ആലപ്പുഴ: യാത്രക്കാരെ ബുദ്ധിമുട്ടിച്ച കെഎസ്ആര്‍ടിസി അധികൃതരുടെ നടപടിയില്‍ പ്രതിഷേധമുയരുന്നു. ആലപ്പുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലാണ് അധികൃതരുടെ തലതിരിഞ്ഞസമീപനം. കണ്ടക്ടര്‍ ഇല്ലെന്ന കാരണം പറഞ്ഞ് സര്‍വ്വീസ് മുടക്കിയാണ് കെഎസ്ആര്‍ടിസി യാത്രക്കാരെ ദ്രോഹിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.

ആലപ്പുഴയില്‍ നിന്നും വൈകീട്ട് 7.10ന് പുളിങ്കുന്നിലേക്കുള്ള ബസ് സര്‍വ്വീസാണ് മുടക്കിയത്. ബസില്‍ ബോര്‍ഡുവച്ച് യാത്രക്കാര്‍ കയറിയതിനുശേഷമാണ് സര്‍വ്വീസ് റദ്ദുചെയ്തതായി അറിയിച്ചത്. നിറയെ യാത്രക്കാര്‍ ഈ ബസിലുണ്ടായിരുന്നു. പരാതിപ്പെട്ടപ്പോള്‍ കണ്ടക്ടര്‍ക്ക് അസൗകര്യമുണ്ടെന്ന മറുപടിയാണ് അധികൃതര്‍ നല്‍കിയത്.
ഡ്രൈവറും കണ്ടക്ടറും സ്ഥലത്തുണ്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് സാധാരണ ബസുകളില്‍ സ്ഥലമറിയിപ്പു ബോര്‍ഡ് വയ്ക്കുന്നത്. ഇങ്ങനെ ബോര്‍ഡ് വച്ചശേഷം യാത്ര റദ്ദുചെയ്തത് പ്രതിഷേധത്തിനിടയാക്കി. ചില യാത്രക്കാര്‍ അധികൃതര്‍ക്കു പരാതി നല്കി. കെഎസ്ആര്‍ടിസി എംഡിക്കും പരാതി നല്‍കുമെന്നും അവര്‍ അറിയിച്ചു. അരമണിക്കൂര്‍ കഴിഞ്ഞാണ് പിന്നീട് പുളിങ്കുന്നിലേക്ക് സര്‍വ്വീസ് ഉള്ളത്. പുളിങ്കുന്നിലെ കടത്തുകടന്ന് കാവാലത്തേക്കും മറ്റും പോകേണ്ട യാത്രക്കാര്‍ ഇതിനാല്‍ ഏറെ വലഞ്ഞു.
കടപ്പാട് : ജന്മഭൂമി
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog