ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ രണ്ടുപേരുടെ ജീവന്‍ രക്ഷിച്ച് പോര്‍ട്ടര്‍ ഷെമീർ..

ഓടുന്ന തീവണ്ടിയില്‍ ചാടിക്കയറരുത് എന്ന് ട്രെയിൻ ഗതാഗതം ആരംഭിച്ചപ്പോൾ മുതൽ കേൾക്കുന്ന കാര്യമാണ്. എന്നാൽ ആരെങ്കിലും ഈ സുരക്ഷാ നിർദ്ദേശങ്ങൾക്ക് ചേച്ചി കൊടുക്കാറുണ്ടോ എന്ന് നാം സ്വയം പരിശോധിക്കേണ്ടിയിരിക്കുന്നു. ഒത്തിരി ജീവനുകളാണ് ഓടുന്ന ട്രെയിനിലേക്ക് കയറിയിൽ ഇറങ്ങിയും ഒക്കെ നഷ്ടമാകുന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴ റെയിൽവേ സ്റ്റേഷനിലും ഇതുപോലൊരു അപകടം നടക്കേണ്ടതായിരുന്നു. ഷെമീർ എന്ന ചെറുപ്പക്കാരന്റെ സന്ദർഭോചിതമായ പ്രവർത്തി മൂലമാണ് രണ്ടുപേരുടെ ജീവൻ തിരിച്ചുകിട്ടിയത്. സംഭവത്തിനു ദൃക്‌സാക്ഷിയായ ഏഷ്യാനെറ്റ് ന്യൂസിലെ റിപ്പോർട്ടർ ആയ പ്രസാദ് ടി.വി.യുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ…

“ഒരനുഭവക്കുറിപ്പ് – രാത്രി ഒമ്പത് മണിയോടെയാണ് കോഴിക്കോട്ടെ റിപ്പോര്‍ട്ടര്‍ സിആര്‍ രാജേഷേട്ടനെ തീവണ്ടി കയറ്റാന്‍ ആലപ്പുഴ റെയില്‍വേസ്റ്റേഷനില്‍ എത്തിയത്. രാജധാനിക്ക് പോകാനായി ഒന്നാമത്തെ പ്ലാറ്റ്ഫോമിലിരിക്കുകയായിരുന്നു. അതിനിടെ തിരുവനന്തപുരം ഗുരുവായൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ്സ് വന്ന് ഒന്നാമത്തെ പ്ലാറ്റ് ഫോമില്‍ നിര്‍ത്തി. അധികം വൈകാതെ പുറപ്പെടുകയും ചെയ്തു. പുറപ്പെട്ടയുടന്‍ നല്ല വേഗതയിലായിരുന്നു തീവണ്ടി. ബോഗികള്‍ പ്ലാറ്റ്ഫോം വിടുന്നതിന് മുമ്പ് പെട്ടെന്ന് നിര്‍ത്തി. ആര്‍ക്കും ഒന്നും മനസ്സിലായില്ല. ചങ്ങല വലിച്ചതാണെന്ന് അധികം വൈകാതെ തന്നെ തിരിച്ചറിഞ്ഞു. വണ്ടി നിര്‍ത്തി ഒരുമിനിറ്റിനകം പത്തുവയസ്സ് പ്രായം തോന്നിക്കുന്ന ചുവന്ന ടീഷര്‍ട്ട് ധരിച്ച ഒരു കുട്ടിയും ഒരു സ്ത്രീയും തീവണ്ടിക്കുപിന്നിലൂടെ ഓടി വരുന്നു. അവരുടെ കൂടെ യാത്രചെയ്യുന്നവരാരോ ട്രെയിന്‍ ചങ്ങല വലിച്ച് നിര്‍ത്തിയതാണെന്ന് മനസ്സിലായി. ഇവരുടെ പിന്നിലൂടെ ആര്‍പിഎഫ് ഉദ്യോഗസ്ഥരും റെയില്‍വേ പോലീസും ഓടിവരുന്നുണ്ട്. സ്ത്രീയുടെയും കുട്ടിയുടെയും കൂടെയുള്ളവര്‍ തീവണ്ടിയിലുണ്ട്. തിരുവനന്തപുരത്ത് നിന്ന് ആലുവയിലേക്കാണ് അവരുടെ യാത്രയെന്ന് മനസ്സിലായി. ചങ്ങല വലിച്ച് നിര്‍ത്തിയതിന്‍റെ മറ്റ് നടപടികള്‍ക്കായി കൂടെയുള്ള ആരെങ്കിലും റെയില്‍വെ സ്റ്റേഷനിലേക്ക് വരണമെന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓടിക്കിതച്ചെത്തിയ കുട്ടിയെയും സ്ത്രീയെയും മറ്റ് ബന്ധുക്കള്‍ക്കൊപ്പം കയറ്റി തീവണ്ടി പുറപ്പെട്ടു. തീവണ്ടി പുറപ്പെടുമ്പോഴും കുട്ടി കിതപ്പും പേടിയും മാറാതെ നെഞ്ചിൽ തടവുന്നുണ്ടായിരുന്നു.

പോലീസുകാര്‍ക്ക് പിന്നാലെയെത്തിയ റെയില്‍വേയിലെ പോര്‍ട്ടറായ ഷെമീര്‍ വന്നപ്പോഴാണ് സംഭവത്തിന്‍റെ ഗൗരവം എല്ലാവരും മനസ്സിലാക്കിയത്. തീവണ്ടി ആലപ്പുഴയില്‍ നിര്‍ത്തിയപ്പോള്‍ സ്ത്രീ പുറത്തേക്ക് കഴിക്കാനെന്തോ വാങ്ങാന്‍ പോയി. വാങ്ങി വന്ന ശേഷം വീണ്ടും എന്തോ വാങ്ങാന്‍ കടയിലെത്തിയതും തീവണ്ടി പുറപ്പെട്ടു. അമ്മ വരാതായതോടെ മകന്‍ പ്ലാറ്റ്ഫോമിലേക്ക് എടുത്ത് ചാടി. അപ്പോഴേക്കും അമ്മ മകന്‍‍റെ അടുത്ത് എത്തിയിരുന്നു. തീവണ്ടി അപ്പോഴേക്ക് സാമാന്യം വേഗതയിലായിക്കഴിഞ്ഞിരുന്നു.. അമ്മയും മകനും വീണ്ടും ഓടുന്ന തീവണ്ടിയിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ മകന്‍ പ്ലാറ്റ്ഫോമില്‍ വീണു. വീണ്ടും എഴുനേറ്റ് രണ്ടുപേരും തീവണ്ടിയിലേക്ക് കയറാന്‍ തന്നെ ശ്രമിച്ചു. അപ്പോഴേക്കും പോര്‍ട്ടേറായ ഷെമീര്‍ കുറുകെ നിന്ന് രണ്ട് പേരെയും തടഞ്ഞു. എന്നിട്ടും ഇരുവരും തീവണ്ടിയിലേക്ക് കയറാന്‍ തന്നെ ശ്രമിച്ചിരുന്നതായി ഷെമീര് പറയുന്നു. ഷെമീറും ഇത് കണ്ടുനിന്നവരും പോലീസും ഉറപ്പിച്ചു പറയുന്നു ഷെമീര്‍ അവരെ തടഞ്ഞില്ലായിരുന്നെങ്കില്‍ രണ്ടുപേരും പ്ലാറ്റ്ഫോമിന്‍റെയും തീവണ്ടിയുടെയും ഇടയില്‍പ്പെട്ടേനെ എന്ന്. രണ്ട്പേരുടെ ജീവനാണ് ഷെമീര്‍ രക്ഷിച്ചത്. എല്ലാ സമയങ്ങളിലും ഇതുപോലെ ഒരു രക്ഷകന്‍ ഉണ്ടാവണമെന്നില്ല. തീവണ്ടിയില്‍ നിന്ന് വീണ് കാലുനഷ്ടപ്പെട്ടവരും മരിച്ചവരും ഇതുപോലെ ഓടുന്ന വണ്ടിയില്‍ കയറാനോ ഇറങ്ങാനോ ശ്രമിച്ചപ്പോള്‍ വീണുപോയവരാണ്. അടുത്ത വണ്ടിയുണ്ട്. വണ്ടി വേഗതയിലായാല്‍ കയറാന്‍ നില്‍ക്കരുത്…”

സംഭവം വായിച്ചല്ലോ അല്ലെ? ഇനിയെങ്കിലും ഇതുപോലുള്ള അപകടകരമായ പ്രവർത്തികളിൽ നിന്നും നമ്മൾ പിന്മാറണം. പരിചയമില്ലാത്തവർ അനങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് കയറുകയോ ഇറങ്ങുകയോ ചെയ്താൽ എന്തായാലും വീണുപോകും. നേരെ വീഴുന്നത് തീവണ്ടിയുടെയും പ്ലാറ്റ്ഫോമിൻറെയും ഇടയിലുമായിരിക്കും. ട്രെയിൻ പോയാൽ ബസ്സിൽ പോകാം, അല്ലെങ്കിൽ അടുത്ത ട്രെയിനിനു പോകാം. പക്ഷെ ജീവൻ പോയാലോ? എല്ലായ്‌പ്പോഴും രക്ഷിക്കുവാൻ ഷെമീറുമാർ ഉണ്ടാകണമെന്നില്ല എന്ന കാര്യം കൂടി ഓർക്കുക.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply