പെൻഷൻ ബാദ്ധ്യത ഇനിയും ചുമക്കാനാവില്ലെന്ന് കെ.എസ്.ആർ.ടി.സി.

തിരുവനന്തപുരം: വിരമിച്ച ജീവനക്കാരുടെ പെൻഷൻ ബാദ്ധ്യത ഇനിയും ചുമക്കാനാവില്ലെന്ന് കെ.എസ്.ആർ.ടി.സി. പെൻഷൻ വിതരണത്തിനുള്ള തുക കണ്ടെത്താൻ കഴിയുന്നില്ലെന്നും, അതിനാൽ വിതരണം സർക്കാർ പൂർണമായി ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് മാനേജ്മെന്റ് സർക്കാരിന് കത്ത് നൽകി. ഇതോടെ, അടുത്ത മാസം മുതലുള്ള പെൻഷൻ വിതരണം അവതാളത്തിലായേക്കും.

നാല്പതിനായിരം പേർക്ക് പെൻഷൻ വിതരണത്തിന് 40 കോടി രൂപയാണ് നേരത്തേ വേണ്ടിയിരുന്നത്. എന്നാൽ, കഴിഞ്ഞ സർക്കാർ 39 ശതമാനം ഡി.എ വർദ്ധിപ്പിച്ചതോടെ തുക 52.5 കോടിയായി. കഴിഞ്ഞ മാസത്തെ പെൻഷൻ വിതരണത്തിനും മറ്റുമായി 32.5 കോടി രൂപ സർക്കാരിനോടു ചോദിച്ചെങ്കിലും ലഭിച്ചില്ല. വരവും ചെലവും തമ്മിലുള്ള അന്തരം കുറച്ചു കൊണ്ടു വരാനുള്ള ശ്രമങ്ങളൊക്കെ പരാജയപ്പെടുകയും ചെയ്തു.

ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് വായ്പയെടുത്ത് കെ.ടി.ഡി.എഫ്.സിയുടെ ഭീമമായ കടബാദ്ധ്യത വീട്ടിയിരുന്നു. അതിന് ശേഷമാണ് വരവും ചെലവും തമ്മിലുള്ള അന്തരം കുറഞ്ഞത്. ടിക്കറ്റ് ചാർജ് വർദ്ധിപ്പിക്കുകയും ഡീസൽ വില കുറയുകയും ചെയ്തതോടെ വരുമാനം കൂടി. കഴിഞ്ഞ ഡിസംബറിൽ വരവും ചെലവും തമ്മിലുള്ള അന്തരം നൂറു കോടിയിൽ നിന്ന് 35 കോടിയായി കുറ‌‌ഞ്ഞിരുന്നു. പക്ഷേ, പിന്നീട് എല്ലാം കൈവിട്ടു പോയ സ്ഥിതിയായി. കഴിഞ്ഞ മാസത്തെ വരവ് ചെലവ് അന്തരം 85 കോടി രൂപയാണ്.

കെ.എസ് .ആർ.ടി.സി പറയുന്ന കണക്കുകൾ ഇങ്ങനെ: ശമ്പളത്തിൽ 20 ശതമാനം ഡി.എ വർദ്ധിച്ച വകയിൽ 20 കോടി രൂപയുടെ അധികച്ചെലവ്. ഓർഡിനറി ബസുകളുടെ ടിക്കറ്റ് നിരക്കിൽ ഒരു രൂപയുടെ കുറവ് വരുത്തിയ ഇനത്തിൽ നഷ്ടം എട്ട് കോടി. ഡീസൽ വിലയിൽ പതിനൊന്നു രൂപയുടെ വർദ്ധന. പ്രതിദിന വരുമാനം ആറു കോടിയിൽ നിന്ന് കഴിഞ്ഞ മാസം 5.60 കോടി രൂപയായും, കഴിഞ്ഞ ദിവസങ്ങളിൽ 5.10 കോടിയായും കുറഞ്ഞു.

പെൻഷൻ മുടങ്ങാതെ നോക്കും: മന്ത്രി എ.കെ. ശശീന്ദ്രൻ
കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ വിതരണം മുടങ്ങാതിരിക്കാൻ സർക്കാർ ചെയ്യേണ്ടതെല്ലാം ചെയ്യുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ കേരളകൗമുദിയോട് പറഞ്ഞു. പ്രതിസന്ധിയുണ്ടായിട്ടും കഴിഞ്ഞ മാസം പെൻഷൻ വിതരണം ചെയ്തു. കെ.എസ്.ആർ.ടി.സി അവരുടെ ആവശ്യം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. അതും ഗൗരവത്തോടെ കാണുമെന്ന് അദ്ദേഹം പറഞ്ഞു.

വാര്‍ത്ത  : കേരള കൌമുദി

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply