ഫിന്‍ലാന്‍ഡിലെ ഹെല്‍സിങ്കിയിലേക്ക് 16 മണിക്കൂര്‍ നീണ്ട കപ്പൽ യാത്ര…

യാത്രാവിവരണം – ഗിരിജ നായർ.

സൗന്ദര്യറാണിയായ ‘Silja Serenade’ എന്ന കൂറ്റന്‍ ഉല്ലാസ കപ്പല്‍ സ്റ്റോക്ക്‌ഹോം തീരത്തു നങ്കൂരമിട്ടു കിടക്കുകയാണ്. ഫിന്‍ലാന്‍ഡിന്‍റെ തലസ്ഥാനമായ ഹെല്‍സിങ്കിയിലേക്ക് – 16 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന യാത്രയ്ക്കൊരുങ്ങി. Silja പുതിയ അന്തേവാസികളെ സ്വീകരിക്കാന്‍ തയ്യാറായിക്കഴിഞ്ഞു. യാത്രക്കാരെ സ്വീകരിക്കുന്നതോടൊപ്പം ധാരാളം ആഘോഷ പരിപാടികളാണ് pier-ല്‍. വിവിധ വേഷമിട്ട കോമാളികള്‍, സ്റ്റില്‍ട്ട്സില്‍ (stilts) ഉയര്‍ന്നു നടക്കുന്ന ഒരു കൂട്ടര്‍, പാവക്കൂത്ത്, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍, അങ്ങനെ നിരവധി വേഷക്കാര്‍. എല്ലാവരും യാത്രക്കാരെ കപ്പലിനുള്ളിലേക്ക്‌ ആനയിക്കുകയും അവരുമായി സന്തോഷം പങ്കുവെക്കുകയും ഫോട്ടോയെടുക്കാന്‍ പോസുചെയ്യുകയും എല്ലാമായി തിരക്കിലാണ്. എന്‍റെ കുടുംബം ഉള്‍പ്പെടുന്ന ഒരു സുഹൃത്ത് സംഘവും അവര്‍ക്കൊപ്പം ആ സന്തോഷത്തില്‍ പങ്കുചേര്‍ന്നു.

യാത്രക്കാരില്‍ അധികവും ടൂറിസ്റ്റുകളാണ്. ഫെറിയില്‍ വാരാന്ത്യ ദിനങ്ങള്‍ ആഘോഷിക്കാന്‍ എത്തിയവരും ബാള്‍ട്ടിക് പ്രദേശത്തെ സ്ഥിരവാസികളും എല്ലാമുണ്ട്. ആകെപ്പാടെ ഒരുത്സവ പ്രതീതി. ഏവരും തങ്ങളുടെ ലഗേജൂകളുമായി കപ്പലിനുള്ളിലേക്കു പ്രവേശിച്ചുകൊണ്ടിരിക്കുകയാണ്. ടിക്കറ്റു പരിശോധന അവിടെ കര്‍ശനമാണ്. ആ walkway-യില്‍ നിന്നുകൊണ്ട് പുറം-കാഴ്ചകളില്‍ ഒന്നു കണ്ണോടിച്ചു. ഒന്നുരണ്ടു കപ്പലുകള്‍ വേറെയുമുണ്ട്. അവയും അടുത്ത യാത്രയ്ക്കു തയ്യാറാവുകയാണ്‌. ബാള്‍ട്ടിക്കിന്‍റെ വിവിധ തീരങ്ങളിലേയ്ക്ക്. Tallink, Silversea എന്നിവയെല്ലാമുണ്ട്. വിവിധ കമ്പനികള്‍. ഹെല്‍സിങ്കി കൂടാതെ Estonia, Latvia എന്നീ രാജ്യങ്ങളിലേക്കെല്ലാം ദിവസേന അവിടെനിന്നും സര്‍വീസുകളുണ്ട്.

