ആൻഡമാനിലെ മലബാർ : മഞ്ചേരിയും വണ്ടൂരും തിരൂരും നിലമ്പൂരും…

താഴെ കൊടുത്തിരിക്കുന്ന ബസ്സിന്റെ ചിത്രം കണ്ടോ? ഇത് കോഴിക്കോട് നിന്നും പുറപ്പെടുന്ന മഞ്ചേരി ബസ് അല്ല . അങ്ങ് ദൂരെ ദൂരെ ആന്റമാൻ നിക്കോബാര്‍ ദ്വീപിലോടുന്ന ബസ്സാണ്. അവിടെയും മഞ്ചേരിയോ ? മഞ്ചേരി മാത്രമല്ല, ആന്റമാൻ നിക്കോബാര്‍ ദ്വീപില്‍ കാലിക്കറ്റും തിരൂരും മലപ്പുറവും നിലമ്പൂരും മണ്ണാര്‍ക്കാടും വണ്ടൂരും ഒക്കെ ഉണ്ട്.

മലബാര്‍ കലാപത്തിനു ശേഷം ഏതാണ്ട് അര ലക്ഷത്തോളം മാപ്പിളമാരെയാണ് ബ്രിട്ടിഷുകാര്‍ പിടിച്ച് കൊണ്ട് പോയത് . അതില്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ബാക്കി ഉള്ളവരെ കൊണ്ട് വെല്ലൂരിലെയും കോയമ്പത്തൂരിലെയും കണ്ണൂരിലെ യും ത്രിശ്നാപ്പള്ളിയിലെയും ജയിലുകള്‍ നിറഞ്ഞു കവിയുകയും ചെയ്തു . ഈയൊരു സന്ദര്‍ഭത്തിലാണ് ബ്രിട്ടിഷ് ഗവണ്‍മെന്റ് മാപ്പിള തടവുകാരെ ആണ്ടമാനിലെക്ക് മാറ്റാന്‍ തീരുമാനിച്ചത്. 1922 തൊട്ടു എട്ടു വര്‍ഷക്കാലം ആയിരക്കണക്കിനു മാപ്പിളമാരെ മദ്രാസ് പ്രസിടന്സി ക്ക് കീഴിലുള്ള ജയിലുകളില്‍ നിന്നും ആന്റമാനിലെക്ക് നാട് കടത്തി. ഈ തടവുകാരില്‍ നായന്മാമാരും ഉള്‍പ്പെട്ടിരുന്നു എന്ന് ചില പഠനങ്ങള്‍ പറയുന്നുണ്ട് .

1922 മാര്‍ച്ചില്‍ വെല്ലൂര്‍ ജയിലില്‍ നിന്നുമുള്ള 210 മാപ്പിള തടവുകാരുമായുള്ള ആദ്യ ബാച്ച് എസ് എസ് മഹാരാജ് എന്ന കപ്പലില്‍ ആന്റമാനിലെക്ക് പുറപ്പെട്ടു. അവിടെ എത്തിയപ്പോഴേക്കും ഒരാള്‍ മരണപ്പെടുകയും ബാക്കി ഉള്ളവരില്‍ കൂടുതലും അസുഖ ബാധിതരാവുകയും ചെയ്തു. എങ്കിലും ആന്റമാനിലെക്കുള്ള നാട് കടത്തല്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു . ബ്രിട്ടിഷ് സര്‍ക്കാര്‍ ആന്റമാനിലെ വനഭൂമി കൃഷി യോഗ്യവും മനുഷ്യാവാസവുമാക്കി കോളനിവല്‍ക്കരണം ത്വരിതപ്പെടുത്താനുള്ള ഉദ്ദേശത്തില്‍ ആന്റമാനിലെ മാപ്പിള തടവുകാര്‍ക്ക് മുന്നിലൊരു ഓഫര്‍ വെച്ചു. ആന്റമാനില്‍ തന്നെ സ്ഥിരവാസമാക്കുകയാണെങ്കില്‍ തടവുകാര്‍ക്ക് അവരുടെ കുടുംബങ്ങളെ ആന്റമാനിലെക്ക് കൊണ്ട് വരാം, അതിനുള്ള സഹായങ്ങള്‍ സര്‍ക്കാര്‍ ചെയ്യും. എന്നാല്‍ ചെറിയൊരു വിഭാഗം മാത്രമേ ഈ ഓഫര്‍ സ്വീകരിച്ചുള്ളൂ . അതില്‍ തന്നെ പലരും കുടുംബങ്ങള്‍ ആണ്ടമാനില്‍ എത്തിയപ്പോള്‍ അവരെ തിരിച്ചയക്കുകയും ചെയ്തു. പെട്ടെന്ന് തന്നെ ജയില്‍ മോചനം സാധ്യമാകുമെന്ന് പ്രതീക്ഷിച്ച് ഈ ഓഫര്‍ നിരസിച്ച മറ്റുള്ളവരും ജയില്‍ മോചനം സാധ്യമാകില്ല എന്ന് തിരിച്ച്ചരിഞ്ഞതോടെ ക്രമേണ കുടുംബങ്ങളെ ആന്റമാനിലെക്ക് കൊണ്ട് വരാനും കൃഷിയിലെര്‍പ്പെടാനുമുള്ള പദ്ധതിയുടെ ഭാഗമായി മാറി .

ബ്രിട്ടിഷ് സര്‍ക്കാരിനെതിരെ യുദ്ധം ചെയ്തെന്ന കാരണത്താല്‍ തന്നെ ഈ കുടുംബങ്ങള്‍ക്കൊക്കെ താമസിക്കാനും കൃഷി ചെയ്യാനുമുള്ള സ്ഥലം നല്‍കുന്നതില്‍ ആന്റമാനിലെ വന വകുപ്പും ബ്രിട്ടിഷ് ഉദ്യോഗസ്ഥറം അനാസ്ഥ കാണിച്ഛതോട് കൂടി ഈ പദ്ധതി വലിയ പരാജയമായി മാറുമെന്നായി . അതിനിടയിലാണ് മലബാറില്‍ നിന്ന് തന്നെയുള്ള കുഞ്ഞിരാമന്‍ നായര്‍ എന്ന ഉദ്യോഗസ്ഥന് ഈ പദ്ധതിയുടെ ചുമതല ലഭിച്ചത് . അദ്ദേഹത്തിന്‍റെ സ്വപ്രയതനത്തില്‍ ആദ്യം രണ്ടു സ്ഥലങ്ങള്‍ കണ്ടെത്തുകയും അവിടെ അറുപതോളം കുടുംബങ്ങളെ താമസിപ്പിക്കുകയും അദ്ദേഹം തന്നെ ആ സ്ഥലങ്ങള്‍ക്ക് കാലിക്കട്ട്, മലപ്പുറം എന്ന് പേരിടുകയും ചെയ്തു.

പിന്നീട് അവിടെ ഈ കുടുംബങ്ങള്‍ നെല്‍കൃഷി തുടങ്ങി . ഇത് പോലെ ആന്റമാനിലെ കാട് വെട്ടിത്തെളിച്ച് മനുഷ്യവാസത്തിനു യോഗ്യമായ രീതിയില്‍ ‘നാട്’ ഉണ്ടാക്കുമ്പോള്‍ മഞ്ചേരി യില്‍ നിന്നും പോയവര്‍ അതിനു മഞ്ചേരി എന്നും , മണ്ണാര്‍ക്കാട്ടുകാര്‍ മണ്ണാര്‍ക്കാട് എന്നും നിലംബൂരുകാര്‍ നിലമ്പൂര്‍ എന്നും പേര് വിളിച്ചു .
പക്ഷെ ഏറനാട്ടിലെയും വള്ളുവനാട്ടിലെയും തടവുകാരെയും കുടുംബങ്ങളെയും ഇങ്ങനെ ആൻഡമാനിലെക്ക് പറിച്ച് നടപ്പെടുന്നതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ മലബാറില്‍ ഉണ്ടായി . 1925 ഇല്‍ മദ്രാസ് അസ്സംബിളിയില്‍ ഉപ്പി സാഹിബ് സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാന ത്തില്‍ ഒരു കമ്മിഷനെ സര്‍ക്കാര്‍ നിയോഗിച്ചു . മുഹമ്മദ്‌ അബ്ദുല്‍ റഹ്മാന്‍ സാഹിബ് ‘അല്‍ അമീന്‍’ പത്രത്തില്‍ ഈ വിഷയത്തില്‍ പ്രത്യേക ലേഖനങ്ങള്‍ എഴുതി. എന്നാൽ തടവുകാരുമായി അഭിമുഖം നടത്താനുള്ള അദ്ദേഹത്തിന്‍റെ ആവശ്യം സര്‍ക്കാര്‍ നിരാകരിക്കുകയാണ് ഉണ്ടായത്.

അതിജീവനത്തിനു വേണ്ടി ഗൾഫ് നാടുകളിലേക്ക് മലയാളികൾ പോകുന്നതിനും പതിറ്റാണ്ടുകൾക്ക് മുൻപ് നാട് കടത്തപ്പെട്ട ഒരു സമൂഹത്തിന്റെ ത്യാഗത്തിന്റെയും പരിശ്രമത്തിന്റെയും കഥകളാണ് ഈ ആൻഡമാനിലെ ‘മലബാർ’ നമ്മോടു പറയുന്നത്.

കടപ്പാട് – സാബിര്‍ കോട്ടപ്പുറം.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply