ഉദ്യോഗസ്ഥരുടെ അനാസ്ഥ; ഗ്രീന്‍ സിഗ്നലില്ലാതെ ബസുകള്‍

തിരുവനന്തപുരം: പാപ്പനംകോട് കെഎസ്ആര്‍ടിസിയില്‍ പണിപൂര്‍ത്തിയായ ബസുകള്‍ നിരത്തിയിട്ടിരിക്കുന്നു. യാത്രക്കാര്‍ വേണ്ടത്ര സര്‍വ്വീസുകള്‍ ഇല്ലാതെ കുഴയുമ്പോളാണ് രജിസ്‌ട്രേഷനും ബോഡിപ്പണിയും കഴിഞ്ഞ 30 ഓളം കെഎസ്ആര്‍ടിസി ബസുകള്‍ നിരത്തിലിറക്കാതെ വെറുതെ ഇട്ടിരിക്കുന്നത്.

22 ഫാസ്റ്റ് പാസഞ്ചര്‍, നാല് എക്‌സ്പ്രസ്, മൂന്ന് ലോ ഫ്‌ളോര്‍, രണ്ട് സില്‍വര്‍ ലൈന്‍ ജെറ്റ് എന്നിങ്ങനെ 30 ഓളം ബസ്സുകളാണ് സര്‍വീസ് അനുമതിയില്ലാതെ കിടക്കുന്നത്. ഇതില്‍ സില്‍വര്‍ലൈന്‍ ജെറ്റ് ബസ്സുകള്‍ കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിയതാണ്. ആര്‍ടിഒ ഓഫീസില്‍ നിന്നും ചില സര്‍ട്ടിഫിക്കറ്റുകള്‍ വരേണ്ട താമസമേയുള്ളുവെന്നാണ് അധികാരികളുടെ മറുപടി. എന്നാല്‍ ഇത്രയും ബസുകള്‍ നിരത്തിലിറങ്ങാതെ കിടക്കുന്നത് ബന്ധപ്പെട്ട അധികാരികളുടെ കെടുകാര്യസ്ഥതയാണെന്നുള്ള ആക്ഷേപം ഉണ്ട്.


ബ്ലാക്ക് സ്മിത്ത് തസ്തികയിലേക്കുള്ള ഒഴിവുകള്‍ നികത്തുന്നില്ല എന്നുള്ളതാണ് മറ്റൊരു പരാതി. കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് സുതാര്യത ഉറപ്പ് വരുത്തണമെന്ന ആവശ്യം ഉദ്യോഗാര്‍ഥികള്‍ നിരന്തരം ഉയര്‍ത്തുന്നതാണ്. എന്നാല്‍ കെഎസ്ആര്‍ടിസിയിലെ കുത്തഴിഞ്ഞ സംവിധാനങ്ങള്‍ക്ക് കാരണം മാനേജ്‌മെന്റിന്റെ അനാസ്ഥയും ഉദ്യോഗസ്ഥ വൃന്ദങ്ങളുടെ ഒത്തുകളിയുമാണ്.
കെഎസ്ആര്‍ടിസി യില്‍ ബസുകളുടെ കുറവ് കാരണം യാത്രാക്ലേശം രൂക്ഷമാവുകയും യാത്രക്കാര്‍ പെരുവഴിയില്‍ ആവുകയും ചെയ്യുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. നിലവില്‍ കെഎസ്ആര്‍ടിസിയുടെ അഞ്ച് റീജിയണല്‍ വര്‍ക്ക്‌ഷോപ്പുകളിലാണ് ബസ് ബോഡി നിര്‍മ്മാണം ചെയ്ത് വരുന്നത്. എന്നാല്‍ കെഎസ്ആര്‍ടിസി ബ്ലാക്ക്‌സ്മിത്ത് തസ്തികയിലുള്ള ജീവനക്കാരുടെ കുറവുകാരണം റീജിയണല്‍ വര്‍ക്ക്‌ഷോപ്പുകളില്‍ ആവശ്യാനുസരണം ബസുകള്‍ ബോഡി ചെക്ക് ചെയ്ത് ഇറക്കുവാന്‍ സാധിക്കുന്നില്ല.

കെഎസ്ആര്‍ടിസിയുടെ അഞ്ച് റീജിയണല്‍ വര്‍ക്ക്‌ഷോപ്പുകളിലും 100 കണക്കിന് ചേസുകള്‍ തുരുമ്പെടുത്ത് നശിക്കുന്നു. ഇത് കെഎസ്ആര്‍ടിസി യുടെ മാനേജ്‌മെന്റിന്റെ അനാസ്ഥയാണ്. കൂടാതെ മിക്ക ഡിപ്പോകളിലും ആക്‌സിഡന്റ് വര്‍ക്കിനും മറ്റ് ജോലികള്‍ക്കും വേണ്ടത്ര ബ്ലാക്ക്സ്മിത്ത് ജീവനക്കാര്‍ ഇല്ല. എന്നാല്‍ ബ്ലാക്ക്‌സ്മിത്തിന്റെ റാങ്ക്‌ലിസ്റ്റ് നിലവിലുള്ളതിനാല്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുവാനും സാധിക്കില്ല.

2005 ല്‍ കെഎസ്ആര്‍ടിസിക്ക് ഏകദേശം 3000 ബസ്സുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ 5600 ബസ്സുകളാണ് ഉള്ളത്. എന്നാല്‍ 2005 ല്‍ നിലനിന്നിരുന്ന അതേ ഒഴിവുകള്‍ തന്നെയാണ് ഈ സാഹചര്യത്തിലും ഉള്ളതെന്നാണ് ഉദ്യോഗാര്‍ഥികളോട് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് പറയുന്നത്. ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനായ് റാങ്ക് ലിസ്റ്റിലുള്ള 202 പേര്‍ക്കും നിയമനം ലഭിക്കുന്നതിനായി വകുപ്പ് തലത്തില്‍ അടിയന്തരമായ് ഇടപെടണമെന്ന് ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടിട്ടും നടപടി കൈകൊള്ളുന്നില്ലെന്ന രൂക്ഷവിമര്‍ശനം ഉണ്ട്.

വാര്‍ത്ത : ജനയുഗം

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply