‘കാനഡയിൽ ഉപരിപഠനം’ എന്ന പരസ്യം കാണുമ്പോൾ എടുത്തു ചാടുന്നവർ അറിയുവാൻ…

കാനഡയിൽ ഉപരി പഠനം എന്ന പത്ര പരസ്യം കാണുമ്പോൾ തന്നെ കണ്ണും പൂട്ടി ഒരു ചാട്ടമാണ്. ഏജന്റ് പറയുന്നതെല്ലാം കണ്ണടച്ചു വിശ്വസിച്ചു, കാനഡായിൽ നിന്നും കിട്ടുന്ന ഡോളേഴ്‌സ്, ഇന്ത്യൻ രൂപയുമായി കൺവെർട്ട് ചെയ്തു , മക്കൾ പഠനത്തോടൊപ്പം ഉണ്ടാക്കാൻ പോകുന്ന ലക്ഷങ്ങൾ സ്വപ്നം കണ്ട്, കിടക്കുന്ന കിടപ്പാടവും, സ്ഥലവും ബാങ്കിലോ, ബ്ലെയ്ഡിലോ പണയപ്പെടുത്തി, മക്കളെ കാനഡായ്ക്കു അയയ്ക്കുന്ന ഓരോ മാതാപിതാക്കളും, ഓരോ കാനഡാ മോഹിയും ഈ പോസ്റ്റ് വായിക്കുക…

ഞാൻ മുൻപ് പല തവണ പറഞ്ഞിട്ടുള്ളത് പോലെ പാലും, തേനും, ഡോളറും, ഒന്നും ഒഴുകുന്ന രാജ്യമല്ല കാനഡ. കഷ്ടപ്പെടാൻ മനസ്സുള്ളവർക്കു രക്ഷപ്പെടാൻ പറ്റിയ രാജ്യമാണ് കാനഡ. നിങ്ങളുടെ ബാങ്കിൽ ചുമ്മാതെ കുറെ പണം കിടപ്പുണ്ടെങ്കിൽ, നിങ്ങൾക്ക് മക്കളെ കാനഡയിലേക്കു അയയ്ക്കാം. അല്ലാതെ ഒരിക്കലും നിങ്ങളുടെ കിടപ്പാടം പണയം വെച്ച് കുഞ്ഞുങ്ങളെ കാനഡയ്ക്ക് അയയ്ച്ചു, മോനോ, മോളോ കാനഡായിൽ ജോലി ചെയ്തു പണയഭാരം മാറ്റുമെന്ന് ആരും വ്യാമോഹിക്കരുത്.. കാനഡായിലേക്കു പറഞ്ഞു വിടാൻ നിയുക്തരായ ഏജന്റന്മാർ പല മോഹന സുന്ദര കാര്യങ്ങളും പറയുമ്പോൾ നിങ്ങൾ പല കാര്യങ്ങളും ആലോചിക്കണം… അത് അവരുടെ ബിസിനസ്സാണ്.. നമ്മൾക്ക് ജീവിതവും…

കാനഡ എന്തോ സ്വര്‍ഗമാണെന്നും ഇവിടെ ജനസംഖ്യ കുറവായതിനാല്‍ എത്തിചേരുന്നവരെല്ലാം ഇവിടത്തെ രാജാവാകുമെന്നുമാണ് റിക്രൂട്ടിങ് ഏജന്‍സികള്‍ പ്രചരിപ്പിക്കുന്നത്. അതെ… കാനഡ ഭൂമിയിലെ സ്വര്‍ഗമാണ്. പ്രത്യേകിച്ചും ഇവിടത്തെ ‘വാന്‍കൂവര്‍’ ഭൂമിലിലെ സ്വര്‍ഗം തന്നെയാണ്…. കൈ നിറയെ പണമുള്ളവര്‍ക്ക്. അല്ലാതെ ജീവിക്കാന്‍ വേണ്ടി നക്കിപെറുക്കി വരുന്നവരുടെ സ്വപ്നഭൂമിയോ ഭൂമിയിലെ സ്വര്‍ഗമോ അല്ല കാനഡ.

1) ഇവിടുത്തെ കോളേജുകളിൽ പലതും അവരുടെ മെയിൻ ക്യാംപസ് നല്ലതായിരിക്കും. അതിനു നല്ല പേരും, ഗുണനിലവാരവും കാണും. പിന്നീട് അവർ, മറ്റ് പല സ്ഥലങ്ങളിലും തങ്ങളുടെ ക്യാമ്പസുകൾ തുറക്കും. കാനഡാ ഒരു വിശാലമായ രാജ്യമാണ്. ഇവിടെ ഇപ്പോഴും പല സ്ഥലങ്ങളും അവികസിതവുമാണ്. അത് കൊണ്ട് തന്നെ പുതിയതായി തുറക്കുന്ന ക്യാംപസുകളിലേക്ക് വരുന്ന കുഞ്ഞുങ്ങൾ ഭക്ഷണം, താമസം, ജോലി, ട്രാൻസ്പ്പോർട്ടു മുതലായവയ്ക്ക് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും. നമ്മുടെ ഒക്കെ പൈസ കൊണ്ട് കാനഡാ എന്ന രാജ്യം വികസിപ്പിക്കുന്നുവെന്നു ചുരുക്കം. ആയതിനാൽ നിങ്ങളുടെ മക്കൾ പോകുന്ന പ്രദേശത്തെ കാര്യങ്ങളെ പറ്റി നന്നായി ഒന്ന് അറിയുക തന്നെ വേണം. കുഞ്ഞുങ്ങൾക്ക് ഈ രാജ്യത്ത് പഠിക്കാൻ വന്നിട്ട്, പാർട്ട് ടൈം ജോലി കൂടി കിട്ടുന്നില്ലെങ്കിൽ, നിങ്ങൾ നാട്ടിൽ നിന്ന് മാസാമാസം ഇമ്മിണി ചെമ്പ് ഇറക്കേണ്ടി വരും..

2) നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ കിട്ടിയ കോളേജിന്റെ മേൽവിലാസം കിട്ടിയാൽ, നിങ്ങൾക്ക് കാനഡയിലെ പള്ളികളിലെയോ, അമ്പലങ്ങളിലെയോ, അതല്ല ഇനി അസ്സോസിയേഷനുകളിലെയോ ഭാരവാഹികളുമായി ഒക്കെ ഒന്ന് ബന്ധപ്പെട്ടാൽ ഈ സ്ഥലത്തെ പറ്റിയും, കോളേജിനെ പറ്റിയും ഒക്കെ അറിയാൻ സാധിക്കും. ഇതൊക്കെ ഒരൊറ്റ ഗൂഗിൾ സെർച്ചു കൊണ്ട് ചെയ്യാൻ പറ്റുന്ന കാര്യങ്ങളാണ്. 3) ഒരു വ്യക്തി കാനഡ ഇമിഗ്രേഷന് അപൈ്ള ചെയ്യുമ്പോള്‍ അയാളുടെ വിദ്യാഭ്യാസ യോഗ്യത നോക്കിയാണ് വിസ ലഭിക്കുന്നത്. പി ആര്‍ ലഭിച്ചാല്‍ കനേഡിയന്‍ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ എല്ലാ ആനുകൂല്യവും ലഭിക്കും. എന്നാല്‍ സ്റ്റുഡന്‍റ് വിസയിലോ വര്‍ക്ക് പെര്‍മിറ്റിലോ വരുന്നവര്‍ക്ക് ഇതൊന്നും ലഭ്യമല്ല.

4) എത്ര ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതക്കും വില നാം എയര്‍പോര്‍ട്ടില്‍ ഫൈ്ളറ്റ് ഇറങ്ങുന്നതു വരെയാണ്. ഇവിടെ എത്തിക്കഴിഞ്ഞാല്‍ കാനഡ നമ്മുടെ വിദ്യാഭ്യാസയോഗ്യതയെ അംഗീകരിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നമ്മുടെ ജോലി പരിചയമോ യൂണിവേഴ്സിറ്റി സര്‍ട്ടീഫിക്കറ്റോ അവര്‍ വിശ്വസിക്കുന്നുമില്ല. അവര്‍ അത് അംഗീകരിക്കണമെങ്കില്‍ കനേഡിയന്‍ എക്സ്പീരിയന്‍സ് വേണം… എങ്ങനെ കിട്ടാന്‍? അതേ സമയം ഇവിടെ വന്ന് എന്തെങ്കിലും കോഴ്സ്് ചെയ്താല്‍ ഒരുപരിധി വരെ രക്ഷപ്പെടാം. ഇവിടെചെയ്യുന്ന ഏതു ചെറിയ കോഴ്സിനും വിലയുണ്ട്.

5) ഇവിടെ പാതി കാര്യമായും പാതി തമാശയായും പറഞ്ഞു കേള്‍ക്കുന്ന ഒരു കാര്യമുണ്ട്.. റോഡില്‍ വച്ച് അറ്റാക്ക് വന്നാല്‍ ഇവിടെ ആരും മരിക്കില്ളെന്ന്. കാരണം നാലു ടാക്സി കടന്നു പോവുമ്പോള്‍ അതിലൊന്നിന്‍െറ ഡ്രൈവര്‍ ഇന്ത്യന്‍ ഡോക്ടറായിരിക്കുമെന്ന്. ഡോക്ടര്‍മാരെ സംബന്ധിച്ച് 100 ശതമാനം സത്യമാണിത്. വൈദ്യവിദ്യാഭ്യാസം കാനഡ അംഗീകരിക്കുന്നേയില്ല. ഇവിടെ വന്നും ഡോക്ടറായി തന്നെ തുടരണമെങ്കില്‍ ഇവിടെ പഠിക്കണം.. ഇവരുടെ ടെസ്റ്റുകള്‍ പാസ്സാവണം. എത്ര കഷ്ടപ്പെട്ടിട്ടാണ് ഒരാള്‍ എം ബി ബി എസ് എടുക്കുന്നത്്… വീണ്ടും അത്രയും പഠനം പൂര്‍ത്തിയാക്കാനുള്ള മനസാന്നിന്ധ്യം പലര്‍ക്കും കാണില്ല. അതിനാല്‍ പ്രൊഫഷന്‍ തന്നെ വേണ്ടെന്നു വക്കുന്നവരാണ് പലരും… ഡോക്ടര്‍മാര്‍ക്കും ജേണലിസ്റ്റുകള്‍ക്കും അവനവന്‍െറ തൊഴില്‍ കഴിഞ്ഞാല്‍ അറിയാവുന്ന ഒരേയൊരു പണി എന്താണെന്നറിയാമോ? സ്വന്തം വാഹനം ഓടിക്കാന്‍… മറ്റു നിവൃത്തിയില്ലാതെ ഇവിടെ വരുന്ന പലരും ഡ്രൈവര്‍മാരാവും.

ഇത്തരത്തില്‍ പുനര്‍ജന്മം സ്വീകരിക്കുന്നവര്‍ ധാരാളമുണ്ട്. സ്വന്തം പ്രൊഫഷന്‍ ഉപേക്ഷിച്ച് ജീവിക്കാനായി പല തൊഴിലും ചെയ്യുന്നവര്‍… പണത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്നവരാണെങ്കില്‍ അതില്‍ യാതൊരു ബുദ്ധിമുട്ടും തോന്നില്ല. എന്നാല്‍ സ്വന്തം പ്രൊഫഷനെ സ്നേഹിച്ചിരുന്നവര്‍ക്കും മറ്റു സാധാരണ തൊഴിലുകള്‍ ചെയ്യാന്‍ മാനസികമായി പൊരുത്തപ്പെടാന്‍ ആവാത്തവര്‍ക്കും ഡിപ്രഷന്‍ വരാന്‍ വേറെ കാരണമൊന്നും വേണ്ട.

6)എല്ലാ തൊഴിലിനും മിനിമം വേതനമുണ്ട്. തുല്യ മാന്യതയുണ്ട്. അതിനാല്‍ നിങ്ങള്‍ ഏതു തൊഴില്‍ ചെയ്താലും ഇവിടെ തൊഴിലിന്‍െറ പേരില്‍ ഒറ്റപ്പെടില്ല. രണ്ടാം സ്ഥാനത്താവില്ല. നഴ്സുമാര്‍ക്ക് മാത്രമാണ് ഇവിടെ വന്നാല്‍ സ്വന്തം തൊഴില്‍ ചെയ്യാന്‍ എളുപ്പമുള്ളത്. ഐ ഇ എല്‍ റ്റി എസും ഇവിടെ പരീക്ഷയും പാസായാല്‍ നേഴ്സാവാം. എന്നാല്‍ ഇതു രണ്ടും പാസാവാന്‍ കഴിയാതെ കെയര്‍ എയ്ഡായി ജോലി ചെയ്യുന്ന മിടുക്കരും ധാരാളമുണ്ട്. എന്നു വച്ചാല്‍ വൃദ്ധ പരിചരണവും ഹോം നേഴ്സിങ്ങുമൊക്കെ.

7) സോഫ്റ്റ്വെയര്‍ പ്രൊഫഷനിലുള്ളവര്‍ക്ക് എന്തെങ്കിലുമൊക്കെ ചെയ്യാം… കമ്പ്യൂട്ടറില്‍ കുത്തുന്ന എന്തെങ്കിലും ജോലി കിട്ടുമെന്ന്.. അവനവന്‍െറ യോഗ്യതക്കനുസരിച്ച ജോലി കണ്ടത്തൊന്‍ വളരെ ബുദ്ധിമുട്ടാണെന്നാണ് പറഞ്ഞു വന്നത്. 45 വയസു കഴിയുന്നവരെ പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ പിരിച്ചു വിടുന്നതും സ്വഭാവികമാണ്. കാരണം ചെറുപ്പക്കാര്‍ക്ക് കുറഞ്ഞ വേതനം കൊടുത്താല്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായി ജോലി ചെയ്യും എന്നതു തന്നെ.

8) അറബ് രാജ്യങ്ങളില്‍ പോകുന്നതു പോലെയോ തൊഴില്‍ കണ്ടത്തെുന്നതു പോലെയോ ഇടക്കിടെ നാട്ടില്‍ വരുന്നതു പോലെയോ അല്ളേയല്ല കനേഡിയന്‍ ജീവിതം. അറബ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ രാജ്യവും സാഹചര്യങ്ങളുമാണ് ഇവിടെ. ആഗ്രഹമുള്ളവര്‍ക്കെല്ലാം കയറി പോരാന്‍ സാധിക്കില്ല. വിസ ലഭിച്ചാലേ വരാന്‍ പറ്റു. ഏകദേശം 30 മണിക്കുര്‍ സമയം വേണം യാത്രക്ക്. ടിക്കറ്റ് റേറ്റും വളരെ കൂടുതല്‍.

9) ഗള്‍ഫില്‍പോയാല്‍ ചിലപ്പോള്‍ പിറ്റേ ദിവസം ജോലിയില്‍ കയറാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ഇവിടെ അതൊന്നും സാധ്യമല്ല. ഇനി വല്ല തൊഴിലും കിട്ടുകയാണെങ്കില്‍ അത് വല്ല പെട്രോള്‍ പമ്പിലോ സൂപ്പര്‍മാര്‍ക്കറ്റിലോ സെക്യൂരിറ്റി ജോലിയോ ആയിരിക്കും. അല്ളെങ്കില്‍ മക്ഡൊണാള്‍ഡ്, കെ എഫ് സി, സ്റ്റാര്‍ ബക്ക്സ് അങ്ങനെ വല്ലതും…..

വിദേശത്തു പോവുന്ന ആരും ഇന്നേവരെ അവിടങ്ങളിലെ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ പങ്കു വച്ചതായി കണ്ടിട്ടില്ല. സ്വര്‍ഗത്തില്‍ സ്വര്‍ഗകുമാരിമാരോടൊപ്പം കഴിയുന്ന എന്ന ഭാവത്തിലാണ് എല്ലാവരും അനുഭവങ്ങള്‍ പങ്കു വക്കുന്നതായി കാണുന്നത്. ഏജൻസിയെയോ, അവരുടെ തട്ടിപ്പിനെയോ വെളിച്ചത്തു കൊണ്ട് വരികയല്ല ഈ പോസ്റ്റിനു ആധാരം. മറിച്ചു ഏതൊരു ഏജൻസിക്കാരും പറയുന്നത് കണ്ണുമടച്ചു വിശ്വസിക്കരുത്.. ചതി കുഴിയിൽ വീഴരുത്.. കാനഡയിലെ പഠനവും ജീവിതവും, ചിലവുകളും ഒക്കെ അറിഞ്ഞിരിക്കുക… കാണം വിറ്റും ഓണം ഉണ്ടിരുന്ന പഴയ മലയാളി കാലം മാറിയതോടെ വീട് വരെ വിറ്റും കാനഡായ്ക്ക് മക്കളെ വിടുന്ന സ്റ്റൈലിലേക്ക് മാറി..മക്കളെ വിട്ടോ.. അതിനു ഒന്നും കുഴപ്പമില്ല. അല്പം വിവേകത്തോടെയും, കണക്കു കൂട്ടലോടെയും ആയിരിക്കണമെന്ന് മാത്രം… സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടാ …അത് തന്നെ.

ഒരു ഇന്ത്യക്കാരന്‍ കാനഡയില്‍ വന്ന് ജീവിതം കരുപ്പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ മാത്രമാണ് ഇവിടെ വിവരിച്ചത്. ഇത്രയും ഒഴിച്ചു നിര്‍ത്തിയാല്‍ ബാക്കിയുള്ള ജീവിതപശ്ചാത്തലം സ്വര്‍ഗം തന്നെ.

കടപ്പാട് – Senu Eapen Thomas.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply