യാത്രയ്ക്കിടയിൽ കാലിനു വയ്യാത്തയാൾക്ക് സഹായവുമായി ഒരു മലപ്പുറംകാരൻ…

തിരക്കേറിയ നമ്മുടെ യാത്രകളിൽ എത്രയോ ആളുകളെ നാം കണ്ടുമുട്ടാറുണ്ട്. പക്ഷേ നമ്മളിൽ എത്രപേർ അതിനിടയിൽ മറ്റുള്ളവർക്ക് ഒരു സഹായം ചെയ്യുവാൻ ശ്രമിക്കും? അത്തരത്തിൽ തിരക്കിട്ട ഒരു യാത്രയ്ക്കിടെ പേരുപോലും അറിയാത്ത ഒരു പാവം മനുഷ്യനെ സഹായിച്ച് മാതൃകയായിരിക്കുകയാണ് മലപ്പുറം സ്വദേശിയായ നിഷാദ് എളേടത്ത്. നടന്ന സംഭവം നിഷാദ് അദ്ദേഹത്തിൻ്റെ ഫേസ്‌ബുക്ക് വാളിൽ ഒരു കുറിപ്പായി പോസ്റ്റ് ചെയ്യുകയും ചെയ്തു. മറ്റുള്ളവർക്ക് ഒരു പ്രചോദനം എന്ന നിലയ്ക്കാണ് നിഷാദ് ഈ കാര്യം പോസ്റ്റ് ചെയ്തത്. നിഷാദിന്റെ ആ അനുഭവക്കുറിപ്പ് ഒന്നു വായിക്കാം.

“സുഹൃത്തുക്കളെ, കൊല്ലം ചവറയിലെ IIIC ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഇന്ന് നാട്ടിലേക്ക് (മലപ്പുറം) പുറപ്പെട്ടപ്പോൾ അവിചാരിതമായി ഒരാളെ കണ്ടുമുട്ടി. ആ അനുഭവം പങ്കുവെക്കട്ടെ.

ഞാൻ ചവറയിൽ നിന്ന്‌ വൈകീട്ടോടെ റെയിൽവേസ്റ്റേഷൻ ലക്ഷ്യമാക്കി ബസ് കയറി. കൊല്ലത്തേക്കുള്ള വഴിയിൽ ശക്തികുളങ്ങര ഭാഗത്ത് ഉത്സവം നടക്കുന്നതിനാൽ റോഡ് മൊത്തം ബ്ലോക്കായിരുന്നു. ബസ് നീങ്ങുന്നതേ ഇല്ല. ബസിലുള്ള ആളുകൾ കണ്ടക്ടറോട് ചൂടാവുന്നുണ്ട്. കെ.സ്‌.ആർ.ടി.സി യിൽ ഒരു സഹോദരിയായിരുന്നു കണ്ടക്ടർ. പുതിയ നിയമനമായതു കൊണ്ടോ. എന്തോ അറിയില്ല ആ സഹോദരി ജനങ്ങളുടെ ആക്രോശങ്ങൾക്കു മുൻപിൽ ചിരിച്ചുകൊണ്ട് തിരിച്ചു ദേഷ്യപ്പെടാതെ മറുപടികൾ കൊടുത്തുകൊണ്ടിരുന്നു..

അതിനിടക്ക് ബസ് കാവനാട് പുതിയ ബൈപാസ് വഴിയാണ് (ഈയ്യിടെ പ്രധാനമന്ത്രി ഉല്ഘാടനം ചെയ്തത്) പോകുന്നതെന്നും കൊല്ലത്തിനിടക്കു ഇറങ്ങാനുള്ളവർ ഇവിടെ ഇറങ്ങണമെന്നും അറീപ്പുകിട്ടി. കൊല്ലം കഴിഞ്ഞു. റെയിൽവേസ്റ്റേഷൻ വരെ പോകേണ്ട ഞാൻ ബസ്സിൽ തന്നെയിരുന്നു. അങ്ങനെ കൊല്ലം ബസ്റ്റാന്റിൽ ഇറങ്ങി റയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി ചിന്നക്കട ജംഗ്ഷനിൽ നിന്നു പാലത്തിന്റെ സൈഡിലൂടെ നടന്നു. റയിൽവേ ഗേറ്റ് ക്രോസ് ചെയ്തു നടന്നാൽ മിനിറ്റുകൾക്കകം എത്താവുന്നതെയൊള്ളൂ.

നടക്കുന്നതിനിടയിൽ പിന്നിൽ നിന്നൊരു വിളിക്കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ മുഷിഞ്ഞ വേഷത്തിലുള്ള ഒരു വൃദ്ധനാണ്. ആരുമില്ലാത്ത ഒരുവനാണെന്നു ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി. നടക്കാൻ നന്നേ പാടുപെടുന്നുണ്ട്. കാലിൽ നല്ലൊരു മുറിവുമുണ്ട്. അയാൾ എന്നോട് റയിൽവെസ്റ്റേഷനിലേക്കുള്ള വഴി ചോദിച്ചു. ഞാൻ വഴിപ്പറഞ്ഞുകൊടുത്തു. തമിഴയനായ അയാൾക്കു ഞാൻ പറഞ്ഞത് മനസ്സിലാകാഞ്ഞിട്ടോ എന്തോ അയാൾ പിന്നേയും എന്നോട് അതുതന്നെ ചോദിച്ചു. വഴി.

അപ്പോൾ ഞാൻ അയാളോട് “ഞാനും റയിൽവെ സ്റ്റേഷനിലേക്കാണ്. നിങ്ങൾക്ക് നടക്കാൻ ബുദ്ധിമുട്ടില്ലെകിൽ എന്റെ പിന്നാലെ പോരൂ” എന്നുപറഞ്ഞു. ഞാൻ അയാളെ കൂട്ടി റെയിൽവേ സ്‌റ്റേഷനിലേക്കുള്ള ഷോർട്ട് വഴിയിലേക്ക് നടക്കാൻ ആരംഭിച്ചു. ഞാൻ മുൻപ് പറഞ്ഞപ്പോലെ ഗേറ്റ് ക്രോസ്സ് ചെയ്തുപോയാൽ ഒരു ഓട്ടോ പിടിക്കാനുമുള്ള ദൂരം പോലും ഇല്ല.(അത് ഒരു ഷോർട്ട് കട്ടാണ്). അങ്ങനെ ആ വൃദ്ധനും ഞാനും നടന്നു റയിൽവേ ക്രോസ്സ് ഗേറ്റിനു മുൻപിൽ എത്തിയപ്പോൾ അയാൾ വീണ്ടും എന്നോട് വഴി ചോദിച്ചു. ഞാൻ പറഞ്ഞു “നമ്മൾ റയിൽവേസ്റ്റേഷന്റെ അടുത്തെത്തി. ഈ ഗെയ്റ്റ് കടന്നുപോയാൽ സ്റ്റേഷനായി.”

അപ്പോൾ അയാൾ പറഞ്ഞു മോനെ അതിലെ ഞാനില്ല. പോന്നത് പോലെയുള്ള നേരായ വഴി ഏതാണ് എന്നു ചോദിച്ചു. ഗേറ്റ് കടന്നാൽ നല്ല വഴി തന്നെ ആയിരിന്നു. പക്ഷെ പൊതുനിരത്തിലെ വെളിച്ചം ആ റോഡിൽ ഇല്ലായിരുന്നു. അതുകൊണ്ടായിരിക്കാം അയാൾ ആ വഴി വരാൻ കൂട്ടാക്കിയില്ല.. നേരായ വഴി പിന്നേയും ചോദിച്ചു. നേരായ വഴിക്കാണെങ്കിൽ റോഡിലൂടെ കിലോമീറ്ററുകളോളം നടക്കണം. എന്ന് ഞാൻ പറഞ്ഞു. അയാൾ ഉദ്ദേശിച്ചപോലെ മെയിൻ റോഡിന്റെ ഓരം പറ്റി റയിൽവേ സ്റ്റേഷനിൽ എത്താൻ ഒരുപാട് ദൂരം ഉണ്ട്.

അദ്ദേഹം എന്റെ മറുപടികേട്ട് “അതു സാരമില്ല മോനെ ഞാൻ നടന്നുപോകാം” എന്നുപറഞ്ഞു. വൃണമുള്ള കാലുമായി അയാൾ വേച്ചു വേച്ചു നടക്കാൻ തുനിഞ്ഞപ്പോൾ. ഞാൻ പിന്നെ ഒന്നും ആലോചിച്ചുനിന്നില്ല. റയിൽവേ സ്റ്റേഷന്റെ പരിസരത്തുനിന്ന് എന്നു തന്നെ പറയാം ഒരു ഓട്ടോ പിടിച്ചു. റയിൽവേ സ്റ്റേഷന്റെ പരിസരത്തുനിന്ന് തന്നെ മറ്റ്‌ വഴിയിലൂടെ റയിൽവേ സ്റ്റേഷനിലേക്ക് ഓട്ടം വിളിച്ച എന്നെ നോക്കി ഓട്ടോക്കാരൻ ആദ്യമൊന്ന് നോക്കിയെങ്കിലും നടക്കാൻ പ്രയാസമുള്ള എന്റെ ഒപ്പമുള്ള കഥാപാത്രത്തെ കണ്ടപ്പോൾ കാര്യം മനസ്സിലായി.

ഗതാഗതമുള്ള മെയിൻ റോഡിലൂടെ ഞങ്ങൾ ഇരുവരേയും വഹിച്ചു ഓട്ടോ റയിൽവെസ്റ്റേഷനിലേക്ക് കുതിച്ചു. അങ്ങനെ നേരായ റോഡ് വഴി കുറച്ചുദൂരം പിന്നിട്ടു ഞങ്ങൾ റയിൽവേസ്റ്റേഷനിൽ എത്തി. അപ്പോൾ ആ സമയത്ത് അദ്ദേഹത്തിൻന്റെ മുഖത്തു പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു. നന്ദി ഒരുപാടു തവണ അയാൾ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഒപ്പം താൻ കാരണം വെറുതെ ഓട്ടോകൂലി കൊടുക്കേണ്ടിവന്നതിലുള്ള വിഷമവും അയാൾ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.

ഞാൻ ഈ അനുഭവം ഇവിടെ കുറിക്കാൻ കാരണമുണ്ട്. റോഡിൽ ഇതുപോലത്തെ ഒരുപാട് പേരെ നമ്മൾ കണ്ടുമുട്ടിയിരിക്കാം. പക്ഷെ ഇയാളിൽ എനിക്ക് വ്യത്യസ്തത തോന്നിയത്. ആ ജങ്ങ്ഷനിൽ നിന്ന് ആദ്യം റയിൽവേ ലക്ഷ്യമാക്കി എന്നോടപ്പം നടക്കുന്നതിനിടയിൽ ഒരിയ്ക്കൽ പോലും ഒരു പത്തു രൂപപോലും അയാൾ ചോദിച്ചില്ല. ഭക്ഷണത്തിനു വേണ്ടി കൈ കാണിച്ചില്ല. വേറെ ഒരു സഹായത്തിനും അയാൾ അഭ്യർത്ഥിച്ചില്ല. അയാൾക്ക് വഴി മാത്രം അറിഞ്ഞാൽ മതിയായിരുന്നു.

അയാൾ ഉദ്ദേശിച്ച ആ വഴിയിലൂടെ അയാളെ വിട്ടിരുന്നെങ്കിൽ റോഡിന്റെ ഓരം പറ്റി മെല്ലെ മെല്ലെ പ്രയാസപ്പെട്ട് അയാൾ നടന് പോകുമായിരിക്കും. റെയിൽവെസ്റ്റേഷനിൽ എത്തുകയും ചെയ്യുമായിരിക്കും. പക്ഷെ എപ്പോൾ എത്തുമായിരിക്കുമെന്നു മാത്രം ഇപ്പോൾ എനിക്ക് പറയാൻ കഴിയില്ല.

നാളെ ജനുവരി 26, രാജ്യം ജനാധിപത്യ പരമാധികാര രാഷ്ട്രമായ ദിനം. ഈ ദിനത്തിൽ നമ്മുടെ രാജ്യത്തെ ഓരോ പൗരനും ഭരണഘടന നൽകുന്ന സ്വാതത്ര്യം നഷ്ട്ടപ്പെടുന്നുണ്ടോ എന്ന വ്യാകുലതയോടേയും ഒപ്പം ഈ ദിനത്തിൽ ചെറുതെങ്കിലും ഒരു നന്മ ചെയ്യാൻ കഴിഞ്ഞുവല്ലോ എന്ന സന്തോഷത്തോടേയും ഞാൻ എന്റെ യാത്ര തുടങ്ങുന്നു – സ്നേഹത്തോടെ… നിഷാദ് എളേടത്ത്.”

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply