ഒരു അമ്മയും മകനും നോർത്ത് ഇന്ത്യ കാണാൻ പോയ കഥ..

നിങ്ങൾ ആരുടെ കൂടെ യാത്ര പോകുവാനാണ് കൂടുതൽ ഇഷ്ടപ്പെടുന്നത്? ഭൂരിഭാഗം ആളുകളും ഭാര്യയുടെ കൂടെയോ കൂട്ടുകാരുടെ കൂടെയോ ട്രിപ്പ് പോകുവാനായിരിക്കും താൽപര്യപ്പെടുന്നത്. ചിലരാകട്ടെ ഒറ്റയ്ക്കുള്ള യാത്രകൾ ആസ്വദിക്കുന്നവരും ആയിരിക്കും. എന്നാൽ നമ്മളെ ഇത്രയും വളർത്തി വലുതാക്കിയ പ്രായമായ മാതാപിതാക്കൾക്കായി ഒരു യാത്ര നിങ്ങൾ നടത്തിയിട്ടുണ്ടോ? ഇതാ അത്തരത്തിൽ ഒരു യാത്ര നടത്തി ഏവരുടെയും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് തൃശ്ശൂർ സ്വദേശി ശരത് കൃഷ്‌ണൻ.

ശരത്ത് തൻ്റെ അമ്മയുമായി കറങ്ങിയത് വാരണാസിയും കാശിയും സിംലയും റോത്തംഗ് പാസും മണാലിയും ഒക്കെയായി പത്തു ദിവസത്തോളമായിരുന്നു. യാത്രയ്ക്കുശേഷം നാട്ടിൽ തിരിച്ചെത്തിയ ശരത്ത് തൻ്റെ യാത്രയുടെ വിശേഷങ്ങൾ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചതോടെയാണ് ഇതിനെക്കുറിച്ച് ആളുകൾ അറിയുവാനിടയായത്. ഫേസ്‌ബുക്ക് പോസ്റ്റ് ഹിറ്റായതോടെ സോഷ്യൽ മീഡിയ മുഴുവനും ഈ അമ്മയെയും മകനെയും ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. ശരത്തിന്റെ യാത്രയുടെ വിശേഷങ്ങൾ അദ്ദേഹത്തിൻ്റെ വാക്കുകളിലൂടെ നമുക്ക് വായിക്കാം..

“അന്നൊരു ഫെബ്രുവരി 14, എന്റെ മറ്റ് സുഹൃത്തുക്കളിൽ നിന്നും എനിക്ക് വ്യത്യസ്തമായൊരു ദിവസം…… ഇന്ത്യയിലെ പുരാതന നഗരമായ കാശിയിലെ ഗാട്ടിലൂടെ അമ്മയുടെ കൈ പിടിച്ച് നടക്കുമ്പോൾ…. അലറാം അടിച്ചത് കേട്ട് നോക്കുമ്പോൾ 5 മണി… അല്പനേരം ഹൃദയനാഥൻ വടക്കുംനാഥനെ ധ്യാനിച്ചു ശേഷം Trip advisor നോക്കിയപ്പോൾ ടിക്കറ്റ് റേറ്റ് കുറവാണ് ഉടനെ തന്നെ ഞങ്ങൾ രണ്ടാൾക്കും ടിക്കറ്റ് ബുക്ക് ചെയ്തു . ബാഗ് എല്ലാം പാക്ക് ചെയ്ത ശേഷം അമ്മയോട് പറഞ്ഞു. അമ്മ പണ്ടേ റെഡിയാണേ😂. ഉച്ചയോട് കൂടി ഞങ്ങൾ കൊച്ചി വിമാനത്താവളത്തിൽ നിന്നും വാരണാസിയിലേക്ക് വിമാനം കയറി . വൈകിട്ട് 7ന് വാരണാസി വിമാനത്താവളത്തിൽ എത്തി . അവിടെ നിന്നും ഒരു ടാക്സിയിൽ നേരെ കാശിയിലേക്ക് .ഏകദേശം മുക്കാൽ മണിക്കൂർ യാത്ര .ഹോട്ടൽ ഓൺലൈൻ ബുക്ക് ചെയ്തിരുന്നതിനാൽ അക്കാര്യത്തിൽ ചിന്തിക്കേണ്ടി വന്നില്ല . മുറിയിൽ എത്തി വേഗം കുളിച്ച് റെഡിയായി ഞങ്ങൾ പ്രസിദ്ധമായ കാശിയിലെ ഗാട്ടിലേക്ക് നടന്നു …..

നിശബ്ദമായ ആ ഇടവഴികളിൽ ഞാനും അമ്മയും …. നിലാവിന്റെ നിറച്ചാർത്ത് ആ ചരിത്ര നഗരത്തെ കൂടുതൽ ശോഭനമാക്കി. രാത്രിയുടെ നിശബ്ദതയിൽ ഗംഗാമാതാവിന്റെ ആ സംഗീതം മനസ്സിനെ കുളിർപ്പിച്ചു …. എല്ലാത്തിലുമുപരി അമ്മ കൂടെ ഉണ്ടെങ്കിൽ ഏത് ലോകവും സ്വർഗ്ഗം തന്നെ! , അങ്ങനെ ആ പുണ്യ നദിയെ തൊട്ടു വന്ദിച്ച് ഞങ്ങൾ നടത്തം തുടർന്നു, ഞങ്ങളുടെ നടത്തം അവസാനിച്ചത് ഒറ്റപ്പാലംകാരൻ ചേട്ടന്റെ കേരള കഫെയിൽ …. ലോകത്തിന്റെ ഏത് കോണിലും ഒരു മലയാളി അത് സർവ്വ സാധാരണമാണല്ലോ. അങ്ങനെ രാത്രി ഭക്ഷണം അവിടെ നിന്ന് കഴിച്ചു. സ്വാധിഷ്ഠ ഭോജനമായിരുന്നു.

തിരിച്ച് മുറിയിൽ എത്തി പുലർച്ചെ കണ്ട സ്വപ്നം യാഥാർത്യമാക്കിത്തന്ന വടക്കുംനാഥന് ഒരു കോടി പ്രണാമമർപ്പിച്ച് ഉറങ്ങുവാൻ കിടക്കുമ്പോൾ മനസ്സിലെ ചിന്ത പിറ്റെ ദിവസത്തെ കാശി വിശ്വനാഥന്റെ മംഗളാരതയായിരുന്നു. പുലർച്ചെ 2ന് എഴുന്നേൽറ്റ് വേഗം തയ്യാറായി മംഗളാരിതയ്ക്ക് ഞങ്ങൾ ക്ഷേത്ര നടയിൽ എത്തിച്ചേർന്നു .വളരെ കുറച്ച് പേർക്ക് മാത്രമേ മംഗളാരതി ദർശനം സാദ്യമാകു . അമ്മ കൂടെ ഉള്ളതിനാൽ ഞാൻ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു. അങ്ങനെ കാശി വിശ്വനാഥന്റെ മംഗളാരതി തൊഴുത് ഗംഗാ സ്നാനം ചെയ്ത് ഹോട്ടൽ മുറിയിൽ തിരിച്ചെത്തി വിശ്രമിച്ചു.

അല്പം വിശ്രമിച്ചപ്പോൾ മനസ്സിൽ ഒരു ചിന്ത കിടന്നുറങ്ങാനാണെങ്കിൽ അത് നാട്ടിൽ ആകാമല്ലോ. ഉടനെ ഞങ്ങൾ റെഡിയായി മുറി പൂട്ടി പുറത്തിറങ്ങി. നേരെ ഗംഗാനദിയിലെ ബോട്ട് സവാരി ലക്ഷ്യം വെച്ച് നീങ്ങി .ഗംഗാനദി കൂടുതൽ മനോഹരിയായിരിക്കുന്നു . ഞാൻ മുൻപ് വന്നപ്പോൾ മാലിന്യം നിറഞ്ഞൊഴുകിയിരുന്ന ആ നദിയുടെ അവസ്ഥ മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചതാണ്. അങ്ങനെ ബോട്ട് യാത്ര അവസാനിപ്പിച്ച് വീണ്ടും ഞങ്ങൾ കാശി ക്ഷേത്ര പരിസരത്ത് തന്നെ സമയം ചിലവഴിച്ചു.

ഞങ്ങളുടെ ലക്ഷ്യം ലോക പ്രസിദ്ധമായ ഗംഗാ ആരതി ആയതിനാലാണ് സത്യത്തിൽ മറ്റൊരിടത്തേക്കും പോകാഞ്ഞത്.അങ്ങിനെ നടത്തമെല്ലാം അവസാനിപ്പിച്ച് മുറിയിൽപ്പോയി കുളിച്ച് റെഡിയായി ഗംഗാ ആരിതയ്ക്ക് തയ്യാറെടുത്തു. ആ അസുലഭ മുഹൂർത്തത്തിന്റെ തിരക്ക് എനിക്ക് അറിയാവുന്നതിനാൽ ഏറ്റവും മുൻനിരയിൽ തന്നെ ഞങ്ങൾ ഇരിപ്പിടം കണ്ടെത്തിയിരുന്നു. ഗംഗാ ആരതി വാക്കുകളിൽ വർണ്ണിച്ച് കഴിയുന്ന ഒന്നല്ല . ഭാരതീയനായതിൽ അഭിമാനിക്കാവുന്ന മുഹൂർത്തം .ജലം ഇല്ലാതെ ജീവിക്കുക അസാദ്യം. ആ പ്രാണജലത്തെ ആരതി ഉഴിയുന്ന ഏക സംസ്കാരം അത് നമ്മുടേതാണ്. ഭാരതത്തിന്റെ ജീവ നദിയെ ….. ഗംഗാമാതാവിനെ പൂജിക്കുന്ന ആ ധന്യ മുഹൂർത്തം അടുത്ത് നിന്ന് സാക്ഷ്യം വഹിക്കുവാൻ സാധിച്ചതിൽ കാശിനാഥനോട് നന്ദി പറഞ്ഞു ……അമ്മയുടെ കണ്ണുകളിൽ ആനന്ദാശ്രു നിറഞ്ഞൊഴുകുന്നത് കണ്ട് എന്റെ മനം കുളിർത്തു.

അങ്ങിനെ മൂന്നു ദിവസം കാശിയിലെ ക്ഷേത്ര സമുച്ചയങ്ങളും, ഗ്രാമങ്ങളും , മംഗളാരതിയുമൊക്കെയായി വാരണാസിയോട് വിട പറഞ്ഞ് ഞങ്ങൾ മുഗർസാരായി റെയിൽവെ സ്റ്റേഷനിൽ നിന്നും ഡൽഹിയിലേക്ക് ട്രെയിൻ കയറി .യാത്രാ മദ്ധ്യേ ഒരു മലയാളി ടി.ടി യെ പരിചയപ്പെട്ടു, അദ്ദേഹവുമായി സംസാരിക്കുന്നതിനിടയിൽ ട്രെയിൻ സിംലയിലേക്കാണെന്ന് പറഞ്ഞു. അത് കേട്ട ഉടനെ ഞാനും അമ്മയും പരസ്പരം നോക്കി , അമ്മയോട് ചോദിച്ചു യാത്ര നേരെ സിംലയിലേക്ക് ആക്കിയാലോ? സിനിമാ സ്റ്റെലിൽ അമ്മയുടെ മുപടി… വണ്ടി നേരെ സിംലയ്ക്ക് പോകട്ടെ . പിന്നെ മറിച്ചൊന്നും ചിന്തിച്ചില്ല ഡൽഹിയിൽ നിന്നും നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് ക്യാൻസൽ ചെയ്ത് , ടി.ടി യോട് പറഞ്ഞ് ട്രെയിൻ ടിക്കറ്റ് കൽക്കയിലേക്ക് നീട്ടി.

അങ്ങിനെ ഒരു ദിവസത്തെ യാത്രയ്ക്കൊടുവിൽ ഞങ്ങൾ കൽക്കയിൽ എത്തി . അവിടെ നിന്ന് ഒരു ടാക്സി പിടിച്ച് നേരെ സിംലയിലേക്ക് , രണ്ട് മണിക്കൂർ നീണ്ട യാത്ര , അങ്ങിനെ ഞങ്ങൾ സിംല എന്ന സൗന്ദര്യത്തിന്റെ താഴ്വരയിൽ എത്തി. സിംലയുടെ ഭംഗി മനസ്സിനെ വല്ലാതെ ആകർഷിക്കുന്ന ഒന്നാണ് .അങ്ങിനെ ഞങ്ങൾ സിംലയിൽ മുറിയെടുത്ത് ബാഗുകൾ വെച്ച് പുറത്തിറങ്ങി , സിംലയിലെ പ്രധാന വിനോദ സഞ്ചാര മേഖലകൾ എല്ലാം കണ്ടു, യാത്രാ പ്ലാൻ ഇല്ലാതിരുന്നതിനാൽ കുറച്ച് വസ്ത്രങ്ങളും, മറ്റ് ആവശ്യ സാധനങ്ങും വാങ്ങിച്ച് പിറ്റെ ദിവസം ടാക്സിയിൽ കസോളിലേക്ക് . മഞ്ഞിൻ തലപ്പാവണിഞ്ഞ മലനിരകളുടെ ഒരു ലോകമാണ് കസോൾ. അങ്ങിനെ ഞങ്ങൾ അന്ന് കസോളിൽ തങ്ങി. പിറ്റെ ദിവസം തൊട്ടടുത്ത സ്ഥലമായ മണികരണിലേക്ക്, ഒരു അത്ഭു ലോകമാണവിടം .ഇത്രയും തണുപ്പിൽ 120 ഡിഗ്രിയിൽ തിളക്കുന്ന ചൂടുവെള്ളം ലഭിക്കുന്ന സ്ഥലം. ഭഗവാൻ ശിവൻ തപസ്സ് ചെയ്ത സ്ഥലമായതിനാലാണത്രെ അവിടുത്തെ ഭൂപ്രകൃതിയ്ക്ക് ചൂട്. അവിടെ ഒരുദിവസം തങ്ങിയ ശേഷം ഞങ്ങൾ മണാലിയിലേക്ക് യാത്ര തിരിച്ചു.

വിനോദ സഞ്ചാരികളുടെ ഇഷ്ട ഭൂമിയായ മണാലിയിൽ എത്തിയാൽ അവിടെ ഒരു ബൈക്ക് യാത്ര ഏതൊരു യാത്രികന്റെയും മോഹമാണ് . അങ്ങിനെ ഞാൻ മുൻപ് മണാലിയിൽ വന്നപ്പോൾ ബൈക്കെടുത്ത അവിയെ വിളിച്ചു . അദ്ദേഹം 500 cc ബുള്ളറ്റ് തരപ്പെടുത്തി തന്നു. പിന്നെ ഒട്ടും വൈകിയില്ല ഏറ്റവും വലിയ ആഗ്രഹം സാധിക്കുവാൻ പോകുന്നതിന്റെ ത്രില്ലിലായി, അമ്മയുമൊത്തൊരു ബൈക്ക് യാത്ര.ജീവിതത്തിൽ ഇതുവരെ ബൈക്കിൽ കയറാത്ത എന്റെ അമ്മ ആദ്യമായി ഈ അറുപതാമത്തെ വയസ്സിൽ എന്റെ ഒപ്പം ഭാരതത്തിന്റെ മറ്റൊരു കോണിൽ . ഞങ്ങൾ നേരെ റോത്തംഗ് പാസ്സ് ലക്ഷ്യം വച്ച് നീങ്ങി .യാത്ര വേളയിൽ മനസ്സ് ആനന്തത്തിമിർപ്പിൽ ആയിരുന്നു .

ഒരിക്കലെങ്കിലും നടക്കുമോ എന്ന് ആശിച്ച സ്വപ്നം….. അമ്മയുമൊത്തൊരു ബൈക്ക് യാത്ര , സ്വപ്നസാക്ഷാത്കാരം എന്നെ കൂടുതൽ സന്തോഷവാനാക്കി അതിലേറെ അഭിമാനവും വീട്ടിലെ അടുക്കളയിലെ പുകക്കുള്ളിൽ പെട്ടു പോകുന്ന… അല്ലെങ്കിൽ വയസ്സാകുമ്പോൾ പലരും മറന്നു പോകുന്ന ആ രണ്ടക്ഷരം “അമ്മ” , പത്ത് മാസം നൊന്തു പെറ്റ ആ വയറിനെ …. എന്തൊക്കെ പകരം വെച്ചാലും ആ വേദനയ്ക് പകരമാകില്ല. അമ്മയുടെ ആ സന്തോഷത്തിനു മുകളിൽ എനിക്കിനിയൊരു സ്വർഗ്ഗമില്ല. അങ്ങിനെ റോത്താംഗിന്റെ ഭംഗി ആസ്വദിച്ച് വഴിയിൽ മാഗിയും, ചായയുമെല്ലാം കഴിച്ച് ഞങ്ങൾ മഞ്ഞിന്റെ മായാ പ്രപഞ്ചത്തിൽ എത്തി .

ആദ്യമായി മഞ്ഞ് കണ്ട സന്തോഷത്തിൽ തുള്ളിച്ചാടിയായ ഗീത രാമചന്ദ്രനിൽ ആ പഴയ 18 കാരിയായ ഗീതയെ എനിക്ക് കാണുവാൻ സാധിച്ചു…. എന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു ….. ഞങ്ങൾ രണ്ടാളും മഞ്ഞിൽ മതിവരുവോളം കളിച്ചു. തണുപ്പിന്റെ കാഠിന്യം വർദ്ധിച്ചപ്പോൾ പതുക്കെ യാത്ര മണാലിയിലേക്ക് തിരിച്ചു. പിറ്റെ ദിവസം ബൈക്കിൽ മണാലിയിലെ മറ്റു സ്ഥലങ്ങൾ സന്ദർശിച്ചു . അങ്ങിനെ നാല് ദിവസത്തെ യാത്ര പത്ത് ദിവസമായി കൈയ്യിലെ പണം കഴിഞ്ഞ് തുടങ്ങിയപ്പോൾ തിരിച്ച് പോകുന്നതാണ് ബുദ്ധി എന്ന് തോന്നി തൽക്കാലത്തേക്ക് ഈ യാത്ര അവസാനിപ്പിച്ച് നാട്ടിലേക്ക് ….. ഇനിയും യാത്രകൾ തുടരും.”

തൻ്റെ ഈ യാത്രാവിവരണം വായിച്ചിട്ട് ആരെങ്കിലുമൊരാൾ അമ്മയുമായി ഇതുപോലൊരു യാത്ര പോയാൽ അതായിരിക്കും തൻ്റെ ഏറ്റവും വലിയ സന്തോഷം എന്ന് ശരത് പറയുന്നു. അതെ.. നമ്മുടെ അച്ഛനമ്മമാരുടെ സന്തോഷത്തിനായി നിങ്ങളും ഇതുപോലൊരു യാത്ര പ്ലാൻ ചെയ്യൂ… വെറുതെ പ്ലാൻ ചെയ്താൽ മാത്രം പോരാ.. നടപ്പാക്കണം.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply