹാമനസ്‌കനായ ആ വ്യക്തി ആരെന്ന് തിരയുകയായിരുന്നു ഇന്ന് സോഷ്യല്‍മീഡിയയില്‍ പലരും. ഒടുവില്‍ അതിന് ഉത്തരമായി. താനൂരിലെ മത്സ്യത്തൊഴിലാളിയായ ജൈസല്‍ കെ.പിയെന്ന വ്യക്തിയാണ് ദുരന്തമുഖത്തെ മനുഷ്യനന്മയുടെ മുഖമായത്.

രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ബോട്ടില്‍ കയറാന്‍ കഴിയാതിരുന്ന സ്ത്രീകള്‍ക്ക് മുന്നിലാണ് സ്വന്തം മുതുക് ചവിട്ടുപടിയാക്കി ഈ മനുഷ്യന്‍ വെള്ളത്തില്‍ കിടന്നത്. ഏറെ ദു:ഖം മനസില്‍ പേറി ഈ മകന് വേദനിക്കരുതേ എന്ന പ്രാര്‍ത്ഥനയോടെ ആ മനുഷ്യന്റെ മുതുകില്‍ ചവിട്ടി ഓരോരുത്തരും ബോട്ടിലേക്ക് കയറി, അതുവഴി ജീവിതത്തിലേക്കും. പ്രളയത്തിന് മുന്നില്‍ തോല്‍ക്കാതെ ചവിട്ടിക്കയറ്റാന്‍ സ്വന്തം മുതുക് കാണിച്ച് കൊടുക്കുന്ന ഈ യുവാവിനെ വണങ്ങുകയാണ് ഓരോ മനുഷ്യരും. മനുഷ്യസ്‌നേഹത്തിന്റെ മാതൃകയെന്നാണ് ഇദ്ദേഹത്തെ സോഷ്യല്‍മീഡിയ വിശേഷിപ്പിക്കുന്നത്.

പ്രളയം ദുരന്തം വിതച്ച കേരളത്തില്‍ നിന്നുള്ള ഒരു കാഴ്ചമാത്രമായിരുന്നു ഇത്. ഇത്തരത്തിലുള്ള നിരവധി കാഴ്ചകള്‍ കേരളത്തിലെ വിവിധയിടങ്ങളില്‍ നിന്ന് കാണാനാവും. സ്വന്തം ജീവന്‍ പണയം വെച്ച് മറ്റുള്ളവരെ രക്ഷപ്പെടുത്താന്‍ ഏതറ്റം വരെയും പോകുന്ന രക്ഷാപ്രവര്‍ത്തകര്‍…അവര്‍ തന്നെയാണ് കേരളത്തിലെ യഥാര്‍ത്ഥ ഹീറോകള്‍. മത്സ്യത്തൊഴിലാളികളും നാട്ടുകാരും സൈന്യവും പൊലീസും ദുരന്തനിവാരണ സേനയിലെ ഓരോ അംഗങ്ങളും അതിലെ കണ്ണികള്‍ മാത്രം..

ഈ വലിയപെരുന്നാള്‍ ജെയ്സലിന് സംതൃപ്തിയുടേതാണ്. ലോകം ആ മനുഷ്യസ്‌നേഹിയെ ഹൃദയം തുറന്ന് അനുമോദിക്കുമ്പോള്‍ അയാള്‍ ശിരസ്സ് നമിക്കുന്നു. പ്രളയകെടുതിയില്‍ അകപ്പെട്ട പതിനായിരങ്ങളുടെ വേദനയോര്‍ക്കുമ്പോള്‍ ആ കണ്ണുകള്‍ നിറയുന്നു. വെള്ളക്കെട്ടില്‍ കുടുങ്ങി ജീവനുവേണ്ടി കേണവര്‍ക്ക് രക്ഷപ്പെടാന്‍ സ്വന്തം മുതുക് നല്‍കിയ ആ സമര്‍പ്പണം ലോക ശ്രദ്ധനേടിയതോടെ തിരക്കോട് തിരക്കാണ് ജെയ്സലിന്. നേരിട്ടും ഫോണിലും നിലക്കാത്ത അഭിനന്ദന പ്രവാഹം.

എന്നും സഹായ- സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ജൈസല്‍ മുന്നിലായിരുന്നു. അതുകണ്ട് തന്നെ നാട്ടിലും പരിസരങ്ങളിലും ഏവര്‍ക്കും സുപരിചിതന്‍. പ്രതിസന്ധിയുടേയും അപകടത്തിന്റെയും ഘട്ടങ്ങളില്‍ രണ്ടും കല്‍പ്പിച്ച് ഓടിയെത്താറുള്ള ചെറുപ്പക്കാരന്‍, സ്‌നേഹസമ്പന്നനായ മത്സ്യതൊഴിലാളി നാട്ടുകാര്‍ക്ക് ജെയ്സല്‍ അങ്ങിനെയാണ്. സന്നദ്ധ സേവനത്തോടുള്ള താല്‍പര്യം വര്‍ധിച്ചപ്പോഴാണ് ട്രോമാകെയര്‍ യൂണിറ്റില്‍ വളണ്ടിയറായി ചേരുന്നത്. അതോടെ എന്തെങ്കിലും സഹായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ ധാരാളം അവസരവും കിട്ടുന്നത് പതിവായി. പ്രളയത്തില്‍പെട്ടവരെ രക്ഷിക്കാന്‍ വേങ്ങരയില്‍ എത്തുന്നതും അങ്ങനെയാണ്.

വേങ്ങര മുതലമാട്ട് കടലുണ്ടിപ്പുഴ കരകവിഞ്ഞതോടെ രൂപപ്പെട്ട വലിയ വെള്ളക്കെട്ടില്‍ കുടുങ്ങി കുറേ പേര്‍ ബുദ്ധിമുട്ടുന്ന കാര്യം അറിഞ്ഞയുടനെ കൂട്ടുകാര്‍ക്കൊപ്പം റബ്ബര്‍ തോണിയുമായി അങ്ങോട്ടു തിരിച്ചു. ദേശീയ ദുരന്ത നിവാരണ സേനപോലും മടിച്ചു നിന്നപ്പോള്‍ ജെയ്സല്‍ തോണിയുമായി ജനങ്ങളെ സഹായിക്കാന്‍ നീങ്ങി. വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ അവിടെ ഒറ്റപ്പെട്ട് അവസ്ഥയിലായിരുന്നു. രക്ഷാപ്രവര്‍ത്തകരെ കണ്ടതും തങ്ങളെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് അവര്‍ നിലവിളിച്ചു. പേടിക്കേണ്ട നിങ്ങള്‍ വെള്ളക്കെട്ടില്‍ നിന്ന് അകന്നു നില്‍ക്കൂ രക്ഷിക്കനായി തോണിയുമായി ഞങ്ങള്‍ നിങ്ങള്‍ക്കരികലെത്തും എന്ന് ജെയ്സലും കൂട്ടരും അവരോട് വിളച്ചു പറഞ്ഞു.

തിരമലാകളെ മുറിച്ചു കടന്ന് കടലില്‍ ജീവതമാര്‍ഗ്ഗം തേടുന്ന താനൂരിലെ മത്സ്യതൊഴിലാളികള്‍ക്ക് മുതലമാടിലെ വെള്ളക്കെട്ട് ഒരു പ്രതിസന്ധിയും തീര്‍ത്തില്ല. പക്ഷേ വെള്ളകെട്ടിലകപെട്ട് പകച്ച സ്ത്രീകള്‍ക്ക് ആ തോണിയില്‍ കയറുകപോലും അസാധ്യമായിരുന്നു. തോണിയില്‍ കയറാന്‍ പ്രയാസപ്പെടുന്ന സ്ത്രീകള്‍ക്കുവേണ്ടി വെള്ളത്തില്‍ കമിഴ്ന്ന് കിടന്ന പുറം ഭാഗം ചവിട്ടുപിടിയാക്കുകയായിരുന്നു ജെയ്സല്‍. ബോട്ടില്‍ കയറി രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ കാലില്‍ കിടന്ന ചെരുപ്പ് ഊരാന്‍ പോലും മറന്ന പ്രായം ചെന്ന സ്ത്രീയോട് മൂപ്പരും മ്മളെപോലെ മനുഷ്യനാണ് കല്ലല്ല…. ഉമ്മാ, ങ്ങള് ശ്രദ്ധിച്ചോളിന്‍..എന്ന് സമീപത്തുണ്ടായിരുന്ന ആള്‍ പറയുന്നത് കേട്ടപ്പോള്‍ മാത്രമാണ് ബോട്ടിന് താഴെ ഒരു ചവിട്ടുപടിക്ക് സമാനമായി കിടക്കുന്ന ജൈസലിനെ ചിലരെങ്കിലും ശ്രദ്ധിച്ചത്.

കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ മുഴുകിയ ജെയ്സലിന്റെ സമര്‍പ്പണം സ്ഥലത്തുണ്ടായിരുന്ന ആരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതോടെയാണ് ലോകം അയാളെ അറിയുന്നത്. നന്മയുടെ മനുഷ്യരൂപം എന്ന തലക്കെട്ടോടെയാണ് വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചത്. പക്ഷേ ഇതൊന്നും അറിയാതെ ജെയ്സല്‍ ദൗത്യം തുടര്‍ന്നുകൊണ്ടിരുന്നു. വേങ്ങരയില്‍ നിന്ന് നേരെ തൃശ്ശൂര്‍ ജില്ലയിലെ പ്രളയസ്ഥലങ്ങളിലേക്ക്. മാളയില്‍ അവിടേയും കുറെ പേര്‍ക്ക് രക്ഷകനായി. അപ്പോഴേക്കും സോഷ്യല്‍ മീഡിയയില്‍ അയാള്‍ താരമായി കഴിഞ്ഞിരുന്നു. നിരവധി ഫോണ്‍വിളികള്‍ വന്നതോടെയാണ് തന്റെ പ്രവര്‍ത്തിയില്‍ ലോകം ഇത്രമേല്‍ ആഹ്ലാദിക്കുന്ന കാര്യം ജെയ്സല്‍ അറിയുന്നത്. പിന്നീടങ്ങോട്ട് ആയിരമായിരം അനുമോദന സന്ദേശങ്ങള്‍, സ്വീകരണങ്ങള്‍, ഉപഹാരങ്ങള്‍ പത്രങ്ങളിലും ചാനലിലുകളിലും വാര്‍ത്തകള്‍…

പ്രളയത്തോട് പൊരുതി അതിജീവനം സാധ്യമാക്കിയ കേരളത്തിന്റെ അഭിമാന താരകളില്‍ ഒരാളായി താനൂരിലെ പാവപ്പെട്ട മത്സ്യതൊഴിലാളി ജെയ്സലും മാറി കഴിഞ്ഞിരിക്കുന്നു. സോഷ്യല്‍ മീഡിയയിലുടെ വൈറലായ ആത്മ സമര്‍പ്പണ ദൃശ്യങ്ങള്‍ കണ്ട് കണ്ണ് നിറയാത്തവരില്ല. ഒരിക്കലും വറ്റാത്ത, ഒരു പ്രളയത്തിനും പിഴുതെടുക്കാന്‍ കഴിയാത്ത മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായി ജെയ്സലിനെ ലോകം വാഴ്ത്തുന്നു. ജന്മനാട്ടില്‍ പലയിടങ്ങളിലും ഇതിനകം തന്നെ ജെയ്സലിന് സ്വീകരണം ലഭിച്ചു കഴിഞ്ഞു. പാരപ്പനങ്ങാടി തൂവല്‍ പീരന്‍ കടപ്പുറത്തെ കൊച്ചുവീട്ടില്‍ വലിയ പ്രയാസങ്ങള്‍ക്കിടയില്‍ കുടുംബസമേതം കഴിയുമ്പോഴും മറ്റുള്ളവര്‍ക്കായി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിഞ്ഞതിന്റെ തികഞ്ഞ സന്തോഷത്തിലാണ് ജൈസല്‍.

കടപ്പാട് – Dool News , Janayugam.

Check Also

ഹോട്ടൽ റൂമിൽ നിന്നും എന്തൊക്കെ ഫ്രീയായി എടുക്കാം? What can you take from hotel rooms?

Which free items can you take from a hotel room? Consumable items which are meant …

Leave a Reply