Silja – യുടെ ഉള്ളിലേക്ക് കയറുന്നതിനു മുന്‍പ്, ‘Via Mariehamn’ എന്ന ബോര്‍ഡ് എന്‍റെ ശ്രദ്ധയില്‍പ്പെട്ടു. Alands-ന്‍റെ തലസ്ഥാനമായ ‘Mariehamn’ നല്ലൊരു ടൂറിസ്റ്റ് കേന്ദ്രമാണ്. മിക്ക cruise കപ്പലുകളും Mariehamn തുറമുഖത്തടുക്കാറുണ്ട്. ഓരോരുത്തര്‍ക്കും താമസിക്കാനുള്ള കാബിന്‍റെ നമ്പര്‍ കിട്ടിയിട്ടുണ്ട്. അതനുസരിച്ചാണ് നീങ്ങുന്നത്‌. എനിക്കു കിട്ടിയത് 10-ാം നിലയിലാണ്. ലിഫ്റ്റുവഴി ചെന്നെത്താം . കാബിനുകളുടെ നിലവാരം പലവിധമാണ്. എക്സിക്യൂട്ടീവ്, ഡീലക്സ്, ഫാമിലി, ക്ലാസ്സ്‌-A,B,C, അങ്ങനെ പോകുന്നു. ഓരോ കാബിനിലും അവശ്യം സൗകര്യങ്ങളെല്ലാമുണ്ട്. കിടക്കകള്‍, അലമാര, ഫ്രിഡ്ജ്‌, T.V., Coffee-maker എല്ലാം തന്നെ. കൂടാതെ അനുബന്ധ ശുചിമുറികളും . കുട്ടികള്‍ക്ക് കിടക്കകള്‍ വേണ്ടവര്‍ക്ക് wall mounted bunk beds നിവര്‍ത്തിയാല്‍ മതിയാവും. (സൌകര്യങ്ങള്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി വിശദീകരിച്ചെന്നു മാത്രം.)

കപ്പലിനകത്തേയ്ക്കു കടക്കുമ്പോഴാണ് അമ്പരക്കുന്നത്. പുറമേനിന്നു കാണും പോലെയല്ല, ഒരു സിറ്റി തന്നെയാണവിടം. shopping areas, restaurants, Casino, Dutyfree shops, Bars, അങ്ങനെ പോകുന്നു. കടകള്‍ അധികവും gifts, electronics, ornaments, clothing എന്നിങ്ങനെ. ആകെപ്പാടെ ഒരുത്സവ പ്രതീതി. മുറിക്കുള്ളിലെ ജനാലയിലൂടെ താഴെ ഇളകിയാടുന്ന തിരമാലകളെ നോക്കി കുറേ നേരമിരുന്നു. ആ ഇരിപ്പ് എത്ര നേരമിരുന്നാലും മടുപ്പു തോന്നുകയില്ല. കടല്‍ പൊതുവേ ശാന്തമാണ്. ധാരാളം ബോട്ടുകളും ചെറു വഞ്ചികളും എല്ലാം അങ്ങോട്ടുമിങ്ങോട്ടും പോകുന്നുണ്ട്.

കരയിലുള്ളതിലും കൂടുതല്‍ ഗതാഗതം അവിടെ ജലത്തില്‍ കൂടിയാണെന്നു തോന്നി. അത്രമാത്രം ജല ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു ആ പ്രദേശത്തു ജീവിക്കുന്നവര്‍. സാധനങ്ങളൊക്കെ മുറിയില്‍ അടുക്കി വച്ച് ഞങ്ങള്‍ ഏറ്റവും മുകളിലെ ഡക്കിലേക്കു നടന്നു. പരവതാനി വിരിച്ച വിശാലമായ ഒരു മേല്‍ത്തട്ട്. വശങ്ങളിലായി ധാരാളം ഇരിപ്പിടങ്ങളും തീന്‍ മേശകളും. ലഘു ഭക്ഷണങ്ങളും പാനീയങ്ങളും അവിടെയിരുന്നു കഴിക്കാം. ഒപ്പം കാഴ്ചകളാസ്വദിക്കുകയും.

Cruise liner കരയില്‍ നിന്നും അകന്നു തുടങ്ങിയിരിക്കുന്നു. സ്വീഡന്‍റെ കരകളും കെട്ടിടങ്ങളും മറീനകളും എല്ലാം ദൂരെയാവുകയാണ്. എണ്ണിയാലൊടുങ്ങാത്തത്ര ചെറു ദ്വീപുകള്‍, എത്ര കണ്ടാലും മതിവരാത്തത്ര മറീനകള്‍ അങ്ങനെ പോകുന്നു ആ കാഴ്ചകള്‍. സ്വീഡന്‍റെ പതാകവാഹിനിയായി ഒരു ബോട്ട് ഒപ്പമുണ്ട്. പൈലറ്റ് ബോട്ടുകള്‍ കപ്പലിനെ നയിക്കുമെന്നു കേട്ടിട്ടുണ്ട്. കപ്പലിനെ സുരക്ഷിതമായി നടുക്കടലില്‍ എത്തിക്കാനാവാം ആ പ്രയാണം. ഈ കാഴ്ചകളൊക്കെ ആസ്വദിക്കാന്‍ അപ്പര്‍ഡെക്കില്‍ ആളുകള്‍ നിരന്നു നില്‍ക്കുകയാണ്. ബഹുവിധമായ കാണാക്കാഴ്ചകള്‍. പിന്നിട്ട സ്റ്റോക്ക്‌ഹോം-നെ സാക്ഷിയാക്കി സെല്‍ഫിയെടുക്കാനും മറന്നില്ല ചിലര്‍. ഡെക്കിലെ ലഘുഭക്ഷണശാലക്കു മുന്‍പില്‍ വരി നില്‍ക്കുന്നവര്‍, ഐസ് ക്രീമിന്‍റെ മധുരം ഇരട്ടി മധുരമാക്കുന്ന കുരുന്നുകള്‍, എല്ലാം രസമുള്ള കാഴ്ചകളായി മാറി. കുറെ ദൂരം കപ്പലിനെ അനുഗമിച്ച പൈലറ്റ് ബോട്ട് മടങ്ങിക്കഴിഞ്ഞിരിക്കുന്നു.

സ്റ്റോക്ക്‌ഹോം സമ്മാനിച്ച നല്ല ഓര്‍മ്മകളെ, അത്ഭുതക്കാഴ്ചകളെ, പ്രകൃതി സൗന്ദര്യത്തെ, പുരാ നിര്‍മ്മിതികളെ, പൈതൃകക്കാഴ്ചകളെ, ചരിത്ര ശേഷിപ്പുകളെ എല്ലാം മനസ്സിന്‍റെ കണ്ണാടിയിലൂടെ ഒരിക്കല്‍ക്കൂടി കണ്ടു കൊണ്ട്, ആ തീരം ചക്രവാളത്തിലേക്കു മറയുന്നതുവരെ ഞാന്‍ നോക്കിനിന്നു. ഒരു നാടിന്‍റെ കാഴ്ചകള്‍ മാത്രമല്ല അവിടത്തെ സംസ്കാരവും നന്മകളും തിന്മകളും എല്ലാം ഒരു സഞ്ചാരിയുടെ മനസ്സില്‍ പതിയുന്ന മുദ്രകളാണ്‌.

ആളുകള്‍ ധാരാളമായി അപ്പര്‍ ഡെക്കിലേക്കു വന്നുകൊണ്ടിരിക്കുകയാണ്. ഡെക്കിലെ cafeteria സജീവമായിക്കൊണ്ടിരിക്കുന്നു. കടല്‍ക്കാറ്റേറ്റുകൊണ്ട് അവിടെയിരുന്ന് ഭക്ഷണവും പാനീയങ്ങളും കഴിക്കുന്നത് ഏറെ സുഖകരവും. കുട്ടികള്‍ക്കു കളിക്കാനുള്ള സ്ഥലവും വളരെ സുരക്ഷിതമായിത്തന്നെ ഡെക്കില്‍ കാണാനുണ്ട്. കടലിന്‍റെ വിശാലതയിലേക്കു നോക്കിയാല്‍ ധാരാളം ചെറുതും വലുതുമായ ദ്വീപുകള്‍ കാണാം. ചിലതില്‍ ഒന്നോ രണ്ടോ കെട്ടിടങ്ങള്‍ മാത്രം. മറ്റു ചിലത് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന floating garden എന്നേ തോന്നുകയുള്ളൂ. ഈ ദ്വീപുകളെത്തമ്മില്‍ ബന്ധിപ്പിക്കുന്നത് ഫെറി സര്‍വീസുകളും ബോട്ടുകളും തന്നെ. നോക്കൂ Viking Line – ന്‍റെ ഒരു കപ്പല്‍ എതിര്‍ ദിശയില്‍ നിന്നു വരുന്നു. സ്റ്റോക്ക്‌ഹോം ലേക്കുള്ള പുറപ്പാടാണ്.

കുറെനേരം അവിടെയിരുന്നപ്പോള്‍ പ്രകൃതി ഇരുണ്ടുതുടങ്ങിയതായറിഞ്ഞു. ആളുകള്‍ ഡെക്കില്‍ നിന്നും ഒഴിഞ്ഞു തുടങ്ങി. അപ്പോഴാണ്‌ “Pool” ബോര്‍ഡ് എന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. അതിന്‍റ് സാദ്ധ്യത ഒന്നറിയാം, 12-ാം നിലയില്‍ത്തന്നെയുള്ള പൂള്‍ ഏരിയ കണ്ടെത്തി. സുന്ദരിമാര്‍ നീരാടുന്നു. അടുത്തു തന്നെ കുട്ടികള്‍ക്കുള്ളതു വേറെയും. ‘എക്സിക്യൂട്ടീവ് കാബിനില്‍ താമസിക്കുന്നവര്‍ക്കേ പൂള്‍ സൗകര്യമുള്ളൂ’- സെക്യൂരിറ്റി വ്യക്തമാക്കി. അമര്‍ഷം തോന്നിയിട്ടു കാര്യമില്ലല്ലോ. പോട്ടെ സാരമില്ല! സ്വയം സമാധാനിച്ചു.

ഇനി ഡിന്നര്‍ കഴിക്കാം. 12-ാം നിലയിലെ ഡെക്കില്‍ നിന്നും 6-ാം നിലയിലെത്തി. അവിടെയാണ് Grand Buffet. വളരെ വിശാലമായ ഡൈനിഗ് ഹാള്‍. ആയിരങ്ങളെ ഒരേ സമയം ഉള്‍ക്കൊള്ളാന്‍ കഴിയും വിധം! ഒരു കപ്പലിന്‍റെ ഉള്‍ത്തടത്തിന്‍റെ വ്യാപ്തി അവിടെയാണ് നമ്മള്‍ കണ്ടറിയുന്നത്. ബാള്‍ട്ടിക് കടലിലെ വിഭവങ്ങള്‍ക്ക് അവിടെ പ്രിയമേറെയാണ്. ആ ചുറ്റുവട്ട രാജ്യങ്ങളില്‍ നിന്നുള്ള പരിചയസമ്പന്നരായ chef ന്‍റെ നിയന്ത്രത്തിലാണ് ആ ഭക്ഷണശാല പ്രവര്‍ത്തിക്കുന്നത് എന്നറിയുന്നു. നാവൂറുന്ന മണവും രുചിയും നിറവും കൊണ്ട് വൈരുദ്ധ്യങ്ങളുടെ ആ കലവറയെ ആസ്വദിക്കുക ഒരു വേറിട്ട അനുഭവംതന്നെ.

Grand Buffet കൂടാതെ ധാരാളം കോഫി ഷോപ്പുകളും ബാറുകളും എല്ലാം ഏഴും എട്ടും നിലകളിലുമുണ്ട്. കേരളത്തിലേതുപോലെയുള്ള ബാറുകളല്ലാട്ടോ. ആര്‍ക്കും കയറാം, വഴി നടക്കാം. ആകര്‍ഷകമായ Cafe – കള്‍, high class restaurants അങ്ങനെ പോകുന്നു ആ കാഴ്ചകള്‍. അതോരോന്നും നടന്നു കാണേണ്ടതുണ്ട്. ജീവിതത്തിലെ അപൂര്‍വ്വ അവസരങ്ങളാണ് ഇത്തരം യാത്രകള്‍.

നടവഴിയുടെ ഇരു വശങ്ങളിലും ധാരാളം കാസിനോകള്‍, ഷോപ്പിംഗ്‌ സെന്‍ററുകള്‍, എല്ലാമുണ്ട്. പോരെങ്കില്‍ വാദ്യസംഗീതവും. ഷിപ്പിലെ ഓരോ ഭാഗത്തും നടക്കുന്ന വിശേഷങ്ങള്‍ കണ്ടറിയുകതന്നെ വേണം. രാത്രിയായതോടെ കപ്പലിലെ ആഘോഷങ്ങള്‍ക്ക് മേളക്കൊഴുപ്പു കൂടുകയാണ്. Upper deck, Dining hall, Shopping area തുടങ്ങി എവിടെയും സംഗീത സന്ധ്യകള്‍ തന്നെ. ഉപകരണ സംഗീതവും വോക്കലും എല്ലാമുണ്ട്.

എല്ലാവരും “ATLANTIS” –നെ ലക്ഷ്യമിട്ടുകൊണ്ടാണ് നടത്തം. കപ്പലിന്‍റെ മദ്ധ്യഭാഗത്തുകൂടി അക്ഷരാര്‍ത്ഥത്തില്‍ ഒരു pedestrian street തന്നെയാണ്. 7, 8 ഡെക്കുകളില്‍. കപ്പലിന്‍റെ മുന്‍ ഭാഗത്തേക്കു നീങ്ങിയാണ് Atlantis Night Club & Casino. വിവിധ രാജ്യക്കാരുടെ സംഘ നൃത്തങ്ങള്‍, സംഗീതാലാപനങ്ങള്‍, മാജിക്കുകള്‍, Rock n’ roll, Acrobatic Shows എന്നിങ്ങനെ വിവിധങ്ങളായ കലാപരിപാടികളാണ്. കാഴ്ചകള്‍ക്ക് പ്രത്യേകം ടിക്കറ്റൊന്നും ആവശ്യമില്ല.

നേരം പുലരുവോളം Atlantis സജീവമാണ്. ഏറെനേരം ഈ ആഘോഷ പരിപാടികളൊക്കെ കണ്ടുകൊണ്ടു നടന്നു. അതിപ്രഗല്‍ഭരായ International Artists കളാണ് കലാപരിപാടികളൊക്കെ അവതരിപ്പിക്കുന്നത്‌. എല്ലാം വേറിട്ട അനുഭവമാണ് യാത്രികര്‍ക്ക്. പലതും നടാടെ കാണുന്നവയും. എപ്പോഴോ ഉറക്കം കണ്ണുകളെ തഴുകിയപ്പോള്‍ കാബിനില്‍ തിരിച്ചെത്തി. ഇനി തിരമാലകള്‍ക്കു മീതേ ഒന്നുറങ്ങട്ടെ!

Atlantis-ലെ ഈ ആഘോഷത്തിമര്‍പ്പിനിടെ കപ്പല്‍ Alands ന്‍റെ തലസ്ഥാനമായ Mariehamn തീരത്തണഞ്ഞതും അവിടെ നിന്നും യാത്രയായതും ഒന്നും അറിഞ്ഞതേയില്ല. ബാള്‍ട്ടിക് പ്രദേശത്ത്, ഫിന്‍ലാന്‍ഡിന്‍റെ അധീനതയിലുള്ളതും സ്വയംഭരണാവകാശമുള്ളതുമായ ദ്വീപ സമൂഹങ്ങളാണവ. 6700 ദ്വീപുകള്‍ ചേര്‍ന്നതാണ് Aland Islands. “World’s Largest Archipelago” എന്നാണ്‌ ഈ ബാള്‍ട്ടിക് പ്രദേശം അറിയപ്പെടുന്നത്. അവയില്‍ അനേകം ദ്വീപുകള്‍ മനുഷ്യവാസമില്ലാത്തവയും.

ധാരാളം സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരിടമാണ് Mariehamn. അവിടത്തെ കടലോരങ്ങളും 19-ാം നൂറ്റാണ്ടു മുതലുള്ള മരവീടുകളും കരകൌശല വസ്ത്തുക്കളും കഫേകളും എല്ലാം പ്രസിദ്ധമാണ്. ചെറു ദ്വീപുകളോ തുരുത്തുകളോ ഇല്ലാത്ത ഒരിടം പോലും ബാള്‍ട്ടിക് കടലിന്‍റെ ആ ജലപാതയിലില്ലെന്നു തോന്നി. മാറി മാറി കണ്ടുകൊണ്ടിരിക്കുന്ന ചെറുദ്വീപുകളുടെ സൗന്ദര്യം ഏറെയാണ്.

എപ്പോഴോ ഉറക്കമുണര്‍ന്നപ്പോള്‍ ജനാലയിലൂടെ പുറത്തേയ്ക്കു നോക്കി. നേരം പുലരാറാവുന്നതേയുള്ളൂ. കപ്പല്‍ ഏതോ വിദൂര ദിക്കില്‍ എത്തിയിരിക്കുന്നു. ഇരുട്ടില്‍ മുങ്ങി നില്‍ക്കുന്ന ഏതോ ദ്വീപിന്‍റെ നിഴല്‍ അകലെയായി കാണാനുണ്ട്, ഓളപ്പരപ്പില്‍ ചെറു ബോട്ടുകളും. ഒന്നുകൂടി നിദ്രയെ പുല്‍കി.  കാബിനു പുറത്തെ ഇടനാഴിയിലൂടെ ആളുകള്‍ തിരക്കിട്ടു നടക്കുന്ന ശബ്ദം കേട്ടാണുണര്‍ന്നത്. സൂര്യന്‍റെ സ്വര്‍ണ്ണരശ്മികള്‍ തിരമാലകളില്‍ വര്‍ണ്ണവിസ്മയം തീര്‍ത്തിരിക്കുന്നു. സൂര്യപ്രകാശം കൂടിവന്നതനുസരിച്ച് കടലില്‍ ബോട്ടുകളുടെ എണ്ണവും കൂടിയിട്ടുണ്ട്. വേഗത്തില്‍ കുളികഴിഞ്ഞ് ഡൈനിംഗ്ഹാളിലേക്കുനടന്നു. സഹയാത്രികരെല്ലാം എത്തിയിട്ടുണ്ട്. ഒരുവട്ടംകൂടി Silja ഞങ്ങള്‍ക്കു ഭക്ഷണമൊരുക്കിയിരിക്കുന്നു.

പ്രഭാതഭക്ഷണത്തിനുശേഷം വീണ്ടും മുകളിലുള്ള ഡെക്കിലെത്തി. ഇക്കുറി അവിടം വിജനമാണ്. കുളിര്‍കാറ്റേറ്റ് പരിസരക്കാഴ്ചകളില്‍ മുഴുകി കുറെ നേരം അവിടെയിരുന്നു. നിലക്കാതെ മാറിമറയുന്ന ദ്വീപുകള്‍. കുറേ കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്തി. ദൂരെ സിറ്റിയുടെ ഭാഗങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. വന്‍കര അടുക്കാറായതിന്‍റെ ലക്ഷണങ്ങള്‍. ജനവാസമുള്ള ദ്വീപുകള്‍ അവിടെ ധാരാളമായി കാണുന്നു. ചിലതില്‍ ഫാക്ടറികളും മറ്റും മാത്രം.

പോര്‍ട്ടിലെത്താന്‍ ഇനി അധികസമയം വേണ്ടിവരില്ല. കരയിലെ കാഴ്ചകള്‍ ഇപ്പോള്‍ കൂടുതല്‍ വ്യക്തമാകുന്നുണ്ട്. ഇന്നേവരെ ചക്രവാളസീമയിലൂടെ കടന്നുപോകുന്ന കപ്പലുകളെയാണ് കണ്ടിട്ടുള്ളത്. മറിച്ചുള്ള ഈ കാഴ്ച മറ്റൊരു നവ്യാനുഭവം. കപ്പല്‍ പോര്‍ട്ടിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. ധാരാളം റബ്ബര്‍ ബുഷുകള്‍ കരയോടുചേര്‍ത്തു കാണുന്നു. ചെറുബോട്ടുകള്‍ക്കുള്ള സ്ഥാനമാണവിടം. അനേകം കണ്ടെയ്നറുകള്‍ പോര്‍ട്ടില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. അവ മറ്റുരാജ്യങ്ങളില്‍നിന്നു വന്നതോ അതല്ലെങ്കില്‍ കയറ്റുമതിചെയ്യാനുള്ളതോ ആവാം. അതിനുമപ്പുറമാണ് cruise കപ്പലുകള്‍ക്കുള്ള സ്ഥാനം. ഈ കാഴ്ചകളൊക്കെ നോക്കിയിരിക്കേ Silja Serenade എന്ന ജലറാണി ഹെല്‍സിങ്കിയുടെ കരയില്‍ ബന്ധനസ്ഥയായിക്കഴിഞ്ഞിരുന്നു.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply